Current Date

Search
Close this search box.
Search
Close this search box.

ഇസ്‌ലാം ഭിന്നലിംഗക്കാരെയും ഉള്‍ക്കൊള്ളുന്നു!

ആണും പെണ്ണുമല്ലാതെ മൂന്നാം ലിംഗമുള്ളവര്‍ അനുഭവിക്കുന്ന സാമൂഹിക പ്രശ്‌നങ്ങളും സംഘര്‍ശങ്ങളും നിരവധിയാണ്. മൂന്നാം ലിംഗപദവി അനുവദിച്ചുകൊണ്ടു സമൂഹത്തിന്റെ നിയമനടപടിക്രമങ്ങളുടെയും പൊതുജീവിതത്തിന്റെയും ഭാഗമാകാനുളള ഇത്തരക്കാരുടെ ശ്രമങ്ങളെ അനുവദിക്കാനുള്ള നീക്കങ്ങളും സജീവമാണ്. എന്തായാലും നിലവിലെ സാമൂഹികക്രമം അവരെ ഉള്‍ക്കൊള്ളാന്‍ പര്യപ്തമല്ല. എന്നാല്‍ ഇസ്‌ലാം ഇവരെ ഉള്‍ക്കൊണ്ടിട്ടുണ്ടോ? ഇസ്‌ലാം ഇവരെ ഏതെങ്കിലും പ്രത്യേക നാമത്തില്‍ സംബോധന ചെയ്യുന്നുണ്ടോ? വളരെയേറെ ജിഞാസയോടെ ഇത്തരം കാര്യങ്ങള്‍ അന്വേഷിക്കുന്നവര്‍ക്കുള്ള ഉത്തരങ്ങളാണ് തെളിച്ചം മാസികയുടെ 2015 ജൂലൈ ലക്കം.

ശാരിരികവും മാനസികവുമായ അപൂര്‍ണതകളാണ് സ്ത്രീപുരുഷ വര്‍ഗവൃത്തത്തില്‍നിന്നും വ്യതിചലിച്ച് ഒരു പുതിയ വര്‍ഗനാമത്തിലൂടെ ഇവര്‍ സംബോധന ചെയ്യാന്‍ ഇടയാക്കിയതെന്നും ഇസ്‌ലാം ഇവരെ ‘ഖുന്‍സ’എന്നാണ് നാമകരരണം ചെയ്യുന്നതെന്നും ‘മൂന്നാം ലിംഗ പദവിയും കര്‍മശാസ്ത്രവിശകലനവും’ എന്ന ജഅ്ഫര്‍ ഹുദവി കൊളത്തൂരിന്റെ ലേഖനം പറയുന്നു. പുതിയ അറിവിന്റെ മേഖലകളെ തുറന്നിടാന്‍ പ്രേരിപ്പിക്കുന്നവയാണ് മാസികയിലെ മറ്റു ലേഖനങ്ങള്‍. ശാഫി മദ്ഹബിലെ പ്രമുഖ പണ്ഡിതനായ ഇമാം ഇബ്‌നു ഹജറുല്‍ ഹൈഥമി ഖുന്‍സകളെക്കുറിച്ചു നല്‍കിയ വിശദീകരണം ഉള്‍പ്പെടെ ഭിന്നലിംഗക്കാരെ ആണായോ പെണ്ണായോ നിര്‍വജിക്കാമെന്നും അതു നിര്‍ണയിക്കേണ്ടതിന്റെ ഇസ്‌ലാമിക മാനം എന്താണെന്നും അദ്ദേഹം വിവരിക്കുന്നു.

അവഗണിക്കപ്പെട്ട ഹിജഡകളുടെ ആത്മീയ കേന്ദ്രത്തെക്കുറിച്ചുള്ള വിവരണങ്ങളാണ് ‘പൂക്കാ മരങ്ങള്‍ക്കും വെള്ളം നല്‍കുന്ന പ്രാണനായകനെ കാണാന്‍’എന്ന സാവാദ് റഹ്മാന്റെ തെളിച്ചത്തിലെ മറ്റൊരു ഫീച്ചര്‍. ചെങ്കോട്ടയും ഖുതുബ് മിനാറും ജുമാമസ്ജിദു ഇന്ത്യാഗേറ്റും ലോട്ടസ് ടെബിളുമെല്ലാം കറങ്ങിനടന്നുകാണുന്ന സഞ്ചാരികളും ചരിത്രാന്വേഷകരും കാണാതെപോകുന്ന ഹിജറോം കാ ഖാന്‍ഖാ എന്ന ഹിജഡകളുടെ ആത്മീയകേന്ദ്രങ്ങളെക്കുറിച്ചുള്ള വിവരണം ഹിജഡകളുടെ ദൈനതയാര്‍ന്ന ജീവിതത്തിലേക്കു നമ്മെ കൂട്ടിക്കൊണ്ടുപോകുന്നു. ‘മൂന്നാം ലിംഗവും അറബ് വംശവും മറുവായനയുടെ സാധ്യതകള്‍’എന്ന ശമീര്‍ കെ.എസ്സിന്റെ ലേഖനവും കൂടി തെളിച്ചം മാസികയെ പഠനാര്‍ഹവും ജിഞാസയും ഉളതാക്കിമാറ്റുന്നു.

കലയും ഇസ്‌ലാമും
ഇസ്‌ലാം ആരാധനയും അനുഷ്ഠാനങ്ങളും മാത്രമാണോ? കല കലക്കുവേണ്ടിയുള്ളതാണോ അതോ ജിവിതത്തിനുവേണ്ടിയുള്ളതാണോ? കാലങ്ങളായി ചോദിച്ചുകൊണ്ടേയിരിക്കുന്ന ചോദ്യം. ഇതിനപ്പുറം മറ്റൊാരു ചോദ്യം കൂടിയുണ്ട്, ഇസ്‌ലാമും കലയുമായി അല്ലെങ്കില്‍ സര്‍ഗാത്മക ആവിഷ്‌കാരങ്ങളും വിനോദവുമായി വല്ല ബന്ധവും ഉണ്ടോ? സമൂഹമധ്യേ ഏറെ ചര്‍ച്ചചെയ്യുകയും വിമര്‍ശിക്കപ്പെടുകയും ചെയ്ത സങ്കീര്‍ണമായ വിഷയമാണിത്. വ്യക്തതവരുത്തേണ്ടതും കൃത്യമായ ഉത്തരം ലഭിക്കേണ്ടതുമായ കാര്യങ്ങളിലേക്കാണ് ബോധനം ത്രൈമാസിക വെളിച്ചം വീശുന്നത്. ഇതുമായി ബന്ധപ്പെട്ട പഠനാര്‍ഹമായ ലേഖനങ്ങളാണ് 2015 ജൂലൈ സെപ്റ്റംബര്‍ മാസം ബോധനത്തിന്റെത്.

ജനസമൂഹത്തെ ആഴത്തില്‍ സ്വാധീനിച്ച ശക്തമായ ഉപകരണമാണ് കലയെന്നും മനുഷ്യജീവിതത്തിന്റെ സമസ്ത മേഖലകളെയും ഉല്‍ക്കൊള്ളുന്ന ഇസ്‌ലാമിന് കലയെയും വിനേദത്തെയും കുറിച്ച് പറയാതിരിക്കാനാവില്ലെന്നും പറഞ്ഞു തുടങ്ങുന്ന ആമുഖ ലേഖനത്തിലൂടെ തന്നെ തുടര്‍ന്നുവരുന്ന ഉള്‍പ്പേജുകളിലെ കലയെ സംബന്ധിച്ച ഇസ്‌ലാമിന്റെ സമീപനത്തെക്കുറിച്ചുള്ള ഗഹനമായ സൂചനകള്‍ കിട്ടുന്നുണ്ട്. കലയോടും വിനോദങ്ങളോടും ഇസ്‌ലാം സ്വീകരിച്ച നിലപാടുകള്‍, മുസ്‌ലിം ലോകത്തെ കലാവിന്യാസം. കാലിഗ്രാഫി ശില്‍കല തുടങ്ങിയ അന്വേഷണങ്ങള്‍ക്കും പഠനങ്ങള്‍ക്കും യൂസുഫുല്‍ ഖര്‍ദാവി ഉള്‍പ്പെടെ പ്രമഖ പണ്ഡിതരുടെ നിരീക്ഷണവും പഠനവുമാണ് ഓരോ താളുകളിലും.

കൈയ്യൂക്കുള്ളവന്‍ കാര്യക്കാരന്‍ എന്നതുപോല ആധിപത്യമുള്ളവന്റെ ചിന്തയും ആവിഷ്‌കാരകങ്ങളും കലയും വിനോേദവുമായി സമൂഹത്തില്‍ സ്വാധീനം ചെലുത്തിക്കൊണ്ടിരിക്കുമ്പോള്‍ മനസ്സിന് ആനന്ദമുണ്ടാക്കുന്ന കലയും വിനോദവും വെറും വിനോദങ്ങളാവാതെ ശക്തമായ രാഷ്ട്രീയ അടയാളങ്ങളായി പ്രകടിപ്പിക്കാന്‍ ഇത്തരം ലേഖനത്തിലൂടെ കഴിയുമെന്നാശിക്കാം. അതുകൊണ്ടുതന്നെ സങ്കീര്‍ണമായ വിഷയം കൈകാര്യം ചെയ്യാനുള്ള ബോധനത്തിന്റെ ധൈര്യം വിജ്ഞാനകുതുകികള്‍ക്ക് മുതല്‍ക്കൂട്ടാണ്.

ഗാനപാരമ്പര്യത്തിലെ തമിഴ്മലയാള നേട്ടങ്ങള്‍
പ്രവാചക കാലഘട്ടത്തില്‍ തന്നെ ഇസ്‌ലാമിക ആഗമനം സാധ്യമായ മലയാളക്കരയില്‍ ഇസ്‌ലാമിന്റെ വികാസപരിണാമത്തിന് ക്ഷമതനല്‍കാന്‍ നമ്മുടെ ഭാഷക്കായിട്ടുണ്ട്. ഇസ്‌ലാമിന്റെ തേജസ്് വികസിച്ചത് നാടിന്റെ ഭാഷയെയും സംസ്‌കാരത്തെയും ചേര്‍ത്തുനിര്‍ത്തിക്കൊണ്ടാണ്. മുസ്‌ലിംകളുടെ ഭാഷയിലെ സര്‍ഗാത്മക ഇടപെടലുകള്‍ കൊണ്ടാണത് സാധ്യമായത്. മലയാള ഭാഷക്കെന്ന പോലെ തമിഴ് സാഹിത്യത്തിനും അത് സാധ്യമായിട്ടുണ്ട്. തമിഴ് ഇസ്‌ലാമിക ഗാന പാരമ്പര്യത്തിലേക്കുള്ള നേട്ടങ്ങളെയും അതില്‍ പങ്കുവഹിച്ച കലാകാരന്മാരെയും അവരുടെ കൃതികളെയും പ്രതിപാദിക്കുന്നു ഈ ലക്കം പ്രബോധനം വാരിക (2015 ജൂലൈ ലക്കം 9 വാള്യം 72). അറബി കാവ്യരചനകളുമായി അടുപ്പം പുലര്‍ത്തിയ ദ്രാവിഡ മുസ്‌ലിം ആലിമുകള്‍ മലയാള തമിഴ് കാവ്യപ്രസ്ഥാനങ്ങലെ തങ്ങളുടെ ഭാഷാ ദര്‍ശനങ്ങളിലൂടെ കൈപിടിച്ചുനടത്തിയതിന്റെ ഈടുവെപ്പുകളാണ് തമിഴ് ഇസ്‌ലാമിക കാവ്യപ്രസ്ഥാനം. അതേക്കുറിച്ചാണ് ‘തമിഴ് മലയാള ഇസ്‌ലാമിക ഗാനപാരമ്പര്യത്തിലേക്ക് രണ്ടു നേട്ടങ്ങള്‍’എന്ന ഡോ ജമീല്‍ അഹ്മദിന്റെ കവര്‍സ്‌റ്റോറി.

മോദി കാണേണ്ട സെല്‍ഫി
നമ്മുടെ ഭരണവ്യവസ്ഥിതിയെ തിരിക്കുന്നത് ജനാധിപത്യ ആശയങ്ങളാണ്. പക്ഷേ ഈ ജനാധിപത്യ സംവിധാനത്തിനകത്ത് ഇടപെടലുകള്‍ നടത്തുമ്പോള്‍ വ്യവസ്ഥിതികളെ നിയന്ത്രിക്കുകയും നയിക്കുകയും ചെയ്യുന്നത് രാഷ്ട്രീയ തീരുമാനങ്ങള്‍ക്കപ്പുറത്ത് മതപരവും ജാതീയവുമായ ചിന്തകളാണ്. അടുത്തിടെ ഉണ്ടായ കോപ്പിയടി വിവാദങ്ങളുടെ പേരില്‍ പ്രവേശന പരീക്ഷയില്‍ സി.ബി.എസ്.സി ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ ശിരോവസ്ത്രം അഴിക്കുന്നതിനെപ്പറ്റി കോടതി നടത്തിയ അഭിപ്രായവും കന്യാസ്ത്രീയുടെ തലയിലെ തട്ടം അഴിപ്പിച്ചതുമൊക്കെ ചര്‍ച്ചയായിരുന്നു.  തട്ടം ആരുടെതായാലും ഫാസിസസ്റ്റു ഭരണത്തിനത് പ്രശ്‌നം തന്നെയാണെന്ന് ഇതുമൂലം ക്രൈസ്തവസഭാ പ്രതിനിധികള്‍ക്കും മനസ്സിലായി.

എന്നാല്‍ ചാനല്‍ ചര്‍ച്ചകളില്‍ ഏറെയൊന്നും ഇടംലഭിക്കാതെ പോയ ഒരുവിഷയത്തെക്കുറിച്ചുള്ള ഒരു റിപ്പോര്‍ട്ടുമായാണ് ആഗസ്റ്റ് 2, 2015 കലാകൗമുദി വാരിക എത്തുന്നത്. ഭാരതത്തിന്, താഴ്ന്ന ജാതിക്കാര്‍ക്ക് വിദ്യനിഷേധിക്കുകയം മാറ്റിനിര്‍ത്തുകയും ചെയ്ത ഭൂതകാലം മാത്രമല്ല, വര്‍ത്തമാനം കൂടിയുണ്ട്. പോരാത്തതിന് സംശയത്തിന്റെ നിഴലില്‍ മാറ്റിനിര്‍ത്തപ്പെടുന്ന മുസ്‌ലിം സുദായവും. ഇന്ന് ഈ രണ്ടുകൂട്ടര്‍ക്കും വീടും താമസസൗകര്യവും കിട്ടണമെങ്കില്‍ കുറച്ചുപാടാണ്. ഡല്‍ഹിയിലെ കോളേജില്‍ പ്രൊഫസറായ റീം ഷംസുദ്ദീന് താമസംസൗകര്യം നിഷേധിച്ചതുമായി ബന്ധപ്പെട്ട് അവര്‍ മുഖ്യമന്ത്രി കെജ്‌രിവാളിന് യൂ ട്യൂബിലൂടെ അയച്ച കത്തിന്റെ സംക്ഷിപ്തമാണ് ‘മോദി കാണേണ്ട സെല്‍ഫി’എന്ന ദിപിന്‍ മാനന്തവാടിയുടെ കലാ കൗമുദിയിലെ കുറിപ്പ്. ചെറുതാണെങ്കിലും ശ്രദ്ധേയമായ ഒരു പ്രതികരണമാണത്.

Related Articles