Current Date

Search
Close this search box.
Search
Close this search box.

പ്രവാചകന്റെ വിവാഹങ്ങൾ

ഏറെ വിമർശനങ്ങൾക്ക് വിധേയമായ വിഷയമാണ് പ്രവാചകൻ മുഹമ്മദിന്റെ വിവാഹങ്ങൾ. ഓറിയൻറലിസ്റ്റുകളും തീവ്ര മതേതര വാദികളുമാണ് വിഷയത്തെ കത്തിച്ചുനിർത്തുന്നതിൽ മുഖ്യപങ്കുവഹിച്ചത്. നവനാസ്തികരുടെ ഇസ്‌ലാം വിമർശനങ്ങളിലെ മുഖ്യയിനമാണ് പ്രവാചക വിവാഹങ്ങൾ.

ഒറ്റനോട്ടത്തിൽ വീക്ഷിക്കുമ്പോൾ, പ്രവാചകന്റെ വിവാഹങ്ങളിൽ ആശയക്കുഴപ്പം അനുഭവപ്പെടും. അനുയായികൾക്ക് വിവാഹം നാലിൽ പരിമിതമായിരിക്കെ, പ്രവാചകൻ നാലിലധികം വിവാഹം കഴിച്ചതിന്റെ പൊരുൾ എന്തായിരിക്കും? അതിന്റെ ഒരു ന്യായം ഇപ്രകാരമാണ്: ക്രമപ്രവൃദ്ധമായാണ് ഇസ്‌ലാം അറേബ്യയിൽ പരിവർത്തനങ്ങൾ സൃഷ്ടിച്ചത്. സ്ത്രീ വിഷയത്തിലും അതേ സമീപനമാണ് സ്വീകരിച്ചത്. വേണ്ടുവോളം സ്ത്രീകളെ വേൾക്കുന്ന സമ്പ്രദായമാണ് അറേബ്യയിൽ നിലനിന്നിരുന്നത്. അതിനെ നാലിലേക്ക് പരിമിതപ്പെടുത്തി ഇസ്‌ലാം. ഒറ്റ വിവാഹമാണ് അഭികാമ്യം; നിർബന്ധിത സാഹചര്യത്തിൽ ഒന്നിലധികമാവാം; എന്നാൽ, നാലിലധികമാവരുത്. നിയമം പ്രാബല്യത്തിൽ വന്നതോടെ നാലിലധികം ഇണകളുള്ള പ്രവാചക അനുചരർ നാലുപേരെ നിലനിർത്തുകയും ബാക്കിയുള്ളവരെ വിവാഹമോചനം ചെയ്യുകയും ചെയ്തു. അപ്പോൾ, ആ നിയമം പ്രവാചകന് എന്തുകൊണ്ട് ബാധകമാക്കിയില്ല. മറുപടിയിതാണ്: പ്രവാചകന്റെ പത്നിമാർ മറ്റുള്ളവരെ പോലെയല്ല. പ്രവാചകന്റെ ഇണകളാവാൻ സൗഭാഗ്യം ലഭിച്ചുവെന്നതാണ് അവരുടെ ഒരു സവിശേഷത. നേരത്തേതന്നെ, ‘വിശ്വാസികളുടെ മാതാക്ക'(ഉമ്മഹാത്തുൽ മുഅമിനീൻ) ളെന്ന പദവി ദൈവം അവർക്ക് നൽകിയെന്നതാണ് മറ്റൊരു സവിശേഷത. ഈ സവിശേഷതകൾ എല്ലാ കാലത്തേക്കും പ്രവാചക പത്നിമാർക്കുവേണ്ടി അങ്ങനെതന്നെ നിലനിർത്തി ഇസ്‌ലാം.

പ്രവാചകന്റെ വിവാഹങ്ങളുടെ മറ്റ് പൊരുളുകൾ അന്വേഷിക്കുന്നതാണ് മുഹമ്മദ് അലിയ്യുസ്സ്വാബൂനിയുടെ ‘നബിയുടെ വിവാഹം വിമർശകരെ തിരുത്തുന്നു’ എന്ന ശീർഷകത്തിൽ ‘സുന്നി അഫ്കാർ’ പുസ്തകം 12, ലക്കം 50ൽ വന്ന പഠനം. പ്രവാചക വിവാഹങ്ങൾക്ക് സാമൂഹ്യമായ ലക്ഷ്യങ്ങൾ ഉണ്ടായിരുന്നുപോലും. ഒത്തിരി ഉദാഹരണങ്ങൾ സ്വാബൂനി നിരത്തുന്നുണ്ട്. ഒന്ന് മാത്രം പറയാം: പ്രവാചകന്റെ മുഴുവൻ വിജ്ഞാനങ്ങളും മനുഷ്യകുലത്തിന് പകർന്നുനൽകേണ്ടതുണ്ട്. അതിന് പ്രവാചകന്റെ ഓരോ ചലനവും ഒപ്പിയെടുക്കുന്ന വ്യക്തികൾ പ്രവാചകനൊപ്പമുണ്ടാവണം. പ്രവാചക പത്നിമാർ ഏറിയോ കുറഞ്ഞോ അളവിൽ പ്രവാചക വിജ്ഞാനങ്ങൾ കൈമാറാൻ നിയോഗിതരായവരായിരുന്നു. പ്രവാചക അനുയായികളിലെതന്നെ പണ്ഡിതയായിരുന്നു ആയിശ.

സംവാദത്തിന്റെ ആകാശം
2022 ‘മാധ്യമം’ വാർഷികപ്പതിപ്പിൽ വന്ന ‘സംവാദം ഇനി സാധ്യമോ?’ എന്ന തലക്കെട്ടിലുള്ള ചർച്ച ശ്രദ്ധേയമാണ്. കെ.ഇ.എൻ, പി രാമകൃഷ്ണൻ, വി.എ കബീർ, ഒ.കെ സന്തോഷ്, ഒ അബ്ദുറഹ്‌മാൻ എന്നിവരാണ് ചർച്ചയിൽ പങ്കെടുത്ത് ചിന്തകൾ പങ്കുവെക്കുന്നത്. സംവാദത്തിന്റെ വിവിധ ദളങ്ങളും ആലോചനകളും ചരിത്രങ്ങളും ഇവിടെ വിടരുന്നുണ്ട്.

‘വാദിക്കാനും ജയിക്കാനുമല്ല സംവാദ’മെന്ന ശ്രീനാരായണ ഗുരുവിന്റെ ധീരവിനയ പ്രഖ്യാപനം സംവാദത്തിന്റെ ഒത്തിരി വാർപ്പുമാതൃകകളെയാണ് ഉടച്ചുകളഞ്ഞതെന്ന് കെ.ഇ.എൻ നിരീക്ഷിക്കുന്നു. സംവാദങ്ങൾക്കുമേൽ മതിഭ്രമങ്ങൾ കയറിനിൽക്കുകയും മിത്തുകൾക്ക് മുന്നിൽ ചരിത്രം മുട്ടുകുത്തുകയും ചെയ്യുന്ന വർത്തമാനകാല ഇന്ത്യ അത്ര നല്ലതെന്നും അദ്ദേഹം വ്യക്തമാക്കുന്നു. സംവാദം സമൂഹത്തിന്റെ നിലനിൽപിന് അത്യാവശ്യമാണെന്നും സമകാല ഇന്ത്യയിൽ അത് അപ്രതൃക്ഷമാവുകയാണെന്നും പി ശ്രീരാമകൃഷ്ണൻ എഴുതുന്നു. സംവാദങ്ങളിലൂടെ മാത്രമാണ് പ്രശ്നങ്ങൾക്ക് വിരാമമാവുന്നതെന്ന സന്ദേശമാണ് വി.എ കബീറിന്റെ ചിന്തകളുടെ ഉള്ളടക്കം. ചമ്പൽ കാടുകളിലെ കൊള്ളക്കാരും ഗാന്ധിശിഷ്യരായ സർവോദയ പ്രവർത്തകരും മറ്റ് നേതാക്കളും തമ്മിൽ നടന്ന സംവാദങ്ങൾ, പ്രശ്നപരിഹാരത്തിന് സംവാദമാണ് ഉത്തമ മാർഗമെന്ന ആശയത്തിന് അടിവരയിടുന്നു. വേറെയും ചില ഉദാഹരണങ്ങൾ വി.എ കബീർ കൊണ്ടുവരുന്നുണ്ട്. സാങ്കേതികതയെ പ്രയോജനപ്പെടുത്തി ഭരണകൂടം പുതിയ നിയന്ത്രണങ്ങളും മനുഷ്യാവകാശ നിഷേധങ്ങളും നടപ്പാക്കുന്ന ഇക്കാലത്ത് നിർഭയ സംവാദങ്ങളുടെ സാധ്യത അവശേഷിക്കുന്നില്ലെന്ന് ഒ.കെ സന്തോഷ് പറയുന്നു. കഴിഞ്ഞ ആറു പതിറ്റാണ്ടിനിടെ പങ്കെടുത്ത ഒത്തിരി സംവാദങ്ങളിൽ ചിലത് ഓർത്തെടുക്കുയാണ് ഒ അബ്ദുറഹ്‌മാൻ. വളരെ രസകരമാണത്. യുക്തിവാദികളുമായുള്ള സംവാദം, മോഡേൺ ഏജ് സൊസൈറ്റിയുമായുള്ള സംവാദം, ശരീഅത്ത് സംവാദം, തീവ്ര മതേതരക്കാരുമായുള്ള സംവാദം എന്നിങ്ങനെ വിവിധ സംവാദങ്ങളിൽ അദ്ദേഹം പങ്കുകൊള്ളുകയുണ്ടായി.

പ്രകാശത്തിനുമേൽ പ്രകാശം
ഇസ്‌ലാം വിഷയമായി വരുന്ന സാഹിത്യ സൃഷ്ടികൾ ആനുകാലികങ്ങളിലെ നിത്യകാഴ്ചകളാണ്. പ്രഗത്ഭ സാഹിത്യപ്രതിഭകളുടെയും പുതു തലമുറയിലെ എഴുത്തുകാരുടെയും തൂലികകളിലൂടെ ഇസ്‌ലാം വാർന്നൊഴുകാറുണ്ട്.

എ.കെ അബ്ദുൽ മജീദിന്റെ ‘മക്ക’, ‘മദീന’ എന്നീ നാമങ്ങളിലുള്ള രണ്ട് കവിതകൾ മനോഹരങ്ങളാണ്. ആദ്യ കവിത ‘രിസാല’ വാരികയിൽ നേരത്തേതന്നെ വന്നു. രണ്ടാമത്തെ കവിത ‘രിസാല’ പുതിയ ലക്കത്തിലാണ് വന്നത്. തീർഥാടന വേളയിൽ കവിയുടെ ഉള്ളകത്തിൽ ഉയർന്ന ഓളങ്ങളാണ് കവിതകളായി പെയ്തത്.

‘മക്ക’യിൽ, പഴയകാല മക്കയും പുതുകാല മക്കയും തമ്മിലുള്ള അന്തരങ്ങൾ കവിയിൽ സംഘർഷം സൃഷ്ടിക്കുന്നു. കവി ചോദിക്കുന്നു: ‘പ്രിയ മക്ക!/ തണുപ്പ് തൂവുന്ന മിനുസപ്പാതയിലൂടെ ആയിരുന്നില്ലല്ലോ/ ഹാജർ മാതാവ് ജലം തേടി ഓടിയിരുന്നത്’. ‘പ്രിയ മക്ക!/ നിന്റെ മടിത്തട്ടിൽ പ്രവാചകന്മാരുടെ സ്പർശമേറ്റ മൺതരികൾ എവിടെ? ജുർഹൂം ഗോത്രം തമ്പടിച്ച താഴ്‌വര എവിടെ?/ കുഞ്ഞു ഫാത്വിമ കളിച്ചു വളർന്ന മുറ്റമെവിടെ?’ ഈ ആത്മാന്വേഷണങ്ങൾ തീർച്ചയായും കണ്ണുകളെ സജലമാക്കും. എങ്കിലും, മക്കയുടെ ആത്മീയമായ ശീതളിമയിൽ കവി ലയിക്കുന്നുണ്ട്. മക്കയോടുള്ള കവിയുടെ നന്ദിപ്രകാശനങ്ങൾ അതാണ് കുറിക്കുന്നത്: ‘പ്രിയ മക്ക!/ നിനക്ക് നന്ദി എന്റെ കഫൻ പുടവയിൽ/ സെൽഫി എടുക്കാൻ അവസരം തന്നതിന്’.

‘മദീന’യിൽ മദീനയോടും പ്രവാചകനോടുമുള്ള എ.കെ അബ്ദുൽ മജീദിന്റെ പ്രണയമാണ് ഒഴുകുന്നത്. മദീന അനുരാഗിയുടെ സത്രമാണ്. കാന്തം ഇരുമ്പിനെയെന്നപോലെ അനുരാഗിയെ ആകിരണം ചെയ്യുന്നു മദീന. അവിടെയെത്തുമ്പോൾ, ചിത്തത്തിലെ മുഴുവൻ മാലിന്യങ്ങളും ഉരുകിയൊലിച്ചുപോവുന്നു. കവി ഭാവനയിതാ: ‘സ്വാർഥിയുടെ സ്വാർഥം/ ദുഷ്ടന്റെ ദുഷ്ട്/ ധൃഷ്ടന്റെ ധാർഷ്ട്യം/ കപടന്റെ കാപട്യം/ കുപിതന്റെ കോപം/ പിശുക്കന്റെ പിശുക്ക്/ അലിയിച്ചുകളയും മദീന’. റൗളയുടെ സവിധത്തിലെത്തുമ്പോൾ, കവി അറിയാതെ മൗനിയാവുന്നു: ‘ഇവിടെയുണ്ട് തിരുദൂതർ/ ഉറക്കെ വിളിക്കണമെന്നുണ്ട്/ ഉയരില്ല ശബ്ദം, തൊണ്ടയിൽ വാക്ക് കുരുങ്ങും/ ആരോ പറിച്ചെടുക്കുന്നതുപോലെ പിടയും കരൾ/ കണ്ണുകളിൽ അശ്രു പടരും’. കവിതയിലെ അവസാന വരികളാണ് എറെ മനോഹരം: ‘മക്കയുടെ മേൽ മദീനയുടെ പ്രകാശം/
മദീനയുടെ മേൽ മക്കയുടെ പ്രകാശം/
പ്രകാശത്തിനുമേൽ പ്രകാശം’.

????വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍????: https://chat.whatsapp.com/ElWKbMwC52LBPoEJ9Tbrkp

Related Articles