Current Date

Search
Close this search box.
Search
Close this search box.

മദീനയിലെ പുകള്‍പെറ്റ പണ്ഡിതവര്യന്‍

ഒരു ദിവസം എന്നെയും സഹോദരിയെയും പുത്തനുടുപ്പുകളുമണിയിച്ച് അമ്മായി അവളുടെ മടിയിലിരുത്തി. പിതൃവ്യന്‍ അബ്ദുര്‍റഹ്മാനെ അവള്‍ വിളിച്ചുവരുത്തിക്കൊണ്ട് സംസാരമാരംഭിച്ചു. ഇത്ര മാധുര്യമുള്ള സംസാരം അതിന് മുമ്പും ശേഷവും ഞാന്‍ കേട്ടിട്ടില്ല. താങ്കളില്‍ നിന്ന് ഇവരിരുവരെയും ഞാന്‍ കൂട്ടിക്കൊണ്ട് വന്നത് നീ അവരുടെ ബാധ്യതയില്‍ വല്ല വീഴ്ചയും വരുത്തും എന്നത് കൊണ്ടല്ല, നിന്നെ കുറിച്ച മതിപ്പില്ലാതിരുന്നതോ അല്ല. കാരണം, പക്ഷെ നീ ഭാര്യമാരും കുടുംബവുമെല്ലാമുള്ളവനാണ്. ഇവരാണെങ്കില്‍ സ്വന്തമായി കാര്യങ്ങള്‍ ചെയ്യാവുന്നത്ര വളര്‍ന്നിട്ടില്ല. നിന്റെ ഭാര്യമാര്‍ക്ക് ഇവര്‍ ഒരു ബുദ്ധിമുട്ടാകും എന്ന് ഞാന്‍ ഭയപ്പെടുന്നു. ഇത്തരമൊരു പരിതസ്ഥിതിയില്‍ ഇവരുടെ സംരക്ഷണത്തിന് അവരേക്കാള്‍ അര്‍ഹതപ്പെട്ടത് ഞാനാണെന്ന് മനസ്സിലാക്കി. ഇപ്പോള്‍ ഇവര്‍ വളര്‍ന്നിരിക്കുന്നു. അവരുടെ കാര്യങ്ങളെല്ലാം അവര്‍ തന്നെ നിര്‍വഹിക്കാന്‍ കഴിയുന്ന പരിതസ്ഥിതി എത്തി. അതിനാല്‍ ഇരുവരെയും നീ കൊണ്ടുപോയിക്കൊള്ളൂ…അപ്രകാരം പിതൃവ്യനായ അബ്ദുര്‍റഹ്മാന്‍ ഞങ്ങളെയും കൊണ്ട് അദ്ദേഹത്തിന്റെ വീട്ടിലേക്ക് പോയി.

മഹതി ആഇശ(റ)യുടെ വീട്ടിലെ ജീവിതം സുന്ദരസ്മരണകളുണര്‍ത്തുന്ന മധുരതരമായ അനുഭവമായിരുന്നു. പ്രവാചക പത്‌നിയുടെ ഗേഹത്തില്‍ എല്ലാവിധ ലാളനയോടും കൂടി വളര്‍ന്നു. ഒരു ദിവസം എന്റെ അമ്മായി ആഇശ(റ)യോട് ഞാന്‍ പറഞ്ഞു: എനിക്ക് റസൂലിന്റെയും സഹയാത്രികരുടെയും ഖബര്‍ കാണിച്ചുതരണം! മൂന്ന് ഖബ്‌റുകളും അവരുടെ വീട്ടിലായിരുന്നു സ്ഥിതിചെയ്തിരുന്നത്. അപ്രകാരം എനിക്കത് കാണിച്ചുതന്നു. ഉയരത്തിലോ താഴ്ചയിലോ ആയിരുന്നില്ല അത് സ്ഥിതി ചെയ്തിരുന്നത്. ഇതില്‍ ഏതാണ് റസൂലിന്റെ ഖബര്‍ കാണിച്ചുതരുമ്പോള്‍ അവരുടെ കവിള്‍തടങ്ങളിലൂടെ കണ്ണുനീരൊലിക്കുന്നുണ്ടായിരുന്നു. ഞാന്‍ കാണാതിരിക്കാനായി എളുപ്പത്തില്‍ കണ്ണുനീര്‍ തുള്ളികള്‍ തുടച്ചുമാറ്റി. പിതാമഹന്‍ അബൂബക്കറിന്റെ ഖബര്‍ ഏതാണെന്ന് അന്വേഷിച്ചപ്പോള്‍ പ്രവാചകന്റെ ശിരസ്സ് വെച്ച ഭാഗത്തുള്ള ഖബര്‍ എനിക്ക് കാണിച്ചുതന്നു. മറുവശത്തായി ഉമറിന്റെ ഖബറും സ്ഥിതിചെയ്തിരുന്നു.

ഖാസിം ബിന്‍ അബൂബക്കര്‍ വളര്‍ന്ന് യുവാവായപ്പോള്‍ വിശുദ്ധ ഖുര്‍ആന്‍ ഹൃദിസ്ഥമാക്കി. അമ്മായി ആഇശയില്‍ നിന്നും ഹദീസ് സാധ്യമാകുന്നത്ര പഠിച്ചു. ഹറമിലേക്ക് പോയി നക്ഷത്രതുല്യരായ ഗുരുനാഥന്മാരുടെ ക്ലാസുകളില്‍ ഇരുന്നു വേണ്ടുവോളം വിജ്ഞാനം ആര്‍ജിച്ചെടുത്തു. അബൂഹുറൈറ (റ), അബ്ദുല്ലാഹി ബ്‌നു ഉമര്‍, ഇബ്‌നു അബ്ബാസ് തുടങ്ങിയവരില്‍ നിന്നെല്ലാം റിപ്പോര്‍ട്ട് ചെയ്തു. താമസിയാതെ കാലഘട്ടത്തിലെ മുജ്തഹിദ് എന്ന പദവിയിലേക്കദ്ദേഹം ഉയര്‍ന്നു. പ്രവാചക ചര്യയെ കുറിച്ച് ഏറ്റവും വിവരമുള്ള പണ്ഡിതനായിത്തീര്‍ന്നിരുന്നു അദ്ദേഹം.

യുവപണ്ഡിതനായിത്തീര്‍ന്നപ്പോള്‍ വിജ്ഞാനകുതുകികളായവര്‍ അദ്ദേഹത്തെ തേടിയെത്തിയിരുന്നു. വിജ്ഞാനാന്വേഷകര്‍ക്കായി എത്രസമയവും നീക്കിവെക്കുന്നതിന് അദ്ദേഹത്തിന് ഒരു മടിയുമുണ്ടായിരുന്നില്ല. ദിവസവും കൃത്യസമയത്ത് പള്ളിയിലെത്തി റസൂലിന്റെ ഖബര്‍ സ്ഥിതിചെയ്യുന്ന ഭാഗത്ത് അദ്ദേഹം വന്നിരിക്കും. അദ്ദേഹത്തിന്റെ വിജ്ഞാനനിര്‍ത്ഥരിയില്‍ നിന്ന് വിജ്ഞാനദാഹമകറ്റാന്‍ വേണ്ടി എല്ലാ ഭാഗത്ത് നിന്നും ആളുകള്‍ ഒത്തുചേര്‍ന്നിരുന്നു. താമസിയാതെ ഖാസിം ബിന്‍ അബൂബക്കറും അദ്ദേഹത്തിന്റെ അമ്മായിയുടെ മകനായ സാലിം ബിന്‍ അബ്ദുല്ലാഹിബ്‌നു ഉമറും മദീനയിലെ ആധികാരിക ഇമാമുകളായിത്തീര്‍ന്നു. അധികാരമോ സ്ഥാനമാനങ്ങളോ ഇല്ലാതിരുന്ന അവരെ ദൈവബോധവും സൂക്ഷമതയും വൈജ്ഞാനികമായ അവഗാഹവുമായിരുന്നു ഈ പദവിയിലേക്ക് ഉയര്‍ത്തിയത്. ബനൂ ഉമയ്യയിലെ ഖലീഫമാരും ഗവര്‍ണര്‍മാരും അഭിപ്രായാന്തരമുള്ള ഏത് വിഷയത്തിലും ഇരുവരുടെ അഭിപ്രായങ്ങള്‍ തേടുകയും അതിന് മുന്‍ഗണന നല്‍കുകയും ചെയ്തിരുന്നു.

വലീദ് ബിന്‍ അബ്ദുല്‍ മലിക് മസ്ജിദുല്‍ ഹറം വികസിപ്പിക്കുവാന്‍ ഉദ്ദേശിച്ചു. ഉദ്ദേശിച്ച സൗകര്യം അവിടെ ലഭ്യമാകണമെങ്കില്‍ പുരാതനമായ മസ്ജിദിന്റെ നാല് ഭാഗവും പൊളിച്ചുമാറ്റേണ്ടതുണ്ടായിരുന്നു. പ്രവാചക പത്‌നിമാരുടെ ഗേഹങ്ങള്‍ പള്ളിയിലേക്ക് ചേര്‍ക്കുകയും ചെയ്യേണ്ടതുണ്ടായിരുന്നു. എന്നാല്‍ പളളിയുടെ ചിലഭാഗങ്ങള്‍ പൊളിച്ചുമാറ്റി ഇത്തരത്തില്‍ വികസന പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്നതിനെതിരെ ജനങ്ങളില്‍ നിന്ന് ശക്തമായ സമ്മര്‍ദ്ധം നേരിടേണ്ടി വന്നു. മദീനയിലെ ഗവര്‍ണറായിരുന്ന ഉമറുബിന്‍ അബ്ദുല്‍ അസീസിന് അദ്ദേഹം ഇപ്രകാരം ഒരു കത്തെഴുതി : പ്രവാചകന്റെ പള്ളി 200 മുഴം വിസ്തൃതിയില്‍ വികസിപ്പിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. അതിനാല്‍ അതിന്റെ നാല് ചുമരുകളും താങ്കള്‍ പൊളിച്ചുമാറ്റുക. പ്രവാചക പത്‌നിമാരുടെ ഗേഹങ്ങള്‍ അതില്‍ ഉള്‍പ്പെടുത്തുകയും ചെയ്യുക. അതിന്റെ ചുറ്റുഭാഗത്തുള്ള വീടുകളെല്ലാം നീ വിലക്ക് വാങ്ങുകയും ചെയ്യുക. ഖത്താബ് കുടുംബത്തിന് സമൂഹത്തിലുള്ള സ്വാധീനവും സ്ഥാനവും പരിഗണിച്ച് താങ്കള്‍ക്കത് നിര്‍വഹിക്കാന്‍ സാധിക്കും. അതിന് മദീന നിവാസികള്‍ തടസ്സം നില്‍ക്കുകയാണെങ്കില്‍ ഖാസിം ബിന്‍ മുഹമ്മദിന്റെയും സാലിം ബിന്‍ അബ്ദുല്ലയുടെയും സഹായം നീ തേടുക. ഈ ദൗത്യത്തില്‍ അവരിരുവരെയും നീ പങ്കുചേര്‍ക്കുക.. അവിടെയുള്ള വീടുകള്‍ക്ക് നല്ല വില നല്‍കുകയും ചെയ്യുക. ഇതില്‍ നിനക്ക് ഉമറിന്റെയും ഉസ്മാനിന്റെയും സരണിയുണ്ട്.

ഉമറുബ്‌നു അബ്ദുല്‍ അസീസ് ഖാസിം ബ്‌നു മുഹമ്മദിനെയും സാലിം ബിന്‍ അബ്ദുല്ലായെയും മദീനയിലെ പ്രമുഖരെയും വിളിച്ചുവരുത്തി അമീറിന്റെ നിര്‍ദ്ദേശം വായിച്ചുകേള്‍പിച്ചു. അപ്രകാരം അമീറിന്റെ കല്‍പന നടപ്പിലാക്കാന്‍ അവര്‍ മുന്നിട്ടിറങ്ങി. മദീന നിവാസികള്‍ മദീനയിലെ രണ്ടു പ്രമുഖ പണ്ഡിതരുടെ നേതൃത്വത്തില്‍ നവീകരണ പ്രക്രിയ നടക്കുന്നതു കണ്ടപ്പോള്‍ അവരോടൊപ്പം അതില്‍ പങ്കാളികളായി. അന്ന് മുസ്‌ലിം സൈന്യം കോണ്‍സ്റ്റാന്റിനോപ്പിളിന്റെ അടുത്ത് എത്തിയിരുന്നു. കോണ്‍സ്റ്റിനോപ്പിള്‍ ഓരോന്നായി പിടിച്ചെടുത്ത മസ്‌ലമ ബിന്‍ അബ്ദുല്‍ മലികിന്റെ കീഴിലുള്ള സൈന്യം കോണ്‍സ്റ്റാന്റിനോപ്പിള്‍ പിടിച്ചെടുക്കുന്നതിന് വഴിയൊരുക്കി. റോമാ രാജാവ് അമീറുല്‍ മുഅ്മിനീന്റെ മദീന മസ്ജിദ് നവീകരണത്തെ കുറിച്ച് അറിഞ്ഞപ്പോള്‍ അതില്‍ അതിയായി സന്തോഷിക്കുകയും ആവശ്യമായ നിര്‍മാണവിദഗ്ദരെയും സാമഗ്രികളും ചിലവിനാവശ്യമായ സംഖ്യയും നല്‍കുകയുണ്ടായി. വലീദ് ഇവരെയെല്ലാം ഉമറുബ്‌നു അബ്ദുല്‍ അസീസിന്റെയടുത്ത് അയക്കുകയും അദ്ദേഹം ഖാസിം ബിന്‍ മുഹമ്മദുമായി കൂടിയാലോചിച്ച് എല്ലാം ഭംഗിയായി നിര്‍വഹിക്കുകയുണ്ടായി.

പിതാമഹന്‍ അബൂബക്കറിനോട് ഏറ്റവും സാമ്യമുള്ള വ്യക്തി ആയിരുന്നു ഖാസിം. ഈ യുവാവിനെ പോലെ സദൃശ്യനായി മറ്റൊരു പുത്രനും അബൂബക്കര്‍ ജന്മം നല്‍കിയിട്ടില്ല എന്ന് ജനങ്ങള്‍ പറയാറുണ്ടായിരുന്നു. ഗുണഗണങ്ങളിലും ഉല്‍കൃഷ്ട സ്വഭാവത്തിലും വിശ്വാസദാര്‍ഢ്യത്തിലും സൂക്ഷമതയിലും ഉദാരതയിലും വിശാലതയിലും അബൂബക്കറിന് തുല്യനായിരുന്നു.

എഴുപത്തിരണ്ട് വയസ്സുവരെ അദ്ദേഹം ജീവിച്ചു. അവസാന നാളില്‍ അദ്ദേഹത്തിന് കാഴ്ച നഷ്ടപ്പെട്ടു. അവസാന വര്‍ഷം ഹജ്ജ് ചെയ്യാനുദ്ദേശിച്ചു യാത്രപുറപ്പെട്ടു. വഴിയില്‍ വെച്ച് മരണം അദ്ദേഹത്തെ തേടിയെത്തി. തന്റെ അവധിയെത്തിയപ്പോള്‍ മകനിലേക്ക് തിരിച്ചുനോക്കിക്കൊണ്ട് പറഞ്ഞു: ഞാന്‍ മരിക്കുകയാണെങ്കില്‍ ഞാന്‍ നമസ്‌കരിക്കുമ്പോള്‍ ധരിച്ച വസ്ത്രം കൊണ്ട് എന്നെ കഫന്‍ ചെയ്യുക. എന്റെ കുപ്പായവും മുണ്ടും തട്ടവുമെല്ലാം പിതാമഹന്‍ അബൂബക്കറിന്റേതാണ്.

വിവ : അബ്ദുല്‍ ബാരി കടിയങ്ങാട്‌

Related Articles