Current Date

Search
Close this search box.
Search
Close this search box.

പ്രവാചക മാതൃസഹോദരി ഉമ്മുല്‍ മുന്‍ദിര്‍

ഖൈസിന്റെ മകള്‍ ഉമ്മുല്‍ മുന്‍ദിര്‍ നബി(സ)യുടെ എളാമ്മയാണ്. സല്‍മാ ബിന്‍ത് ഖൈസ് എന്ന് യഥാര്‍ത്ഥ നാമം. മദീനയില്‍ വെച്ച് മുസ്അബ് ബിന്‍ ഉമൈറിന്റെ പ്രബോധനത്തിലൂടെ നെഞ്ചകങ്ങളിലേക്ക് ഇസ്‌ലാം കടന്നുചെല്ലുന്ന സന്ദര്‍ഭം. കര്‍ണപുടങ്ങളില്‍ ഇസ്‌ലാമിന്റെ ശബ്ദവീചികള്‍ അലയടിച്ചപ്പോള്‍ തന്നെ വിശ്വാസം പ്രകടമാക്കുക വഴി, മല്‍സരക്കളത്തില്‍ മുന്നേ ഗമിച്ചവരില്‍ ഉമ്മുല്‍ മുന്‍ദിര്‍ മുന്നിട്ട് നില്‍ക്കുന്നു.

നുബുവ്വത്തിന്റെ കളരിയിലെ കുതിരപ്പടയാളിയായ സുലൈത്വിന്റെ സഹോദരിയാണ് ഉമ്മുല്‍ മുന്‍ദിര്‍. നബി തിരുമേനിയോടൊപ്പം ബദര്‍, ഉഹുദ്, ഖന്‍ദഖ് തുടങ്ങി എല്ലാ പോരാട്ടഭൂമികളിലും അദ്ധേഹം സജീവ സാന്നിദ്ധ്യമായിരുന്നു. ഉമര്‍(റ)വിന്റെകാലത്ത് പേര്‍ഷ്യക്കാരുമായി യൂഫ്രട്ടീസ് നദീതീരത്ത് ഹിജറ 14ല്‍ നടന്ന രക്തരൂക്ഷിത യുദ്ധമായിരുന്നു ജിസ്ര്‍ യുദ്ധം. അബൂഉബൈദ(റ)വിന്റെ കൂടെ വീരോചിതം പോരാടിയ സുലൈത്വ് രക്തസാക്ഷിത്വംവരിച്ച നാലായിരം മുസ്‌ലിംകളില്‍ അവസാനത്തെയാളായിരുന്നു.

ഉമ്മുല്‍ മുന്‍ദിര്‍ റസൂല്‍(സ)യോട് ബൈഅത്ത് (അനുസരണ പ്രതിജ്ഞ) ചെയ്തു. ബൈഅത്തിനെ സംബന്ധിച്ച് ഉമ്മുല്‍ മുന്‍ദിര്‍ സ്വയം വിവരിക്കുന്നു. ഞങ്ങള്‍ അല്ലാഹുവോട് യാതൊന്നിനെയും പങ്കുചേര്‍ക്കുകയില്ലെന്നും, മോഷ്ടിക്കുകയില്ലെന്നും, വ്യഭിചരിക്കുകയില്ലെന്നും, ഞങ്ങളുടെ മക്കളെ കൊന്നുകളയുകയില്ലെന്നും, ഞങ്ങളുടെ കൈകാലുകള്‍ക്കിടയില്‍ വ്യാജവാദം കെട്ടിച്ചമച്ചുകൊണ്ടു വരികയില്ലെന്നും, യാതൊരു നല്ലകാര്യത്തിലും അല്ലാഹുവിനോട് അനുസരണക്കേട് കാണിക്കുകയില്ലെന്നും ഉപാധി വെക്കണമെന്ന് നിര്‍ദേശിച്ചകൂട്ടത്തില്‍, ഭര്‍ത്താക്കന്‍മാരെ വഞ്ചിക്കുകയില്ലെന്നും കൂടി അധിക ഉപാധി വെക്കണമെന്ന് നബി തിരുമേനി പറഞ്ഞു. ഞങ്ങള്‍ അത് പ്രകാരം ബൈഅത്ത ്‌ചെയ്ത് തിരിച്ചു വരുമ്പോള്‍, കൂട്ടത്തിലുണ്ടായിരുന്ന ഒരുവളോട് എന്റെസംശയം ഞാന്‍ പങ്കുവെച്ചു. ‘ഭര്‍ത്താക്കന്‍മാരെ വഞ്ചിക്കുകയെന്നാല്‍ എന്താണ്? തിരികെ പോയി പ്രവാചകതിരുമേനിയോട് അതിന്റെ വിശദീകരണം നിനക്ക് അന്വേഷിച്ചുകൂടെ?’ ആ സ്ത്രീ പറഞ്ഞു: ഞാന്‍ അന്വേഷിച്ചിരുന്നു, തിരുമേനി പറഞ്ഞു: ഭര്‍ത്താവിന്റെ ധനം മറ്റുള്ളവരുടേതുമായി തുലനം ചെയ്യുക എന്നതാണ് അതിന്റെ വിവക്ഷ.

ബനൂ ഖുറൈദ എന്ന ജൂതഗോത്രത്തില്‍ മുസ്‌ലിംകള്‍ സഅ്ദ് ബിന്‍ മുആദിന്റെ വിധിന്യായം നടപ്പിലാക്കിക്കൊണ്ടിരിക്കുന്നു. ഉമ്മുല്‍ മുന്‍ദിര്‍ നബി തിരുമേനിയുടെ സമീപത്തു നിന്ന് ബനൂ ഖുറൈദയുടെ കഥാന്ത്യം നോക്കിക്കാണുകയാണ്. ബനൂ ഖുറൈദ വംശജനായ സമൂഅലിന്റെ പുത്രന്‍ രിഫാഅ എന്നയാള്‍ ഉമ്മുല്‍ മുന്‍ദിറിന്റെയും സഹോദരന്‍ സലീത്വിന്റെയുംകുടുംബ സുഹൃത്താണ്. തടവിലാക്കപ്പെട്ടപ്പോള്‍, വിശ്വാസികളോട് തനിക്ക് ബഹുമാനമാണുള്ളതെന്നും, എന്നും വിശ്വാസികള്‍ക്ക് വേണ്ടി നിലകൊള്ളുമെന്നും ആയതിനാല്‍ തിരുമേനിയുടെ മാതാക്കളില്‍ ഒരുവളായ അങ്ങ് തന്റെ മോചനത്തിനായി മുഹമ്മദ്(സ)യോട് സംസാരിക്കണം, എന്ന് അപേക്ഷിച്ചു കൊണ്ട് രിഫാഅഉമ്മുല്‍ മുന്‍ദിറിന്റെയടുക്കലേക്ക് ആളയച്ചു.

പരിഭ്രാന്തി നിറഞ്ഞ മുഖഭാവവുമായി നില്‍ക്കുന്ന ഉമ്മുല്‍ മുന്‍ദിറിനോട് നബി(സ) ചോദിച്ചു: ഉമ്മുല്‍ മുന്‍ദിര്‍ എന്ത്‌സംഭവിച്ചു?
ഉമ്മുല്‍ മുന്‍ദിര്‍ പറഞ്ഞു: അല്ലാഹുവിന്റെദൂതരേ, എന്റെ ഉമ്മയും ഉപ്പയും താങ്കള്‍ക്ക് അര്‍പ്പണം. രിഫാഅ ഞങ്ങളുടെ അടുക്കല്‍ വരാറുണ്ട്, നമ്മോട് അദ്ദേഹത്തിന് തികഞ്ഞ മതിപ്പാണുള്ളത്. അദ്ദേഹത്തിന്റെ കാര്യം എനിക്ക്‌വിട്ടുതന്നാലും. രിഫാഅ ഉമ്മുല്‍ മുന്‍ദിറിനോട് അഭയം ചോദിക്കുകയാണ് എന്നറിഞ്ഞ റസൂല്‍(സ) പറഞ്ഞു: അതേ, നിനക്ക് വിട്ടുതരുന്നു.

ഉമ്മുല്‍ മുന്‍ദിര്‍ പറഞ്ഞു: അല്ലാഹുവിന്റെദൂതരേ, അയാള്‍ നിസ്‌കാരം നിര്‍വഹിക്കാനും, ഒട്ടക മാംസംകഴിക്കാനും ഒരുക്കമാണ്. പുഞ്ചിരിയോടെ തിരുമേനി പ്രതിവചിച്ചു: നിസ്‌കരിക്കുമെങ്കില്‍ അയാള്‍ക്ക് നല്ലത്, അയാളുടെ മതത്തില്‍തന്നെ ഉറച്ചുനില്‍ക്കാനാണ് ഭാവമെങ്കില്‍ അയാള്‍ക്ക് നാശം. തിരുദൂതര്‍ രിഫാഅയെ മോചിപ്പിക്കുകയും അദ്ദേഹം പിന്നീട് മുസ്‌ലിമാകുകയും ചെയ്തു. തന്റെയടുക്കല്‍ അഭയംതേടി എത്തിയ ആള്‍ക്ക് വേണ്ടി ഉമ്മുല്‍ മുന്‍ദിര്‍ തിരുമേനിയുടെ മുമ്പാകെ ശിപാര്‍ശ ചെയ്യുകയും അത് അംഗീകരിക്കപ്പെടുകയും ചെയ്തുവെന്നത് റസൂല്‍ തിരുമേനിയുടെ അടുക്കല്‍ ഉമ്മുല്‍ മുന്‍ദിറിനുണ്ടായിരുന്ന മഹത്തായ സ്ഥാനം വിളിച്ചറിയിക്കുന്നു.

നബി പുംഗവരുടെ ജീവിതത്തിലെ ചില അസുലഭ മുഹൂര്‍ത്തങ്ങള്‍ അനുഭവിക്കാനുള്ള ഭാഗ്യം ഉമ്മുല്‍ മുന്‍ദിറിന് ലഭിച്ചിരുന്നു. തിരുമേനി ഉമ്മുല്‍ മുന്‍ദിറിനെ സന്ദര്‍ശിക്കുകയും, ഭക്ഷണംകഴിക്കുകയും, ആ ഭക്ഷണം അനുഗ്രഹീതവും ഗുണമുള്ളതാണെന്നും സൂചിപ്പിക്കുകയും ചെയ്യാറുണ്ടായിരുന്നു. ഉമ്മുല്‍ മുന്‍ദിര്‍ നിവേദനം ചെയ്യുന്നു: ഒരിക്കല്‍ നബി കടന്നുവന്നു. രോഗിയായ അലി(റ) കൂടെയുണ്ടായിരുന്നു. തൂക്കിയിട്ടിരുന്ന ഈന്തപ്പനക്കുലയില്‍ നിന്നും തിരുദൂതര്‍ കഴിക്കാന്‍ തുടങ്ങി. അലി(റ) അത് കഴിക്കാന്‍ ഒരുങ്ങിയപ്പോള്‍ പ്രവാചകന്‍(സ) അലി(റ)നോട് പറയാന്‍ തുടങ്ങി ‘അരുത്, നീ രോഗിയാണ്’. അലി(റ) അതില്‍ നിന്നും പിന്തിരിഞ്ഞു. ഉമ്മുല്‍ മുന്‍ദിര്‍ പറയുന്നു: ബാര്‍ലിയും സിലക് (CHARD) എന്ന ഒരുതരം ഇലയും ചേര്‍ത്ത് വിഭവം ഉണ്ടാക്കി ഞാന്‍ റസൂലിന്റെ മുമ്പില്‍ വെച്ചു. നബി(സ)പറഞ്ഞു:  അല്ലയോ അലി, ഇത് ആഹരിച്ചോളൂ. നിനക്ക് വളരെ ഉത്തമമാണിത്.

വിഗ്രഹ മതക്കാര്‍ ഉസ്മാന്‍(റ)വിനെ മക്കയില്‍തടഞ്ഞുവെച്ച സന്ദര്‍ഭം. അല്ലാഹുവിന്റെ നിര്‍ദേശാനുസരണം അനുസരണ പ്രതിജ്ഞയെടുക്കാന്‍ ദൈവദൂതര്‍ ക്ഷണിച്ചപ്പോള്‍, ഒരുസംഘം സ്വഹാബീ വനിതകളോടൊപ്പം ഉമ്മുല്‍ മുന്‍ദിറും അനുസരണ പ്രതിജ്ഞയെടുത്തു. ‘മരത്തിനു കീഴെ പ്രതിജ്ഞയിലേര്‍പ്പെട്ട ആരും നരകത്തില്‍കടക്കുന്നതല്ല’ എന്ന പ്രവാചക പ്രഖ്യാപനത്തില്‍ ഉമ്മുല്‍ മുന്‍ദിറും ഉള്‍പ്പെട്ടു. രണ്ട് ബൈഅത്തില്‍ (അനുസരണ പ്രതിജ്ഞയില്‍) പങ്കെടുത്തവള്‍ എന്ന പേരുംലഭിച്ചു.

Related Articles