Current Date

Search
Close this search box.
Search
Close this search box.

ഭൗതികവിരക്തിയുടെ മകുടോദാഹരണം

ദിഹിസ്താനിലെ പോരാട്ടത്തിന്റെ ഒടുക്കം യസീദ് ബിന്‍ മുഹല്ലബ് ഖജനാവ് സൂക്ഷിപ്പുകാരനോട് പറഞ്ഞു: അവകാശികള്‍ക്കെല്ലാം അവകാശം കൊടുക്കാനുള്ളതാണ്, യുദ്ധമുതലിന്റെ കണക്കെടുക്കൂ. ഖജനാവ് സൂക്ഷിപ്പുകാരനും കൂടെയുള്ളവരും തിട്ടപ്പെടുത്താന്‍ യത്‌നിച്ചെങ്കിലും അത് ക്ലേശകരമായിരുന്നു. അങ്ങിനെ നയപരമായി സൈനികര്‍ക്കിടയില്‍ യുദ്ധമുതലുകള്‍ വിതരണം നടത്തി. യുദ്ധാര്‍ജ്ജിത സ്വത്തുക്കളില്‍ തനി തങ്കത്തില്‍ നിര്‍മിച്ച, മുത്തുരത്‌നക്കല്ലു കൊണ്ട് അലങ്കരിച്ച,  മനോഹരമായി കൊത്തുപണി ചെയ്ത ഒരു കിരീടം മുസ്‌ലിംകള്‍ കണ്ടു. ആളുകള്‍ എത്തിനോക്കി. അതിന്റെ തിളക്കത്തില്‍ കണ്ണുകളഞ്ചിപ്പോയി. സൈനികരില്‍ അത് കാണാന്‍ കഴിയാതിരുന്നവര്‍ക്കും കാണാന്‍ പാകത്തില്‍ യസീദ് അത് കൈയ്യിലെടുത്ത് ഉയര്‍ത്തിക്കാണിച്ചു കൊണ്ട് ചോദിച്ചു: ഇത് വേണ്ടെന്ന് വെക്കാന്‍ തയ്യാറുള്ള ഒരാളെ നിങ്ങള്‍ക്ക് അറിയുമോ?  അവര്‍ പറഞ്ഞു: അമീറിന് എന്തു സംഭവിച്ചു? ഇതില്‍ വിരക്തി കാണിക്കുന്ന ആരാണുണ്ടാകുക?

അപ്പോള്‍ അദ്ദേഹം പറഞ്ഞു: ഇതും ഇതുപോലുള്ളതും ഭൂഗോളം നിറയെ നല്‍കിയാലും വേണ്ടെന്ന് വെക്കാന്‍ തയ്യാറുള്ളയാള്‍ മുഹമ്മദ് (സ)യുടെ സമൂഹത്തില്‍ എന്നും ഉണ്ടായിരുന്നുവെന്ന് നിങ്ങള്‍ അറിയാന്‍ പോകുന്നതേയുള്ളൂ. ശേഷം അംഗരക്ഷകനെ നോക്കിക്കൊണ്ട് പറഞ്ഞു: മുഹമ്മദ് ബിന്‍ വാസിഅ് അസ്ദിയെ അന്വേഷിച്ച് കണ്ടെത്തൂ. അംഗരക്ഷകന്‍ എല്ലായിടത്തും അദ്ദേഹത്തെ തെരഞ്ഞുനടന്നു. അവസാനം, ജനങ്ങളില്‍ നിന്നുമകന്ന് ഒരു സ്ഥലത്ത് സുന്നത്ത് നമസ്‌കാരത്തിലും പ്രാര്‍ത്ഥനയിലും അല്ലാഹുവിനോട് അകമഴിഞ്ഞ് പാപമോചനം തേടിയും മുഴുകിയിരിക്കുന്ന അദ്ദേഹത്തെ കണ്ടെത്തി. അംഗരക്ഷകന്‍ മുന്നോട്ട് വന്ന് പറഞ്ഞു: അമീര്‍ താങ്കളെ കാണാന്‍ വിളിക്കുന്നു, കുറച്ചുനേരം താങ്കള്‍ അവിടേക്ക് എഴുന്നള്ളാമോ എന്ന് ചോദിക്കുന്നു.

അംഗരക്ഷകനൊന്നിച്ച് അദ്ദേഹം പോയി, അമീറിന്റെ അടുത്ത് ഇരുന്നു. മാന്യമായി അദ്ദേഹത്തെ അഭിവാദ്യം ചെയ്ത അമീര്‍ കൈയ്യിലിരുന്ന കീരീടം ഉയര്‍ത്തിപ്പിടിച്ചു കൊണ്ട് പറഞ്ഞു: വിലയേറിയ ഈ കിരീടം മുസ്‌ലിം സൈനികര്‍ പിടിച്ചെടുത്തതാണ്. താങ്കളുടെ ബഹുമാനാര്‍ത്ഥം ഇത് താങ്കളുടെ ഓഹരിയില്‍ നല്‍കണമെന്നാണ് ഞാന്‍ വിചാരിക്കുന്നത്, സൈനികര്‍ക്കും അതാണ് താല്‍പര്യം.
മുഹമ്മദ് ബിന്‍ വാസിഅ് : അമീറേ, എന്റെ ഓഹരിയിലേക്ക് നല്‍കാനോ?
അമീര്‍: അതെ, താങ്കളുടെ ഓഹരിയിലേക്ക് തന്നെ.
മുഹമ്മദ് ബിന്‍ വാസിഅ് : താങ്കള്‍ക്കും അവര്‍ക്കും നന്മ ഭവിക്കട്ടെ. അമീറേ, എനിക്കിത് ആവശ്യമില്ല.
അമീര്‍: താങ്കള്‍ അത് സ്വീകരിക്കണമെന്ന് അല്ലാഹുവില്‍ സത്യംചെയ്ത് ഞാന്‍ പറയുകയാണ്. അമീര്‍ സത്യം ചെയ്ത് പറഞ്ഞപ്പോള്‍ മുഹമ്മദ് ബിന്‍ വാസിഅ് കിരീടം സ്വീകരിച്ചു. പിന്നീട് അദ്ദേഹം അനുമതിയോടെ തിരിച്ചുപോയി. ശൈഖിനെ അറിയാത്ത ചിലര്‍ പറഞ്ഞു: അദ്ദേഹം അത് ഏറ്റുവാങ്ങി കൊണ്ടുപോയല്ലോ.
തന്റെ ഭൃത്യരില്‍ ഒരാളോട് അദ്ദേഹത്തെ രഹസ്യമായി പിന്തുടരാനും, കിരീടം എന്തു ചെയ്യുന്നുവെന്ന് നിരീക്ഷിച്ച് വാര്‍ത്ത അറിയിക്കാനും യസീദ് ശട്ടംകെട്ടി. അറിയാതെ ഭൃത്യന്‍ അദ്ദേഹത്തെ പിന്തുടര്‍ന്നു.

കൈയ്യില്‍ കിരീടവുമായി മുഹമ്മദ് ബിന്‍ വാസിഅ് വഴിയിലൂടെ നടന്നു നീങ്ങി. അധികം വൈകിയില്ല പൊടിപിടിച്ച ജടാധാരിയായ, അധഃകൃതനായ ഒരാള്‍ അവിടെ പ്രത്യക്ഷപ്പെട്ടു. ദൈവമേ, വല്ലതും തരണേ എന്നയാള്‍ യാചിച്ചു. ശൈഖ് ഇടത്തും വലത്തും പിന്നിലും നോക്കി. ആരും കാണുന്നില്ല എന്ന് ഉറപ്പായപ്പോള്‍ കിരീടം യാചകന് നല്‍കി. നടുവൊടുച്ചിരുന്ന ഭാരം ചുമലില്‍ നിന്നും ഇറക്കി വെച്ചവനെപ്പോലെ സന്തുഷ്ടനായി നടന്നുപോയി.

മതിവരുവോളം സമ്പത്ത് പകരം നല്‍കി ഭൃത്യന്‍ യാചകനില്‍ നിന്നും കിരീടം കൈക്കലാക്കി, സൈന്യത്തിലേക്ക് വെച്ചുപിടിച്ചു. അമീര്‍ പറഞ്ഞു: ഈ കീരീടവും അത്‌പോലുള്ളതും ആവശ്യമില്ലാത്തവര്‍ മുഹമ്മദ്(സ)യുടെ സമുദായത്തില്‍ നിലനില്‍ക്കുന്നുണ്ടെന്ന് ഞാന്‍ നിങ്ങളോട് പറഞ്ഞിരുന്നില്ലേ?

ഹജ്ജ് കാലം വരുന്നത് വരെ യസീദ് ബിന്‍ മുഹല്ലബിന്റെ കൊടിക്കൂറയുടെ കീഴില്‍ മുഹമ്മദ് ബിന്‍ വാസിഅ് അസ്ദി യുദ്ധം ചെയ്തുകൊണ്ടിരുന്നു. കുറച്ചു കാലം കഴിഞ്ഞതും ഹജ്ജ് നിര്‍വഹിക്കാന്‍ അദ്ദേഹം യസീദിനോട് അനുമതി തേടി.
യസീദ് പറഞ്ഞു: അബൂ അബ്ദില്ലാ, അനുമതിയുണ്ട്, പൊയ്‌ക്കോളൂ ആഗ്രഹം പോലെ. ഹജ്ജാവശ്യാര്‍ത്ഥം താങ്കള്‍ക്ക് കുറച്ചു പണം നല്‍കാന്‍ നാം കല്‍പിക്കുകയാണ്.
മുഹമ്മദ് ബിന്‍ വാസിഅ് അസ്ദി: അമീറേ, സൈന്യത്തില്‍ എല്ലാ പടയാളിക്കും ഇതേപോലെ പണം നല്‍കാന്‍ കല്‍പനയുണ്ടാകുമോ?
യസീദ്: ഇല്ല.
മുഹമ്മദ് ബിന്‍ വാസിഅ് അസ്ദി: മുസ്‌ലിം സൈനികരില്‍ എനിക്ക് മാത്രമായി ഒന്നും ആവശ്യമില്ല.

മുഹമ്മദ് ബിന്‍ വാസിഅ് അസ്ദിയുടെ സഹവാസം സിദ്ധിച്ചിരുന്ന മുസ്‌ലിം സൈനികര്‍ക്ക് അദ്ദേഹത്തിന്റെ യാത്ര അതീവ പ്രയാസമുണ്ടാക്കിയത് പോലെ യസീദ് ബിന്‍ മുഹല്ലബിനും പ്രയാസമായി. ജേതാക്കളായ സൈനികര്‍ക്ക് അദ്ദേഹത്തിന്റെ അനുഗ്രഹാശിസ്സുകള്‍ ഇല്ലാതാവുകയാണല്ലോയെന്ന ദുഃഖം അവര്‍ക്കുണ്ടായി. ഹജ്ജ് കഴിഞ്ഞ് അദ്ദേഹം തിരിച്ചു വരണമെന്ന് അവര്‍ ആശിച്ചു. രാഷ്ട്രത്തിന്റെ വിവിധ കോണുകളില്‍ പരന്നു കിടക്കുന്ന മുസ്‌ലിം നായകര്‍, ബസ്വറയിലെ ഉപാസകന്‍ മുഹമ്മദ് ബിന്‍ വാസിഅ് അസ്ദി അവരുടെ സേനാഗണത്തില്‍ ഉണ്ടാകാന്‍ ആഗ്രഹിക്കുന്നത് അത്ഭുതമല്ല. അദ്ദേഹത്തിന്റെ ഉണ്മയിലൂടെ അവര്‍ക്ക് ധാരാളം നന്മകള്‍ കൈവരാറുണ്ടായിരുന്നു. അദ്ദേഹത്തിന്റെ നല്ല പ്രാര്‍ത്ഥകളിലൂടെയും തഖ്‌വയിലൂടെയും അല്ലാഹു വമ്പിച്ച വിജയം നല്‍കണമെന്ന് അവര്‍ ആഗ്രഹിക്കുന്നുണ്ടായിരുന്നു.
കാഴ്ചയില്‍ ചെറുതും അല്ലാഹുവിന്റെയും ജനങ്ങളുടെയും അടുക്കല്‍ വലുതുമായ ഇത്തരമാളുകളാണ് മഹത്തുക്കള്‍. ആണുങ്ങളുടെ കൂട്ടത്തില്‍ അപൂര്‍വ്വങ്ങളായ ഇത്തരം ആളുകളാണ് ചരിത്രത്തിന് മഹത്വം നല്‍കുന്നത്. (തുടരും)

വിവ: സാജിദ് നദ്‌വി ഈരാറ്റുപേട്ട

മുഹമ്മദ് ബിന്‍ വാസിഅ് അസ്ദിയ്യ് – 1
മുഹമ്മദ് ബിന്‍ വാസിഅ് അസ്ദിയ്യ് – 3

Related Articles