Politics

മോടിക്കൂട്ടത്തിന്റെ സയണിസ്റ്റ് പ്രേമം

ഇസ്രായിലിലെ സയണിസ്റ്റ് ഭീകര സൈന്യം നിരായുധരായ ഫലസ്തീനികളെ കൈകാര്യം ചെയ്യുന്നതു പോലെ ഇന്ത്യയിലെ ന്യൂനപക്ഷങ്ങളെയും കൈകാര്യം ചെയ്യണമെന്നത് സംഘ്പരിവാറിന്റെ ആഗ്രഹമാണ്. കിട്ടാവുന്ന അവസരങ്ങളിലും വേദികളിലുമൊക്കെ ഇസ്രായേല്‍ ഭക്തി അവര്‍ തുറന്നു പ്രകടിപ്പിക്കാറുമുണ്ട്. കഴിഞ്ഞ ദിവസം വിദേശകാര്യ സഹമന്ത്രി വി.കെ. സിംഗ് ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയും ഒരു വാര്‍ത്താ ഏജന്‍സിയുമായുള്ള സംഭാഷണത്തിലും നടത്തിയ പരാമര്‍ശങ്ങള്‍ അതില്‍ ഒടുവിലത്തേതു മാത്രം. ഇസ്രായില്‍ സൈന്യം ഭീകരരെ ലക്ഷ്യമിടുമ്പോള്‍ അവിടത്തെ പ്രതിപക്ഷം ഇന്ത്യയിലെ പ്രതിപക്ഷത്തെപ്പോലെ അതിനെ ചോദ്യം ചെയ്യാറില്ലെന്നാണ് ഈ മുന്‍ സൈനിക ജനറലിന്റെ കണ്ടുപിടിത്തം. ‘ഓപറേഷന്‍ മ്യൂണിച്ച്’ പോലുള്ളവ നടന്നത് അതുകൊണ്ടാണത്രെ. ഇന്ത്യക്ക് മിഡിലീസ്റ്റിലെ ഭീകര രാജ്യമായ ഇസ്രായിലിനെപ്പോലെ ആകാന്‍ കഴിയാത്തതിലെ പ്രയാസം പോസ്റ്റില്‍ കാണാം.

ഇസ്രായേലില്‍ പ്രതിപക്ഷത്തിന്റെ റോള്‍ എങ്ങനെയാണെന്ന് ആ രാജ്യത്തിന്റെ രാഷ്ട്രീയം പഠിച്ചവര്‍ക്ക് അറിയാം. ഫലസ്തീന്‍ മണ്ണിലെ അധിനിവേശം ഇപ്പോഴും അവര്‍ തുടരുകയാണ്. എല്ലാ അന്താരാഷ്ട്ര നിയമങ്ങളും ലംഘിച് വെസ്റ്റ് ബാങ്കില്‍ കുടിയേറ്റ കേന്ദ്രങ്ങള്‍ നിര്‍ബാധം പണിതു കൊണ്ടിരിക്കുന്നു. ഫലസ്തീനികളെ ആജീവനാന്ത ശത്രുക്കളായി കാണുന്നതാണ് ഇസ്രയേലിന്റെ രാഷ്ട്രീയം. ഭരണപ്രതിപക്ഷ വ്യത്യാസം ഇല്ലാതെ ഈ വിഷയത്തില്‍ എല്ലാ പാര്‍ട്ടികളും (തീവ്ര വലതും ഇടതും സെന്‍ട്രിസ്റ്റുകളുമെല്ലാം) ഒറ്റക്കെട്ടാണ്. 120 അംഗ നെസറ്റില്‍ ഒരു പാര്‍ട്ടിക്കും തനിച്ചു ഭരിക്കാനുള്ള കേവല ഭൂരിപക്ഷം ലഭിക്കാറില്ല. ഇലക്ഷനില്‍ മുഖാമുഖം പോരാടിയവര്‍ തെരഞ്ഞെടുപ്പിന് ശേഷം സഖ്യമുണ്ടാക്കി ഭരിക്കലാണ് അവിടെ പതിവ്. ദേശീയ ഐക്യ സര്‍ക്കാറെന്ന് അതിനെ വിളിക്കുകയും ചെയ്യും. മുഖ്യ പാര്‍ട്ടികളായ ലേബറും ലിക്കുഡും ചേര്‍ന്നുള്ള മുന്നണി സര്‍ക്കാര്‍ അവിടെ ഭരണത്തിലേറിയിട്ടുണ്ട്. ഫലത്തില്‍ പ്രതിപക്ഷം തന്നെ ഇല്ലാത്ത അവസ്ഥ. ഇത് പോലെയാണോ ഇന്ത്യന്‍ രാഷ്ട്രീയം? ഒറ്റക്കക്ഷി തന്നെ നിരവധി തവണ ഇവിടെ അധികാരത്തിലേറിയിട്ടുണ്ട്. ശക്തമായ പ്രതിപക്ഷമാണ് നമ്മുടെ ജനാധിപത്യത്തിന്റെ ശക്തി. നമുക്ക് ശത്രു രാജ്യമില്ല. പാകിസ്ഥനോട് പോലും സൗഹൃദമാണ് നാം ആഗ്രഹിക്കുന്നത്. പ്രതിപക്ഷ സ്വരം നിലനില്‍ക്കുന്നത് കൊണ്ടല്ലേ ഇന്ത്യയെ ഇന്ത്യ അല്ലാതാക്കാനുള്ള മോടിക്കൂട്ടത്തിന്റെ നീക്കങ്ങള്‍ ഒരു പരിധി വരെ തടയപ്പെടുന്നത്.

സര്‍ജിക്കല്‍ ആക്രമണത്തിന്റെ തെളിവ് ചോദിക്കുന്ന പ്രതിപക്ഷ നേതാക്കള്‍ ഉള്‍പ്പെടെയുള്ളവരെ യുദ്ധവിമാനങ്ങള്‍ക്കൊപ്പം കെട്ടിയിട്ട ശേഷം ബോംബിടാന്‍ പോകണമെന്നാണ് എ.എന്‍.ഐ വാര്‍ത്താ ഏജന്‍സിയോട് ഈ മന്ത്രി പറഞ്ഞത്. ബോംബിടുമ്പോള്‍ അവര്‍ക്ക് നേരിട്ട് കാണുകയും എണ്ണമെടുക്കുകയും ചെയ്യാമെന്നായിരുന്നു ഇദ്ദേഹത്തിന്റെ പരിഹാസം. കാശ്മീരില്‍ സിവിലിയനെ സൈനിക ജീപ്പിന് മുന്നില്‍ കെട്ടി ഓടിച്ച സംഭവത്തെ ന്യായികരിച്ച ആളായിരുന്നു ഇദ്ദേഹം.

ഇന്ത്യന്‍ സൈനിക മേധാവികളില്‍ ഏറ്റവും വലിയ വിവാദപുരുഷനായിരുന്നല്ലോ വി.കെ. സിംഗ്. വയസ്സു തിരുത്തിയത്, സ്വന്തം ഓഫീസര്‍മാരോട് പോലും ജാതിയുടെയും സമുദായത്തിന്റെയും അടിസ്ഥാനത്തില്‍ വിവേചനം കാട്ടിയത്, ജനറല്‍ ബിക്രം സിംഗിന്റെ നിയമനത്തെ പാരവെക്കാന്‍ ശ്രമിച്ചത്…. തുടങ്ങി നിരവധി റെക്കോര്‍ഡുകള്‍ക്ക് ഉടമയാണ് ഇദ്ദേഹം എന്നത് മറന്നുപോകരുത്. എന്നാലും ഇയാള്‍ കേന്ദ്ര മന്ത്രിയല്ലേ? ചോദ്യങ്ങള്‍ ഉയര്‍ത്തുന്നവരെ ഇവ്വിധം അവഹേളിക്കാന്‍ ഇദ്ദേഹത്തിന് എന്തവകാശം?

സര്‍ജിക്കല്‍ ആക്രമണത്തിന്റെ തെളിവ് ചോദിച്ചവരെയൊക്കെ രാജ്യദ്രോഹികളാക്കാനാണല്ലോ ശ്രമം. അമേരിക്കയിലെ സാന്‍ഫ്രാന്‍സി്‌സ്‌കോ ആസ്ഥാനമായുള്ള സ്വകാര്യ സാറ്റലൈറ്റ് ഓപറേറ്റര്‍മാരായ പ്ലാനറ്റ് ലാബ്‌സ് പുറത്തുവിട്ട ഏറ്റവും പുതിയ സാറ്റലൈറ്റ് ചിത്രങ്ങള്‍ (മാര്‍ച്ച് നാലിന് എടുത്തത്) വ്യക്തമാക്കുന്നത് ബാലാകോട്ടില്‍ നടത്തിയെന്ന് പറയപ്പെടുന്ന സര്‍ജിക്കല്‍ ആക്രമണങ്ങള്‍ക്കുശേഷവും മദ്രസ ഉള്‍പ്പെടെ ആറ് കെട്ടിടങ്ങള്‍ യാതൊരു പോറലുമേല്‍ക്കാതെ അവിടെ നിലനില്‍ക്കുന്നുവെന്നതാണ്. 2018 ഏപ്രിലില്‍ ഇതേ കേന്ദ്രത്തിന്റേതായി പുറത്തുവന്ന ചിത്രങ്ങളില്‍നിന്ന് ഒരു വ്യത്യാസവും പുതിയ ചിത്രത്തില്‍ ഇല്ല. ഇതോടെ സംശയങ്ങള്‍ പിന്നെയും ബാക്കിയാകുന്നു.

എന്തായാലും ‘രാജ്യ ദ്രോഹികളാ’ണ് നാട്ടിലേറെയും എന്നതാണ് നമ്മുടെ ഏക ആശ്വാസം. അതിനാല്‍ ദേശവിരുദ്ധരായ സംഘ് പരിവാര്‍ ഭരണകൂടത്തോട് ചോദ്യങ്ങള്‍ ചോദിച്ചു കൊണ്ടേയിരിക്കുക.

Facebook Comments
Related Articles
Show More

പി.കെ. നിയാസ്

Senior journalist @The Peninsula, Qatar, author and writer. India
Close
Close