Current Date

Search
Close this search box.
Search
Close this search box.

അബുല്‍ജലാല്‍ മൗലവി

jalal.jpg

പാലക്കാട് ജില്ലയില്‍ മണ്ണാര്‍ക്കാട് താലൂക്കില്‍ കൊറ്റ്യോട് ഗ്രാമത്തിലാണ് ജനനം 1929 ജൂലൈയ് 10ന്. പിതാവ് പുളിക്കല്‍ അലവി. മാതാവ് ഉമ്മാത്തു. കുടുംബം വളരെ ദരിദ്രമായിരുന്നു.

പ്രദേശത്തെ പ്രാഥമിക പഠനത്തിനുശേഷം പള്ളിദര്‍സുകളില്‍നിന്ന് അറബിഭാഷയും ഇസ്‌ലാമിക വിജ്ഞാനവും നേടി. എന്നാല്‍ പള്ളി ദര്‍സിലെ പഠനംകൊണ്ട് തൃപ്തിപ്പെടുന്നതായിരുന്നില്ല അബുല്‍ജലാല്‍ മൗലവിയുടെ പ്രകൃതം. അതിനിടെ മഞ്ചേരിയില്‍ പ്രവര്‍ത്തനമാരംഭിച്ച റൗദത്തുല്‍ഉലൂം അറബിക് കോളേജിനെ സംബന്ധിച്ച് കേള്‍ക്കാനിടയായി. കേരളത്തിലെ മുസ്‌ലിം വിദ്യാഭ്യാസരംഗത്ത് അനശ്വരമായ സംഭാവനകളര്‍പ്പിച്ച ഫാറൂഖാബാദ് സ്ഥാപനങ്ങളുടെ മുഖ്യശില്‍പിയായ മൗലാനാ അബുസ്സ്വബാഹ് അഹ്മദ് അലി 1942ല്‍ ആനക്കയത്ത് ആറു വിദ്യാര്‍ഥികളുമായി ആരംഭിച്ചതായിരുന്ന പ്രസ്തുത സ്ഥാപനം. 1944ല്‍ അത് മഞ്ചേരിയിലേക്കു മാറ്റി. സ്ഥാപനത്തെ സംബന്ധിച്ച് കേള്‍ക്കാനിടയായ മൗലവി അവിടെ വിദ്യാര്‍ഥിയായി ചേര്‍ന്നു. ഇച്ഛാശക്തിയുടെയും കരുത്തുറ്റ നിശ്ചയദാര്‍ഢ്യത്തിന്റെയും അചഞ്ചലമായ ആത്മവിശ്വാസത്തിന്റെയും സേവനസന്നദ്ധതയുടെയും ചകിതമാകാത്ത മൂര്‍ത്ത രൂപമായ അബുസ്സ്വബാഹ് മൗലവിയില്‍നിന്ന് ആ മഹദ്ഗുണങ്ങളെല്ലാം അദ്ദേഹത്തിന് പകര്‍ന്നു കിട്ടി. ഈജിപ്തിലെ അല്‍അസ്ഹര്‍ സര്‍വകലാശാലയില്‍നിന്ന് ബിരുദം നേടിയ അബുസ്സ്വബാഹ് മൗലവിയുടെ ശിഷ്യത്വം അറബിഭാഷയിലും സാഹിത്യത്തിലും അതിലെ ആധുനിക പ്രവണതകളിലും അവഗാഹം നേടാന്‍ ഏറെ സഹായകമായി. ഒപ്പം ഖുര്‍ആനിക വിഷയങ്ങളില്‍ വ്യുല്‍പത്തി നേടാനും.

സംഘടനാരംഗത്ത്
1949ല്‍ തന്നെ അബുല്‍ജലാല്‍ മൗലവി ജമാഅത്തെ ഇസ്‌ലാമിയുമായി ബന്ധപ്പെട്ടുതുടങ്ങിയെങ്കിലും 1953ലാണ് അംഗമായത്. അതേവര്‍ഷം നവംബറില്‍ നടന്ന സംസ്ഥാന മജ്‌ലിസ് ശൂറയിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ശൂറാ അംഗമായി തെരഞ്ഞെടുക്കപ്പെട്ടു. അങ്ങനെ ജമാഅത്തിന്റെ കേരളത്തിലെ ആദ്യത്തെ സംസ്ഥാന അമീറിന്റെ ശൂറയില്‍ അദ്ദേഹം അംഗമായി. അതിനു മുമ്പ് ഖയ്യിമിന്റെ ശൂറയാണുണ്ടായിരുന്നത്. സംസ്ഥാന അധ്യക്ഷന്‍ ‘കാര്യദര്‍ശി’ എന്നര്‍ഥം വരുന്ന ‘ഖയ്യിം’ എന്ന പേരാണ് ഉപയോഗിച്ചിരുന്നത്.

അതോടെ ഹാജി സാഹിബിന്റെ നിര്‍ദേശാനുസരണം റൗദത്തുല്‍ ഉലൂമിലെ അധ്യാപന ജോലി അവസാനിപ്പിച്ച് പ്രസ്ഥാനത്തിന്റെ മുഴുസമയ പ്രവര്‍ത്തകനായി. മട്ടാഞ്ചേരി കേന്ദ്രമാക്കി കൊച്ചിയിലും പരിസര പ്രദേശങ്ങളുമായിരുന്നു അദ്ദേഹത്തിന്റെ പ്രവര്‍ത്തന മേഖല. അവിടങ്ങളില്‍ പ്രസ്ഥാനത്തിന് മോശമല്ലാത്ത സ്വാധീനമുണ്ടായത് മൗലവിയുടെ പ്രവര്‍ത്തന ഫലമായാണ്.

വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍
1955ല്‍ സ്ഥാപിതമായ ഇസ്‌ലാമിയ്യ കോളേജിന്റെ പ്രിന്‍സിപ്പാളായി 1956ല്‍ അബുല്‍ജലാല്‍ മൗലവി സ്ഥാനമേറ്റു. അതോടെ ശാന്തപുരം കേരളത്തിലെ ഇസ്‌ലാമിക വിദ്യാഭ്യാസ നവോത്ഥാനത്തിന്റെ സിരാകേന്ദ്രമായി. അന്ന് നിലവിലുണ്ടായിരുന്ന മുസ്‌ലിം വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍നിന്ന് തീര്‍ത്തും വ്യത്യസ്തമായ പാഠ്യപദ്ധതിക്ക് അബുല്‍ ജലാല്‍ മൗലവിയും സഹപ്രവര്‍ത്തകരും രൂപംനല്‍കി. ശാന്തപുരം ഇസ്‌ലാമിയ്യ കോളേജിന്റെ ശില്‍പികളിലൊരാള്‍, തിരൂര്‍ക്കാട് ഇലാഹിയ്യ കോളേജ് പ്രിന്‍സിപ്പാള്‍, പെരുമ്പിലാവ് അന്‍സാര്‍ സ്ഥാപനങ്ങളുടെ ആസൂത്രകനും നിര്‍മാതാവും, മണ്ണാര്‍ക്കാട് അല്‍ഇര്‍ശാദ് സ്ഥാപനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന അല്‍ഇര്‍ശാദ് ട്രസ്റ്റ് ചെയര്‍മാന്‍ എന്നീ നിലകളിലെല്ലാം ഏറെ ശോഭിച്ച യശോധന്യമായ വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു അദ്ദേഹം. ഗാംഭീര്യം സ്ഫുരിക്കുന്ന മുഖഭാവവും പതിഞ്ഞതെങ്കിലും കരുത്തുറ്റ ശബ്ദവും പാണ്ഡിത്യഗരിമ വിളിച്ചറിയിക്കുന്നതായിരുന്നു.

1971ല്‍ ഖത്തറിലെ അല്‍മഅ്ഹദുദ്ദീനിലും പിന്നീട് യു.എ.ഇയിലെ അല്‍മഅ്ഹദുല്‍ ഇല്‍മി അല്‍ഇസ്‌ലാമി(അല്‍ഐന്‍)യിലും ശാന്തപുരം വിദ്യാര്‍ഥികള്‍ക്ക് പഠന സൗകര്യം ലഭിക്കുകയുണ്ടായി.’

കര്‍മ നൈരന്തര്യത്തിന്റെയും നിര്‍മാണ വൈദഗ്ധ്യത്തിന്റെയും നേര്‍രൂപമായിരുന്ന അബുല്‍ജലാല്‍ മൗലവി കൈവെക്കുന്നതൊക്കെയും മികവുറ്റതായി മാറിക്കൊണ്ടിരുന്നു. ശാന്തപുരത്തെ ഉത്തരവാദിത്വം ഒഴിഞ്ഞ ശേഷം തിരൂര്‍ക്കാട് ഇലാഹിയ്യ കോളേജിനാണ് അദ്ദേഹത്തിന്റെ സാന്നിധ്യം അനുഭവിക്കാന്‍ സൗഭാഗ്യം സിദ്ധിച്ചത്.

ഗള്‍ഫ് രാഷ്ട്രങ്ങള്‍ക്ക് പുറമെ ജോര്‍ദാന്‍, സിറിയ, ലബ്‌നാന്‍, ലിബിയ, ഈജിപ്ത്, മലേഷ്യ, സിങ്കപ്പൂര്‍ എന്നീ രാജ്യങ്ങളും സന്ദര്‍ശിച്ചു.

2006 ഡിസംബര്‍ 22-ന് നിര്യാതനായി.

കുടുംബം
റുഖിയ്യയാണ് മൗലവിയുടെ ഭാര്യ. ഹാജി സാഹിബിന്റെ സഹോദരിയുടെ മകള്‍. മുഹമ്മദലി, നജീബ്, ഫൈസല്‍, സലീം, ഷഫീഖ്, ഇഖ്ബാല്‍, മന്‍സ്വൂര്‍ എന്നീ ഏഴു പുത്രന്മാരും സഈദ, സക്കീന, മൈമൂന, റഷീദ എന്നീ നാലു പുത്രിമാരുമുണ്ട്. മൗലവിയുടെ കുടുംബം ഇപ്പോള്‍ താമസിക്കുന്നത് പെരുമ്പിലാവിലാണ്.

രചനാരംഗത്ത്
നമസ്‌കാരം എന്നത് അബുല്‍ജലാല്‍ മൗലവിയുടെ കൃതിയാണ്. ഖുര്‍ആനിനെ പരിചയപ്പെടുക, ഇസ്‌ലാമും സംഘടിത ജീവിതവും, ശിര്‍ക്ക് അഥവാ ബഹുദൈവത്വം എന്നീ ഗ്രന്ഥങ്ങള്‍ ഉര്‍ദുവില്‍നിന്ന് മൊഴിമാറ്റം നടത്തിയത് അദ്ദേഹമാണ്. സത്യവിശ്വാസം, സല്‍സ്വഭാവം, പ്രാഥമിക നബി ചരിതം എന്നീ മദ്‌റസാ പാഠപുസ്തകങ്ങളും മൗലവി സാഹിബ് തയ്യാറാക്കിയവയാണ്.

Related Articles