Current Date

Search
Close this search box.
Search
Close this search box.

ഡോ. അന്‍വര്‍ ഇബ്രാഹിം

Anwar ibrahim.jpg

1947 ആഗസ്റ്റ് 10ന് മലേഷ്യയിലെ പെനാംഗിന് സമീപം ബുക്കിറ്റ് മെര്‍ത്തജം എന്ന സ്ഥലത്ത് ജനിച്ചു. പിതാവ് പാര്‍ലമെന്റിലും, മിലിട്ടറി കൗണ്‍സിലിലും അംഗമായിരുന്ന ഹാജി ഇബ്രാഹിം. 1998 വരെ മഹാതീര്‍ മുഹമ്മദിന് കീഴില്‍ മലേഷ്യയിലെ ഉപ പ്രധാനമന്ത്രിയായിരുന്ന അന്‍വര്‍ ഇബ്രാഹിം പിന്നിട് അഴിമതിക്കേസില്‍ 1999-ല്‍ അറസ്റ്റിലായി 6 വര്‍ഷം ജയില്‍ശിക്ഷ അനുഭവിച്ചു. പിന്നീട് 2000ല്‍ സ്വവര്‍ഗ്ഗ ബാല പീഡനമാരോപിച്ച് അദ്ദേഹത്തെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചെങ്കിലും 2004ല്‍ മലേഷ്യന്‍ ഫെഡറല്‍ കോടതി അദ്ദേഹം കുറ്റക്കാരനല്ലെന്നു കണ്ടെത്തി വെറുതെ വിട്ടു. 2008ല്‍ നടന്ന തെരെഞ്ഞെടുപ്പില്‍ മലേഷ്യയിലെ വിവിധ ന്യൂനപക്ഷ വിഭാഗങ്ങളുള്‍പ്പെടെയുള്ളവരുടെ മുന്നണിയുണ്ടാക്കി മല്‍സരിച്ചെങ്കിലും ഭരണം ലഭിച്ചില്ല. ഇപ്പോള്‍ മലേഷ്യയിലെ പ്രതിപക്ഷ നേതാവാണ്.

1960 മുതല്‍ 66 വരെയുള്ള കാലത്ത് അന്‍വര്‍ ഇബ്രാഹിം കോലോകങ്‌സാര്‍ മലായ് കോളേജില്‍ പഠിച്ചു. 1967-ല്‍ മലായ യൂണിവേഴ്‌സിറ്റിയില്‍ മലായ് പഠന വിഭാഗത്തില്‍ ബിരുദ പഠനത്തിന് ചേര്‍ന്നു. ഇക്കാലത്ത് തന്നെ ഇസ്‌ലാമിക വിഷയങ്ങളിലും വ്യുല്‍പത്തി നേടുകയുണ്ടായി. 1968-ല്‍ മലായ ഭാഷാ സൊസൈറ്റിയും മലേഷ്യന്‍ മുസ്‌ലിം വിദ്യാര്‍ഥി സംഘടനയായ നാഷണല്‍ യൂണിയന്‍ ഓഫ് മലേഷ്യസ് മുസ്‌ലിം സ്റ്റുഡന്റ്‌സിന്റെയും പ്രസിഡന്റായി.

1969 മെയ് 3 ന് നടന്ന സാമുദായിക കലാപത്തെ തുടര്‍ന്ന് നാടിന്റെ സാമൂഹികാന്തരീക്ഷത്തില്‍ വരുത്തേണ്ട മാറ്റങ്ങളെ കുറിച്ച ക്രിയാത്മകസംവാദങ്ങള്‍ നടന്നു. പാശ്ചാത്യന്‍ ചിന്താഗതിയില്‍ നിന്ന് ഇസ്‌ലാമികവും പൗരസ്ത്യവുമായ മൂല്യങ്ങളിലേക്ക് കാമ്പസുകളെ മാറ്റിയെടുക്കാന്‍ അന്‍വര്‍ ഇബ്രാഹിം നേതൃത്വം നല്‍കി. 1971-ല്‍ അദ്ദേഹം സഹപ്രവര്‍ത്തകരുമായി ചേര്‍ന്ന് അങ്കാത്തന്‍ ബെലിയ ഇസ്‌ലാം മലേഷ്യ(അബിം) എന്ന യുവജനസംഘടനക്ക് രൂപം നല്‍കി. പഠനകാലത്തും അതിനു ശേഷവും ഇസ്‌ലാമിക പ്രബോധനത്തിന് പ്രാപ്തരാക്കുന്ന ഒരു വേദിയാവുക എന്നതായിരുന്നു സംഘടനയുടെ ലക്ഷ്യം. ചുരുങ്ങിയ കാലത്തിനുള്ളില്‍ യുവാക്കളുടെ ആവേശമായി മാറിയ അബിം പാശ്ചാത്യന്‍ ജീര്‍ണതകളെ അതിജയിച്ച് മലേഷ്യയില്‍ ഇസ്‌ലാമിക മുന്നേറ്റം സാധിച്ചെടുക്കാന്‍ കരുത്തുള്ള വിപ്ലവപ്രസ്ഥാനമായി മാറ്റിയെടുക്കുന്നതില്‍ അന്‍വര്‍ ഇബ്രാഹിം നിര്‍ണായകമായ പങ്ക് വഹിച്ചു. ഇസ്‌ലാമിനെ കേവലം ആചാര പദ്ധതിയില്‍നിന്ന് ജീവത ദര്‍ശനമായി അവതരിപ്പിച്ചു.

1971-ല്‍ ഐക്യരാഷ്ട്രസഭ സംഘടിപ്പിച്ച അന്തര്‍ദേശീയ യുവജനസെമിനാറില്‍ മലേഷ്യയെ പ്രതിനിധീകരിച്ച് പങ്കെടുത്തു. പിന്നീട് മലേഷ്യന്‍ യൂത്ത് കൗണ്‍സിലിന്റെ നേതൃത്വം ഏറ്റെടുത്തു. ഐക്യരാഷ്ട്ര സഭയുടെ യുവജനസംഘടനകള്‍ക്കായുള്ള ഉപദേശക സമിതിയിലും അംഗമായിരുന്നു. മുസ്‌ലിം സമൂഹത്തെ വിദ്യാഭ്യാസപരമായി വളര്‍ത്തുന്നതിന് വേണ്ടി 1971-ല്‍ യയാസന്‍ അക്കാഡമിക് (അക്കാദമിക് ഫൗണ്ടേഷന്‍) എന്ന പേരില്‍ വിദ്യാഭ്യാസ സ്ഥാപനം ആരംഭിച്ചു. ഇസ്‌ലാമിക തത്വങ്ങള്‍ പാലിക്കാത്തതിന് 1970-കളില്‍ ഭരണകൂടത്തെ ശക്തമായി വിമര്‍ശിച്ചിരുന്നു. 1974 മുതല്‍ 1976 വരെ ദാരിദ്ര്യനിര്‍മ്മാര്‍ജ്ജനത്തിന് വേണ്ടി സമരം നയിച്ചതിന് ജയിലിലടക്കപ്പെട്ടു. 1979-ല്‍ പാകിസ്താന്‍ അദ്ദേഹത്തിന് അല്ലാമാ ഇഖ്ബാല്‍ സെന്റിനറി പുരസ്‌കാരം നല്‍കി ആദരിച്ചു. 1982-ല്‍ അദ്ദേഹം അബിമിന്റെ സ്ഥാനം രാജിവെച്ച് ഭരണകക്ഷിയായ യു.എം.എന്‍.ഒ വില്‍ ചേരുകയും പിന്നീട് അതിന്റെ ഉപാധ്യക്ഷനാവുകയും ചെയ്തു. അതേ വര്‍ഷം തന്നെ പാര്‍ലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. പ്രധാനമന്ത്രി മഹാതീര്‍ മുഹമ്മദ് അന്‍വറിനെ ഇസ്‌ലാമിക കാര്യങ്ങള്‍ക്കായി ഡെപ്യൂട്ടി മന്ത്രിയായി നിയമിച്ചു. 1987-ല്‍ വിദ്യാഭ്യാസ മന്ത്രിയായി. മലേഷ്യയിലെ ഇസ്‌ലാമിക് ബാങ്കുകളുടെ പ്രവര്‍ത്തനങ്ങളുടെ പിന്നിലും മലേഷ്യയിലെ ഇന്റര്‍നാഷണല്‍ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റിയുടെ നിര്‍മാണത്തിലും അന്‍വര്‍ ഇബ്രാഹിമിന്റെ പങ്ക് നിസ്തുലമാണ്. 1989-ല്‍ രണ്ട് വര്‍ഷത്തേക്ക് യുനെസ്‌കോ ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുത്തു. ഈ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെടുന്ന ആദ്യ മുസ്‌ലിമും ഏഷ്യക്കാരനരുമാണ് അദ്ദേഹം.

Related Articles