Current Date

Search
Close this search box.
Search
Close this search box.

ആണത്തത്തിന്‍െ ആള്‍രൂപം

അറിവ് തേടുന്നവര്‍ക്കും നന്മ ആഗ്രഹിക്കുന്നവര്‍ക്കും തെളിനീര്‍ പന്തലായിരുന്നു സലമ ബിന്‍ ദീനാറിന്റെ ഭവനം. സഹോദര ശിഷ്യ വ്യത്യാസം ഇല്ലായിരുന്നു അവിടെ. ഒരിക്കല്‍ അബ്ദുല്‍ റഹ്മാന്‍ ബിന്‍ ജരീര്‍ പുത്രനൊന്നിച്ച് സലാം പറഞ്ഞു കടന്നു ചെന്നു. അവിടെ ഒരിടത്തിരുന്ന അവര്‍ അദ്ദേഹത്തിന്റെ ഇരുലോക നന്മകള്‍ക്കായി പ്രാര്‍ത്ഥിച്ചു. അദ്ദേഹം പ്രത്യഭിവാദ്യം ചെയ്ത് അവരെ സ്വീകരിച്ചു. സംസാരത്തിനിടയില്‍ അബ്ദുല്‍ റഹ്മാന്‍ ബിന്‍ ജരീര്‍ ചോദിച്ചു: അബൂ ഹാസിമേ, മനസ്സുകള്‍ തുറന്നു കിട്ടുന്നത് എങ്ങിനെയാണ്?

അദ്ദേഹം പറഞ്ഞു: ഹൃദയങ്ങളെ നന്നാക്കുമ്പോള്‍ വന്‍പാപങ്ങള്‍ പൊറുക്കപ്പെടും…. തിന്മകള്‍ ഉപേക്ഷിക്കണമെന്ന് ദാസന്‍ ദൃഢനിശ്ചയം ചെയ്യുമ്പോള്‍ വിജയം മുന്നിലുണ്ടാകും…. അബ്ദുല്‍ റഹ്മാനേ, കുറഞ്ഞ ഇഹലോകവും വലിയ തോതില്‍ പരലോകത്തെ മറക്കാന്‍ നമ്മെ പ്രേരിപ്പിക്കും….. അല്ലാഹുവിനോട് നിന്നെ അടുപ്പിക്കാത്ത എല്ലാ അനുഗ്രഹങ്ങളും ആപത്താണ്.

അപ്പോള്‍ ഇബ്‌നു ജരീറിന്റെ പുത്രന്‍ പറഞ്ഞു: നമുക്ക് ശൈഖുമാര്‍ ധാരാളമുണ്ട്. ആരെയാണ് പിന്‍പറ്റേണ്ടത്?
അദ്ദേഹം പറഞ്ഞു: മോനെ, മറക്കുള്ളിലും അല്ലാഹുവിനെ ഭയപ്പെടുന്ന…. നാണക്കേടുണ്ടാക്കാത്ത… നരക്കാന്‍ കാത്തുനില്‍ക്കാതെ കുട്ടിക്കാലത്തു തന്നെ സ്വന്തത്തെ നന്നാക്കിയവനെ പിന്‍പറ്റൂ. മോനെ, അറിഞ്ഞുകൊള്ളൂ, സൂര്യനുദിക്കുന്ന ഒരോ ദിവസവും വിദ്യാര്‍ത്ഥിയുടെ മനസ്സില്‍ ഇച്ഛയും ഇല്‍മും (വിജ്ഞാനം) ഏറ്റുമുട്ടും. ഇല്‍മ് ഇച്ഛയെ കീഴടക്കിയാല്‍ ആ ദിനം വിജയ പ്രദനങ്ങളുടേതാണ്. ഇച്ഛ ഇല്‍മിനെ കീഴടക്കിയാല്‍ ആ ദിനം പരാജയത്തിന്റേതാണ്.
അബ്ദുല്‍ റഹ്മാന്‍ ബിന്‍ ജരീര്‍: അബൂ ഹാസിമേ, കൃതജ്ഞതയെ സംബന്ധിച്ച് അങ്ങ് ഞങ്ങളോട് പ്രത്യേകം ഉണര്‍ത്താറുണ്ടല്ലോ. എന്താണ് അതിന്റെ യാഥാര്‍ത്ഥ്യം?
അബൂ ഹാസിം: നമ്മുടെ ഒരോ അവയവങ്ങളും നന്ദിക്ക് അര്‍ഹരാണ്.
അബ്ദുല്‍ റഹ്മാന്‍: കണ്ണിനുള്ള കൃതജ്ഞ എന്താണ്?
അബൂ ഹാസിം: നന്മ കണ്ടാല്‍ പരസ്യപ്പെടുത്തുക, തിന്മ കണ്ടാല്‍ മറച്ചു വെക്കുക.
അബ്ദുല്‍ റഹ്മാന്‍: ചെവിയോടുള്ള കടപ്പാട് എന്താണ്?
അബൂ ഹാസിം:  നന്മ കേട്ടാല്‍ ഓര്‍ത്തു വെക്കുക, തിന്മ കോട്ടാല്‍ മൂടിക്കളയുക.
അബ്ദുല്‍ റഹ്മാന്‍: കൈകളോടുള്ള ഉപകാരസ്മരണ എന്താണ്?
അബൂ ഹാസിം: നിന്റേത് അല്ലാത്തത് എടുക്കാതിരിക്കുക, അല്ലാഹു നല്‍കിയ അവകാശങ്ങള്‍ തടസ്സപ്പെടുത്തരുത്. അബ്ദുല്‍ റഹ്മാനേ, നാവിനോടും സര്‍വ അവയവങ്ങളോടും ഹൃദയത്തോടുമുള്ള നന്ദി വേണ്ടുംവിധം നിര്‍വഹിക്കാത്തവന്റെ ഉപമ, ധരിക്കാതെ വെച്ചിരിക്കുന്ന വസ്ത്രം പോലെയാണ്. ചൂടില്‍ നിന്നും അത് മറയാകുന്നില്ല, തണുപ്പില്‍ നിന്നും സംരക്ഷണമേകുന്നില്ല.

മുസ്‌ലിം സൈന്യത്തിലെ പോരാളികളോടൊപ്പം അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ജിഹാദ് ചെയ്യുന്നതിനുള്ള ആഗ്രഹവുമായി സലമ ബിന്‍ ദീനാര്‍ ഒരിക്കല്‍ റോമന്‍ ദേശങ്ങളിലേക്ക് തിരിച്ചു. യാത്രയുടെ അവസാന ഘട്ടത്തിലെത്തിയപ്പോള്‍, ശത്രുവിനെ കണ്ടുമുട്ടി യുദ്ധക്കളത്തിലേക്ക് ചാടിവീഴുന്നതിന് മുമ്പ് സൈന്യം വിശ്രമിക്കാനിറങ്ങി. ബനൂ ഉമയ്യ വംശക്കാരനായ ഒരു നേതാവ് സൈന്യത്തിലുണ്ടായിരുന്നു. താങ്കളോട് സംസാരിക്കാനും മതവിജ്ഞാനം അഭ്യസിക്കാനുമായി നേതാവ് വിളിക്കുന്നു എന്നറിയിക്കാനായി അയാള്‍ ഒരു ദൂതനെ അബൂ ഹാസിമിന്റെ അരികിലേക്കയച്ചു. അദ്ദേഹം നേതാവിനെഴുതി: നേതാവേ, എനിക്കറിയാവുന്ന ജ്ഞാനികള്‍ ഇഹലോകത്തിന്റെ ഉപാസകരിലേക്ക് ദീനും കൊണ്ട് പോകാറില്ല. അങ്ങിനെ ചെയ്യുന്നവരില്‍ ആദ്യത്തെയാള്‍ ഞാനായിരിക്കണമെന്ന് അങ്ങ് ആഗ്രഹിക്കുമെന്ന് ഞാന്‍ കരുതുന്നില്ല. താങ്കള്‍ക്കും കൂടെയുള്ളവര്‍ക്കും സലാം, നമ്മെ കൊണ്ട് താങ്കള്‍ക്ക് എന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍ ഇവിടേക്ക് വരൂ.

അദ്ദേഹത്തിന്റെ കത്ത് വായിച്ച നേതാവ് അദ്ദേഹത്തിന്റെ അടുക്കലേക്ക് നടന്നു. അഭിവാദ്യം അര്‍പ്പിച്ചു, പ്രാര്‍ത്ഥിച്ചു. നേതാവ് പറഞ്ഞു: അബൂ ഹാസിമേ, ഞങ്ങള്‍ക്കായി താങ്കള്‍ എഴുതി അറിയിച്ചത് പ്രകാരം തന്നെ. അത് ഞങ്ങള്‍ക്ക് താങ്കളെ സംബന്ധിച്ചുള്ള മതിപ്പും മഹത്വവും വര്‍ധിപ്പിച്ചിരിക്കുന്നു. താങ്കള്‍ക്ക് നല്ല പ്രതിഫലം ലഭിക്കുമാറാകട്ടെ, ഞങ്ങളോട് എന്തെങ്കിലും പറയൂ, ഞങ്ങളെ ഉപദേശിക്കൂ.

അബൂ ഹാസിം നേതാവിനെ ഉപദേശിക്കാനും ഓര്‍മപ്പെടുത്താനും തുടങ്ങി. അദ്ദേഹം ഇങ്ങിനെയൊക്കെ പറഞ്ഞു: പരലോകത്ത് നിന്റെ കൂടെയുണ്ടാകണമെന്ന് ആശിക്കുന്നതില്‍ പ്രിയം വെക്കൂ. ഇഹലോകത്തില്‍ അതിനായി കൊതിക്കൂ. അവിടെ നിന്റെ കൂടെയുണ്ടാകുന്നത് ഇഷ്ടമില്ലാത്തതിനെ ഇവിടെ പരിത്യജിക്കൂ. നേതാവേ, അറിയുക, പൊളിയായത് താങ്കള്‍ക്ക് താത്പര്യവും ആകര്‍ഷണീയവുമാണെങ്കില്‍ താങ്കളുടെ മുന്നിലേക്ക് വരുന്നതും വലയം ചെയ്യുന്നതും ദീന്‍ പൊളിക്കുന്നവരും കപടന്‍മാരുമായിരിക്കും. യാഥാര്‍ത്ഥ്യം, താങ്കള്‍ക്ക് താത്പര്യവും ആകര്‍ഷണീയവുമാണെങ്കില്‍ ഗുണവാന്‍മാര്‍ താങ്കളുടെ ചുറ്റിലുമുണ്ടാകും, അവര്‍ താങ്കളെ സഹായിക്കും. വേണ്ടത് തെരഞ്ഞെടുത്തോളൂ.

അബൂ ഹാസിം മരണാസന്നനായപ്പോള്‍ അനുയായികള്‍ ചോദിച്ചു: അബൂ ഹാസിം എങ്ങിനെയുണ്ട്?
അദ്ദേഹം പറഞ്ഞു: ദുന്‍യാവില്‍ നമുക്ക് ഭവിച്ച തിന്മയില്‍ നിന്നും നാം രക്ഷപ്പെട്ടിട്ടുണ്ടെങ്കില്‍ അത് നമുക്ക് വിനയാവുകയില്ല. പിന്നീട് അദ്ദേഹം വിശുദ്ധ വചനം പാരായണം ചെയ്തു ‘നിശ്ചയം, സത്യവിശ്വാസം കൈക്കൊള്ളുകയും സല്‍ക്കര്‍മങ്ങളാചരിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നവര്‍ക്കുവേണ്ടി, കാരുണികനായ തമ്പുരാന്‍ താമസിയാതെ ജനഹൃദയങ്ങളില്‍ സ്‌നേഹമുദിപ്പിക്കുന്നതാകുന്നു.’ (മര്‍യം: 96) മരിക്കുന്നത് വരെ അദ്ദേഹം അത് ആവര്‍ത്തിച്ചുകൊണ്ടേയിരുന്നു.

വിവ: സാജിദ് നദ്‌വി ഈരാറ്റുപേട്ട

സലമഃ ബിന്‍ ദീനാര്‍ -1

Related Articles