Current Date

Search
Close this search box.
Search
Close this search box.

പ്രത്യാശയാണ് വിജയത്തിന്റെ തത്വം

ഡോ. യൂസുഫുൽ ഖറദാവി കേരളീയർക്ക് സുപരിചിതനാണ്. ഇസ്‌ലാമിക പ്രസ്ഥാനമായ ജമാഅത്തെ ഇസ്‌ലാമിയെയും അതിന്റെ വിജ്ഞാന ഭവനമായ ശാന്തപുരം അൽജാമിഅയെയും അദ്ദേഹം ഹൃദയത്തിലേറ്റി. കഴിഞ്ഞയാഴ്ച സ്വർഗത്തിന്റെ ശീതളിമയിലേക്ക് ഖർദാവി പറന്നകന്നു. തനിമയുള്ള വിശ്വാസം; ആഴമുള്ള വിജ്ഞാനം; സൗന്ദര്യമുള്ള പ്രത്യാശ; മൂർച്ചയുള്ള ധിഷണ; ഭാവനയുള്ള എഴുത്ത്; ആർജവമുള്ള സംസാരം; ധീരതയുള്ള വിപ്ലവബോധം തുടങ്ങി ഒത്തിരി സ്വഭാവങ്ങൾ ഉൾചേർന്ന വ്യക്തിത്വമാണ് ഡോ. യൂസുഫുൽ ഖറദാവി. അദ്ദേഹത്തിനുവേണ്ടി നമുക്ക് പ്രാർത്ഥിക്കാം.

യൂസുഫുൽ ഖറദാവിയെ കേരളത്തിന് അടുപ്പക്കാരനാക്കിയതിൽ പങ്കുവഹിച്ച പ്രസിദ്ധീകരണമാണ് ‘പ്രബോധനം’ വാരിക. അദ്ദേഹത്തിന്റെ പഠനങ്ങൾ, ഗവേഷണങ്ങൾ, ചിന്തകൾ, ഫത്‌വകൾ, കർമശാസ്ത്ര നിലപാടുകൾ തുടങ്ങി പലതും ‘പ്രബോധനം’ പ്രസിദ്ധീകരിച്ചിട്ടുണ്ട്. യാദൃഛികമാവാം, ഖറദാവി മരണപ്പെട്ട ആഴ്ചയിൽ പുറത്തിറങ്ങിയ ‘പ്രബോധന'(വാള്യം: 79, ലക്കം: 48) ത്തിലും അദ്ദേഹത്തിന്റെ ലേഖനമുണ്ട്. ‘ഇസ്‌ലാമിന്റെ ലോകം വരും’ എന്നാണ് അതിന്റെ ശീർഷകം.

പ്രതിസന്ധികൾ നിറഞ്ഞ അവസ്ഥയിലാണ് മുസ്‌ലിങ്ങൾ ജീവിച്ചുകൊണ്ടിരിക്കുന്നത്. മോഹഭംഗത്തിന് അടിപ്പെടുന്ന വാർത്തകളാണ് എവിടെനിന്നും വരുന്നത്. ഇസ്‌ലാമിന്റെ ഉന്മൂലനത്തിന് മനശാസ്ത്രപരമായ സമീപനമാണ് ശത്രുക്കൾ സ്വീകരിച്ചിരിക്കുന്നത്. ഇങ്ങനെയുള്ള പ്രതികൂലമായ സമയത്തും നിരാശക്ക് വിധേയരാവരുതെന്നും പ്രത്യാശയാണ് ഉള്ളിലൊഴുകേണ്ടതെന്നുമാണ് ഖറദാവി ലേഖനത്തിൽ മുന്നോട്ടുവെക്കുന്ന പ്രധാന സന്ദേശം. ഇമാം ഹസനുൽ ബന്ന അതിന് മാതൃകയാണ്. ക്ലേശത്തിന്റെ സന്ദിഗ്‌ധതയിലും ആശയുടെ തിരിനാളങ്ങൾ കെട്ടുപോവാതെ ഇമാം ചിത്തത്തിൽ സൂക്ഷിച്ചിട്ടുണ്ടായിരുന്നുവെന്ന് ഖറദാവി പറയുന്നു.

മീ റ്റൂ കാമ്പയിന്റെ രാഷ്ട്രീയം
ആഗോളതലത്തിൽ ഉയർന്നുവന്ന സ്ത്രീപക്ഷ മുന്നേറ്റമായിരുന്നു മീ റ്റൂ കാമ്പയിൻ. 2017ൽ ഒരു ട്വീറ്റിലൂടെയാണ് അമേരിക്കയിൽ മീ റ്റൂ പ്രസ്ഥാനം പ്രചാരം നേടുന്നത്. സമകാല ലൈംഗിക രാഷ്ട്രീയത്തെ മാറ്റിപ്പണിയുന്നതിൽ മീ റ്റൂ അതിന്റെ പങ്ക് നിർവഹിച്ചിട്ടുണ്ട്. മീ റ്റൂവുമായി ബന്ധപ്പെട്ട ചരിത്രവും പ്രായോഗിക പ്രശ്നങ്ങളും പരിശോധിക്കുന്ന കുറിപ്പാണ് ‘മാധ്യമം’ ലക്കം 1283ൽ ‘വന്ന മീ റ്റൂ: ആർക്ക്? ആരുടെ? എന്തിന്?’ എന്ന തലക്കെട്ടിലുള്ള ഉമ്മുൽ ഫായിസയുടെ ലേഖനം.

വിവിധ കോണുകളിൽ മീ റ്റൂവിനെ വിലയിരുത്തുന്ന പഠനങ്ങളുണ്ട്. അവയിൽ രണ്ട് വീക്ഷണങ്ങൾ പ്രധാനമാണ്. ഒന്ന്, സ്ത്രീ ഇടപെടലുകൾക്ക് സാംസ്കാരിക കർമരംഗത്ത് ശക്തമായ ഇടം മീ റ്റൂ സാധ്യമാക്കിയിട്ടുണ്ട്. പുരുഷന്മാരെ ലൈംഗികാരോപണത്തിന്റെ ഉന്നമായി സ്ഥാപിക്കുന്നതിൽ മീ റ്റൂ വിജയിച്ചിട്ടുണ്ട്. സ്ത്രീയെ ലൈംഗികാരോപണത്തിന്റെ ഉന്നമായി പ്രതിഷ്ഠിക്കുന്ന പ്രവണതയിൽ നിന്നുള്ള കാതലായ മാറ്റമാണിത്. രണ്ട്, സ്ത്രീപക്ഷ രാഷ്ട്രീയത്തിൽ മീ റ്റൂവിനെ എവിടെ സ്ഥാനപ്പെടുത്തുമെന്ന ചോദ്യം ഉയരുന്നുണ്ട്. മീ റ്റൂവിന് സ്ത്രീപക്ഷ ചരിത്രത്തിൽ മുൻ മാതൃകകളില്ല. തികച്ചും സ്വതന്ത്രമായ മറ്റൊരു തരംഗമായാണ് അതിന്റെ രംഗപ്രവേശം. ഉമ്മുൽ ഫായിസ മീ റ്റൂവെന്ന പ്രതിഭാസത്തോട് നിഷ്പക്ഷ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. മീ റ്റൂ വിജയിച്ചു, അല്ലെങ്കിൽ, പരാജയപ്പെട്ടു എന്ന തീർപ്പുകൾക്ക് പകരം മറ്റൊരു തലത്തിലേക്ക് വിഷയത്തെ വികസിപ്പിക്കുകയാണ് വേണ്ടത്. അതായത്, മീ റ്റൂവിനെ സ്വീകരിക്കുക, അല്ലെങ്കിൽ, നിരാകരിക്കുക എന്ന തെരഞ്ഞെടുപ്പുകൾക്ക് പകരം മറ്റൊന്നിനെ അനിവാര്യമാക്കുന്ന വിമർശനാവബോധമാണ് വിഷയത്തിൽ ഉരുത്തിരിയേണ്ടത്.

ആഗോളതലത്തിൽ ഉയർന്നുവന്ന സ്ത്രീപക്ഷ മുന്നേറ്റമായിരുന്നു മീ റ്റൂ കാമ്പയിൻ. 2017ൽ ഒരു ട്വീറ്റിലൂടെയാണ് അമേരിക്കയിൽ മീ റ്റൂ പ്രസ്ഥാനം പ്രചാരം നേടുന്നത്. സമകാല ലൈംഗിക രാഷ്ട്രീയത്തെ മാറ്റിപ്പണിയുന്നതിൽ മീ റ്റൂ അതിന്റെ പങ്ക് നിർവഹിച്ചിട്ടുണ്ട്.

മഹാമാരിയുടെ രാത്രികൾ
‘അധികാരം എന്ന കൊടുംവ്യാധി’ എന്ന നാമത്തിൽ വി മുസഫർ അഹമ്മദ്, ഓർഹാൻ പാമുക്കിന്റെ ‘മഹാമാരിയുടെ രാത്രികൾ’ എന്ന പുതിയ നോവലിന്റെ ആസ്വാദനം നടത്തുന്നുണ്ട് ‘മാതൃഭൂമി’ ആഴ്ചപ്പതിപ്പ് ലക്കം 29ൽ. 1901 ഏപ്രിൽ 22ന് തുടങ്ങുന്ന മഹാമാരിയുടെ ആഖ്യാനമാണ് നോവൽ. നാം അഭിമുഖീകരിച്ച കോവിഡിനെക്കുറിച്ചാണ് നോവലെന്ന് തോന്നിപ്പോവും. മഹാമാരികളുടെ സദൃശത, മനഷ്യരുടെ നിസ്സഹായത, ഭരണകൂടത്തിന്റെ ഭീകരത എന്നിവ നോവലിലെ മുഖ്യ വിഷയങ്ങളാണ്.

ഒട്ടോമൻ സാമ്രാജ്യത്തിലെ മിങ്കേറിയയെന്ന ദ്വീപ്‌രാജ്യമാണ് മഹാമാരി പടരുന്നതിന്റെ രംഗപശ്ചാത്തലം. സുൽത്താൻ അബ്ദുൽ ഹമീദ് രണ്ടാമൻ ചൈനയിലേക്ക് ഒരു പ്രതിനിധി സംഘത്തെ അയക്കുന്നതാണ് നോവലിന്റെ തുടക്കം. മഹാമാരി പടർന്നതോടെ നോക്കുന്നിടത്തെല്ലാം എലികൾ ചാവുന്നതാണ് കാണുന്നത്. മഹാമാരിയെ പ്രതിരോധിക്കാൻ രാഷ്ട്രം കണ്ട പോംവഴി തടങ്കൽവാസമായിരുന്നു. എന്നാൽ, ജനങ്ങൾ മഹാമാരിയേക്കാൾ ഭയപ്പെട്ടത് തടങ്കൽവാസവും. അങ്ങനെ, നാളുകൾ മാറിമറിയുമ്പോൾ, കാര്യങ്ങൾ ഒന്നാകെ കുഴമറിയുന്നു. മഹാമാരി ബാധിച്ച് ജനങ്ങൾ മരിക്കുന്നു; അട്ടിമറികളിലൂടെ അധികാരത്തിൽനിന്ന് ചിലർ ഭ്രഷ്ടരാക്കപ്പെടുന്നു; രാജ്യദ്രോഹകുറ്റം ചുമത്തപ്പെട്ട് മറ്റു ചിലർ കഴുമരത്തിലേറ്റപ്പെടുന്നു. അധികാര നേറികേടുകളുടെ ഒത്തിരി ഇരുട്ടറകളിലേക്ക് നോവൽ വെളിച്ചം വീശുന്നുണ്ട്.

 

????വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍????: https://chat.whatsapp.com/ElWKbMwC52LBPoEJ9Tbrkp

Related Articles