Current Date

Search
Close this search box.
Search
Close this search box.

ഡോ. മുസ്തഫ കമാല്‍പാഷ

kamalpasha.jpg

1946 ജൂണ്‍ 25 ന് പാലക്കാട് ജില്ലയിലെ ചെര്‍പ്പുളശേരിയില്‍ ജനിച്ചു. പിതാവ്: എന്‍.കെ. മുഹമ്മദ്.മാതാവ് തിത്തിക്കുട്ടി. 1996 ല്‍ കോഴിക്കോട് ഫാറൂഖ് കോളേജില്‍ നിന്ന് ബിരുദവും 1968 ല്‍ അലിഗഢ് മുസ്‌ലിം യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ചരിത്രത്തില്‍ ബിരുദാനന്തരബിരുദവും നേടി. 1992 ല്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ചരിത്രത്തില്‍ ഡോക്ടറേറ്റ് ലഭിച്ചു. ദീര്‍ഘകാലം തിരൂരങ്ങാടി പി. എസ്. എം. ഒ കോളേജില്‍ അധ്യാപകനായിരുന്നു(1968-2001). ചരിത്രവിഭാഗം മേധാവിയായിരിക്കെ 2001ല്‍ വിരമിച്ചു.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ബോര്‍ഡ് ഓഫ് സ്റ്റഡീസ് ഇന്‍ ഇസ്‌ലാമിക് ചെയര്‍മാന്‍, ഫാക്കല്‍റ്റി ഓഫ് ഹ്യൂമാനിറ്റീസ് മെമ്പര്‍, ബോര്‍ഡ് ഓഫ് സ്റ്റഡീസ് ഇന്‍ ഹിസ്റ്ററി മെമ്പര്‍, മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റിയുടെ ബോര്‍ഡ് ഓഫ് സ്റ്റഡീസ് ഇന്‍ ഹിസ്റ്ററി ഇന് ദ ഇസ്‌ലാമിക് ഹിസ്റ്ററി മെമ്പര്‍, കോഴിക്കോട്ടെ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫണ്ടമെന്റല്‍ റിസര്‍ച്ച് ഡയറക്ടര്‍, സൗത്ത് ഇന്ത്യന്‍ ഹിസ്റ്ററി കോണ്‍ഗ്രസ് എക്‌സിക്യുട്ടീവ് മെമ്പര്‍ തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. ജമാഅത്തെ ഇസ്‌ലാമി പ്രവര്‍ത്തകനായ കമാല്‍പാഷ കേരള ഇസ്‌ലാമിക് മിഷന്റെ സ്ഥാപക പ്രസിഡന്റാണ്. എടയൂരിലെ ജംഇയ്യത്തുല്‍ മുസ്തര്‍ശിദീന്‍, തിരൂരങ്ങാടിയിലെ മലബാര്‍ സെന്റ്രല്‍ സ്‌കൂള്‍ എന്നിവയുടെ ചെയര്‍മാനായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

ലോക ചരിത്രം, ഇന്ത്യാ ചരിത്രം, ഇസ്‌ലാമിക ചരിത്രം എന്നീ വിഷയങ്ങളില്‍ ടെക്സ്റ്റ് ബുക്കുകള്‍ രചിച്ചിട്ടുണ്ട്. ശാസ്ത്രവും ദൈവാസ്തിക്യവും, മാക്‌സിസം ഒരു പഠനം, പ്രബോധനം: തത്വവും പ്രയോഗവും, സാമൂഹിക സംസ്‌കരണം ഗ്രന്ഥശാലകളിലൂടെ, പ്രസംഗം: ഒരു കല എന്നിവ കൃതികളാണ്. സിഹാഹുസ്സിത്തയുടെ സമ്പൂര്‍ണ്ണ പരിഭാഷ പ്രസിദ്ധീകരിച്ചു കൊണ്ടിരിക്കുന്നു. ഖുര്‍ആനും ശാസ്ത്രവും എന്ന വിഷയത്തില്‍ വീഡിയോ സി.ഡി. പുറത്തിറക്കിയിട്ടുണ്ട്. ഡോ. അബ്ദുറസാഖ് സുല്ലമിയോടൊപ്പം ഖുര്‍ആനിന്റെ ചരിത്രഭൂമികളിലൂടെ നടത്തിയ യാത്രയുടെ ഡോക്യുമെന്ററി സീ.ഡി ഏറെ പ്രസിദ്ധമാണ്. പത്തോളം ലോകഭാഷയിലേക്ക് സി.ഡി ഇതിനകം ഡബ്ബ് ചെയ്ത് പുറത്തിറക്കിയിട്ടുണ്ട്.

പ്രമുഖ പണ്ഡിതനായിരുന്ന കെ. ഉമര്‍ മൗലവിയുടെ മകളും തിരൂരങ്ങാടി പി.എസ്.എം.ഒ കോളേജിലെ അറബിക് പ്രൊഫസറുമായിരുന്ന ഹബീബ, ഹഫ്‌സ എന്നിവര്‍ ഭാര്യമാരാണ്. ഇരുവരിലുമായി 15 മക്കളുണ്ട്. 11 പെണ്ണും നാല് ആണും. രണ്ട് പേര്‍ നേരത്തെ മരണപ്പെട്ടു.

Related Articles