Current Date

Search
Close this search box.
Search
Close this search box.

ഇയാസ് ബിന്‍ മുആവിയ -3

pattern.jpg

ഇയാസ് ബിന്‍ മുആവിയയുടെ ബുദ്ധിസാമര്‍ത്ഥ്യത്തെ കുറിക്കുന്ന മറ്റ് പല സംഭവങ്ങളുമുണ്ട്. ജനങ്ങള്‍ക്ക് മുന്നില്‍ നല്ലവനായി നടക്കുന്ന ഒരാളുണ്ടായിരുന്നു കൂഫയില്‍. ദൈവബോധവും, ഭക്തിയും പ്രകടിപ്പിച്ച് കൊണ്ടായിരുന്നു അദ്ദേഹം ജീവിച്ചിരുന്നത്. ജനങ്ങളദ്ദേഹത്തെ പ്രകീര്‍ത്തിക്കുകയും, വിശ്വസ്തനായി കണക്കാക്കുകയും ചെയ്തു. ധാരാളം പേര്‍ യാത്രപുറപ്പെടുമ്പോള്‍ തങ്ങളുടെ സമ്പത്ത് അദ്ദേഹത്തെ വിശ്വസിച്ചേല്‍പിക്കുകയും ചെയ്തു.
ഒരിക്കലൊരാള്‍ തന്റെ സമ്പത്ത് അദ്ദേഹത്തെ ഏല്‍പിച്ചു. സമ്പത്ത് ആവശ്യമായപ്പോള്‍ അദ്ദേഹമത് തിരിച്ച് ചോദിച്ചു. എന്നാല്‍ താങ്കള്‍ എന്റെ കയ്യില്‍ സമ്പത്ത് തന്നിട്ടില്ലല്ലോ എന്നായിരുന്നു അയാളുടെ മറുപടി. നിവൃത്തിയില്ലാതെ അദ്ദേഹം ഇയാസിനെ സമീപിച്ചു ആവലാതി ബോധിപ്പിച്ചു.
ഇയാസ് അദ്ദേഹത്തോട് ചോദിച്ചു.
-‘താങ്കള്‍ എന്റെയടുത്ത് വന്ന വിവരം അയാള്‍ അറിഞ്ഞിട്ടുണ്ടോ?’
-‘ഒരിക്കലുമില്ല’
-‘താങ്കളിപ്പോള്‍ തിരിച്ച് പോവുക… നാളെ മടങ്ങി വരാം..’

ശേഷം സമ്പത്ത് വിശ്വസിച്ചേല്‍പിക്കപ്പെട്ട ആ മനുഷ്യനിലേക്ക് ഇയാസ് ആളയച്ചു ഇപ്രകാരം അറിയിച്ചു.
-‘സംരക്ഷരില്ലാത്ത ധാരാളം അനാഥരുടെ സ്വത്ത് എന്റെ അടുത്തുണ്ട്. ഞാനവ താങ്കളുടെ അടുത്ത് നിക്ഷേപിക്കാനാണ് ആഗ്രഹിക്കുന്നത്. താങ്കളുടെ വീട് സുരക്ഷിതമാണോയെന്നും, താങ്കള്‍ക്കതിന് സമയമുണ്ടാവുമോ എന്നുമറിയില്ല.’
-‘അതെ, ഖാദി’
-‘എന്നാല്‍ താങ്കള്‍ മറ്റന്നാള്‍ വരിക.. സമ്പത്തിന് പറ്റിയ സ്ഥാനം ഒരുക്കുകയും ചെയ്യുക. അത് വഹിക്കാന്‍ പറ്റിയ രണ്ട് ചുമട്ടുകാരെയും കൂടെ കൊണ്ട് വരിക.’
അടുത്ത ദിവസം പരാതിക്കാരന്‍ ഇയാസിനെ കാണാന്‍ വന്നു. ഇയാസ് അദ്ദേഹത്തോട് പറഞ്ഞു.
-‘താങ്കള്‍ അയാളുടെ അടുത്ത് പോവി കാശ് തിരിച്ച് ചോദിക്കുക, അദ്ദേഹം നിരസിക്കുകയാണെങ്കില്‍ ഖാദിയോട് പരാതി പറയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യുക.

അദ്ദേഹം തന്റെ കാശ് ഏല്‍പിച്ചയാളുടെ അടുത്തെത്തി കാശ് ചോദിച്ചു. അദ്ദേഹം കൊടുക്കാന്‍ തയ്യാറായില്ല, മാത്രമല്ല അത് നിഷേധിക്കുകയും ചെയ്യുക. അപ്പോള്‍ അയാള്‍ പറഞ്ഞു.
-‘താങ്കള്‍ എന്റെ കാശ് തന്നില്ലെങ്കില്‍ ഞാന്‍ ഖാദിയോട് പരാതി പറയും.’
അത് കേട്ടതും അയാള്‍ കാശ് തിരിച്ച് കൊടുത്തു. അദ്ദേഹത്തെക്കുറിച്ച് നല്ല സങ്കല്‍പം സൃഷ്ടിച്ചു. അദ്ദേഹം നേരെ ഇയാസിന്റെ അടുത്ത് ചെന്ന് പറഞ്ഞു.
-‘അദ്ദേഹമെനിക്ക് എന്റെ കാശ് തിരിച്ച് തന്നു, അല്ലാഹു നിങ്ങള്‍ക്ക് നല്ല പ്രതിഫലം നല്‍കുമാറാവട്ടെ….’

അടുത്ത ദിവസം ആ മനുഷ്യന്‍ ചുമട്ടുകാരെക്കൂട്ടി ഇയാസിന്റെ അടുത്ത് വന്നു. ഇയാസ് അദ്ദേഹത്തെ ആട്ടിയോടിച്ച് കൊണ്ട് പറഞ്ഞു.
-‘താങ്കളെത്ര വൃത്തികെട്ട മനുഷ്യനാണ്. മതത്തെയാണ് ദുന്‍യാവിനെ വേണ്ടി കച്ചവടമാക്കിയത് അല്ലെ…’

ഇയാസ് അതീവ ബുദ്ധിമാനും, സമര്‍ത്ഥനുമായിരിക്കെത്തന്നെ ചിലപ്പോള്‍ പ്രതിയോഗികള്‍ക്ക് മുന്നില്‍ അടിതെറ്റാറുമുണ്ടായിരുന്നു. അദ്ദേഹം തന്നെ ഒരു സംഭവം ഉദ്ധരിക്കുന്നത് ഇപ്രകാരമാണ്.
എന്നെ പരാജയപ്പെടുത്തിയവരില്‍ ഒരാളെ ഞാന്‍ നന്നായി ഓര്‍മിക്കുന്നു. ഞാന്‍ ബസ്വറയിലെ കോടതിയിലിരിക്കുകയായിരുന്നു. അപ്പോഴൊരാള്‍ എന്റെ അടുത്ത് വന്നു. ഒരാളുടേതെന്ന് പറയപ്പെടുന്ന പൂന്തോട്ടം മറ്റൊരാളുടെ ഉടമസ്ഥതയിലുള്ളതാണെന്ന് എന്റെയടുത്ത് സാക്ഷി പറഞ്ഞു. അദ്ദേഹത്തെ കൃത്യമായി പറഞ്ഞു തരികയും ചെയ്തു. ഞാനദ്ദേഹത്തിന്റെ സാക്ഷ്യത്തെ പരിശോധിക്കാന്‍ തീരുമാനിച്ചു കൊണ്ട് ചോദിച്ചു.
-‘പൂന്തോട്ടത്തില്‍ എത്ര മരങ്ങളുണ്ട് ?’
അദ്ദേഹം കുറച്ച് നേരം തലതാഴ്ത്തി, ശേഷം തലയുയര്‍ത്തി പറഞ്ഞു.
-‘താങ്കളെന്ന് മുതലാണ് ഇവിടെ വിധി പറയാന്‍ തുടങ്ങിയത് ?
-‘ഇന്നയിന്ന വര്‍ഷം മുതല്‍..’
-‘ഈ കോടതിയിലെ മേല്‍ക്കൂരയില്‍ എത്ര പലകകളുണ്ട്?’
-‘എനിക്കറിയില്ല…, താങ്കള്‍ പറഞ്ഞത് സത്യമാണ്.’ ഇത്രയും പറഞ്ഞ് ഞാന്‍ അദ്ദേഹത്തിന്റെ സാക്ഷ്യം അംഗീകരിച്ചു.

എഴുപത്തിയാറാം വയസ്സില്‍ ഇയാസ് ബിന്‍ മുആവിയ ഒരു സ്വപ്‌നം കണ്ടു. അദ്ദേഹവും പിതാവും രണ്ട് കുതിരകളിലായി മല്‍സരിച്ചോടുന്നതാണ് കണ്ടത്. രണ്ട് പേരും ഒന്നിച്ചായിരുന്നു മുന്നേറിയിരുന്നത്. അദ്ദേഹം പിതാവിനേയോ, പിതാവ് അദ്ദേഹത്തെയോ മുന്‍കടന്നില്ല. അദ്ദേഹത്തിന്റെ പിതാവ് എഴുപത്തിയാറാം വയസ്സില്‍ മരണപ്പെട്ടിരുന്നു. ആ രാത്രി തന്റെ വിരിപ്പിലേക്ക് പ്രവേശിക്കുന്നതിന് മുമ്പ് ഇയാസ് തന്റെ മക്കളോട് ചോദിച്ചു.
-‘ഈ രാത്രിയുടെ പ്രത്യേകത എന്താണെന്ന് നിങ്ങള്‍ക്കറിയാമോ?
-‘ഇല്ല’
-‘ഈ രാത്രിയാണ് എന്റെ ഉപ്പ മരണപ്പെട്ടത്.’
നേരം വെളുത്തപ്പോള്‍ തങ്ങളുടെ പിതാവ് മരണപ്പെട്ടതായാണ് ആ കുഞ്ഞുങ്ങള്‍ കണ്ടത്.

വിവ : അബ്ദുല്‍ വാസിഅ് ധര്‍മഗിരി

ഇയാസ് ബിന്‍ മുആവിയ -1

ഇയാസ് ബിന്‍ മുആവിയ -2

Related Articles