Current Date

Search
Close this search box.
Search
Close this search box.

‘ഗ്വാണ്ടനാമോ കവിത’ മാതൃഭൂമി പത്രത്തിന് ആഴ്ചപ്പതിപ്പ് മറുപടി പറയുന്നു

ഗ്വാണ്ടാനാമോ തടവറയിലിരുന്ന് ഇബ്രാഹീം അല്‍റുബാഇഷ് രചിച്ച ‘ഓഡ് ടു ദ സീ’ (കടലിനോടൊരു ഗീതം) കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയുടെ പാഠ്യപദ്ധതിയില്‍ നിന്നിറങ്ങി വിവാദ തിരയിളക്കിയതായിരുന്നു പോയ വാരങ്ങളിലെ മുഖ്യ കേരളീയ വിഷയങ്ങളിലൊന്ന്. മാതൃഭൂമി പത്രമാണ് വിവാദത്തിന് തുടക്കമിട്ടത്. അതോടെ തങ്ങളുടെ സിലബസിലുള്ള കവിതയെ കാലിക്കറ്റ് യൂനിവേഴ്‌സിറ്റിക്ക് ഡി എന്‍ എ ടെസ്റ്റിന് വിധേയമാക്കേണ്ടി വന്നു. എ ബി വി പിയുടെ മാര്‍ച്ച് കൂടി നടന്നതോടെ ടെസ്റ്റിന്റെ ഫലം പുറത്ത് വരുന്നതിന് മുമ്പേ യൂനിവേഴ്‌സിറ്റി കവിത പിന്‍വലിച്ചു. പിന്നീടാണ് വിവരങ്ങളോരോന്ന് പുറത്ത് വന്നത്. ഇടതുപക്ഷ ഭരണക്കാലത്ത് ഇടതുബുദ്ധിജീവികളാണ് കവിത യൂനിവേഴ്‌സിറ്റി സിലബസില്‍ ഉള്‍പ്പെടുത്തിയതെന്നായിരുന്നു ആദ്യ കണ്ടെത്തല്‍. അതോടെ മുസ്‌ലിം ലീഗും അവര്‍ നിശ്ചയിച്ച വി സിയും ഒരു വിധം രക്ഷപ്പെട്ടു. ഇടതുബന്ധം പുറത്തുവരികയും മുസ്‌ലിം ലീഗിന് ബന്ധമില്ലെന്ന് തെളിയുകയും ചെയ്തതോടെ തന്നെ ‘മാതൃഭൂമി വാര്‍ത്ത’യുടെ തീവ്രസ്വഭാവം കെട്ടടങ്ങി. പിന്നാലെ ഇടതു ബുദ്ധി ജീവികളുടെ ആവിഷ്‌കാര സ്വാതന്ത്ര തിയറി കൂടി വന്നതോടെ വിഷയത്തിന്റെ ചര്‍ച്ച സ്വഭാവം മാറി. അതോടെ മുഖ്യധാര കവിതക്ക് അനുകൂലമായ സര്‍ട്ടിഫിക്കറ്റ് നല്‍കി. പത്രങ്ങളില്‍ പ്രമുഖ എഴുത്തുകാര്‍ പേര് വെച്ച് ലേഖനമെഴുതി. സര്‍വകലാശാലയുടെ നിലപാടില്ലായ്മയെ അവര്‍ ആവോളമതില്‍ വിമര്‍ശിക്കുകയും കവിതയുടെ മഹത്വവും ആവിഷ്‌കാരസ്വാതന്ത്ര്യവും വിശദമാക്കുകയും ചെയ്തു. മാധ്യമം ആഴ്ചപ്പതിപ്പും (2013 ആഗസ്റ്റ് 12) കലാകൗമുദിയും(2013 ആഗസ്റ്റ് 4) കവിതയുടെ മലയാള പരിഭാഷ ശ്രദ്ദേയമായ രീതിയില്‍ പ്രസിദ്ധീകരിച്ചു. വിശകലനങ്ങളും ചര്‍ച്ചയും വേറെയും.

കവിതക്കും വിവാദത്തിനും ഒരു മുസ്‌ലിം ടച്ചുള്ളതിനാല്‍ മുസ്ലിം ആനുകാലികങ്ങളിലും ഗ്വാണ്ടനാമോ കവിത ചര്‍ച്ചാവിഷയമായി. ‘സവര്‍ണദാസന്മാരുടെ നിര്‍മായ കര്‍മണാ ശ്രീ’ എന്ന തലക്കെട്ടില്‍ പ്രബോധനം ആഴ്ചപ്പതിപ്പില്‍(2013 ആഗസ്റ്റ് 9) ജമീല്‍ അഹ്മദും ‘ഗ്വാണ്ടനാമോ മലയാളത്തില്‍ പാടുമ്പോള്‍’ എന്ന കാപ്ഷനില്‍ തേജസ് ദൈ്വവാരികയില്‍(ആഗസ്റ്റ് 16-31) പി ടി കുഞ്ഞാലിയും ലേഖനം എഴുതി. ഈ വിഷയത്തില്‍ വായനവാരത്തില്‍ പങ്കുവെക്കേണ്ട സവിശേഷ വര്‍ത്തമാനം ഇതൊന്നുമല്ല. കവിതയുടെയും കവിയുടെയും അല്‍ഖാഇദ തീവ്രവാദം കണ്ടെത്തി അത്  എക്‌സ്‌കലൂസീവ്‌ ന്യൂസായി പ്രസിദ്ധീകരിച്ച മാതൃഭൂമി പത്രത്തിന്റെ സഹോദര സ്ഥാപനമായ മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ നിരീക്ഷണങ്ങളെയാണ്. കവിത കണ്ടെത്തിയതും അത് സിലബസില്‍ ഉള്‍പ്പെടുത്തിയതും ഇടത് ബുദ്ധിജീവികളാണെന്ന് വ്യക്തമായതോടെ തന്നെ ‘മാതൃഭൂമി പത്രവാര്‍ത്ത’ യുടെ ഗ്യാസ് പോയിരുന്നു. മതേതര മുഖ്യധാരയിലെ ആളുകള്‍ തന്നെ വിവാദത്തെ പ്രശ്‌നവത്കരിക്കുകയും കവിതതക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയും ചെയ്തതോടെ കവിത പിന്‍വലിക്കാനുള്ള മുന്‍നിലപാടില്‍ നിന്ന് യൂനിവേഴ്‌സിറ്റിയും പിന്നാക്കം പോയി. വാര്‍ത്ത ആഘോഷിച്ച മാതൃഭൂമി ശരിക്കും പ്രതിരോധത്തിലായി. അതോടെ തങ്ങളുടെ വായനക്കാരുടെ ഇടതുപൊതുബോധത്തെ തൃപ്തിപ്പെടുത്താന്‍ മാതൃഭൂമി ആഴ്ചപ്പതിപ്പ് ഇടപെട്ടു. പത്രത്തിന്റെ കണ്ടെത്തലുകളെയും നിരീക്ഷണങ്ങളെയും മാതൃഭൂമി ആഴ്ചപ്പതിപ്പ്(ആഗസ്റ്റ് 4) തള്ളിപ്പറഞ്ഞു. കവിതയുടെ വിശുദ്ധിയെയും സ്വാതന്ത്ര്യത്തെയും വാഴ്ത്തുകയും ചെയ്തു. മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ എഡിറ്റോറിയല്‍ എന്നു വിശേഷിപ്പിക്കാവുന്ന അവസാന പേജില്‍ കോപ്പി എഡിറ്റര്‍മാര്‍ എഴുതുന്ന ‘ട്രൂ കോപ്പി’ പംക്തിയില്‍ പി. കെ ശ്രീകുമാറാണ് കവിതയുടെ ജാതിയും മതവും തീവ്രവാദവും പരിശോധിക്കുന്ന ഡി എന്‍ എ ടെസ്റ്റിനെ കണക്കറ്റ് പരിഹസിച്ചത്. ‘ഒരു കവിത പഠിപ്പിക്കുന്നതിന്, ആസ്വദിക്കുന്നതിന് കവിയുടെ ബയോഡാറ്റയും സ്‌കാന്‍ റിപ്പോര്‍ട്ടും ആവശ്യമുണ്ടോ? അല്‍ഖ്വയ്ദ തീവ്രവാദിയുടെ ലക്ഷണങ്ങള്‍ എന്തൊക്കെയാണ്? അമേരിക്കയുടെ അതിക്രൂരമായ പീഢനങ്ങള്‍ നടക്കുന്ന, മനുഷ്യാവകാശ ധ്വംസനങ്ങളുടെ തലസ്ഥാനമായ ഗ്വാണ്ടനാമോ ജയില്‍ എന്നുമുതലാണ് ‘ശരിയായ’ ശിക്ഷാ സങ്കേതമായി മാറിയത്? ഗ്വാണ്ടനാമോ ജയിലില്‍ കിടന്ന് കൊടിയ പീഢനങ്ങള്‍ അനുഭവിച്ചവര്‍ ഭൂരിപക്ഷവും മുസ് ലിംകളായതുകൊണ്ടാണ് അതനുഭവിക്കേണ്ടിവന്നത് എന്ന യാഥാര്‍ഥ്യം നിഷേധിക്കാനാവുമോ? എന്താണ് തീവ്രവാദത്തിന്റെ മാനദണ്ഡം? ആരാണ് തീവ്രവാദികളെ നിശ്ചയിക്കുന്നത്? മുസ് ലിംകളെന്താ മനുഷ്യരല്ലേ? അങ്ങനെ ഭരണകൂടം വിലക്കിയവരും തീവ്രവാദികളെന്ന് മുദ്രകുത്തിയവരുമായ അനേകം കവികള്‍ ലോകത്തുണ്ട്. അവരുടെ പലരുടെയും കവിതകള്‍ പഠിക്കാനുമുണ്ട്. അവരെയൊക്കെയും വിലക്കുമോ? …ഗുജറാത്ത് വംശഹത്യയുടെ ചോരക്കറ ഉണങ്ങാത്ത സംഘപരിവാറിനെ സാംസ്‌കാരിക സംഘടനയെന്നു വിശേഷിപ്പിച്ച കവിയുടെ കവിതകള്‍ മലയാളത്തില്‍ പഠിപ്പിക്കുന്നുമുണ്ട്. അതിനെ വിലക്കണമെന്ന് ഇവര്‍ പറയുമോ? അല്‍റുബാഇഷ് ഒരു മുസ്‌ലിമായതുകൊണ്ടും അയാളുടെ കവിത വിലക്കേണ്ടതാണെന്ന് പ്രസ്താവിക്കാന്‍ മാത്രം യുക്തിഹീനമാണോ നമ്മുടെ സാംസ്‌കാരിക നിരൂപകകേസരികളുടെ ബുദ്ധിമണ്ഡലം? മുസ്‌ലിമായാല്‍ ഏതെങ്കിലും വിധത്തിലുള്ള കുഴപ്പങ്ങള്‍ തീവ്രവാദമോ അതികാമമോ വയലന്‍സോ ഉണ്ടാിരിക്കുമെന്ന അമേരിക്കന്‍ ലളിതയുക്തിയുടെ കേരള വര്‍ഷനല്ലേ ഇത്?’

ഇനിയും മുനകൂര്‍ത്ത ചില ചോദ്യങ്ങള്‍ മാതൃഭൂമി ആഴ്ചപ്പതിപ്പിലൂടെ പി കെ ശ്രീകുമാര്‍ ഉയര്‍ത്തുന്നുണ്ട്. അത് പക്ഷേ ചെന്നുതറക്കുന്നത് അധികവും മാതൃഭൂമി പത്രത്തിലെ റിപ്പോര്‍ട്ടറുടെ നെഞ്ചിലും ഡസ്‌കിലെ കാവി ചിന്തയുള്ളവരിലുമാണെന്ന് മാത്രം. ഏതായാലും ശ്രീകുമാറിനും മാതൃഭൂമി ആഴ്ചപ്പതിപ്പിനും ഉള്ളുതുറന്ന അഭിനന്ദനങ്ങള്‍ അര്‍പ്പിക്കുന്നു.

Related Articles