Current Date

Search
Close this search box.
Search
Close this search box.

എ. പി. അബ്ദുല്‍ ഖാദര്‍ മൗലവി

apqad.jpg

മലപ്പുറം ജില്ലയിലെ പൊന്നാനി താലൂക്കിലെ ചങ്ങരംകുളത്തിനടുത്ത് കാങ്ങൂരില്‍ 1933 ഏപ്രില്‍ 16 ന് ജനിച്ചു. പിതാവ് സൈനുദ്ദീന്‍ എന്ന ഏനു മുസ്‌ലിയാര്‍. മാതാവ് : ഫാത്തിമ. നാദാപുരം ഉള്‍പ്പെടെയുള്ള വിവിധ പള്ളി ദര്‍സുകളിലായിരുന്നു പ്രാഥമിക മതപഠനം. പിന്നീട് റൗദത്തുല്‍ ഉലൂം അറബിക് കോളേജില്‍ നിന്നും അഫ്ദലുല്‍ ഉലമാ ബിരുദം നേടി. മേച്ചിലച്ചേരി മൊയ്തീന്‍ കുട്ടി മുസ്‌ലിയാര്‍, ശീറാസി മുഹമ്മദ് മുസ്‌ലിയാര്‍, അബുസ്സ്വബാഹ് മൗലവി, സി.പി. അബൂബക്കര്‍ മൗലവി എന്നിവര്‍ പ്രധാന ഗുരുനാഥാക്കന്മാരാണ്.

ബിരുദമെടുത്ത ശേഷം സര്‍ക്കാര്‍ ഹൈസ്‌കൂള്‍ അധ്യാപകനായി. പിന്നീട് എടവണ്ണ ഇസ്‌ലാഹി ഓറിയന്റല്‍ ഹൈസ്‌കൂള്‍, അരീക്കോട് സുല്ലമുസ്സലാം അറബിക് കോളേജ്, വളവന്നൂര്‍ അന്‍സാര്‍ അറബിക് കോളേജ് എന്നിവിടങ്ങളില്‍ അധ്യാപകനായി. 1974 മുതല്‍ എടവണ്ണ ജാമിഅ നദ്‌വിയ്യ അറബിക് കോളേജ് പ്രിന്‍സിപ്പാളായിരുന്നു.

1951 മുതല്‍ അബ്ദുല്‍ ഖാദര്‍ മൗലവി മുജാഹിദ് പ്രസ്ഥാനവുമായി ബന്ധപ്പെട്ടു. 1971-ല്‍ സംഘടനയില്‍ അംഗമായി. അന്നു മുതല്‍ കേരള നദ്‌വത്തുല്‍ മുജാഹിദീനിന്റെ സെക്രട്ടറിയായും മറ്റു സംസ്ഥാന ഭാരവാഹിത്വം വഹിച്ചും സേവനമനുഷ്ടിച്ചു കൊണ്ടിരുന്നു.

വിദ്യാര്‍ഥിയായിരിക്കെ കുറച്ച് കാലം അന്തമാനില്‍ പോയി താമസിക്കുകയുണ്ടായി. അന്ന് കോണ്‍ഗ്രസുമായി ബന്ധപ്പെട്ടു. അക്കാലത്ത് അന്തമാന്‍ പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി സെക്രട്ടറി സ്ഥാനം വഹിച്ചിരുന്നു. അന്തമാനില്‍ മുജാഹിദ് പ്രവര്‍ത്തനം ശക്തിപ്പെടുത്തുന്നതിലും കാര്യമായ പങ്ക് വഹിച്ചു.

അറബി, ഉറുദു, തമിഴ് ഭാഷകളില്‍ പ്രാവിണ്യമുള്ള അബ്ദുല്‍ ഖാദര്‍ മൗലവി ദൈവ വിശ്വാസം ഖുര്‍ആനില്‍ എന്ന ലഘുകൃതി രചിക്കുകയും കെ. പി. മുഹമ്മദ് മൗലവിയുമായി ചേര്‍ന്ന് തഖ്‌ലീദ് ഒരു പഠനം എന്ന കൃതിയും രചിച്ചിട്ടുണ്ട്. ഭാര്യ: കെ. സി. ഹലീമ, രണ്ട് ആണ്‍ മക്കളും മൂന്ന് പെണ്‍മക്കളുമുണ്ട്.

Related Articles