Current Date

Search
Close this search box.
Search
Close this search box.

ഹാജി വി.പി മുഹമ്മദലി

hajisa.jpg

1912ല്‍ മലപ്പുറം ജില്ലയിലെ വളാഞ്ചേരിക്കടുത്തുള്ള എടയൂരിലാണ് ഹാജിസാഹിബിന്റെ ജനനം. വലിയപറമ്പില്‍ തറവാട്ടിലെ കാരണവരായ പോക്കാമുട്ടിഹാജിയാണ് പിതാവ്. ഖിലാഫത്ത് സമരത്തില്‍ പങ്കെടുത്തതിനാല്‍ പോക്കാമുട്ടി ഹാജി രണ്ട് വര്‍ഷം ജയിലിലായിരുന്നു. മാതാവ് ചങ്ങമ്പള്ളി കുഞ്ഞാലന്‍ കുട്ടി ഗുരുക്കളുടെ മകള്‍ ഫാത്തിമ. ഹാജിസാഹിബിന് മക്കള്‍ ഇല്ല.

നാലാം ക്ലാസ് വരെ മാത്രമേ അദ്ദേഹത്തിന് പൊതുവിദ്യാഭ്യാസം നേടാന്‍ കഴിഞ്ഞുള്ളൂ. രാഷ്ട്രമീമാംസയും തത്ത്വശാസ്ത്രവും സാമൂഹിക ശാസ്ത്രങ്ങളും അദ്ദേഹം സ്വന്തം നിലക്ക് പഠിച്ചു. ചെറുപ്പത്തിലേ ശുദ്ധവും സ്ഫുടവുമായ ഭാഷയില്‍ പ്രസംഗിക്കാനും എഴുതാനും ശീലിച്ചിരുന്നു. നാട്ടില്‍ നിന്ന് സമാന്യ മതവിദ്യാഭ്യാസം നേടിയ ശേഷം ഉപരിപഠനത്തിനായി എടക്കുളത്തെ പള്ളിദര്‍സില്‍ ചേര്‍ന്നു. തുടര്‍ന്ന് പഠനത്തിനായി മണ്ണാര്‍ക്കാട്ടേക്കും ആലത്തൂരിലേക്കും സ്ഥലം മാറി. 1930ല്‍ പതിനേഴാം വയസ്സില്‍ ആലത്തൂരില്‍ നിന്ന് മഞ്ചേരിയിലെ പള്ളിദര്‍സിലേക്ക് വന്നു. മഞ്ചേരിയില്‍ കുഞ്ഞാലന്‍ മുസ്‌ലിയാര്‍ എന്നപേരിലാണ് അറിയപ്പെട്ടിരുന്നത്.

ഇമാം ഗസ്സാലിയുടെ ഇഹ്‌യാ ഉലൂമുദ്ദീന്‍ മുഹമ്മദലി സാഹിബിനെ വളരെയേറെ സ്വാധീനിച്ച കൃതിയാണ്. വളരെ സാഹസികമായി ഹജ്ജിന് പോകാനുള്ള തീരുമാനം ഇഹ്‌യായുടെ പാരായണത്തിന്റെ കൂടി സ്വാധീനഫലമായിരുന്നു. കാല്‍നടയായും യാത്രാചെലവുകള്‍ കൂലിവേല ചെയ്ത് സമ്പാദിച്ചും അദ്ദേഹം ബോംബെയിലെത്തി. ബോംബെയില്‍ നിന്ന് ‘ബഗ്ല’ എന്ന ഒരുതരം പായക്കപ്പലില്‍ കയറി ‘ശഹ്‌റു മുഖല്ല’ എന്ന സ്ഥലത്ത് ചെന്നിറങ്ങി. അവിടെനിന്ന് മണലാരണ്യത്തിലൂടെ മക്കയിലേക്ക് നടക്കുകയായിരുന്നു. അത്യുഷ്ണമേറ്റ് കൂടെയുണ്ടായിരുന്ന സുഹൃത്ത് രോഗബാധിതനായി മരിച്ചു. മുഹമ്മദലി സാഹിബ് ഒരുവിധം മക്കയിലെത്തി ഹജ്ജ് നിര്‍വഹിച്ചു.

വിജ്ഞാനദാഹം ആ അന്വേഷണകുതുകിയെ വീണ്ടും വിദ്യാകേന്ദ്രങ്ങളിലേക്ക് നയിച്ചു. ഹജ്ജ് കഴിഞ്ഞ് തിരിച്ചുവന്ന് ഏതാനും മാസങ്ങള്‍ പിന്നിട്ടപ്പോള്‍ അദ്ദേഹം വെല്ലൂര്‍ അല്‍ബാഖിയാത്തുസ്സ്വാലിഹാത്തിലേക്കു പുറപ്പെട്ടു. അവിടെച്ചേര്‍ന്ന് പഠനമാരംഭിച്ചുവെങ്കിലും തന്റെ സംശയങ്ങള്‍ക്കൊന്നും തൃപ്തികരമായ മറുപടി നല്‍കുന്ന ആരെയും കണ്ടെത്താത്തതിനാല്‍ അവിടെനിന്ന് ഉമറാബാദിലേക്ക് പുറപ്പെട്ടു. ദാറുസ്സലാം അറബിക് കോളേജില്‍ ചേര്‍ന്ന് പഠനമാരംഭിച്ചു. ക്ലാസുകള്‍ ശ്രദ്ധിക്കുന്നതോടൊപ്പം ഉയര്‍ന്ന വൈജ്ഞാനിക ചര്‍ച്ചകളിലും ഗവേഷണ ചിന്തകളിലും ഗ്രന്ഥപാരായണങ്ങളിലുമായി സമയം ചെലവഴിച്ചു.

മൗലാനാ മൗദൂദി സാഹിബിന്റെ പുസ്തകങ്ങളും ലേഖനങ്ങളും താല്‍പര്യപൂര്‍വം വായിച്ചുകൊണ്ടിരുന്ന സ്മര്യപുരുഷന്‍ ജമാഅത്തെ ഇസ്‌ലാമി രൂപവത്കൃതമായ അതേ വര്‍ഷം, 1941 ഒക്ടോബര്‍ 15ന് അതില്‍ അംഗമായി. കത്തിടപാടിലൂടെയായിരുന്നു മൗദൂദി സാഹിബും കഥാനായകനും പരസ്പരം ബന്ധപ്പെട്ടിരുന്നത്.

അതീവ സങ്കീര്‍ണങ്ങളും ഗഹനങ്ങളുമായ ആധുനിക പ്രശ്‌നങ്ങളില്‍ പോലും ഇസ്‌ലാമിന്റെ വീക്ഷണങ്ങളും സമീപനങ്ങളും യുക്തിസഹമായി സമൂഹസമക്ഷം സമര്‍പ്പിച്ചിരുന്ന മൗലാനയുടെ ശിഷ്യത്വം സ്വീകരിച്ച് കൂടുതല്‍ പഠിക്കാന്‍ ഹാജി സാഹിബിന്റെ ഹൃദയം തുടികൊട്ടി. അതിന്റെ ഫലം ദുരിതപൂര്‍ണമായ ഒരു യാത്രയായിരുന്നു. അതാരംഭിച്ചത് കണ്ണൂരിലെ പഴയങ്ങാടിയില്‍നിന്നാണ്. ലക്ഷ്യം പത്താന്‍കോട്ടിലെ ദാറുല്‍ ഇസ്‌ലാമും. അവിടം കേന്ദ്രമാക്കിയാണ് മൗദൂദി സാഹിബ് തന്റെ വിപ്ലവശ്രമങ്ങള്‍ കരുപ്പിടിപ്പിച്ചുകൊണ്ടിരുന്നത്.

പത്താന്‍കോട്ടില്‍നിന്ന് മടങ്ങിയെത്തിയ ആ വിപ്ലവകാരി ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ ശബ്ദം നാട്ടിന്റെ നാനാഭാഗങ്ങളിലുമെത്തിക്കാന്‍ തീവ്രയത്‌നം നടത്തി. സ്വദേശത്തും പരിസരപ്രദേശങ്ങളിലും പ്രസ്ഥാനത്തിന് ഏതാനും ഗുണകാംക്ഷികളെ വളര്‍ത്തിയെടുക്കാന്‍ അനായാസം സാധിച്ചു. ഹാജി സാഹിബിന്റെ മികവാര്‍ന്ന വ്യക്തിത്വത്തിനും സ്‌നേഹമസൃണമായ സമീപനരീതിക്കും ഇതില്‍ വളരെ വലിയ പങ്കുണ്ട്. ഗ്രാമ ഗ്രാമാന്തരങ്ങളിലൂടെ സഞ്ചരിച്ചും മതപ്രഭാഷണങ്ങള്‍ നടത്തിയും അദ്ദേഹം ഇസ്‌ലാമികാദര്‍ശത്തിന്റെ മഹിത രൂപം സമൂഹത്തിന്റെ മുമ്പില്‍ സമര്‍പ്പിച്ചുകൊണ്ടിരുന്നു.

ഇസ്‌ലാമിക പ്രസ്ഥാനത്തോട് പ്രതിബദ്ധത പുലര്‍ത്തുന്ന ഏതാനും വ്യക്തികളെ സംഘടിപ്പിച്ചുകൊണ്ട് ഹാജി സാഹിബ് ‘ജമാഅത്തുല്‍ മുസ്തര്‍ശിദീന്‍’ രൂപവത്കരിച്ചു. 1946ലായിരുന്നു ഇത്. സി.എം. മൊയ്തീന്‍കുട്ടി, പറമ്പില്‍ കുഞ്ഞലവി, വി.പി. കുഞ്ഞഹമ്മദ്, ടി.കെ.വി. മൊയ്തീന്‍കുട്ടി, യു. മുഹമ്മദ്, ടി.പി. അബ്ദുര്‍റഹ്മാന്‍, പി. മരക്കാര്‍ തുടങ്ങി ഇരുപതോളം ആളുകള്‍ ഈ രൂപവത്കരണയോഗത്തില്‍ സംബന്ധിച്ചിരുന്നു. ജമാഅത്തെ ഇസ്‌ലാമിയുടെ അതേ ആദര്‍ശം അംഗീകരിച്ച സംഘമാണ് ‘ജമാഅത്തുല്‍ മുസ്തര്‍ശിദീന്‍’.

വളാഞ്ചേരിയിലെ പി. മരക്കാര്‍ ഹാജിയുടെ വീട്ടില്‍ ചേര്‍ന്ന ജമാഅത്തുല്‍ മുസ്തര്‍ശിദീന്റെ യോഗമാണ് സംഘത്തെ ജമാഅത്തെ ഇസ്‌ലാമിയാക്കിമാറ്റാന്‍ തീരുമാനിച്ചത്. അങ്ങനെയാണ് 1948ല്‍, ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമിയുടെ കേരളത്തിലെ രണ്ടാമത്തെ ഘടകം വളാഞ്ചേരിയില്‍ നിലവില്‍ വന്നത്. പ്രസ്തുത യോഗത്തില്‍ പതിനഞ്ചിലധികം ആളുകള്‍ സംബന്ധിച്ചു. തുടര്‍ന്ന ആശയ പ്രചാരണ രംഗത്ത് പ്രസാധക വിഭാഗമായി ഇസ്‌ലാമിക് പബ്ലിഷിങ് ഹൗസും മുഖപത്രമായി പ്രബോധനവും ആരംഭിച്ചു. മലയാള ഭാഷ സ്വായത്തമാക്കി ഉറുദുമില്‍ നിന്നുള്ള പ്രമുഖ ഗ്രന്ഥങ്ങളും ലേഖനങ്ങളുമെല്ലാം ഇതിലൂടെ മലയാളത്തിലേക്ക് പ്രസരിച്ചു.

ജമാഅത്തിന്റെ പ്രവര്‍ത്തകരുടെ ഒരു യോഗത്തില്‍ പങ്കെടുക്കാന്‍ നടന്ന് പോവുമ്പോള്‍ കൊടിഞ്ഞി(മലപ്പുറം)യില്‍ വെച്ചായിരുന്നു അദ്ദേഹത്തിന്റെ മരണം. 1959 ഓക്ടോബര്‍ 2 ന് ഹാജിസാഹിബ് അന്തരിച്ചു. 47 വയസ്സായിരുന്നു.

Related Articles