Current Date

Search
Close this search box.
Search
Close this search box.

ഉര്‍വത് ബിന്‍ സുബൈര്‍ -3

urvath-2.jpg

മുസ്‌ലിം സമൂഹത്തില്‍ തിളങ്ങി നില്‍ക്കുന്ന ദീപസ്തംഭമായി അല്ലാഹു ഉര്‍വത് ബിന്‍ സുബൈറിനെ നിലനിര്‍ത്തി. ജീവിതകാലം മുഴുവന്‍ ജനങ്ങളെ നന്മയിലേക്ക് ക്ഷണിച്ചും, അവര്‍ക്ക് വഴികാട്ടിയായും അദ്ദേഹം നിലകൊണ്ടു.

തന്റെ സന്താനങ്ങളുടെ ശിക്ഷണത്തില്‍ പ്രത്യേകമായും മറ്റുള്ളവരുടെ സന്താനങ്ങളുടെ സംസ്‌കരണത്തില്‍ പൊതുവായും അദ്ദേഹം വളരെ ജാഗ്രതപുലര്‍ത്തി. അവര്‍ക്ക് നേര്‍മാര്‍ഗം കാണിക്കാന്‍ ലഭിച്ച ഒരവസരവും അദ്ദേഹം മുതലെടുക്കാതിരുന്നില്ല.

തന്റെ മക്കളെ വിജ്ഞാനമാര്‍ജ്ജിക്കാന്‍ സദാ പ്രേരിപ്പിക്കാറുണ്ടായിരുന്നു ഉര്‍വത്. അദ്ദേഹം അവരോട് പറയും ‘എന്റെ പൊന്നു മക്കളെ, നിങ്ങള്‍ വിജ്ഞാനം തേടുക, അതിന് ആവശ്യമായതൊക്കെയും ചെലഴിക്കുകയും ചെയ്യുക. നിങ്ങള്‍ സമൂഹത്തില്‍ ചെറിയവരാണെങ്കിലും, ഒരു പക്ഷെ അല്ലാഹു വിജ്ഞാനം കൊണ്ട് നിങ്ങളെ ഉന്നതരാക്കിയേക്കാം.’ തുടര്‍ന്ന് പറയും. ‘വല്ലാത്ത കഷ്ടം തന്നെ, വിവരമില്ലാത്തവനെക്കാള്‍ വൃത്തികെട്ട മറ്റെന്താണ് ലോകത്തുള്ളത്?’

അല്ലാഹുവിന് വേണ്ടി നല്‍കപ്പെട്ട സമ്മാനങ്ങള്‍ എണ്ണി ക്ലിപ്തപ്പെടുത്താന്‍ അദ്ദേഹം അവരോട് നിര്‍ദ്ദേശിക്കും. ശേഷം ഇപ്രകാരം പറയും ‘എന്റെ മക്കളേ, പ്രിയപ്പെട്ടവര്‍ക്ക് നല്‍കാന്‍ മടിക്കുന്ന യാതൊന്നും നിങ്ങള്‍ സമ്മാനമായി അല്ലാഹുവിന് നല്‍കരുത്. കാരണം അല്ലാഹുവാണ് എല്ലാവരേക്കാളും പ്രിയപ്പെട്ടവന്‍. അവനാണ് ആദരിക്കപ്പെടേണ്ടവന്‍.

ജനങ്ങളെക്കുറിച്ച് തികഞ്ഞ ഉള്‍ക്കാഴ്ചയുള്ള ഉപദേശങ്ങളാണ് അദ്ദേഹം അവര്‍ക്ക് നല്‍കാറുണ്ടായിരുന്നത്. അദ്ദേഹം പറയും ‘മക്കളേ, ജനങ്ങളിലാരെങ്കിലും നന്മ ചെയ്യുന്നത് കണ്ടാല്‍ അദ്ദേഹത്തെക്കുറിച്ച് നല്ലത് വിചാരിക്കുകയും പ്രതീക്ഷിക്കുകയും ചെയ്യുക. ജനങ്ങളുടെ കണ്ണില്‍ അവനെത്ര മോശക്കാരനാണെങ്കിലും ശരി.
അതല്ല, ഏതെങ്കിലുമൊരാള്‍ തിന്മ ചെയ്യുന്നത് കണ്ടാല്‍ നിങ്ങളയാളെ സൂക്ഷിക്കേണ്ടതുണ്ട്. ജനങ്ങളുടെ കണ്ണില്‍ അയാള്‍ നല്ലവനാണെങ്കില്‍ പോലും.

നൈര്‍മല്യത്തോടെ വര്‍ത്തിക്കാനും, നന്നായി സംസാരിക്കാനും, മുഖപ്രസന്നതയോടെ മറ്റുള്ളവരെ സമീപിക്കാനും അദ്ദേഹം മക്കളെ ഉപദേശിക്കാറുണ്ടായിരുന്നു. ‘പുന്നാര മക്കളെ, പഴമക്കാര്‍ പറഞ്ഞ് വെച്ചത് ഇപ്രകാരമാണ്. നിന്റെ വാക്ക് ഉത്തമവും, മുഖം പ്രസന്നവുമായിരിക്കട്ടെ. ദാനം കൊടുക്കുന്നവരേക്കാള്‍ ജനങ്ങള്‍ക്ക് പ്രിയപ്പെട്ടവനായിത്തീരും താങ്കള്‍.’

ജനങ്ങള്‍ ആര്‍ഭാടത്തിലേക്ക് വഴിതെറ്റുകയും, ആസ്വദിച്ച് ജീവിക്കുകയും ചെയ്യുന്നത് കണ്ടാല്‍ അദ്ദേഹമവരെ അല്ലാഹുവിന്റെ പ്രവാചകന്റെ പ്രയാസകരമായ ജീവിതത്തെക്കുറിച്ച് ഓര്‍മിപ്പിക്കും. മുഹമ്മദ് ബിന്‍ മുന്‍കദിര്‍ അദ്ദേഹത്തില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യുന്നത് ഇപ്രകാരമാണ്. ‘ഒരിക്കല്‍ ഉര്‍വത് ബിന്‍ സുബൈര്‍(റ) എന്നെ കണ്ടുമുട്ടുകയുണ്ടായി. അദ്ദേഹം എന്റെ കൈപിടിച്ച് കൊണ്ട് പറഞ്ഞു. ‘അല്ലയോ, അബൂ അബ്ദുല്ലാഹ്, ഞാന്‍ നമ്മുടെ ഉമ്മ ആഇശയെ ഒരിക്കല്‍ സന്ദര്‍ശിക്കുകയുണ്ടായി. അവരെന്നോട് പറഞ്ഞു ‘എന്റെ മകനേ, അല്ലാഹുവാണ, പ്രവാചകന്റെ വീട്ടില്‍ തീ പുകയാതെ നാല്‍പത് ദിവസത്തോളം ഞങ്ങള്‍ കഴിച്ച് കൂട്ടിയിട്ടുണ്ട്.’ ഞാനവരോട് ചോദിച്ചു. ‘എന്റെ ഉമ്മാ, അപ്പോള്‍ പിന്നെ നിങ്ങളെങ്ങനെയാണ് ജീവിച്ചിരുന്നത്? അവര്‍ പറഞ്ഞു ‘രണ്ട് കറുപ്പുകള്‍ കൊണ്ട് അഥവാ ഈത്തപ്പഴവും വെള്ളവും കൊണ്ട്’.

ഉര്‍വത് ബിന്‍ സുബൈര്‍(റ) നന്മ നിറഞ്ഞ, ദൈവബോധം പ്രസരിച്ച എഴുപത്തൊന്ന് വര്‍ഷങ്ങള്‍ ജീവിച്ചു. നോമ്പുകാരനായിരിക്കെ അല്ലാഹുവിന്റെ വിളിക്കുത്തരം നല്‍കി. രോഗം കലശലായപ്പോള്‍ നോമ്പ് മുറിക്കാന്‍ വീട്ടുകാര്‍ അദ്ദേഹത്തോട് പറഞ്ഞു. പക്ഷെ അദ്ദേഹം വിസമ്മതിക്കുകയാണ് ചെയ്തത്. കൗഥര്‍ അരുവിയില്‍ നിന്ന്, വെള്ളി കൊണ്ടുള്ള ചഷകങ്ങളില്‍, തരുണീമണികളുടെ കൈകളാല്‍ നോമ്പു മുറിക്കണമെന്ന് അദ്ദേഹം അത്യുല്‍ക്കടമായി ആഗ്രഹിച്ചു അദ്ദേഹം സ്വര്‍ഗത്തിലേക്ക് യാത്രയായി.

വിവ: അബ്ദുല്‍ വാസിഅ് ധര്‍മഗിരി

 

ഉര്‍വത് ബിന്‍ സുബൈര്‍ -1
ഉര്‍വത് ബിന്‍ സുബൈര്‍ -2

 

Related Articles