Current Date

Search
Close this search box.
Search
Close this search box.

അഞ്ചാം ഖലീഫയുടെ മകന്‍ അബ്ദുല്‍ മലിക്

ഉമര്‍ ബിന്‍ അബ്ദില്‍ അസീസിന് പന്ത്രണ്ട് മക്കള്‍. അതില്‍ മൂന്ന് പെണ്‍കുട്ടികള്‍. അവര്‍ എല്ലാവരും മതഭക്തിയില്‍ വളരെ മുന്നിലായിരുന്നു. സുകൃതങ്ങളില്‍ ഉയര്‍ന്ന വിതാനത്തിലായിരുന്നു. അതില്‍ അബ്ദുല്‍ മലിക് ആകട്ടെ, ഈ താര നിരയുടെ മധ്യത്തില്‍ തിളങ്ങുന്ന നക്ഷത്രം ആയിരുന്നു. അഗ്രഗണ്യനായ ഈ കലാഗുരുവിന്റെ പ്രായം ചെറുപ്പമെങ്കിലും മുതിര്‍ന്നവരുടെ ബുദ്ധിശക്തി ഉണ്ടായിരുന്നു. ഇളം പ്രായത്തില്‍ തന്നെ അല്ലാഹുവിന്റെ അനുസരണയില്‍ വളര്‍ന്നു വന്നു. ഖത്താബിന്റെ കുടുംബത്തിനോട് സമാനതയുള്ള പ്രകൃതം. വിശിഷ്യാ, തഖ്‌വയിലും പാപഭയത്തിലും അല്ലാഹുവിനോടുള്ള അടുപ്പത്തിലും അനുസരണത്തിലും അബ്ദുല്ലാഹ് ബിന്‍ ഉമറിനോട് ഏറെ സമാനത.

അദ്ദേഹത്തിന്റെ പിതൃവ്യ പുത്രന്‍ ആസ്വിം പറയുന്നു : ഞാന്‍ ദമാസ്‌കസിലേക്ക് പോയപ്പോള്‍ പിതൃവ്യ പുത്രന്‍ അബ്ദുല്‍ മലികിന്റെ അടുക്കല്‍ ഇറങ്ങി. ഇശാഅ് നമസ്‌കാരാനന്തരം എല്ലാവരും ഉറങ്ങാനായി തയ്യാറെടുത്തു. അബ്ദുല്‍ മലിക് വിളക്ക് കെടുത്തി. എല്ലാവരുടേയും കണ്‍പോളകള്‍ നിദ്രയിലേക്ക് വഴുതിവീണു. പാതിരാവില്‍ ഞാന്‍ ഉണര്‍ന്നപ്പോള്‍, അബ്ദുല്‍ മലിക് ഇരുട്ടില്‍ നിന്ന് നമസ്‌കരിക്കുകയാണ്.
‘എന്നാല്‍ നീ ആലോചിച്ചിട്ടുണ്ടോ? നാം അവര്‍ക്ക് കുറെ കൊല്ലങ്ങളോളം സുഖസൗകര്യം നല്‍കുകയും, അനന്തരം അവര്‍ക്ക് താക്കീത് നല്‍കപ്പെട്ടു കൊണ്ടിരിക്കുന്ന ശിക്ഷ അവര്‍ക്ക് വരികയും ചെയ്തുവെന്ന് വെക്കുക. അവര്‍ക്ക് നല്‍കപ്പെട്ടിരുന്ന ആ സുഖസൗകര്യങ്ങള്‍ അവര്‍ക്കൊരു പ്രയോജനവും ചെയ്യുമായിരുന്നില്ല’ (അശ്ശുഅറാഅ് : 205-207)  ഈ വചനങ്ങള്‍ അദ്ദേഹം ഖിന്നനായി, ആവര്‍ത്തിച്ച് പാരായണം ചെയ്ത്, ഏങ്ങിയേങ്ങി കരഞ്ഞുകൊണ്ടിരിക്കുന്നു. ഞാന്‍ പറഞ്ഞു: അദ്ദേഹം കരഞ്ഞു മരിച്ചു പോയേക്കും. കരച്ചില്‍ നിര്‍ത്താനായി, ഉറങ്ങി എഴുന്നേല്‍ക്കുന്നവന്‍ പറയും പോലെ ‘ലാ ഇലാഹ ഇല്ലല്ലാഹ് വല്‍ഹംദുലില്ലാ.’ എന്ന് ഞാന്‍ പറഞ്ഞു. അതോടെ അദ്ദേഹം നിശ്ശബ്ദനായി. പിന്നീട് അനക്കം ഒന്നും കേട്ടില്ല.

ആ ചെറുപ്പക്കാരന്‍ അക്കാലഘട്ടത്തിലെ പ്രമുഖരായ പണ്ഡിതരിലൂടെ അല്ലാഹുവിന്റെ ഗ്രന്ഥം ആവോളം അഭ്യസിച്ചു. റസൂല്‍(സ)യുടെ തിരുവചനങ്ങള്‍ കൊണ്ട് വയര്‍ നിറച്ചു. പണ്ഡിത ശ്രേഷ്ഠനായി. ചെറുപ്രായത്തില്‍ തന്നെ ശാം പ്രദേശത്തുള്ള ഒന്നാംകിട വിദ്വാന്മാരോട് കിടപിടിക്കുന്നവനായി.
ഒരിക്കല്‍ ഉമര്‍ ബിന്‍ അബ്ദില്‍ അസീസ് ശാമിലെ ഖുര്‍ആന്‍ പാരായണ വിദഗ്ദരേയും പണ്ഡിതവര്യരേയും വിളിച്ചുകൂട്ടി പറഞ്ഞു: എന്റെ കുടുംബക്കാരുടെ കൈയ്യിലുള്ള ന്യായവിരുദ്ധ സ്വത്തുകള്‍ എന്ത് ചെയ്യണമെന്നാണ് നിങ്ങളുടെ അഭിപ്രായം? അവര്‍ പറഞ്ഞു: അമീറുല്‍ മുഅ്മിനീന്‍, അത് താങ്കളുടെ ഉത്തരവാദിത്വമല്ലല്ലോ. കവര്‍ന്നെടുത്തവര്‍ക്കാണ് അതിന്റെ കുറ്റം.

അവരുടെ മറുപടി അദ്ദേഹത്തെ തൃപ്തനാക്കിയില്ല. കൂട്ടത്തില്‍ വ്യത്യസ്ത വീക്ഷണം പുലര്‍ത്തിയ ഒരാള്‍ പറഞ്ഞു: അമീറുല്‍ മുഅ്മിനീന്‍, അബ്ദുല്‍ മലികിനെ വിളിച്ചു വരുത്തിയാലും, അദ്ദേഹത്തിന്റെ അറിവും കഴിവും വകതിരിവും തുലോം കുറവല്ല.
അബ്ദുല്‍ മലിക് കടന്നുവന്നപ്പോള്‍ ഉമര്‍ ചോദിച്ചു: നമ്മുടെ എളാപ്പയുടെ മക്കള്‍ ജനങ്ങളില്‍ നിന്നും പിടിച്ചെടുത്ത ന്യായരഹിത സ്വത്തുക്കള്‍ എന്ത് ചെയ്യണം? അവകാശികള്‍ അത് ചോദിച്ചു കൊണ്ടിരിക്കുന്നു. അത് അവരുടേതാണെന്ന് നമുക്ക് അറിവുള്ളതാണല്ലോ.
അബ്ദുല്‍ അസീസ് പറഞ്ഞു: തിരിച്ചറിഞ്ഞതൊക്കെ അവകാശികള്‍ക്ക് തിരികെ കൊടുക്കണം. അല്ലെങ്കില്‍, അന്യായമായി പിടിച്ചെടുത്തവരുടെ കൂട്ടാളിയായിത്തീരും താങ്കള്‍.
അതോടെ ഉമറിന്റെ നെറ്റിത്തടം വികസിച്ചു, മനം കുളിര്‍ത്തു, വിഷാദം അകന്നു.

ഖലീഫ ഉമറിന്റെ വംശത്തില്‍ പിറന്ന ഈ യുവാവ് ശാമിലെ അതിര്‍ത്തി പ്രദേശങ്ങളിലെ നഗരങ്ങളില്‍ പാര്‍ക്കാനാണ് ഇഷ്ടപ്പെട്ടത്. അതിനായി മനോഹര ഉദ്യാനങ്ങളും വെയിലകറ്റുന്ന തണലിടങ്ങളും സപ്തവാപികളുമുള്ള ദമാസ്‌കസ് ഉപേക്ഷിച്ചു. പുത്രന്റെ തികവും തഖ്‌വയും തിരിച്ചറിഞ്ഞപ്പോളും, അവനില്‍ പിശാചിന്റെ ദുര്‍ബോധനങ്ങളെ ആ പിതാവ് ഏറെ ഭയന്നു, മൂപ്പെത്താത്തതില്‍ മനസ്സലിഞ്ഞു, അറിയേണ്ടതൊക്കെ അറിഞ്ഞുകൊള്ളുമെന്ന് മോഹിച്ചു. (തുടരും)

വിവ: സാജിദ് നദ്‌വി ഈരാറ്റുപേട്ട

ഉമര്‍ ബിന്‍ അബ്ദില്‍ അസീസ് – 1
ഉമര്‍ ബിന്‍ അബ്ദില്‍ അസീസ് – 3

Related Articles