Current Date

Search
Close this search box.
Search
Close this search box.

അഞ്ചാം ഖലീഫക്ക് വഴിയൊരുക്കിയ തീരുമാനം

ബനൂ ഉമയ്യക്കാര്‍ റോമന്‍ പ്രദേശങ്ങളിലെ പടയോട്ടങ്ങള്‍ നടത്തിയിരുന്നത് സിറിയയിലെ ഹല്‍ബിനടുത്തുള്ള ദാബിഖ് എന്ന ഗ്രാമത്തില്‍ താമസിച്ചു കൊണ്ടായിരുന്നു. സുലൈമാന്‍ ബിന്‍ അബ്ദില്‍ മലികിന്റെ ഖബര്‍ സ്ഥിതി ചെയ്യുന്നതും ഇവിടെയാണ്. റജാഅ് ബിന്‍ ഹയ്‌വ പറയുന്നു: തൊണ്ണൂറ്റി ഒമ്പതാം ആണ്ട് സ്വഫര്‍ മാസം ആദ്യ വെള്ളിയാഴ്ച ഞങ്ങള്‍ അമീറുല്‍ മുഅ്മിനീന്‍ സുലൈമാന്‍ ബിന്‍ അബ്ദില്‍ മലികിന്റെ കൂടെ ദാബിഖിലുണ്ടായിരുന്നു. അദ്ദേഹം തന്റെ സഹോദരന്‍ മസ്‌ലമ ബിന്‍ അബ്ദില്‍ മലികിന്റെ നായകത്വത്തില്‍ കോണ്‍സ്‌ററാന്റിനേപ്പിളിലേക്ക് ഒരു വമ്പന്‍ സൈന്യത്തെ നിയോഗിച്ചു. പുത്രന്‍ ദാവൂദ് അടക്കം കുടുംബക്കാരായ അനേകര്‍ അക്കൂട്ടത്തിലുണ്ടായിരുന്നു. അല്ലാഹു കോണ്‍സ്റ്റാന്റിനേപ്പിള്‍ വിജയം നല്‍കുന്നത് വരെയോ തന്റെ മരണം വരെയോ മര്‍ജ് ദാബിഖ് വിട്ടുപോകുകയില്ലെന്ന് അദ്ദേഹം സത്യം ചെയ്തു. ജുമുഅയുടെ സമയമായപ്പോള്‍ ഖലീഫ നല്ലനിലയില്‍ വുദൂഅ് നിര്‍വഹിച്ച് പച്ചക്കുപ്പായവും പച്ചത്തലപ്പാവുമണിഞ്ഞു. നിറയൗവ്വനത്തിലുള്ള സ്വശരീരത്തില്‍ മതിപ്പ് തോന്നിയാലെന്നവണ്ണം കണ്ണാടിയില്‍ നോക്കി. അന്ന് അദ്ദേഹത്തിന് നാല്‍പത് വയസ്സുണ്ടായിരുന്നു. ജുമുഅ നമസ്‌കരിച്ച് തിരിച്ചു വന്ന അദ്ദേഹത്തിന് പനിക്കുന്നുണ്ടായിരുന്നു. ദിനേന രോഗം വര്‍ധിച്ചുകൊണ്ടിരുന്നു. ഞാന്‍ അദ്ദേഹത്തിന്റെ അടുക്കല്‍ തന്നെയുണ്ടാകുമോയെന്ന് എന്നോട് ചോദിച്ചു. ഒരുവേള ഞാന്‍ അവിടെ കടന്നുചെല്ലുമ്പോള്‍ അദ്ദേഹം എഴുതിക്കൊണ്ടിരിക്കുകയാണ്. ഞാന്‍ ചോദിച്ചു: അമീറുല്‍ മുഅ്മിനീന്‍ എന്ത് ചെയ്യുകയാണ്? അദ്ദേഹം പറഞ്ഞു: എന്റെ പുത്രന്‍ അയ്യൂബിന് ഖിലാഫത്ത് വ്യവസ്ഥ ചെയ്യുന്ന പ്രമാണം എഴുതുകയാണ്. ഞാന്‍ പറഞ്ഞു: ജനതയുടെ മേല്‍ സദ്‌വൃത്തനായ പിന്‍ഗാമിയെ നിശ്ചയിച്ചു കൊടുക്കുകയെന്നത് ഖലീഫയ്ക്ക് ഖബറില്‍ സംരക്ഷണമാകുന്നതും രക്ഷിതാവിങ്കല്‍ മുക്തി ലഭിക്കുന്നതുമായ കാര്യമാണ്. താങ്കളുടെ പുത്രന്‍ അയ്യൂബ് പ്രായപൂര്‍ത്തിയെത്തിയിട്ടില്ല, വഴികെടുമോ സദ്‌വൃത്തനാകുമോ എന്ന് താങ്കള്‍ക്ക് തീര്‍ച്ചപ്പെടുത്താനുമാവില്ല.

ആലോചനയോടെ അദ്ദേഹം പറഞ്ഞു: അങ്ങിനെ എഴുതിയെന്നേയുള്ളു, നിശ്ചയിച്ച് ഉറപ്പിച്ചതല്ല. അവ്വിഷയത്തില്‍ നല്ലത് വരുത്തേണമെന്ന് അല്ലാഹുവിനോട് തേടാന്‍ ഞാന്‍ ഉദ്ദേശിക്കുന്നു. പിന്നീട് അദ്ദേഹം അത് കീറിക്കളഞ്ഞു. ഒന്നോ രണ്ടോ ദിവസം കഴിഞ്ഞപ്പോള്‍ എന്നെ വിളിച്ചന്വേഷിച്ചു: അബുല്‍ മിഖ്ദാദ്, എന്റെ പുത്രന്‍ ദാവൂദാണെങ്കിലോ?
ഞാന്‍: അവന്‍ മുസ്‌ലിം സൈനികരോടൊപ്പം കോണ്‍സ്റ്റാന്റിനേപ്പിളിലാണല്ലോ….. അവന്‍ ജീവിച്ചിരിക്കുന്നുവോ മരിച്ചോയെന്ന് താങ്കള്‍ക്ക് അറിവില്ലതാനും.
അദ്ദേഹം: അല്ലയോ റജാഅ്, വേറെ ആരെയാണ് താങ്കള്‍ക്ക് നിര്‍ദേശിക്കാനുള്ളത്?
ഞാന്‍: അമീറുല്‍ മുഅ്മിനീന്‍, താങ്കള്‍ തന്നെ നിര്‍ദ്ദേശിച്ചാലും.
അദ്ദേഹം നിര്‍ദേശിക്കുന്ന ഓരോരുത്തരേയും ഞാന്‍ മാറ്റിനിര്‍ത്തിക്കൊണ്ടിരുന്നു, അങ്ങനെ ഉമര്‍ ബിന്‍ അബ്ദില്‍ അസീസില്‍ എത്തി. അദ്ദേഹം ചോദിച്ചു: ഉമര്‍ ബിന്‍ അബ്ദില്‍ അസീസ് എങ്ങിനെയുണ്ട്?
ഞാന്‍: അല്ലാഹുവാണ, അറിഞ്ഞിടത്തോളം അദ്ദേഹം മഹാനും സമ്പൂര്‍ണനും ബൂദ്ധിമാനും ഭക്തനുമാണ്.
അദ്ദേഹം: ശരിയാണ്. അല്ലാഹുവാണ, അദ്ദേഹം അങ്ങിനെ തന്നെയാണ്. പക്ഷെ, അദ്ദേഹത്തെ ഉത്തരവാദിത്വം ഏല്‍പിക്കുകയും അബ്ദുല്‍ മലികിന്റെ മക്കളെ വിസ്മരിക്കുകയും ചെയ്താല്‍ പ്രശ്‌നമുണ്ടാകാനിടയുണ്ട്, ഒരിക്കലും അവര്‍ ഉമറിനെ ഭരിക്കാന്‍ അനുവദിക്കുമെന്നും തോന്നുന്നില്ല.
ഞാന്‍: ഉമറിന് ശേഷമായി അവരിലൊരാളെ നിശ്ചയിച്ചോളൂ.
അദ്ദേഹം: അപ്പറഞ്ഞത് ശരിയാണ്. അത് അവരെ സംതൃപ്തരാക്കും, അദ്ദേഹത്തെ അവര്‍ തൃപ്തിപ്പെടും. പിന്നീട് അദ്ദേഹം പുസ്തകം എടുത്ത് ഇങ്ങിനെ എഴുതി ‘ബിസ്മില്ലാഹി റഹ്മാനി റഹീം. ഇത് അല്ലാഹുവിന്റെ ദാസനായ അമീറുല്‍ മുഅ്മിനീന്‍ സുലൈമാന്‍ ബിന്‍ അബ്ദില്‍ മലിക് ഉമര്‍ ബിന്‍ അബ്ദില്‍ അസീസിന് വേണ്ടി എഴുതുന്നത്. എനിക്ക് ശേഷം ഖിലാഫത്ത് ഞാന്‍ അദ്ദേഹത്തിന് ഏല്‍പ്പിക്കുന്നു. അതിനു ശേഷം യസീദ് ബിന്‍ അബ്ദില്‍ മലികിനും. നിങ്ങള്‍ അദ്ദേഹത്തെ ശ്രവിക്കുകയും അനുസരിക്കുകയും ചെയ്യുക. അല്ലാഹുവിനെ സൂക്ഷിക്കുക. ഭിന്നിക്കരുത്, ഇല്ലെങ്കില്‍ നിങ്ങള്‍ തകര്‍ന്നുപോകണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് അത് പ്രതീക്ഷനല്‍കിയെന്ന് വരാം’. അദ്ദേഹം എഴുത്ത് സീല്‍ വെച്ച് എന്നെയേല്‍പ്പിച്ചു. ശേഷം പോലീസ് മേധാവി കഅ്ബ് ബിന്‍ ഹാമിസിന്റെ അടുക്കലേക്ക് ആളയച്ച് കൊണ്ട് പറഞ്ഞു:  എന്റെ കുടുംബക്കാരെ വിളിച്ചുകൂട്ടൂ. റജാഅ് ബിന്‍ ഹയ്‌വയുടെ കരങ്ങളിലുള്ള എഴുത്ത് എന്റേത് തന്നെയാണെന്ന് അവരെ അറിയിക്കൂ. അതിലുള്ളയാളെ ബൈഅത്ത് (അനുസരണ പ്രതിജ്ഞ) ചെയ്യണമെന്ന് അവരോട് കല്‍പിക്കൂ.

റജാഅ് പറയുന്നു: അവര്‍ ഒത്തുകൂടിയപ്പോള്‍ ഞാന്‍ പറഞ്ഞു ‘ഇത് അമീറുല്‍ മുഅ്മിനീന്റെ എഴുത്താണ്. ശേഷക്കാരനായ ഖലീഫയെ അതില്‍ നിശ്ചയിച്ചിട്ടുണ്ട്, അദ്ദേഹം ഏല്‍പ്പിച്ച വ്യക്തിയെ അംഗീകരിച്ചുവെന്ന് നിങ്ങളില്‍ നിന്നും ബൈഅത്ത് സ്വീകരിക്കാന്‍ എന്നെ ഏല്‍പ്പിച്ചിരിക്കുന്നു. അപ്പോള്‍ അവര്‍ പറഞ്ഞു: അമീറുല്‍ മുഅ്മിനീന്റെ ഉത്തരവ് പ്രകാരം ശേഷക്കാരനായ ഖലീഫയെ ഞങ്ങള്‍ അംഗീകരിക്കുന്നു. അമീറുല്‍ മുഅ്മിനീനെ മുഖംകാണിക്കാനുള്ള അനുമതി വാങ്ങിക്കൊടുക്കുമോയെന്ന് അവര്‍ എന്നോട് ചോദിച്ചു. ഞാന്‍ അത് സമ്മതിച്ചു.

അവര്‍ കടന്നുചെന്നപ്പോള്‍ അദ്ദേഹം പറഞ്ഞു: റജാഅ് ബിന്‍ ഹയ്‌വയുടെ കൈയ്യിലുള്ള എഴുത്ത് എന്റേത് തന്നെയാണ്. എനിക്ക് ശേഷമുള്ള ഖലീഫയെ അതില്‍ ഞാന്‍ നിശ്ചയിച്ചിട്ടുണ്ട്. ഞാന്‍ നിശ്ചയിച്ചയാളെ അനുസരിച്ചാലും. ആ എഴുത്തില്‍ പറഞ്ഞിരിക്കുന്നയാളെ ബൈഅത്ത് ചെയ്താലും. അങ്ങിനെ അവര്‍ ഒന്നൊന്നായി ബൈഅത്ത് ചെയ്തുതുടങ്ങി. ഞാന്‍ എഴുത്ത് ഭദ്രമായി സൂക്ഷിച്ചു. ഞാനും അമീറുല്‍ മുഅ്മിനീനുമല്ലാതെ സൃഷ്ടികളിലാര്‍ക്കും അതിലുള്ളത് എന്താണെന്ന് അറിയുകയില്ല. ജനങ്ങള്‍ പിരിഞ്ഞുപോയപ്പോള്‍ ഉമര്‍ ബിന്‍ അബ്ദില്‍ അസീസ് എന്റെയടുക്കല്‍ വന്നുചോദിച്ചു: അബുല്‍ മിഖ്ദാം, അമീറുല്‍ മുഅ്മിനീന്‍ എന്നെ സംബന്ധിച്ച് നല്ല ഭാവന പുലര്‍ത്തുന്നയാളാണ്, അദ്ദേഹത്തിന്റെ മഹാമനസ്‌കതയും താല്‍പര്യവും നിമിത്തം പലതും എന്നെ ഏല്‍പിക്കാറുണ്ടായിരുന്നു. ഇത് എന്നെയാണോ ഏല്‍പ്പിച്ചതെന്ന് എനിക്ക് പേടിയാകുന്നു. അല്ലാഹുവിനെ മുന്‍നിര്‍ത്തി കൊണ്ട് ചോദിക്കുകയാണ്, അമീറുല്‍ മുഅ്മിനീന്റെ എഴുത്തില്‍ എന്നെ സംബന്ധിക്കുന്നത് വല്ലതുമുണ്ടെങ്കില്‍, അവസരം നഷ്ടമാകുന്നതിന് മുമ്പ് അതില്‍ നിന്നും ഒഴിവാകേണ്ടതുണ്ട്, താങ്കള്‍ അറിയിച്ചുതരുമോ. ഞാന്‍ പറഞ്ഞു: ഇല്ല, അല്ലാഹുവാണ, താങ്കള്‍ അന്വേഷിച്ചതിന്റെ ഒരക്ഷരം പോലും ഞാന്‍ അറിയിച്ചു തരികയില്ല. അങ്ങിനെ അദ്ദേഹം കോപിഷ്ഠനായി തിരിച്ചു പോയി. അല്‍പം കഴിഞ്ഞതും ഹിശാം ബിന്‍ അബ്ദില്‍ മലിക് വന്നു ചോദിച്ചു: അബുല്‍ മിഖ്ദാം, താങ്കള്‍ക്ക് എന്നോട് നേരത്തേ തന്നെ മമതയും ബഹുമാനവുള്ളതാണ്. അതിന് എനിക്ക് താങ്കളോട് അളവറ്റ കൃതജ്ഞയുണ്ട്. അമീറുല്‍ മുഅ്മിനീന്റെ എഴുത്തില്‍ ഉള്ളത് എന്താണെന്ന് അറിയിച്ചു തരുമോ? അധികാരം എനിക്കാണെങ്കില്‍ ഞാന്‍ നിശ്ശബ്ദത പാലിച്ചുകൊള്ളാം, എനിക്കല്ലെങ്കില്‍… ഞാന്‍ സംസാരിക്കാം, എന്നെപ്പോലുള്ളവര്‍ അധികാരത്തില്‍ നിന്നും അകറ്റിനിര്‍ത്തപ്പെടാവതല്ല, അല്ലാഹുവിനെ കൊണ്ട് സത്യം ചെയ്യാം താങ്കളുടെ പേര് ഞാന്‍ ആരോടും പറയില്ല.

ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു:  അമീറുല്‍ മുഅ്മിനീന്‍ രഹസ്യമായി എന്നെ ഏല്‍പിച്ചതില്‍ ഒരക്ഷരം പോലും ഞാന്‍ അറിയിച്ചു തരികയില്ല. കൈകൊട്ടിക്കൊണ്ട് തിരിച്ചു പോകവേ അയാള്‍ പറഞ്ഞു: എന്നെ അകറ്റിനിര്‍ത്തിയിട്ട് വേറെയാരാകാനാണ്? അബ്ദുല്‍ മലികിന്റെ സന്താനങ്ങളില്‍ നിന്നും ഖിലാഫത്ത് പോകുമെന്നോ? അല്ലാഹുവാണ, അബ്ദുല്‍ മലികിന്റെ സന്താനങ്ങളില്‍ കണ്ണായവന്‍ ഞാനാണ്.

പിന്നീട് സുലൈമാന്‍ ബിന്‍ അബ്ദുല്‍ മലികിന്റെ അടുക്കല്‍ ഞാന്‍ കടന്നുചെല്ലുമ്പോള്‍ അദ്ദേഹം ആസന്നമരണനായിരിക്കുന്നു. മരണവെപ്രാളം എത്തിയാല്‍ ഖിബ്‌ലയുടെ നേരെ അദ്ദേഹത്തെ തിരിച്ചുകിടത്താമെന്ന് കരുതി നില്‍ക്കവെ, ചക്രശ്വാസം വലിച്ചു കൊണ്ട് എന്നോട് പറഞ്ഞു: അതിന് കാലമായിട്ടില്ല, റജാഏ, പിന്നീടാകട്ടെ.
രണ്ട് വട്ടം കൂടി ഞാന്‍ അപ്രകാരം ശ്രമിച്ചു നോക്കി. മൂന്നാം വട്ടം അദ്ദേഹം പറഞ്ഞു: അല്ലയോ റജാഅ്, ഇപ്പോള്‍…. എന്തെങ്കിലും ചെയ്യേണ്ടതുണ്ടെങ്കില്‍ ചെയ്‌തോളൂ. അശ്ഹദു അല്ലാ ഇലാഹ ഇല്ലല്ലാ വഅന്ന മുഹമ്മദന്‍ റസൂലുല്ലാ.

ഞാന്‍ ഖിബ്‌ലയുടെ നേരെ അദ്ദേഹത്തെ തിരിച്ചുകിടത്തിയതും ആത്മാവ് പിരിഞ്ഞു കഴിഞ്ഞിരുന്നു. ഞാന്‍ അദ്ദേഹത്തിന്റെ കണ്ണുകള്‍ തിരുമിയടച്ചു, പച്ചപ്പുതപ്പ് കൊണ്ട് പുതപ്പിച്ച് വാതില്‍ തഴുതിട്ട് പുറത്തേക്കിറങ്ങി. അല്‍പം കഴിഞ്ഞപ്പോള്‍ അദ്ദേഹത്തിന്റെ പത്‌നി വിശേഷങ്ങള്‍ തിരക്കി ആളയച്ചു, അദ്ദേഹത്തെ കാണണമെന്ന് ആവശ്യപ്പെട്ടു. വാതില്‍ തുറന്നുകാണിച്ചു കൊണ്ട് ഞാന്‍ ദൂതനോട് പറഞ്ഞു: നോക്കൂ, ഏറെനേരം ഉറക്കമൊഴിച്ചതിനു ശേഷം ഇപ്പോള്‍ ഉറങ്ങിയിട്ടേയുള്ളൂ, അദ്ദേഹം ഉറങ്ങിക്കൊള്ളട്ടെ. ദൂതന്‍ തിരിച്ചുപോയി വിശേഷം പറഞ്ഞു. ഉറങ്ങുകയാണെന്ന കാര്യം ഭാര്യ അംഗീകരിച്ചു.

വാതില്‍ അടച്ചിടാന്‍ ഞാന്‍ കല്‍പന കൊടുത്തു. എനിക്ക് വിശ്വാസമുള്ള ഒരു കാവല്‍ക്കാരനെ അവിടെ ഇരുത്തിയിട്ട് പറഞ്ഞു: ഞാന്‍ മടങ്ങിയെത്തുവോളം ഇവിടെ നിന്നും മാറരുത്, ആരായിരുന്നാലും ശരി ഒരാളെപ്പോലും ഒരിക്കലും ഖലീഫയുടെ അടുക്കല്‍ കടത്തിവിടരുത്.
അതിനുശേഷം ഞാന്‍ അവിടെ നിന്നും പോയി. എന്നെ കണ്ടുമുട്ടുന്നവര്‍ ചോദിച്ചു: അമീറുല്‍ മുഅ്മീനീന് എങ്ങിനെയുണ്ട്? ഞാന്‍ പറഞ്ഞു: രോഗബാധിതനായതിന് ശേഷം ഇപ്പോഴാണ് അല്‍പം ആശ്വാസമായത്. അവര്‍ പറഞ്ഞു: അല്‍ഹംദുലില്ലാ.
ദാബിഖിലെ മസ്ജിദില്‍ അമീറുല്‍ മുഅ്മിനീന്റെ മുഴുവന്‍ കുടുംബക്കാരെയും ഒരുമിച്ചു കൂട്ടാനായി പോലീസ് മേധാവി കഅ്ബ് ബിന്‍ ഹാമിസിന്റെ അടുക്കല്‍ ഞാന്‍ ദൂതനെ നിയോഗിച്ചു. ഞാന്‍ പറഞ്ഞു: അമീറുല്‍ മുഅ്മിനീന്റെ എഴുത്തില്‍ ഉള്ളയാള്‍ക്ക് അനുസരണ പ്രതിജ്ഞ ചെയ്യൂ. അവര്‍ പറഞ്ഞു: ഒരു വട്ടം ഞങ്ങള്‍ അനുസരണ പ്രതിജ്ഞ ചെയ്തു, ഇനിയും ബൈഅത്ത് ചെയ്യേണമോ. ഞാന്‍ പറഞ്ഞു: ഇത് അമീറുല്‍ മുഅ്മിനീന്റെ കല്‍പനയാണ്, കല്‍പിച്ചത് ചെയ്യൂ, സീല്‍ വെക്കപ്പെട്ട ഈ രേഖയില്‍ പേരുള്ളയാള്‍ക്ക്.

അങ്ങനെ അവര്‍ ഓരോരുത്തരായി ബൈഅത്ത് ചെയ്തു. കല്‍പന നടപ്പില്‍ വരുത്തിക്കഴിഞ്ഞു എന്ന് കണ്ടപ്പോള്‍ ഞാന്‍ പറഞ്ഞു: ഇന്നാ ലില്ലാഹി വഇന്നാ ഇലൈഹി റാജിഊന്‍, നിങ്ങളുടെ കൂട്ടുകാരന്‍ ദിവംഗതനായി. ഞാന്‍ എഴുത്ത് വായിച്ചുതുടങ്ങി, ഉമര്‍ ബിന്‍ അബ്ദില്‍ അസീസിനെ പരാമര്‍ശിക്കുന്നിടത്ത് എത്തിയപ്പോള്‍ ഹിശാം ബിന്‍ അബ്ദില്‍ മലിക് വിളിച്ചുപറഞ്ഞു: ഒരിക്കലും ഞങ്ങള്‍ അയാള്‍ക്ക് ബൈഅത്ത് ചെയ്യുകയില്ല. ഉടന്‍ ഞാന്‍ പറഞ്ഞു: അങ്ങിനെയെങ്കില്‍ അല്ലാഹുവാണ, നിന്റെ കഴുത്ത് ഞാന്‍വെട്ടും, മര്യാദക്ക് എഴുന്നേറ്റ് ബൈഅത്ത് ചെയ്യൂ. ഗത്യന്തരമില്ലാതെ അയാള്‍ എഴുന്നേറ്റു. ഉമറിന്റെ അരികില്‍ എത്തിയപ്പേള്‍, അബ്ദുല്‍ മലികിന്റെ സന്താനങ്ങളായ തനിക്കും തന്റെ സഹോദരങ്ങള്‍ക്കുമല്ലാതെ ഉമറിന് ഖിലാഫത്ത് കിട്ടിയതില്‍ പരിഭവിച്ച് കൊണ്ട് അയാള്‍ പറഞ്ഞു: ഇന്നാ ലില്ലാഹി വഇന്നാ ഇലൈഹി റാജിഊന്‍.

ഇഷ്ടമില്ലാതിരുന്നിട്ടും ഖിലാഫത്ത് സ്വീകരിക്കേണ്ടി വന്നതില്‍ കുണ്ഡിതപ്പെട്ട് ഉമറും ഇന്നാ ലില്ലാഹി വഇന്നാ ഇലൈഹി റാജിഊന്‍ എന്ന് പറഞ്ഞു.
അല്ലാഹു, ഇസ്‌ലാമിന്റെ യുവത്വം തിരിച്ചു കൊടുത്ത, ദീനിന്റെ പ്രകാശ ഗോപുരം ഉയര്‍ത്തിയ ഒരു ബൈഅത്തായിരുന്നു അത്. മുസ്‌ലിംകളുടെ ഖലീഫയായ സുലൈമാന്‍ ബിന്‍ അബ്ദില്‍ മലികിന് മംഗളം…. സദ്‌വൃത്തനായ ഒരുവന് അധികാരം നല്‍കിക്കൊണ്ട് അല്ലാഹുവിന്റെ മുമ്പാകെ തന്റെ കടമ അദ്ദേഹം നിര്‍വഹിച്ചു….. സത്യസന്ധനായ മന്ത്രി റജാഅ് ബിന്‍ ഹയ്‌വയ്ക്ക് അഭിവാദ്യങ്ങള്‍……..  അല്ലാഹുവിനോടും പ്രവാചകനോടും മുസ്‌ലിം നേതൃത്വത്തോടുമുള്ള കടപ്പാടുകള്‍ അദ്ദേഹം നിര്‍വ്വഹിച്ചു….. സച്ചരിതരായ പരിവാരങ്ങള്‍ക്ക് അല്ലാഹു ഉത്കൃഷ്ടമായ പ്രതിഫലം നല്‍കട്ടെ….. ഇത് പോലുള്ള പരിവാരങ്ങളുടെ വീക്ഷണ വെളിച്ചത്തിലൂടെയാണ് അധികാരികളിലെ ഉത്തമരും ഉദാത്തരും ഭാഗ്യശാലികളും വഴി കണ്ടെത്തുന്നത്.

വിവ: സാജിദ് നദ്‌വി ഈരാറ്റുപേട്ട

റജാഅ് ബിന്‍ ഹയ്‌വ -1
റജാഅ് ബിന്‍ ഹയ്‌വ -2

Related Articles