Current Date

Search
Close this search box.
Search
Close this search box.

ആഫ്രിക്കന്‍ മുസ്‌ലിംകളും ഖുര്‍ആന്‍ പഠനവും

Walking-quran.jpg

സെനഗാംബിയയിലെ മദ്രസാ വിദ്യാര്‍ത്ഥികളെക്കുറിച്ച ചരിത്ര വിവരണത്തിലൂടെ (The Walking Quran) റുഡോള്‍ഫ് വെര്‍ നല്‍കുന്നത് വെസ്റ്റ് ആഫ്രിക്കന്‍ ഇസ്‌ലാമിക വിദ്യാഭ്യാസത്തെക്കുറിച്ച ചരിത്രം മാത്രമല്ല, മറിച്ച് ലോക മുസ്‌ലിം ചരിത്രത്തില്‍ വെസ്റ്റ് ആഫ്രിക്കക്കാരുടെ സ്ഥാനത്തെ അടയാളപ്പെടുത്തുക കൂടിയാണ് അദ്ദേഹം ചെയ്യുന്നത്. അതോടൊപ്പം ഖുര്‍ആന്‍ സ്‌കൂളുകളെക്കുറിച്ച് നിലനില്‍ക്കുന്ന അധീശ ധാരണകളെ (പൂര്‍വ്വാധുനികം, അപരിഷ്‌കൃതം) വെല്ലുവിളിക്കുകയും ചെയ്യുന്നുണ്ട്. മദ്രസകളെക്കുറിച്ച് നിലനില്‍ക്കുന്ന പൂര്‍വ്വാധുനികം എന്ന വ്യവഹാരനിര്‍മ്മിതിയെ റുഡോള്‍ഫ് വെല്ലുവിളിക്കുന്നത് തികച്ചും സവിശേഷമായ ജ്ഞാനശാസ്ത്രമാണ് അവ പിന്തുടരുന്നത് എന്ന് വാദിച്ച് കൊണ്ടാണ്. ആത്മീയമായ ജ്ഞാനോല്‍പ്പാദനമാണ് ഖുര്‍ആന്‍ സ്‌കൂളുകളില്‍ നടക്കുന്നത്. വിജ്ഞാനവും ശരീരവും തമ്മില്‍ അഭേദ്യവും ആത്മീയവുമായ ബന്ധമാണ് അവിടെ നിലനില്‍ക്കുന്നത്. അതല്ലാത്ത ജ്ഞാനോല്‍പ്പാദനത്തിന്റെ എല്ലാ സാധ്യതകളും അവിടെ കൊട്ടിയടക്കപ്പെടുന്നു. അഥവാ, എങ്ങനെയാണ് ഖുര്‍ആന്‍ സ്‌കൂളുകള്‍ ആത്മീയ വിജ്ഞാനത്തെ ഉല്‍പ്പാദിപ്പിക്കുന്നത് എന്നാണ് റുഡോള്‍ഫ് അന്വേഷിക്കുന്നത്. അതിനദ്ദേഹം ഉദാഹരണമായി എടുക്കുന്നത് സെനഗലിലെ ഖുര്‍ആന്‍ സ്‌കൂളുകളിലെ വിദ്യാഭ്യാസ രീതിയെയാണ്. ഒരേ സമയം മാനസികവും ശാരീരികവുമായ അച്ചടക്കത്തിലൂടെയാണ് അവിടെ ഖുര്‍ആന്‍ പഠിപ്പിക്കപ്പെടുന്നത്. യാര്‍ എന്നാണ് ഈ അധ്യാപന രീതിയെ സെനഗലുകാര്‍ വിശേഷിപ്പിക്കുന്നത്. ഈ അധ്യാപന രീതിയുടെ ലക്ഷ്യം കുട്ടികളെ ഖുര്‍ആനും അറബിക് ഗ്രാമറും പഠിപ്പിക്കുക എന്നത് മാത്രമല്ല, മറിച്ച് ദൈവിക വചനത്തെ അതിന്റെ അന്തസത്തയോടെ ഉച്ചരിക്കുന്നവരായി അവരെ മാറ്റിയെടുക്കുക എന്നത് കൂടിയാണ്. നടക്കുന്ന ഖുര്‍ആനുകളായി (Walking Quran) യാര്‍ അവരെ പരിവര്‍ത്തിപ്പിക്കുകയാണ് ചെയ്യുന്നത്.

നടക്കുന്ന ഖുര്‍ആന്‍ എന്ന ആശയത്തെ വെസ്റ്റ് ആഫ്രിക്കക്കാര്‍ മനസ്സിലാക്കുന്നത് ഒരേ സമയം ഖുര്‍ആന്‍ മനപ്പാഠമാക്കുകയും ശരീരത്തെ അടക്കി നിര്‍ത്തുകയും ചെയ്യുന്ന പ്രക്രിയയായാണ്. തങ്ങളുടെ മക്കളെ പ്രവാചക സന്ദേശം അതിന്റെ മുഴുവന്‍ ചൈതന്യത്തോട് കൂടിയും സ്വീകരിക്കുന്ന വാല്‍വുകളാക്കി പരിവര്‍ത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് സെനഗലുകാര്‍ ഖുര്‍ആന്‍ സ്‌കൂളുകള്‍ തുടങ്ങുന്നത്.

ഫുത്താ തോറോയുടെ ഭരണാധികാരിയും ഇസ്‌ലാമിക പണ്ഡിതനുമായിരുന്ന അബ്ദുല്‍ ഖാദര്‍ ആഫ്രിക്കന്‍ ഉപഭൂഖണ്ഡത്തിലെ അടിമത്വ സമ്പ്രദായത്തിനെതിരെ നടത്തിയ കലാപത്തെക്കുറിച്ച് റുഡോള്‍ഫ് മൂന്നാം അധ്യായത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. ഖുര്‍ആന്‍ മനപ്പാഠമാക്കിയവര്‍ വ്യാപകമായി അടിമകളാക്കപ്പെട്ട സംഭവമാണ് അബ്ദുല്‍ ഖാദറിനെ പ്രകോപിപ്പിച്ചത്. ഹാഫിളുകളോട് വെസ്റ്റ് ആഫ്രിക്കന്‍ കമ്മ്യൂണിറ്റി പ്രകടിപ്പിച്ച ആദരവാണ് മുസ്‌ലിം സമുദായത്തെ ഒന്നടങ്കം അണിനിരത്തിക്കൊണ്ട് അറ്റ്‌ലാന്റിക്ക് അടിമ വ്യാപാരത്തെ ഫലപ്രദമായി ചെറുക്കാനും ഒരു പ്രസ്ഥാനം കെട്ടിപ്പടുക്കാനും അവര്‍ക്ക് തുണയായത്.

ആഫ്രിക്കയുടെ ബൗദ്ധിക ചരിത്രത്തിലെ പുതിയ പാരമ്പര്യത്തിലാണ് റുഡോള്‍ഫ് തന്റെ പുസ്തകത്തെ സ്ഥാനപ്പെടുത്തുന്നത്. ആഫ്രിക്കന്‍ ചരിത്രത്തിന് പുതിയൊരു രീതിശാസ്ത്രം ആവശ്യമുണ്ടെന്ന് ചരിത്രകാരന്‍മാരും പണ്ഡിതരുമെല്ലാം ആവശ്യപ്പെടാന്‍ തുടങ്ങിയിട്ട് കാലം കുറേയായി. എന്നാല്‍ 1990 കളില്‍ ആഫ്രിക്കക്കാര്‍ ഉല്‍പ്പാദിപ്പിച്ചത് ഉജ്ജ്വലമായ സാംസ്‌കാരിക ചരിത്രങ്ങളാണ്. ആധുനികവും രേഖീയവുമായ ചരിത്ര പ്രക്രിയക്കകത്ത് അവക്കൊരിക്കലും സ്ഥാനമുണ്ടാകില്ല എന്നത് തീര്‍ച്ചയാണ്.

അതേസമയം, എ.ജെ ഹോപ്കിന്‍സ്, സാറാ ബെറി, ജോണ്‍ തോണ്‍ടോണ്‍, പോള്‍ ലവ്‌ജോയ് തുടങ്ങിയ ആഫ്രിക്കന്‍ ചരിത്രകാരന്‍മാര്‍ വ്യത്യസ്തമായ ഒരാഖ്യാനം ആഫ്രിക്കയെക്കുറിച്ച് നല്‍കുന്നുണ്ട്. എന്നാല്‍ ആധുനികതയും യുക്തികേന്ദ്രീകൃതം മാത്രമായ ബോധ്യങ്ങളും ആഫ്രിക്കയെക്കുറിച്ച പുതിയ ഭാവനകളില്‍ നിന്നും അവരെ തടയുന്നുണ്ട്. അതിനാല്‍ തന്നെ അധീശമായ ജ്ഞാനശാസ്ത്ര നിര്‍മ്മിതികളില്‍ നിന്നും അവര്‍ക്ക് പുറത്ത് കടക്കാന്‍ കഴിയുന്നില്ല.

റുഡോള്‍ഫ് ഈ പുസ്തകത്തില്‍ ചെയ്യുന്നത് അത്തരം ആധുനിക യുക്തിപരതയില്‍ നിന്നും പുറത്ത് കടന്ന് കൊണ്ട് ആഫ്രിക്കന്‍ സമൂഹം സാധ്യമാക്കിയ ജ്ഞാനശാസ്ത്രപരമായ മാറ്റത്തെ അടയാളപ്പെടുത്തുകയാണ്. പത്താം നൂറ്റാണ്ടിലെ ആഫ്രിക്കയിലേക്കുള്ള ഇസ്‌ലാമിന്റെ ആഗമനം മുതല്‍ ഇപ്പോള്‍ വരെ എത്തിനില്‍ക്കുന്ന മുസ്‌ലിം ചരിത്രത്തെയാണ് റുഡോള്‍ഫ് പരിശോധിക്കുന്നത്. പുസ്തകത്തിന്റെ എല്ലാ അധ്യായങ്ങളും പ്രവാചക വചനങ്ങളോടെയാണ് ആരംഭിക്കുന്നത്. അതേസമയം, ഒരു ആഫ്രിക്കന്‍ ഇസ്‌ലാമിനെക്കുറിച്ച ചരിത്രരചനയല്ല റുഡോള്‍ഫ് നടത്തുന്നത്. മറിച്ച്, എങ്ങനെയാണ് ആഫ്രിക്കയില്‍ സവിശേഷമായ രീതിയില്‍ ഇസ്‌ലാം ജനമനസ്സുകളില്‍ നിലനില്‍ക്കുന്നത് എന്നാണദ്ദേഹം അന്വേഷിക്കുന്നത്.

വെസ്റ്റാഫ്രിക്കയിലെ ഇസ്‌ലാമിന്റെ പ്രത്യേകതയായി റുഡോള്‍ഫ് പറയുന്നത് വിജ്ഞാനത്തിന്റെ ആത്മീയപരതയാണ്. അതേറ്റവും തീവ്രമായി ആവിഷ്‌കരിക്കപ്പെട്ടിരിക്കുന്നത് 19, 20 നൂറ്റാണ്ടുകളിലെ ആധുനിക പരിഷ്‌കര്‍ത്താക്കള്‍ അപരിഷ്‌കൃതരും പൂര്‍വ്വാധുനികരുമായി മുദ്ര കുത്തിയ ആഫ്രിക്കന്‍ സമൂഹങ്ങളിലാണ്. ആധുനിക യുക്തിപരതയിലൂടെ ഒരിക്കലും മനസ്സിലാക്കാന്‍ കഴിയാത്ത ഭാഷയിലായിരുന്നു അവര്‍ ഇസ്‌ലാമിനെ ആവിഷ്‌കരിച്ചിരുന്നത്. ഇപ്പോള്‍ പോലും പേനയും നോട്ട്ബുക്കും ഉപയോഗിക്കാന്‍ അവര്‍ വിദ്യാര്‍ത്ഥികളെ അനുവദിക്കാറില്ല. ചെറിയ രീതിയിലുള്ള മാറ്റങ്ങള്‍ പോലും വിദ്യാര്‍ത്ഥികളുടെ ആത്മീയമായ ജ്ഞാനാന്വേഷണത്തെ സാരമായി ബാധിക്കും എന്നാണ് അതിന് കാരണമായി അവര്‍ പറയുന്നത്. ആധുനിക യുക്തിപരതയിലൂടെ ഒരിക്കലും മനസ്സിലാക്കാന്‍ കഴിയാത്ത ഭാഷയും വ്യാകരണവുമാണത്.

വെസ്റ്റാഫ്രിക്കയിലെ മുസ്‌ലിംകളെ സംബന്ധിച്ചിടത്തോളം വിജ്ഞാനത്തെയും ശരീരത്തെയും പരസ്പരം വേര്‍തിരിക്കാനാവില്ല. മനസ്സും ശരീരവും തമ്മിലുള്ള വിഭജനം അവിടെ നിലനില്‍ക്കുന്നില്ല. അഥവാ, മുസ്‌ലിം സമൂഹങ്ങള്‍ക്കിടയില്‍, പ്രത്യേകിച്ച് വെസ്റ്റാഫ്രിക്കന്‍ മുസ്‌ലിംകള്‍ക്കിടയില്‍ വിജ്ഞാനത്തെ മനസ്സിലാക്കുന്ന രീതി സവിശേഷമാണ്. ഇന്ന് പൊതുവെ സ്വീകരിക്കപ്പെടുന്ന മാര്‍ഗ്ഗങ്ങളല്ല ജ്ഞാനാന്വേഷണത്തിനായി അവര്‍ സ്വീകരിക്കുന്നത്. കാരണം, അവരെ സംബന്ധിച്ചിടത്തോളം ഇല്‍മ്, അമല്‍ എന്നിവ തമ്മില്‍ വൈരുദ്ധ്യങ്ങളൊന്നും തന്നെ നിലനില്‍ക്കുന്നില്ല.

നൂറ്റാണ്ടുകളായി ആഫ്രിക്കന്‍ പണ്ഡിതന്‍മാരെല്ലാം ശ്രമിച്ച് കൊണ്ടിരിക്കുന്നത് യൂറോപ്യന്‍ കോളനീകരണത്തിന് മുമ്പുള്ള ആഫ്രിക്കയുടെ ചരിത്രത്തെ അടയാളപ്പെടുത്താനാണ്. എന്നാല്‍ ഒരു നിശ്ചിത പരിധിക്കപ്പുറം അവര്‍ക്കാര്‍ക്കും മുമ്പോട്ട് പോകാന്‍ സാധിച്ചിട്ടില്ല. റുഡോള്‍ഫ് ഏറെക്കുറെ അതില്‍ വിജയിച്ചിട്ടുണ്ട്. കാരണം, ഇസ്‌ലാമിനെ ആഫ്രിക്കയുടെ തന്നെ അവിഭാജ്യ ഘടകമായി അദ്ദേഹം മനസ്സിലാക്കുകയും സ്ഥാനപ്പെടുത്തുകയും ചെയ്യുന്നുണ്ട്. ആഫ്രിക്കയെക്കുറിച്ച രേഖീയമായ ചരിത്രാഖ്യാനങ്ങളെത്തന്നെയാണ് അത് വെല്ലുവിളിക്കുന്നത്. ലോക ചരിത്രത്തില്‍ നിന്നും മാറ്റി നിര്‍ത്തിക്കൊണ്ട് ആഫ്രിക്കക്ക് സവിശേഷമായ ഒരു ചരിത്ര സന്ദര്‍ഭത്തെ നിര്‍മ്മിക്കുകയാണ് റുഡോള്‍ഫ് ചെയ്യുന്നത്. ജ്ഞാനാന്വേഷണത്തേയും ജ്ഞാനോല്‍പ്പാദനത്തെയും പൊതുവെ മനസ്സിലാക്കി വരുന്ന രീതിയില്‍ നിന്നും മാറി പുതിയൊരു രീതിശാസ്ത്രം നല്‍കുകയാണദ്ദേഹം.

Related Articles