Current Date

Search
Close this search box.
Search
Close this search box.

മുട്ടാണിശ്ശേരിയില്‍ എം. കോയക്കുട്ടി

koyakutt.jpg

1926 ല്‍ കായംകുളത്തെ മുട്ടാണിശ്ശേരിയില്‍ കുടുംബത്തില്‍ ജനിച്ചു. പിതാവ് മുഹമ്മദ് കുഞ്ഞ്. മാതാവ്: അവുക്കാദരുമ്മ. എരുവകിഴക്ക് മുഹമ്മദന്‍ എല്‍. പി. സ്‌കൂള്‍, കായംകുളം എന്നിവിടങ്ങളില്‍ പ്രാഥമിക വിദ്യാഭ്യാസം. 1945 ല്‍ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇന്റര്‍മീഡിയറ്റ് പാസായശേഷം കൊല്ലം എസ്.എന്‍ കോളേജില്‍ പഠിച്ച് ഫിസിക്‌സില്‍ ബിരുദം നേടി. വക്കം മൗലവിയുടെ ശിഷ്യനായിരുന്ന ഇഞ്ചക്കല്‍ അബ്ദുല്‍ ഖാദര്‍ മുന്‍ഷി, ഓച്ചിറ അസ്സനാര്‍ കുഞ്ഞ് മൗലവി, ദക്ഷിണകേരള ഇസ്‌ലാം മതവിദ്യാഭ്യാസ ബോര്‍ഡ് ചെയര്‍മാനായിരുന്ന ആയിരത്ത് ഉമര്‍ കുട്ടി മൗലവി, കരുനാഗപ്പള്ളി യൂനുസ് മൗലവി എന്നിവര്‍ വിവിധ ദീനീ വിഷയങ്ങളിലെ ഗുരുനാഥന്മാരായിരുന്നു.

1951 മുതല്‍ 1967 വരെ കായംകുളത്ത് പുകയില സ്റ്റേഷനറി വ്യാപാരത്തില്‍ ഏര്‍പ്പെട്ടു. 1955 ല്‍ വിശുദ്ധ ഖുര്‍ആന് മലയാള പരിഭാഷ തയ്യാറാക്കാനുള്ള ശ്രമമാരംഭിച്ചു. 1965 ല്‍ ടി.പി. കുട്ടിയാമുവിന്റെ സഹകരണത്തോടെ വിശുദ്ധ ഖുര്‍ആന്‍ മലയാള പരിഭാഷ ലേഖാ പബ്ലിക്കേഷന്‍സ് പ്രസിദ്ധീകരിച്ചു. റിട്ട. ചീഫ് എഞ്ചിനീയര്‍ എ.എം. ഉസ്മാനാണ് അവതാരിക എഴുതിയത്. 1996 വരെ ആറ് പതിപ്പുകള്‍ പുറത്തിറങ്ങി. ഖുര്‍ആന്‍ പരിഭാഷക്ക് കേരള സാഹിത്യ അക്കാദമിയുടെ 1966 ലെ ഏറ്റവും നല്ല ക്ലാസിക് കൃതിയുടെ പരിഭാഷക്കുള്ള അവാര്‍ഡ് ലഭിച്ചു. 1994 ല്‍ ഇമാം ഗസ്സാലിയുടെ മിശ്കാത്തുല്‍ അന്‍വാര്‍ വിവര്‍ത്തനം ചെയ്തു. ഇബ്‌നു ഖല്‍ദൂനിന്റെ വിശ്വപ്രശ്‌സ്തമായ കൃതിയായ മുഖദ്ദിമ എന്ന കൃതിയുടെ പരിഭാഷയാണ് കോയക്കുട്ടി മൗലവിയുടെ പ്രധാനകൃതി. മാതൃഭൂമി പബ്ലിഷിങ് കമ്പനിയാണ് ഇത് പ്രസിദ്ധീകരിച്ചത്.

1993 ല്‍ അബുല്‍ ഹസന്‍ അലി മൗലവിയുടെ പാരായണ സഹിതം ഖുര്‍ആനിന്റെ സമ്പൂര്‍ണമലയാള പരിഭാഷ 41 ഓഡിയോ കാസറ്റുകളിലും MP3 യിലുമായി പുറത്തിറക്കി. ഖുര്‍ആനിലെ ഉപമകള്‍, ശുദ്ധീകരണം, ശാസ്ത്ര വേദസംഗമം ഖുര്‍ആനില്‍, ഇസ്‌ലാം ഒരു വിശകലന പഠനം, ഖുര്‍ആന്‍ പാരായണ സഹായി എന്നിവയാണ് പ്രധാന കൃതികള്‍. Science Enshrined in the glorius Quran, Science behind the miracle, challenge എന്നിവയാണ് ഇംഗ്ലീഷില്‍ രചിച്ച കൃതികള്‍. ക്രൈസ്തവ വിശ്വാസത്തെ ഖണ്ഡിച്ചു കൊണ്ടെഴുതിയതാണ് യേശു ക്രൂശിക്കപ്പെട്ടുവോ, കല്ല് നീക്കിയതാര് എന്നീ കൃതികള്‍.

മികച്ച വാഗ്മിയായ കോയക്കുട്ടി മൗലവി, ഇസ്‌ലാമിന്റെ വികാസം, മതവും യുക്തിവാദവും, മുസ്‌ലിംകളുടെ നേട്ടങ്ങള്‍, വിശ്വാസവും മതവും, ഇസ്‌ലാമും ജനാധിപത്യവും തുടങ്ങിയ വിഷയങ്ങള്‍ പ്രൗഢമായ പ്രഭാഷണങ്ങള്‍ നടത്തിയിട്ടുണ്ട്. ഇംഗ്ലീഷ് സാഹിത്യത്തില്‍ നല്ല പ്രാവിണ്യമുള്ള അദ്ദേഹം അഞ്ച് വര്‍ഷം കര്‍ണാടക സംഗീതവും അഭ്യസിച്ചിട്ടുണ്ട്. മാഹാത്മാഗാന്ധി സര്‍വ്വകലാശാലയുടെ ചരിത്ര വിഭാഗം ബോര്‍ഡ് ഓഫ് സ്റ്റഡീസ് അംഗ(1994)വും, കോഴിക്കോട് സര്‍വ്വകലാശാല ഇസ്‌ലാമിക് ചെയര്‍ വിസിറ്റിങ് പ്രൊഫസര്‍ (1994-95) ആയിരുന്നു. 1986 ല്‍ തിരുവനന്തപുരത്ത് സ്ഥാപിതമായ സെന്റര്‍ ഫോര്‍ ഇസ്‌ലാമിക് സ്റ്റഡീസ് ചെയര്‍മാനായിട്ടുണ്ട്. വര്‍ക്കലയിലെ മന്നാനിയ കോളേജ്, അന്‍വാര്‍ശേരി അറബിക് കോളേജ് എന്നിവിടങ്ങളിലും അധ്യാപനം നടത്തിയിട്ടുണ്ട്.

അമേരിക്കയിലേതുള്‍പ്പെടെ ഏതാനും വിദേശ സര്‍വ്വകലാശാലകളില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്. അമേരിക്കക്ക് പുറമെ സഊദി അറേബ്യ, ഒമാന്‍, യു.എ.ഇ, കുവൈത്ത്, ബഹറൈന്‍ എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ട്. ഭാര്യ: നഫീസാബീവി. മക്കള്‍: മുഹമ്മദ് ഹുസൈന്‍ എഞ്ചിനീയര്‍, താഹാ ഹുസൈന്‍, മഖ്ബൂല്‍ ഹുസൈന്‍, നസീമ, അമീന, തസ്‌നീം, ശാദിയ.

Related Articles