Current Date

Search
Close this search box.
Search
Close this search box.

നോമ്പു നോറ്റും രാത്രി നമസ്‌കാരവുമായി കഴിഞ്ഞ ഉമ്മുല്‍ മുഅ്മിനീന്‍ ഹഫ്‌സ

ഖുറൈഷ് ഗോത്രത്തിലെ സഹ്മ ശാഖയില്‍ നിന്നും ബദ്ര്‍ യുദ്ധത്തില്‍ ഒരാള്‍ മാത്രമേ പങ്കെടുത്തിട്ടുള്ളു. ഹുദാഫത് ബിന്‍ ഖൈസിന്റെ പുത്രന്‍ ഖുനൈസ് എന്ന സ്വഹാബി വര്യനാണത്. അദ്ദേഹം രണ്ടുവട്ടം ഹിജ്‌റ ചെയ്തിരുന്നു, ഏത്യോപ്യയിലേക്കുള്ള ആദ്യ സംഘത്തോടൊപ്പവും, മദീനയിലേക്കും. ഉഹുദ് യുദ്ധത്തില്‍ പങ്കെടുത്ത മുറിവുമായി ഹിജ്‌റയുടെ മണ്ണില്‍ മടങ്ങിയെത്തി, അധികം വൈകാതെ അവിടെ മരണപ്പെട്ടു. അദ്ദേഹത്തിന്റെ വിധവയാണ് ഉമര്‍ ബിന്‍ ഖത്താബിന്റെ മകള്‍ ഹഫ്‌സ.

പതിനെട്ടാമത്തെ വയസ്സില്‍ വൈധവ്യം പേറേണ്ടി വന്ന യുവതിയായ പുത്രിയെ ഓര്‍ത്ത് ഉമര്‍ വേദനിച്ചു. അവളുടെ യുവത്വത്തെ ഹോമിച്ചേക്കാവുന്ന, ഊര്‍ജസ്വലതയെ ഊറ്റിയെടുത്തേക്കാവുന്ന, ചെറുപ്പത്തെ ശ്വാസം മുട്ടിച്ചേക്കാവുന്ന വൈധവ്യത്തെ കണ്‍പാര്‍ക്കുമ്പോള്‍ ഉമറിന്റെ മനസ്സ് വിങ്ങി. വീടിന്റെ ഉള്ളില്‍ ദുഃഖിച്ചിരിക്കുന്ന മകളെ  ദര്‍ശിക്കുമ്പോളെല്ലാം വേദന തികട്ടി വരുന്നതായി അനുഭവപ്പെട്ടു. ദീര്‍ഘമായ ആലോചനകള്‍ക്കൊടുവില്‍ പുത്രിക്കായി ഒരു ഭര്‍ത്താവിനെ കണ്ടെത്താന്‍ അദ്ദേഹം തീരുമാനിച്ചു. ഇണയോട് ലോഗ്യം കൂടുമ്പോള്‍ ദുഃഖം അകലുമല്ലോ. ഹഫ്‌സയെ കല്യാണം കഴിക്കണമെന്നുള്ള അപേക്ഷ അബൂബക്കര്‍(റ)ന്റെ മുമ്പില്‍ അവതരിപ്പിച്ചെങ്കിലും അദ്ദേഹം എന്തെങ്കിലും പറയാന്‍ വിസമ്മതിച്ചു. പിന്നീട് ഉസ്മാന്‍(റ)വിനെ സമീപിച്ചു. അദ്ദേഹം പറഞ്ഞു: ഇപ്പോള്‍ കല്യാണം കഴിക്കേണ്ടെന്ന നിലപാടിലാണ് ഞാനുള്ളത്. അനുകൂല പ്രതികരണം ലഭിക്കാതെ, ഖിന്നനായി ഉമര്‍(റ) നബി തിരുമേനിയോട് പ്രയാസം പങ്കുവെച്ചു. തിരുമേനി പറഞ്ഞു: ഉസ്മാനേക്കാള്‍ ഉത്തമനായ ഒരാള്‍ ഹഫ്‌സയെ കല്യാണം കഴിക്കും, ഉസ്മാന്‍ ഹഫ്‌സയേക്കാള്‍ ഉത്തമയേയും കല്യാണം കഴിക്കും. പിന്നീട് തിരുമേനി ഹഫ്‌സയെ തനിക്കായി വിവാഹം ആലോചിച്ചു. ഉമര്‍(റ) ആ കല്യാണം നടത്തി കോടുത്തു.

ഹഫ്‌സയുടെ കല്യാണം കഴിഞ്ഞപ്പോള്‍ അബൂബക്കര്‍(റ) ഉമറിനോട് താന്‍ പിന്‍മാറിയതിന്റെ കാരണം വിശദീകരിച്ചു: ഉമറേ, എന്നോട് വെറുപ്പ് തോന്നരുതേ, റസൂല്‍(സ) ഫഹ്‌സയെ സംബന്ധിച്ച് പറഞ്ഞിരുന്നു. തിരുമേനിയുടെ രഹസ്യം ഞാന്‍ പുറത്തു പറയാവതല്ലല്ലോ? തിരുമേനി ഈ വിവാഹത്തില്‍ നിന്നും പിന്‍മാറിയിരുന്നെങ്കില്‍ ഞാന്‍ അവളെ കല്യാണം കഴിക്കുമായിരുന്നു.

ഹിജ്‌റ 3 ല്‍ ആയിരുന്നു പ്രവാചകനും ഹഫ്‌സയും തമ്മിലുള്ള വിവാഹം. 400 ദിര്‍ഹമാണ് വിവാഹമൂല്യമായി നല്‍കിയത്. ഹഫ്‌സക്കും പിതാവിനും ഇത് നിനക്കാതെ ലഭിച്ച മഹാ ഭാഗ്യമായിത്തീര്‍ന്നു. പതിയെപ്പതിയെ ഹഫ്‌സ(റ) പ്രവാചക പത്‌നിമാര്‍ക്കിടയില്‍ ഉന്നതസ്ഥാനം നേടിയെടുത്തു. ആഇശ(റ) പറഞ്ഞു: പ്രവാചക പത്‌നിമാരില്‍ എന്നോട് മല്‍സരിക്കാറുണ്ടായിരുന്നത് ഹഫ്‌സയായിരുന്നു. ഹഫ്‌സ(റ) ഇബാദത്തിലും ഔന്നത്യത്തിലും മുന്നിലായിരുന്നു.

പ്രവാചക പത്‌നിമാര്‍ വിശ്വാസികളുടെ മാതാക്കളായിരിക്കുമ്പോളും, അതിമാനുഷരല്ലാത്തത് കൊണ്ട് മാനുഷികമായ ദൗര്‍ഭല്യങ്ങളില്‍ നിന്നും സമ്പൂര്‍ണ മുക്തരല്ലായിരുന്നു. ആഇശ(റ) പറയുന്നു: പ്രവാചകന്‍(സ) സൈനബ് ബിന്‍ത് ജഹ്ഷിന്റെ അടുക്കല്‍ നിന്നും തേന്‍ കുടിക്കാറുണ്ടായിരുന്നു. തിരുമേനി ഞങ്ങളുടെ അടുക്കല്‍ കടന്നു വരുമ്പോള്‍ മിഗ്ഫര്‍ (ദുര്‍ഗന്ധമുള്ള ഒരു മധുരച്ചെടി) തിന്നാറുണ്ടോ എന്ന് ചോദിക്കാന്‍ ഞങ്ങള്‍ ധാരണയായി. അങ്ങിനെ ചോദിച്ചപ്പോള്‍ തിരുമേനി പറഞ്ഞു: ഇല്ല, പക്ഷേ സൈനബിന്റെ കൈയ്യില്‍ നിന്നും തേന്‍ കുടിക്കാറുണ്ട്. ഇനി അതുണ്ടാവില്ല. സത്യമായും ഇത് ആരോടും പറയരുതേ.

ഈ സംഭവത്തിന്റെ പേരില്‍ നബി(സ) ഹഫ്‌സ(റ)വിനെ ഒരുവട്ടം ത്വലാഖ് ചൊല്ലി. പ്രവാചക സവിധത്തിലെത്തിയ ജിബ്‌രീല്‍ പറഞ്ഞു: ഒത്തിരി നോമ്പെടുക്കുകയും രാത്രിയില്‍ ധാരാളം നമസ്‌കരിക്കുന്നവളുമാണ് ഹഫ്‌സ. സ്വര്‍ഗത്തില്‍ അങ്ങയുടെ ഭാര്യയുമാണവള്‍. അങ്ങിനെ ജിബ്‌രീലിന്റെ നിര്‍ദേശാനുസരണം തിരുമേനി തീരുമാനം പിന്‍വലിച്ചു. റസൂല്‍ തിരുമേനിയുടെ വിയോഗാനന്തരം ഉമ്മുല്‍ മുഅ്മിനീന്‍ ഹഫ്‌സ വീടിനകത്ത് തന്നെ കഴിഞ്ഞുകൂടി. വിജ്ഞാനത്തിന്റെയും കര്‍മശാസ്ത്രത്തിന്റെയും ഉറവിടങ്ങളില്‍ ഒന്നായിരുന്ന അവര്‍ക്ക് അബൂബക്ര്‍(റ)വിന്റെ കാലഘട്ടത്തില്‍ സമുന്നത സ്ഥാനമായിരുന്നു ഉണ്ടായിരുന്നത്.

പിതാവായ ഉമര്‍(റ)വിന്റെ കാലഘട്ടം. പിതാവിന്റെയും പുത്രിയുടെയും ഭൗതിക പരിത്യാഗത്തിലേക്കും ഹൃദയ വിശുദ്ധിയിലേക്കും വെളിച്ചം വീശുന്ന സംഭവങ്ങള്‍ അനവധിയാണ്. ഒരിക്കല്‍ ഉമര്‍(റ) ഹഫ്‌സ(റ)വിന്റെ അടുക്കല്‍ കടന്നു വന്നു. തണുത്ത കറിയും റൊട്ടിയും പിതാവിന് നല്‍കിയപ്പോള്‍ കറിയില്‍ അല്‍പം എണ്ണ ഹഫ്‌സ(റ) ഒഴിച്ചു. അപ്പോള്‍ ഉമര്‍(റ) പറഞ്ഞു: ഒരു പാത്രത്തില്‍ രണ്ട് കറിയോ? അല്ലാഹുവിനെ കണ്ടുമുട്ടുവോളം ഞാനിത് രുചിക്കുകയില്ല. പരുക്കന്‍ വസ്ത്രം ധരിച്ച പിതാവിനെ കണ്ട ഹഫ്‌സ ഒരിക്കല്‍ പറഞ്ഞു: അമീറുല്‍ മുഅ്മിനീന്‍, അല്‍പം കൂടി മയമുള്ള വസ്ത്രം ധരിച്ചുകൂടേ? അപ്പോള്‍ ഉമര്‍ പറഞ്ഞു: നിന്നോട് തന്നെ ഞാന്‍ തര്‍ക്കിക്കേണ്ടി വരുന്നല്ലോ? റസൂല്‍(സ) അനുഭവിച്ച ജീവിത പ്രയാസങ്ങള്‍ നീ ഓര്‍ക്കുന്നുവോ? ഹഫ്‌സ(റ) കരയുവോളം ഉമര്‍(റ) ഇത് തന്നെ പറഞ്ഞ് കൊണ്ടിരുന്നു.

റസൂല്‍(സ) മരണപ്പെട്ടതിന് ശേഷം മത പരിത്യാഗികളുമായിട്ടുള്ള യുദ്ധങ്ങളില്‍ ഖുര്‍ആന്‍ മനനം ചെയ്ത പ്രഥമ സ്ഥാനീയരായ നൂറ് കണക്കിനാളുകള്‍ രക്തസാക്ഷിത്വം വരിച്ചു. ഖുര്‍ആന്‍ അവതരണ കാലഘട്ടവുമായിട്ടുള്ള അകലം വര്‍ദ്ധിക്കും മുമ്പ്, മനഃപാഠമാക്കിയവര്‍ പൊയ്‌പോകുന്നതിനു മുമ്പ്, പലയിടങ്ങളിലായി ചിതറിക്കിടക്കുന്ന വിശുദ്ധ വചനങ്ങള്‍ എത്രയും പെട്ടെന്ന് ഒരുമിച്ചു കൂട്ടണമെന്നുള്ള ഉമര്‍(റ)വിന്റെ നിര്‍ദേശം അബൂ ബക്ര്‍(റ) അംഗീകരിച്ചു. ഖുര്‍ആന്‍ ക്രോഡീകരിക്കപ്പെട്ടു. വിശുദ്ധ ഖുര്‍ആന്റെ കൈയ്യെഴുത്ത് പ്രതി സംരക്ഷിക്കാനായി വിശ്വാസികളുടെ മാതാക്കള്‍ക്കിടയില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ടത് ഹഫ്‌സ(റ) ആയിരിന്നു.

ഹിജ്‌റ 13 ജമാദുല്‍ ആഖിറഃ അവസാനത്തില്‍ അബൂ ബക്ര്‍ സ്വിദ്ദീഖ്(റ) മരണപ്പെടുകയും ഖിലാഫത്ത് അമീറുല്‍ മുഅ്മിനീന്‍ ഉമര്‍(റ) ഏറ്റെടുക്കുകയുമുണ്ടായി. ഹഫ്‌സ(റ) നോക്കിക്കാണുകയായിരുന്നു… പിതാവിന്റെ കീര്‍ത്തികള്‍.. സ്മര്യപ്രവൃത്തികള്‍… ശാം, ഇറാഖ്, ഈജിപ്ത് യുദ്ധ വിജയങ്ങള്‍… അവസാനം ഹിജ്‌റ 23 ല്‍ മജൂസിയായ അബൂ ലുഅ്‌ലുഅയുടെ കഠാര കുത്തുകളില്‍ അമീറുല്‍ മുഅ്മിനീന്‍ ഉമര്‍(റ)വിന്റെ അന്ത്യം.. ഹഫ്‌സയും മുസ്‌ലിംകളും വല്ലാതെ ഭീതിപ്പെട്ടു.
ഖിലാഫത്തിന്റെ ഉത്തരവാദിത്വം മുതിര്‍ന്ന സ്വഹാബികളുടെ ആറംഗ ശൂറാ (കൂടിയാലോചന സമിതി)ക്കായി. അവര്‍ അമീറുല്‍ മുഅ്മിനീന്‍ ഉസ്മാന്‍ ബിന്‍ അഫ്ഫാനെ ഖിലാഫത് ഏല്‍പിച്ചു. ആ കാലഘട്ടത്തില്‍, ഹഫ്‌സ(റ)യുടെ അടുക്കലുണ്ടായിരുന്ന ഖുര്‍ആന്‍ ഏടുകളുടെ പാരായണലിപി ഏകോപനവും പൂര്‍ത്തീകരിക്കപ്പെട്ടു.

ഹിജ്‌റ 35 ല്‍ ഉസ്മാന്‍ ദുന്നൂറൈനിയുടെ വധത്തെ തുടര്‍ന്ന് അലിയ്യ് ബിന്‍ അബീത്വാലിബ്(റ) വിശ്വാസികളുടെ നേതാവായി ബൈഅത്ത് (അനുസരണ പ്രതിജ്ഞ) ചെയ്യപ്പെട്ടപ്പോള്‍ ഹഫ്‌സ(റ) മദീനയില്‍ കഴിഞ്ഞുകൂടി. ഒത്തിരി നോമ്പ് നോറ്റും രാവുകളില്‍ ധാരാളം നമസ്‌കാരവുമായി ആരാധനാ നിമഗ്നയായി ഉമ്മുല്‍ മുഅ്മിനീന്‍ ഹഫ്‌സ കഴിഞ്ഞു. മുആവിയ ബിന്‍ അബീ സുഫ്‌യാന്റെ കാലഘട്ടത്തില്‍ ആ നാളം അണയുവോളം.

Related Articles