Current Date

Search
Close this search box.
Search
Close this search box.

ആരാണ് ആഫിയ സിദ്ദീഖി?

1972 മാര്‍ച്ച് 2-ന് പാകിസ്ഥാനിലെ കറാച്ചിയിലാണ് ഡോ. ആഫിയാ സിദ്ദീഖി ജനിച്ചത്. അവര്‍ മൂന്ന് മക്കളായിരുന്നു. ആഫിയയുടെ പിതാവ് മുഹമ്മദ് സിദ്ദീഖി ബ്രിട്ടനില്‍ പരിശീലനം നേടിയ ഒരു ഡോക്ടറായിരുന്നു. മാതാവ് ഇസ്‌മെത്ത് വീട്ടമ്മയും. മൂന്ന് മക്കളാണ് ആഫിയക്ക്: അഹ്മദ് (ജനനം 1996), മര്‍യം (ജനനം 1998), സുലൈമാന്‍ (ജനനം 2002). ഇതില്‍ സുലൈമാനെ പെട്ടെന്നൊരു ദിവസം കാണാതായി. പിന്നീട് യാതൊരു വിവരവും കുടുംബത്തിന് ലഭിച്ചിട്ടില്ല.

സഹോദരന്റെ അടുക്കല്‍ താമസിക്കുക എന്ന ഉദ്ദേശത്തോടെ 1990-ല്‍ ആഫിയ ടെക്‌സാസിലേക്ക് പോയി. ഹൂസ്റ്റണ്‍ സര്‍വകലാശാലയില്‍ ഒരു വര്‍ഷം ചിലവഴിച്ചതിന് ശേഷം, മസാച്ചുസെറ്റ്‌സ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി (എം.ഐ.ടി) യിലേക്ക് മാറി. ശാന്ത സ്വഭാവക്കാരിയും മതവിശ്വാസം മുറുകെ പിടിക്കുന്നവളുമായിരുന്നു ആഫിയയെന്ന് അവരുടെ സഹപാഠികള്‍ സാക്ഷ്യപ്പെടുത്തുന്നു. എന്നാല്‍ ‘ലേഡി അല്‍ഖാഇദ’ എന്നാണ് മാധ്യമങ്ങള്‍ അവരെ വിശേഷിപ്പിച്ചത്. ‘ശല്ല്യക്കാരിയല്ലാത്ത, നിഷ്‌കളങ്കയായ ഒരു കുട്ടിയാണ് എന്റെ ഓര്‍മയിലെ ആഫിയ’, അവരുടെ കൂടെ പഠിച്ചിരുന്ന ഹംസ ബി.ബി.സിക്ക് നല്‍കിയ ഒരു അഭിമുഖത്തില്‍ ഓര്‍ത്തെടുത്തു.

എം.ഐ.ടിയിലെ പഠന കാലത്ത്, കാമ്പസിലെ മുസ്‌ലിം സ്റ്റുഡന്റ് അസോസിയേഷന്‍ (എം.എസ്.എ) എന്ന സംഘടനയില്‍ ആഫിയ സജീവമായി പ്രവര്‍ത്തിച്ചിരുന്നു. താന്‍ വിശ്വസിക്കുന്ന ആദര്‍ശമായ ഇസ്‌ലാമിനെ കുറിച്ച് അമുസ്‌ലിം സഹോദരങ്ങള്‍ക്ക് അറിവ് പകര്‍ന്നു നല്‍കുന്നതിനും അവരെ ഇസ്‌ലാമിലേക്ക് ക്ഷണിക്കുന്നതിനും വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളില്‍ ആഫിയ അക്കാലഘട്ടത്തില്‍ സജീവമായി തന്നെ ഏര്‍പ്പെട്ടിരുന്നു. അക്കാദമിക തലത്തില്‍ ഒരുപാട് നേട്ടങ്ങള്‍ കൈവരിച്ചുവെങ്കിലും മുസ്‌ലിംകളുടെ അവസ്ഥ മെച്ചപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങളിലായിരുന്നു ആഫിയ മുഖ്യ ഊന്നല്‍ നല്‍കിയത്. എം.ഐ.ടിയിലെ രണ്ടാം വര്‍ഷ പഠനകാലയളവില്‍ ‘പാകിസ്ഥാനിലെ സ്ത്രീ ജീവിതത്തില്‍ ഇസ്‌ലാമിന്റെ സ്വാധീനം’ എന്ന വിഷയത്തെ കുറിച്ച് പഠിക്കുന്നതിന് വേണ്ടി അവര്‍ക്ക് 5000 ഡോളര്‍ ഗ്രാന്റായി ലഭിക്കുകയുണ്ടായി. അക്കാദമിക് തലത്തില്‍ കൈവരിച്ച ഒരുപാട് നേട്ടങ്ങളുടെ കൂടെ, പരിശുദ്ധ ഖുര്‍ആന്‍ പൂര്‍ണ്ണമായും മനഃപാഠമാക്കുക എന്ന ആദരണീയ പദവിയും ആഫിയ കരസ്ഥമാക്കി.

ബിരുദപഠനം പൂര്‍ത്തിയാക്കിയതിനെ തുടര്‍ന്ന്, മുഹമ്മദ് അംജദ് ഖാന്‍ എന്ന ഒരു മെഡിക്കല്‍ വിദ്യാര്‍ത്ഥിയുമായി ആഫിയയുടെ വിവാഹം നടന്നു. ശേഷം ബ്രാന്‍ഡീസ് സര്‍വകലാശാലയില്‍ ‘കൊഗ്നിറ്റീവ് ന്യൂറോസയന്‍സ്’-ല്‍ ബിരുദ പഠനത്തിന് പ്രവേശനം നേടി. 9/11-ന് ശേഷം മുസ്‌ലിംകളെ സംബന്ധിച്ചിടത്തോളം അമേരിക്കയിലെ ജീവിതം ദുസ്സഹമായി തീരുകയും, ആഫിയയുടെ ഭര്‍ത്താവ് എഫ്.ബി.ഐയുടെ പീഢനത്തിന് ഇരയാവുകയും ചെയ്തതിനെ തുടര്‍ന്ന് അവര്‍ ഇരുവരും പാകിസ്ഥാനിലേക്ക് മടങ്ങി. കുറച്ച് കാലം പാകിസ്ഥാനില്‍ താമസിച്ചതിന് ശേഷം അവര്‍ അമേരിക്കയിലേക്ക് തന്നെ തിരിച്ച് പോയി. 2002 വരെ അമേരിക്കയില്‍ താമസിച്ചതിന് ശേഷം വീണ്ടും പാകിസ്ഥാനിലേക്ക് മടങ്ങി. ഇതിനിടയില്‍ അവരുടെ വൈവാഹിക ജീവിതത്തില്‍ ചില പ്രശ്‌നങ്ങള്‍ ഉടലെടുത്തിരുന്നു. മൂന്നാമത്തെ കുട്ടിയെ ഗര്‍ഭം ധരിച്ചതിന്റെ എട്ടാം മാസത്തില്‍ ആഫിയയും ഖാനും വിവാഹബന്ധം വേര്‍പ്പെടുത്തി. ആഫിയയും കുട്ടികളും പിന്നീട് അവളുടെ ഉമ്മയുടെ വീട്ടിലാണ് താമസിച്ചത്. മൂന്നാമത്തെ കുഞ്ഞിന് ജന്മം നല്‍കിയതിന് ശേഷവും ഉമ്മയുടെ വീട്ടില്‍ തന്നെ ആ വര്‍ഷം മുഴുവന്‍ ആഫിയ തങ്ങി. അതിന് ശേഷം 2002 ഡിസംബര്‍ മാസത്തില്‍ ബാള്‍ട്ടിമോര്‍ മേഖലയില്‍ ജോലി തേടിക്കൊണ്ട് ആഫിയ അമേരിക്കയിലേക്ക് തിരിച്ചു. അവിടെയുള്ള സിനായ് ഹോസ്പിറ്റലില്‍ ആഫിയയുടെ സഹോദരി ജോലി ചെയ്യുന്നുണ്ടായിരുന്നു. ഈ പോക്കില്‍ ആഫിയ കുട്ടികളെ കൂടെകൂട്ടിയിരുന്നില്ല.

2003 മാര്‍ച്ച് ഒന്നിന് പാകിസ്ഥാന്‍ സര്‍ക്കാര്‍ ഖാലിദ് ശൈഖ് മുഹമ്മദിനെ അറസ്റ്റ് ചെയ്തു. ആ സംഭവം നടന്ന് 27 ദിവസങ്ങള്‍ക്ക് ശേഷം ആഫിയയെയും അവരുടെ കുട്ടികളെയും ദുരൂഹമായ സാഹചര്യത്തില്‍ കാണാതായി.

ആഫിയയെ കാണാതാവുന്നു
വിദ്യാസമ്പന്നയും, ഗവേഷകയുമായ, അമേരിക്കയിലെ മസാച്ചുസെറ്റസ് ഇന്‍സിറ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയില്‍ പത്ത് വര്‍ഷത്തോളം പഠിച്ച, ജെനറ്റിക്‌സില്‍ പി.എച്ച്.ഡി നേടിയ ഡോ. ആഫിയ സിദ്ദീഖിയും അവരുടെ മൂന്ന് കുഞ്ഞുങ്ങളും 2003 മാര്‍ച്ചില്‍ കറാച്ചിയില്‍ നിന്നും ഒരുപാട് ദുരൂഹതകള്‍ അവശേഷിപ്പിച്ചു കൊണ്ട് അപ്രത്യക്ഷരായി. അന്നുമുതല്‍, ആഫിയയെ കുറിച്ച് തങ്ങള്‍ക്ക് യാതൊരു വിവരവുമില്ലായെന്ന നിലപാട് ആവര്‍ത്തിച്ചു കൊണ്ടിരിക്കുകയായിരുന്നു അമേരിക്കന്‍, പാകിസ്ഥാന്‍ അധികൃതര്‍.

ബ്രിട്ടീഷ് തടവുകാരനായിരുന്ന മുഅസ്സം ബേഗ് തന്റെ ‘ദി എനിമി കോംബാറ്റന്റ്’ എന്ന പുസ്തകത്തില്‍ ആഫിയയെ കുറിച്ച് പരമാര്‍ശിക്കുകയുണ്ടായി. ഇതിന് ശേഷം മാത്രമാണ് മനുഷ്യാവകാശ സംഘടനകളും, മനുഷ്യാവകാശ പ്രവര്‍ത്തകരും-പ്രത്യേകിച്ച് യിവോണ്‍ റിഡ്‌ലിയും, എം.പി ലോര്‍ഡ് നാസിറും- ഏകാന്ത തടവിന് ശിക്ഷിപ്പെട്ട് തടവറയില്‍ കഴിയുന്ന ഡോ. ആഫിയക്ക് വേണ്ടിയും അവരുടെ കുഞ്ഞുങ്ങള്‍ക്ക് വേണ്ടിയും ശബ്ദമുയര്‍ത്തിയത്. ആഫിയയുടെ ജീവിത കഥയിലൂടെ മുന്നോട്ട് പോകുമ്പോള്‍ നമ്മെ ഏറെ അസ്വസ്ഥപ്പെടുത്തുന്ന ഒന്നാണ് അവരുടെ മൂന്ന് കുട്ടികളെ കുറിച്ച് ഇന്നും യാതൊരു വിവരവുമില്ലായെന്ന വസ്തുത. ആഫിയയെ തട്ടിക്കൊണ്ടു പോകുന്ന സമയത്ത് ഒരു മാസത്തിനും ഏഴ് വയസ്സിനും ഇടയിലായിരുന്നു കുട്ടികളുടെ പ്രായം.

2007-ല്‍ ഡോ. ആഫിയയുടെ കേസിന് മാധ്യമങ്ങള്‍ ഗൗരവപൂര്‍വ്വമുള്ള ശ്രദ്ധനല്‍കാന്‍ തുടങ്ങി. ആഫിയക്ക് വന്നുഭവിച്ച ദുര്‍വിധിയെ കുറിച്ച് ഏതാനും റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിക്കപ്പെട്ടു. 2007 ജൂണില്‍ തയ്യാറാക്കിയ പട്ടികയില്‍ ആംനസ്റ്റി ഇന്റര്‍നാഷണല്‍ ആഫിയയുടെ പേരും ഉള്‍പ്പെടുത്തി. ‘യാതൊരു വിവരവും പുറത്ത് വിടാതെ അമേരിക്ക രഹസ്യമായി തടങ്കലില്‍ സൂക്ഷിച്ചിരിക്കുന്ന’ ആളുകളുടെ പേരുകളായിരുന്നു ആ പട്ടികയിലുണ്ടായിരുന്നത്.

ബ്രിട്ടന്റെ ‘ഹൗസ് ഓഫ് ലോര്‍ഡ്‌സ്’ അംഗമായ ലോര്‍ഡ് നാസിര്‍ അഹ്മദ് 650-ാം നമ്പര്‍ തടവുകാരിയെ സംബന്ധിച്ച് ഹൗസില്‍ നിരവധി ചോദ്യങ്ങള്‍ ഉന്നയിക്കുകയുണ്ടായി. ‘ജയില്‍ ഉദ്വോഗസ്ഥരാല്‍ ആഫിയ നിരന്തരമായി ബലാത്സംഗത്തിന് ഇരയായതായും ശാരീരികമായി പീഢിപ്പിക്കപ്പെട്ടതായും അദ്ദേഹം (ലോര്‍ഡ് നാസര്‍) പറഞ്ഞു’, ഒരു പത്രം റിപ്പോര്‍ട്ട് ചെയ്്തു. 650-ാം നമ്പര്‍ തടവുകാരിക്ക് ജയിലില്‍ വനിതകള്‍ക്ക് പ്രത്യേക ഉണ്ടായിരിക്കേണ്ട ബാത്ത്‌റൂം ടോയ്‌ലറ്റ് സൗകര്യങ്ങള്‍ അനുവദിച്ചിരുന്നില്ലെന്നും, മറ്റു പുരുഷ തടവുകാരുടെ കൂടെ തന്നെ അവരുടെ കണ്‍മുന്നില്‍ വെച്ച് പ്രാഥമിക കര്‍മ്മങ്ങളും കുളിയും മറ്റും ആഫിയക്ക് നിര്‍വഹിക്കേണ്ട വരുന്ന സാഹചര്യമാണ് ഉള്ളതെന്നും ലോര്‍ഡ് നാസിര്‍ വ്യക്തമാക്കിയിരുന്നു.

2008 ജൂണ്‍ 6-ാം തിയ്യതിയാണ്, അന്നേക്ക് നാലു വര്‍ഷത്തിലധികമായി അഫ്ഗാനിസ്ഥാനിലെ ബഗ്‌റാം തടങ്കല്‍ പാളയത്തില്‍ അമേരിക്കക്കാരാല്‍ ഏകാന്ത തടവിന് വിധിക്കപ്പെട്ട് കഴിയുന്നുണ്ടെന്ന് വിശ്വസിക്കപ്പെട്ടിരുന്ന ഒരു പാകിസ്ഥാന്‍ സ്ത്രീക്ക് വേണ്ടി സഹായമഭ്യര്‍ത്ഥിച്ചു കൊണ്ട് ബ്രിട്ടിഷ് മാധ്യമപ്രവര്‍ത്തകയായ യിവോണ്‍ റിഡ്‌ലി മുന്നോട്ട് വന്നത്. ‘അവളെ ഞാന്‍ ‘ഗ്രേ ലേഡി’ എന്നാണ് വിളിച്ചത്. കാരണം ഒരു പ്രേതത്തെ പോലെയായിരുന്നു അവളുടെ രൂപം. അവളുടെ കരച്ചിലും നിലവിളികളും അത് കേള്‍ക്കാന്‍ ഇടയായവരെ നിരന്തരമായി വേട്ടയാടുക തന്നെ ചെയ്യും. ഇതൊരിക്കലും ഒരു പാശ്ചാത്യ സ്ത്രീക്ക് സംഭവിക്കുകയില്ല,’ പത്രസമ്മേളനത്തില്‍ യിവോണ്‍ റിഡ്‌ലി പറഞ്ഞു.

ആഫിയക്ക് വേണ്ടി സഹായമഭ്യര്‍ത്ഥിക്കാനാണ് മിസിസ് റിഡ്‌ലി പാകിസ്ഥാനിലെത്തിയത്. മുന്‍ ഗ്വാണ്ടനാമോ തടവുകാരനായ മുഅസ്സം ബേഗ് രചിച്ച ‘ദി എനിമി കോംബാറ്റന്റ്’ എന്ന പുസ്തകം വായിച്ചപ്പോഴാണ് ആഫിയയുടെ കേസ് ശ്രദ്ധയില്‍പ്പെട്ടതെന്ന് അവര്‍ പറഞ്ഞു. 2002 ഫെബ്രുവരിയിലാണ് ഇസ്‌ലാമാബാദില്‍ വെച്ച് മിസ്റ്റര്‍ ബേഗിനെ പിടിച്ചു കൊണ്ടുപോയത്. ഗ്വാണ്ടനാമോയിലേക്ക് മാറ്റുന്നതിന് മുമ്പ് ഒരുവര്‍ഷക്കാലം കാന്തഹാറിലേയും ബഗ്‌റാമിലേയും തടങ്കല്‍ പാളയങ്ങളില്‍ ബേഗ് തടവില്‍ കിടന്നിരുന്നു. 2005-ല്‍ വിട്ടയക്കപ്പെട്ടതിന് ശേഷം ഗ്വാണ്ടനാമോ അനുഭവങ്ങളെ കുറിച്ച് ബേഗ് പുസ്തകം രചിച്ചു. ജസ്റ്റിസ് പാര്‍ട്ടി തലവന്‍ ഇമ്രാന്‍ ഖാനും ആഫിയക്ക് വേണ്ടി ശബ്ദമുയര്‍ത്തി. ആഫിയയുടെ വിഷയത്തില്‍ റിഡ്‌ലിയും ഖാനും ചേര്‍ന്ന് സംയുക്ത പത്രസമ്മേളനം നടത്തിയിരുന്നു. യാതൊരു നടപടികളും കൈക്കൊള്ളാതെ 650-ാം നമ്പര്‍ തടവുപുള്ളിയെ കുറിച്ചുള്ള എല്ലാ വിവരങ്ങളും മറച്ചു വെക്കുന്ന പാകിസ്ഥാന്‍ സര്‍ക്കാറിനെ രൂക്ഷമായ ഭാഷയില്‍ അദ്ദേഹം വിമര്‍ശിക്കുകയുണ്ടായി.

ആഫിയയെ കുറിച്ച് മാധ്യമങ്ങളില്‍ റിപ്പോര്‍ട്ടുകള്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങി. ഗത്യന്തരമില്ലാതെ ബഗ്‌റാം ബേസിലെ 650-ാം തടവുപുളളിയാണ് ആഫിയയെന്ന് അമേരിക്കക്കും പാകിസ്ഥാന്‍ അധികൃതര്‍ക്കും സമ്മതിക്കേണ്ടി വന്നു. ‘ഒരുപാട് വിശ്വസിക്കാന്‍ പ്രയാസമുള്ള ആരോപണങ്ങള്‍. ആഫിയക്കെതിരെയുളള ആരോപണങ്ങളില്‍ ഒന്നു പോലും സൂക്ഷ്മ പരിശോധനക്ക് വിധേയമായിട്ടില്ല.’ ആഫിയയുടെ അറ്റോര്‍ണി ഇലെയ്ന്‍ വിറ്റ്ഫീല്‍ഡ് ഷാര്‍പ്പ് ആണയിട്ടു.

അമേരിക്കന്‍ ഗവണ്‍മെന്റിന്റെ ഔദ്യോഗിക ഭാഷ്യം സി.എന്‍.എന്‍ പ്രസിദ്ധീകരിച്ചിരുന്നു. സി.എന്‍.എന്‍ റിപ്പോര്‍ട്ട് നോക്കാം :
അഫ്ഗാനില്‍ കസ്റ്റഡിയിലായിരിക്കെ അമേരിക്കന്‍ ഓഫീസര്‍മാര്‍ക്കെതിരെ വെടിയുതിര്‍ത്ത കേസില്‍ ആരോപണവിധേയയായ ഒരു പാകിസ്ഥാന്‍ ശാസ്ത്രജ്ഞയെ ചൊവ്വാഴ്ച്ച രാവിലെ ന്യൂയോര്‍ക്കിലെ ഒരു മജിസ്‌ട്രേറ്റ് ജഡ്ജിന് മുന്നില്‍ ഹാജറാക്കും.

എഫ്.ബി.ഐ ആഫിയക്ക് നോട്ടീസ് അയച്ചിരുന്നു. ഭീകരവാദത്തിന്റെ പേരില്‍ നിരവധി വര്‍ഷങ്ങളായി എഫ്.ബി.ഐ ആഫിയയെ അന്വേഷിച്ചു കൊണ്ടിരിക്കുകയായിരുന്നത്രെ. കൊലപാതക ശ്രമം, ഒരു യു.എസ് ഉദ്യോഗസ്ഥനെ ആക്രമിച്ചു തുടങ്ങിയ കേസുകളാണ് ആഫിയയുടെ മേല്‍ ചാര്‍ത്തിയിട്ടുള്ളത്.

അമേരിക്കയില്‍ വിദ്യാഭ്യാസം നേടിയ ന്യൂറോ സയന്റിസ്റ്റായ ഈ 36 വയസ്സുകാരി അല്‍ഖാഇദ അംഗമാണോ എന്നും സംശയിക്കപ്പെടുന്നുണ്ട്. കുറ്റും തെളിയിക്കപ്പെടുന്ന പക്ഷം ഇവര്‍ക്ക് ഓരോ കേസിനും കൂടിയാല്‍ 20 വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കുന്നതായിരിക്കും. ജൂലൈ 18-ന് അഫ്ഗാനില്‍ വെച്ച് വലിയ സുരക്ഷാ ക്രമീകരണങ്ങളില്ലാതെ ആഫിയയെ ഇരുത്തിയിരുന്ന മുറിയിലേക്ക് അറിയാതെ കയറിയ എഫ്.ബി.ഐ സ്‌പെഷ്യല്‍ ഏജന്റുമാര്‍, ഒരു യു.എസ് ആര്‍മി വാറണ്ട് ഓഫീസര്‍, ഒരു ആര്‍മി ക്യാപ്റ്റന്‍, സൈനിക ദ്വിഭാഷികള്‍ എന്നിവരുടെ നേര്‍ക്ക് ആഫിയ വെടിവെച്ചു എന്നാണ് അധികൃതര്‍ പറയുന്നത്. പ്രസ്തുത സംഘത്തിന് നേരെ ഒരു ഓഫീസറുടെ തോക്ക് ഉപയോഗിച്ച് വെടിയുതിര്‍ക്കുന്ന നേരത്ത് ആഫിയ സിദ്ദീഖി ഒരു കര്‍ട്ടന് പിന്നിലായിരുന്നത്രെ. അവള്‍ രണ്ട് തവണ വെടിവെച്ചു, പക്ഷെ ആര്‍ക്കും വെടിയേറ്റില്ലെന്നാണ് ഓഫീസര്‍മാര്‍ പറയുന്നത്. വാറണ്ട് ഓഫീസര്‍ ഉടനെ തിരിച്ച് വെടിവെച്ചു. അതില്‍ ആഫിയക്ക് വെടിയേറ്റു. ബോധംമറയുന്നതിന് മുമ്പ് ആഫിയ പ്രസ്തുത ഉദ്യോഗസ്ഥരുമായി മല്‍പിടുത്തം നടത്തിയെന്നാണ് അവര്‍ പറയുന്നത്. പിന്നീട് ആഫിയയെ ചികിത്സ നല്‍കുന്നതിനായി അവിടെ നിന്നും മാറ്റി. ഈ വെടിവെപ്പ് നടക്കുന്നതിന് ഒരു ദിവസം മുമ്പ്, ഗസ്‌നി ഗവര്‍ണറുടെ വസതിക്ക് പുറത്ത് വെച്ച് അഫ്ഗാന്‍ പോലിസ് ആഫിയയെ അറസ്റ്റ് ചെയ്തിരുന്നു. ബോംബ് നിര്‍മാണത്തിലുള്ള മാര്‍ഗരേഖകള്‍, ‘അനാര്‍കിസ്റ്റ്‌സ് ആര്‍സണല്‍’ എന്ന പുസ്തകത്തില്‍ നിന്നുള്ള ചില ഭാഗങ്ങള്‍, അമേരിക്കയിലെ ചില സ്ഥലങ്ങളുടെ വിവരണങ്ങളടങ്ങിയ കടലാസുകള്‍, കുപ്പികളിലും ചില്ലു ജാറുകളിലും അടച്ചുവെച്ച ചില വസ്തുകള്‍ എന്നിവ അവരില്‍ നിന്നും കണ്ടെടുത്തെന്നാണ് യു.എസ് ഉദ്യോഗസ്ഥര്‍ പറഞ്ഞത്’.

ഈ ആരോപണങ്ങളോട് പ്രതികരിച്ചു കൊണ്ട് എലെയ്ന്‍ വിറ്റ്ഫീല്‍ഡ് ഷാര്‍പ്പ് ഡോണ്‍, ജിയോ, സി.എന്‍.എന്‍ എന്നീ മാധ്യമങ്ങളോട് പറഞ്ഞു :
‘ഇതൊരു ബുദ്ധിമതിയായ സ്ത്രീയാണ്. ഗവര്‍ണറുടെ വസതിക്ക് പുറത്ത് എന്താണ് അവള്‍ ചെയ്തുക്കൊണ്ടിരുന്നത്? ഈ സ്ത്രീ ഒരു ഗവേഷകയാണ്. ഇതുപോലൊരു സ്ത്രീ ഇത്തരമൊരു മണ്ടത്തരം ചെയ്യുമോ? ഒരു തരം അനൗചിത്യം ഇവിടെയുണ്ട്. ഭരണകൂടത്തിന്റെ അവകാശവാദങ്ങള്‍ അംഗീകരിക്കാന്‍ എനിക്ക് ബുദ്ധിമുട്ടുണ്ട്,’

‘അപകടകരമെന്ന് കണക്കാക്കപ്പെടുന്ന ദ്രവപദാര്‍ത്ഥങ്ങള്‍ അവരുടെ പക്കല്‍ ഉണ്ടായിരുന്നെങ്കില്‍ പിന്നെന്തു കൊണ്ടാണ് സുരക്ഷാഗാര്‍ഡുകളൊന്നുമില്ലാത്ത ഒരു മുറിയിലെ കര്‍ട്ടന് പിന്നില്‍ അവരെ ഒറ്റക്കിരുത്തിയത്? എന്നിട്ട് ഈ അപകടകാരിയായ, കൊടുംകുറ്റവാളി ഒരു തോക്കെടുത്ത് വെടിയുതിര്‍ക്കുകയും ഉന്നം തെറ്റുകയും ചെയ്തു?’

ഡോ. ആഫിയയുടെ സഹോദരി ഡോ. ഫൗസിയ മനുഷ്യാവകാശ പ്രവര്‍ത്തകനായ ഇഖ്ബാല്‍ ഹൈദറിന്റെ കൂടെ ഒരു പത്രസമ്മേളനം നടത്തിയിരുന്നു. ‘യുക്തിസഹമായ സംശയത്തിനപ്പുറം’ തന്റെ സഹോദരിക്കെതിരെയുള്ള കുറ്റങ്ങള്‍ തെളിവു സഹിതം സ്ഥാപിക്കാന്‍ അവര്‍ ഗവണ്‍മെന്റിനോട് ആവശ്യപ്പെട്ടു. തന്റെ സഹോദരിയെ വീട്ടിലേക്ക് തിരികെ കൊണ്ടുവരാന്‍ സജീവമായി ഇടപെടണമെന്ന് അവര്‍ പാകിസ്ഥാന്‍ സര്‍ക്കാറിനോടും, എല്ലാ മതവിശ്വാസികളോടും, രാഷ്ട്രീയ പാര്‍ട്ടികളോടും, മനുഷ്യാവകാശ സംഘടനകളോടും അഭ്യാര്‍ത്ഥിച്ചു. ഏറ്റവും ചുരുങ്ങിയത് ആഫിയയുടെ കുട്ടികളെയെങ്കിലും എത്രയും പെട്ടെന്ന് കുടുംബത്തിന് കൈമാറാന്‍ അവര്‍ തയ്യാറാകണം. ഗൗരവമേറിയ മനുഷ്യാവകാശ ലംഘനങ്ങളില്‍ ഒന്നാണിത്. ‘അമേരിക്കക്ക് നാണക്കേടില്‍ നിന്നും സംരക്ഷണം നല്‍കുന്നതിന്റെ പേരില്‍ ഒരു രാഷ്ട്രീയ വിചാരണയെ ഞാന്‍ ഭയപ്പെടുന്നു,’ ഫൗസിയ സിദ്ദീഖി പറഞ്ഞു. അമേരിക്കന്‍ സര്‍ക്കാറിനെയും പാകിസ്ഥാന്‍ സര്‍ക്കാറിനെയും ഇഖ്ബാല്‍ ഹൈദര്‍ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു. മനുഷ്യത്വരഹിതമായ ഇത്തരം പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നതിലൂടെ അമേരിക്കയും പാകിസ്ഥാനും ഭീകരവാദം വളരാനുള്ള സാഹചര്യമൊരുക്കുകയാണെന്ന് അദ്ദേഹം തുറന്നടിച്ചു.

2003 മാര്‍ച്ച് 28-ന് ഗുല്‍ഷനെ ഇഖ്ബാലിലെ അവരുടെ വീട്ടില്‍ നിന്നും റാവല്‍പ്പിണ്ടിയിലേക്ക് പോകാന്‍ ആഫിയ പുറപ്പെട്ടതായി അവരുടെ ഉമ്മ പറഞ്ഞു. ഒരു മെട്രോ-കാബിലാണ് ആഫിയ പോയത്. വിമാനമാര്‍ഗം റാവല്‍പ്പിണ്ടിയിലേക്ക് പോകാനായിരുന്നു നിശ്ചയിച്ചിരുന്നത്. പക്ഷെ ആഫിയ വിമാനത്താവളത്തിലെത്തിയിട്ടില്ല. 2010 ഫെബ്രുവരി മാസത്തില്‍ ആഫിയയുടെ മൂത്ത മകന്‍ പെട്ടെന്ന് രംഗപ്രവേശനം ചെയ്യുകയും എങ്ങനെയാണ്, എപ്പോഴാണ് അവനും അവന്റെ ഉമ്മയും സഹോദരങ്ങളും വീട്ടില്‍ നിന്നും പുറപ്പെട്ടതെന്ന് വിശദീകരിച്ചു. പതിനഞ്ചിനും ഇരുപതിനും ഇടയില്‍ ആളുകളുള്ള ഒരു സംഘം, ഇവരില്‍ ഒരു ‘വെളുത്ത യുവതിയും’, ഐ.എസ്.ഐ അംഗങ്ങളും ഉള്‍പ്പെടും, അടുത്ത തെരുവില്‍ മൂന്ന് നാല് വാഹനങ്ങളിലായി കാത്തു നില്‍ക്കുന്നുണ്ടായിരുന്നു. ആഫിയയും കുട്ടികളും അടുത്തെത്തിയ ഉടനെ ഈ സംഘം അവരെ പിടികൂടി തട്ടിക്കൊണ്ടു പോവുകയായിരുന്നു. തന്റെ മുഖം പെട്ടെന്ന് തന്നെ മൂടിയ സംഘം അടുത്ത നിമിഷം ശരീരത്തില്‍ മയക്കുമരുന്ന് കുത്തിവെച്ചതായി ആഫിയ തന്റെ വക്കീലിനോട് വിശദീകരിച്ചിരുന്നു. പിന്നീട് അവള്‍ ഉണര്‍ന്നപ്പോള്‍ ഏതോ ഒരു സ്ഥലത്ത് സ്ട്രക്ച്ചറില്‍ ബന്ദിക്കപ്പെട്ട അവസ്ഥയിലായിരുന്നു. അത് കറാച്ചിയായിരുന്നില്ല കാരണം വളരെ വരണ്ട അന്തരീക്ഷമായിരുന്നു അവിടത്തേതെന്ന് അവള്‍ പറഞ്ഞു.

ആഫിയയുടെ വിചാരണ തുടങ്ങിയതിന് ശേഷം, അവരുടെ വക്കീലായ എലെയ്ന്‍ ഷാര്‍പ്പ് ആഫിയയുടെ കൈക്കുഞ്ഞ് സുലൈമാന്‍ അറസ്റ്റിനിടയില്‍ കൊല്ലപ്പെട്ടുവെന്ന് വിശ്വസിക്കപ്പെടുന്നത് എങ്ങനെയാണെന്ന് വിശദീകരിച്ചു. ചോരയില്‍ കുളിച്ച് കിടക്കുന്ന സുലൈമാന്റെ കുഞ്ഞു ശരീരത്തിന്റെ ചിത്രം പിന്നീട് ആഫിയക്ക് കാണിച്ചു കൊടുത്തിരുന്നു. സുലൈമാന്‍ ജീവനോടെയുണ്ടോ എന്ന് ആര്‍ക്കും അറിയില്ല. ജീവനോടെയുണ്ടാവുമെങ്കില്‍ ഇന്നവന് എട്ട് വയസ്സ് പ്രായമുണ്ടായിരിക്കും.

ഭീകരവാദ കുറ്റകൃത്യങ്ങളുടെ പേരില്‍ ഒരു സ്ത്രീയെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും, പാകിസ്ഥാന്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ സ്ഥിരീകരണം ലഭിച്ചിട്ടുണ്ടെന്നുമുള്ള റിപ്പോര്‍ട്ടുകള്‍ പാകിസ്ഥാന്‍ പത്രങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്നു. ‘രഹസ്യാന്വേഷണ ഏജന്‍സിയാണ് കറാച്ചിയില്‍ നിന്നും ആഫിയയെ പൊക്കിയതെന്നും’, ‘പിന്നീട് ചോദ്യംചെയ്യലിനായി ഒരു അജ്ഞാത സ്ഥലത്തേക്ക് മാറ്റി’ എന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഒരു വര്‍ഷത്തിന് ശേഷം, 2003-ല്‍ ആഫിയയെ അമേരിക്കന്‍ അധികൃതര്‍ക്ക് കൈമാറിയെന്ന് ഒരു പാകിസ്ഥാന്‍ സര്‍ക്കാര്‍ വക്താവിനെ ഉദ്ദരിച്ചു കൊണ്ട് മാധ്യമങ്ങള്‍ എഴുതി.

എഫ്.ബി.ഐ അവരുടെ വെബ്‌സൈറ്റില്‍ ആഫിയയുടെ ഫോട്ടോയിടുന്ന സമയത്ത് അവളെ കാണാതായിട്ട് ഒരു വര്‍ഷത്തിലധികമായിരുന്നു.

മോട്ടോര്‍ ബൈക്ക് ഹെല്‍മറ്റ് അണിഞ്ഞ് വീട്ടിലെത്തിയിരുന്ന ഒരു അജ്ഞാതന്‍, മകളേയും പേരക്കുട്ടികളെയും ഇനി കാണണമെന്നുണ്ടെങ്കില്‍ വായടച്ചിരിക്കണമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായി 2003-ല്‍ ബി.ബി.സിക്ക് വേണ്ടി നല്‍കിയ ഒരഭിമുഖത്തില്‍ ആഫിയയുടെ ഉമ്മ വെളിപ്പെടുത്തിയിരുന്നു. ആഫിയയുടെ കസ്റ്റഡിയെ കുറിച്ച് എന്തെങ്കിലും തരത്തിലുള്ള വിവരങ്ങള്‍ നല്‍കാന്‍ പാകിസ്ഥാന്‍ സര്‍ക്കാറും അതുപോലെ തന്നെ അമേരിക്കന്‍ സര്‍ക്കാറും ഒരു പോലെ വിസമ്മതിച്ചു. 2004-ല്‍ അന്നത്തെ ആഭ്യന്തര മന്ത്രിയായിരുന്ന സയ്യിദ് ഫൈസല്‍ സാലിഹ് ഹയാത്ത് ആഫിയ ഉടന്‍ തന്നെ മോചിതയാവുമെന്നും വീട്ടില്‍ തിരിച്ചെത്തുമെന്നും തന്നോട് പറഞ്ഞിരുന്നതായി ആഫിയയുടെ സഹോദരി ഡോ. ഫൗസിയ പറഞ്ഞു.

ആഫിയയെ കാണാതായ ഏതാണ്ട് അതേ സമയത്ത് തന്നെയാണ് അല്‍ഖാഇദയുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന രണ്ട് പേര്‍ കറാച്ചിയില്‍ നിന്നും അപ്രത്യക്ഷരായത്- മാജിദ് ഖാന്‍, അലി അബ്ദുല്‍ അസീസ് അലി എന്നായിരുന്നു അവരുടെ പേരുകള്‍. പാകിസ്ഥാന്‍ ഇന്റലിജന്‍സ് സര്‍വ്വീസ് അറസ്റ്റ് ചെയ്ത് ഭീകര വിരുദ്ധ യുദ്ധത്തിന്റെ ഭാഗമായി എഫ്.ബി.ഐക്കും സി.ഐ.എക്കും കൈമാറിയ നൂറുകണക്കിന് ആളുകളില്‍ അവരും ഉള്‍പ്പെട്ടിരിക്കാം. ഖാലിദ് ശൈഖ്, ഖാന്‍, അലി എന്നിവരെപ്പോലെ 2006 സെപ്റ്റംബറില്‍ സി.ഐ.എ കസ്റ്റഡിയില്‍ നിന്നും ഗ്വാഢനാമോയിലേക്ക് മാറ്റുന്നത് വരേക്കും ആഫിയയെ കുറിച്ച് യാതൊരു വിവരവുമുണ്ടായിരുന്നില്ല. സി.ഐ.എ കസ്റ്റഡിയില്‍ വെച്ച് വാട്ടര്‍ ബോര്‍ഡിംഗ് അടക്കമുള്ള മര്‍ദ്ദന മുറകള്‍ക്ക് ആഫിയ വിധേയയായിരുന്നു. (തുടരും)

ആഫിയ രഹസ്യ തടങ്കലില്‍
അഹ്മദ് സിദ്ദീഖിയുടെ മോചനം

Related Articles