Current Date

Search
Close this search box.
Search
Close this search box.

മുസ്‌ലിം പെണ്ണെഴുത്തിന്റെ ‘പ്രബോധനവും’ മഴ വിദ്യാഭ്യാസ വായനകളും

കഴിഞ്ഞ പത്ത് വര്‍ഷത്തെ മലയാള മത മതേതര വായനാനുഭവത്തിലെ മുഖ്യവിഭവമാണ് മുസ്‌ലിം പെണ്ണ്. മതേതര പുരുഷന്‍മാരാണ് മുസ്‌ലിം   പെണ്ണിനെക്കുറിച്ചോര്‍ത്ത് ഏറെ കണ്ണീരൊഴുക്കിയത്. മുസ്‌ലിം പെണ്ണിന്റെ വിദ്യാഭ്യാസവും  അടുക്കളയും വസ്ത്രവും കിടപ്പറയുമെല്ലാം അവരുടെ ഉറക്കം കെടുത്തിക്കളഞ്ഞു. അങ്ങനെ ചില പെണ്ണുങ്ങളെല്ലാം ‘സ്വാതന്ത്യം’ പ്രഖ്യാപിച്ചതോടെ ഈ അജണ്ട ചില ഫെമിനിസ്റ്റുകളും ഏറ്റെടുത്തു. അതോടെ ഈ ചര്‍ച്ച കൊഴുപ്പിച്ചാല്‍ ലഭിക്കുന്ന വായനാമാര്‍ക്കറ്റ് മുഖ്യധാരാ ആനുകാലികങ്ങള്‍ തിരിച്ചറിഞ്ഞു. അവര്‍ ഇടക്കിടെ അവരുടെ തീന്‍മേശയില്‍ മുസ്‌ലിംപെണ്ണിനെ പൊരിച്ചുനിര്‍ത്തി. അതിന്റ ഗന്ധവും പുകയും സഹിക്കാതായപ്പോള്‍ ചില പുരുഷ ഇസ്‌ലാമെഴുത്തുക്കാര്‍ അതിന് പ്രതികരണമെഴുതി തുടങ്ങി. ആ എഴുത്തിനും മാര്‍ക്കറ്റുണ്ടെന്ന് മനസ്സിലാക്കിയ മുഖ്യധാരാ പ്രസിദ്ധീകരണങ്ങള്‍ അവര്‍ക്കാവശ്യമായ എഡിറ്റിങ്ങോടെ അതിനും ഇടം നല്‍കി. അതോടെ മതേതരവാദികള്‍ അടുത്ത ചോദ്യമുന്നയിച്ചു. സ്ത്രീകളുടെ പ്രശ്‌നമവതരിപ്പിക്കാന്‍ നിങ്ങളില്‍ പെണ്ണുങ്ങളില്ലേ? അതിന് ചില ഒറ്റപ്പെട്ട ഉദാഹരണങ്ങളല്ലാതെ മറ്റു കാര്യമായ മറുപടികളൊന്നും കഴിഞ്ഞ കാലങ്ങളില്‍ ഇസ്‌ലാമിസ്റ്റുകളുടെ ഭാഗത്തുനിന്ന് ഉണ്ടായതായി വായനാനുഭവമില്ല.മത പ്രസിദ്ധീകരണങ്ങളില്‍ പലപ്പോഴായി പ്രത്യക്ഷപ്പെടന്ന പെണ്ണെഴുത്തുകളാവട്ടെ ഈ വിഷയത്തില്‍ അവര്‍ പ്രതിനിധീകരിക്കുന്ന സംഘടനയിലെ പുരുഷകേസരികള്‍ അതുവരെ എഴുതിവെച്ചതിന്റെ കോപ്പിയെഴുത്തുകള്‍ മാത്രമായി ചുരുങ്ങി. ഈ പതിവ് മുസ്‌ലിം പെണ്ണെഴുത്തിന്റെ ചരമക്കുറിപ്പായി പുതിയ പ്രബോധനത്തിലെ (ജൂണ്‍ 7) എകെ ഫാസിലയുടെ ലേഖനം ആവട്ടെയെന്ന് വായനാവാരം ആശിക്കുന്നു .

കേരളീയ കാമ്പസുകളിലെ മതേതര ഇടങ്ങളിലെ മുസ്‌ലിം പെണ്ണിനെക്കുറിച്ചുള്ള പൊതുബോധത്തിലെ സവര്‍ണ്ണതകളെ അടയാളപ്പെടുത്തുന്ന ഫാസിലയുടെ ലേഖനം മുസ്‌ലിം സംഘടനകളിലെ പുരുഷന്‍മാര്‍ മുസ്‌ലിം പെണ്ണിന്റെ ഇടങ്ങള്‍ കയ്യേറുന്നതിനെക്കുറിച്ചും വാചാലമാകുന്നുണ്ട്. കാമ്പസുകളിലടക്കം മുസ്‌ലിം പെണ്ണ് ചര്‍ച്ചയാവുന്ന ഇടങ്ങളിലെല്ലാം തങ്ങളുടേതായ അനുഭവങ്ങളും മറുപടികളും പറയാന്‍ അവസരം നല്‍കാതെ തങ്ങള്‍ക്ക് വേണ്ടി പുരുഷന്‍മാര്‍ അവരുടെതായ മറുപടികളാണ് പറയുന്നതെന്ന് ഫാസില തുറന്നെഴുതുന്നു. വിശുദ്ധ ഖുര്‍ആനെയും സുന്നത്തിനെയും മുന്‍നിര്‍ത്തി തങ്ങളുടെ പെണ്ണനുഭവങ്ങളും ചേര്‍ത്ത് വെച്ച് ഇസ്‌ലാമിനെ വായിക്കാനുള്ള സ്ത്രീകളുടെ സ്വാതന്ത്യത്തെ കവരാന്‍ ആര്‍ക്കാണ് അവകാശമെന്നും ലേഖിക ചോദ്യമെറിയുന്നു. മുസ്‌ലിം പെണ്‍കൂട്ടായ്മകളുടെ ആക്ടിവിസങ്ങളുടെ അജണ്ട സ്വയം നിര്‍ണ്ണയിക്കാന്‍ പോലും പലപ്പോഴും പുരുഷ ഇസാലാമിസ്റ്റുകള്‍ സ്വാതന്ത്യം നല്‍കുന്നില്ലെന്നും ഫാസിലക്ക് പരിഭവം പറയേണ്ടി വരുന്നു. ഇങ്ങനെ ഒരേ സമയം അസഹിഷ്ണുക്കളായ മതേതരവാദികളും സംരക്ഷണ മനോഭാവക്കാരായ പുരുഷ ഇസ്‌ലാമിസ്റ്റുകളും മുസ്‌ലിം പെണ്ണിന്റെ വളര്‍ച്ചയെ തടയുന്നതെങ്ങനെയെന്ന് ലേഖനം വരികള്‍ക്കിടയിലൂടെ അധികം വാചാലമാകാതെ സംസാരിക്കുന്നു. ലേഖനത്തിലെ മുഴുവന്‍ നിരീക്ഷണങ്ങളുടെയും ശരിതെറ്റുകളുടെ ശതമാനം  പരിശോധിക്കുകയല്ല വായനാവാരത്തിലെ ഈ എഴുത്തിന്റെ ഉദ്ദേശ്യം, മറിച്ച് ഒരു മുസ്‌ലിം പെണ്‍ക്കൂട്ടായ്മയുടെ ഭാഗമായ ഒരു എഴുത്തുക്കാരിയില്‍ നിന്ന് ഇങ്ങനെ തന്റേടത്തോടെ ഒരു സ്വതന്ത്യ എഴുത്ത് ആദ്യവായനാനുഭവമാണെന്ന് പങ്കുവെക്കലാണ്.

ജൂണിനൊപ്പം തുറന്ന മഴയുടെയും വിദ്യാഭ്യാസത്തിന്റെയും സാക്ഷരതയായിരുന്നു പോയ വാരങ്ങളിലെ മറ്റ് മുസ്‌ലിം ആനുകാലിക വായനാവിശേഷങ്ങള്‍. മെയ് മാസത്തിന്റെ തുടക്കത്തില്‍ തന്നെ വിദ്യാഭ്യാസ ചര്‍ച്ച തുടങ്ങിയിരുന്നു. ശബാബ് വാരിക ( മെയ് 10), പ്രബോധനം വാരിക (മെയ് 24) വിദ്യാഭ്യാസം കവര്‍സ്‌റ്റോറി ചെയ്തു. പുതിയ സുന്നി വോയ്‌സിന്റെ  (ജൂണ്‍ 1 -15) എഡിറ്റോറിയില്‍ ‘സംഘര്‍ഷമില്ലാത്ത സ്‌കൂള്‍ പ്രഭാതം’ ചര്‍ച്ചെക്കെടുത്തതും വിദ്യാഭ്യാസമാണ്. കടുത്ത വേനല്‍ ക്ഷാമം മാറി മഴ തുടങ്ങിയ പശ്ചാത്തലത്തില്‍ വിശ്വാസിയെന്ന നിലക്ക് ഉണ്ടായിരിക്കേണ്ട ജലസാക്ഷരതയെക്കുറിച്ചാണ് കഴിഞ വാരങ്ങളില്‍ പ്രത്വക്ഷപ്പെട്ട അടുത്ത മുഖ്യവിഷയം. ‘ജലം ജീവനാണ്, അനുഗ്രഹങ്ങള്‍ക്ക് നന്ദിയുണ്ടാവണം’. എന്നാണ് പുതിയ സുന്നി അഫ്കാര്‍ വാരികയുടെ കവര്‍സ്‌റ്റോറി. തൊട്ടു മുമ്പത്തെ ലക്കവും അഫ്കാര്‍ വാരികയിലും  ഈ വഷയം തന്നെയായിരുന്നു മുഖ്യ ലേഖനങ്ങള്‍. ‘വെള്ളം പൊതുസ്വത്താണ് ‘ എന്ന തലക്കെട്ടില്‍ സലാം റഹ്മാനിയും ‘ വെള്ളം അനുഗ്രഹങ്ങളുടെ ജീവനാണ് ‘ എന്ന കാപ്ഷനില്‍ റഹ്മത്തുള്ളാ ഖാസിമിയുമാണ് ലേഖനമെഴുതിയത്. ഈ വിഷയം തന്നെയാണ് പുതിയ അല്‍മനാര്‍ മാസികയുടെ (ജൂണ്‍ 5) ‘വെള്ളവും മനുഷ്യരും’ എന്ന എഡിറ്റോറിയിലും പങ്കുവെക്കുന്നത്. മെയ് 31 ലെ രിസാല വാരികയും ഈ വിഷയത്തിലെ ഗൗരവം ബോധ്യപ്പെടുത്തി. ‘വെള്ളം : പഠിച്ച പാഠം പാഴ് വാക്കാകുമ്പോള്‍’ എന്ന തലക്കെട്ടിന് കീഴെ അലവിക്കുട്ടി ഫൈസി എടക്കരയാണ് ആ ശ്രദ്ധേയ ലേഖനം എഴുതിയത്. മഴ തുറക്കുന്ന ജൂണ്‍ എന്ന കവറോട് കൂടി ഇറങ്ങിയ പുതിയ ആരാമം (ജൂണ്‍ 10) ഈ വിഷയം കൈകാര്യം ചെയ്യുന്നുണ്ട്. പുതിയ സത്യധാരയില്‍ (ജൂണ്‍ 1-15) എംഎം സലാം റഹ്മാനി വെള്ളത്തിന്റെ മതവും രാഷ്ട്രീയവും എന്ന ലേഖനത്തിലും മലയാളികള്‍ക്കുണ്ടായിരിക്കേണ്ട ജലസാക്ഷരതയെ കുറിച്ചാണ് പറയുന്നത്.

Related Articles