യുദ്ധങ്ങൾ, സംഘർഷങ്ങൾ, ദേശീയ ദുരന്തങ്ങൾ ഇവയെല്ലാം പേറി 2022 യാത്രയായി, നമ്മളിപ്പോൾ പുതിയൊരു വർഷത്തിലേക്ക് കടന്നിരിക്കുന്നു – നാം ആശ്വസിക്കുകയാണ്. പക്ഷെ ഓർക്കുക, ആ യുദ്ധങ്ങളും കെടുതികളും പുതു വർഷത്തിലും നമ്മോടൊപ്പം തന്നെയുണ്ട്. ആ പ്രശ്നങ്ങളുടെ പരിഹാരത്തിന് വഴികളൊന്നും തെളിഞ്ഞിട്ടില്ല. കഴിഞ്ഞ പന്ത്രണ്ട് മാസത്തെ ആ ഫയൽ നമുക്കൊന്ന് ഓടിച്ചു നോക്കാം.
ഒന്ന്: കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി നമ്മോടൊപ്പമുണ്ടായിരുന്ന ഏക ധ്രുവ ലോക ക്രമത്തിന് ഇളക്കം തട്ടി.
സോവ്യറ്റ് യൂനിയന്റെ തകർച്ചയോടെ മറ്റൊരു അന്താരാഷ്ട്ര ശക്തിക്കും അവകാശമുന്നയിക്കാൻ കഴിയാത്ത വിധം ലോക നേതൃത്വം ഏറെക്കുറെ അമേരിക്കയുടെ പിടിയിലായിരുന്നു. അമേരിക്ക തലപ്പത്ത് ഒറ്റക്ക് തുടരുന്നത് പല ശക്തികൾക്കും ഇഷ്ടമായിരുന്നില്ല. ആ അമേരിക്കൻ മേധാവിത്വത്തെ തകർക്കാനുളള നീക്കം കൂടിയായിട്ടു വേണം കഴിഞ്ഞ വർഷം ഫെബ്രുവരിയിലുണ്ടായ റഷ്യയുടെ യുക്രെയ്ൻ അധിനിവേശ ശ്രമങ്ങളെ കാണേണ്ടത്. ‘നാറ്റോ’ റഷ്യയുടെ അതിർത്തിയിലേക്ക് വരെ കടന്നു ചെല്ലുന്നു എന്ന് പറഞ്ഞാണ് പുടിൻ യുദ്ധം തുടങ്ങിയത്.
രണ്ട് : ലോക രാഷ്ട്രീയത്തിൽ പ്രമുഖ കളിക്കാരനായി ചൈനയുടെ രംഗപ്രവേശം. കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി സാമ്പത്തിക, വാണിജ്യ, സാങ്കേതിക മണ്ഡലങ്ങളിൽ ചൈന മത്സരിച്ച് മുന്നേറുന്നുണ്ടായിരുന്നു. സൈനിക- സ്ട്രാറ്റജിക് മേഖലകളിലും ഇപ്പോൾ ചൈന വലിയ കളിക്കാരനായിരിക്കുന്നു; പ്രത്യേകിച്ച് കിഴക്കനേഷ്യയിലും പസഫിക് – ഇന്ത്യൻ സമുദ്രങ്ങളിലും. അതിനാൽ ഈ മേഖലയിൽ തങ്ങളുടെ സ്ട്രാറ്റജിക് താൽപര്യങ്ങൾക്ക് ഏറ്റവും വലിയ ഭീഷണിയായാണ് ചൈനയെ അമേരിക്ക കാണുന്നത്. കഴിഞ്ഞ ഒക്ടോബറിൽ പുറത്തിറക്കിയ അമേരിക്കയുടെ ദേശസുരക്ഷാ നയരേഖയിൽ ഇക്കാര്യം പ്രത്യേകം എടുത്ത് പറയുന്നുണ്ട്. ചിലർ കരുതുന്നത് പോലെ ചൈനയുടെ ആരോഹണം സമാധാനപരമായി തന്നെ ആവണമെന്നില്ല. സംഘർഷവും സംഘട്ടനവുമൊക്കെ അതിന്റെ ഭാഗമായി ഉണ്ടാവാം. തെക്കൻ ചീനാ സമുദ്രത്തിൽ അമേരിക്ക സൈനിക സാന്നിധ്യം വർധിപ്പിക്കുന്നതും തായ് വാൻ, ജപ്പാൻ, തെക്കൻ കൊറിയ, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളുമായി സ്ട്രാറ്റജിക്ക് സഖ്യങ്ങൾ രൂപപ്പെടുത്തുന്നതും ചൈനയുമായി ഒരു യുദ്ധത്തിലേക്ക് വരെ എത്തിച്ചു കൂടായ്കയില്ല.
മൂന്ന് : പെട്രോൾ, ഗ്യാസ് പോലുളള ഊർജ്ജ സ്രോതസ്സുകളും അന്താരാഷ്ട്ര ആധിപത്യത്തിന് വേണ്ടിയുളള ഈ പോരാട്ടത്തിൽ കേന്ദ്ര സ്ഥാനത്തേക്ക് കടന്നുവരുന്നു. ഊർജ്ജോൽപാദകർ മാത്രമല്ല അതിന്റെ ഉപഭോക്താക്കളും ഈ കിടമത്സരത്തിൽ പങ്കാളികളാണ്. റഷ്യ – യുക്രെയ്ൻ യുദ്ധം ഊർജ യുദ്ധമായി മാറുന്നതും നാം കണ്ടതാണല്ലോ. ഊർജോൽപാദനം, അതിന്റെ കൈകാര്യം, ഉപഭോഗം ഇതിലൊക്കെ പടിഞ്ഞാറും കിഴക്കും തമ്മിൽ സംഘർഷങ്ങൾ പുകയുന്നുണ്ട്. അന്താരാഷ്ട്ര വിപണിയിൽ വിലപേശൽ നടത്തുന്ന കാർട്ടലുകൾ (Cartels ) ഒപെക് പ്ലസിന് മാത്രമല്ല, ഗ്യാസും പെട്രോളും ഇറക്കുമതി ചെയ്യുന്ന ഉപഭോക്തൃ രാജ്യങ്ങൾക്കുമുണ്ട്. ഉദാഹരണത്തിന്, റഷ്യയിൽ നിന്ന് ഇന്ധനങ്ങൾ വാങ്ങുന്ന ഏഴ് യൂറോപ്യൻ രാജ്യങ്ങളുടെ കൂട്ടായ്മ (അവരാണ് ഏറ്റവും കൂടുതൽ റഷ്യൻ ഇന്ധനങ്ങൾ ഉപയോഗിക്കുന്നത് ) റഷ്യൻ ഊർജോൽപ്പന്നങ്ങൾക്ക് വില പരിധി നിശ്ചയിക്കുകയുണ്ടായി. ഈ കൂട്ടായ്മയുടെ ചരിത്രത്തിൽ ഇങ്ങനെയൊരു സംഭവം ആദ്യമാണ്.
നാല്: ഭക്ഷ്യ സുരക്ഷാ പ്രതിസന്ധികൾ. ഭക്ഷ്യ സുരക്ഷാ പ്രശ്നം ഇപ്പോൾ ദരിദ്ര തെക്കൻ രാജ്യങ്ങളിൽ മാത്രമല്ല സമ്പന്ന വടക്കൻ രാജ്യങ്ങളിലും രൂക്ഷമാണ്. റഷ്യ – യുക്രെയ്ൻ യുദ്ധമാണ് ധനിക-ദരിദ്ര രാജ്യങ്ങൾക്ക് ഒരു പോലെ ഈ ഭക്ഷ്യ പ്രതിസന്ധി സൃഷ്ടിച്ചത്. ആഴ്ചകളോളം ധാന്യക്കയറ്റുമതി നിന്നു പോയിരുന്നു. പിന്നെ യു.എൻ ഇടപെട്ട് തുർക്കിയുടെ മാധ്യസ്ഥത്തിലാണ് ഭക്ഷ്യ വിതരണം പുനരാരംഭിച്ചത്. റഷ്യയിൽ നിന്നും യുക്രെയ്നിൽ നിന്നും എത്തേണ്ട ഗോതമ്പ്, ഭക്ഷ്യ എണ്ണകൾ തുടങ്ങിയ എല്ലാ ഭക്ഷണവസ്തുക്കൾക്കും എല്ലാ രാജ്യങ്ങളിലെയും മാർക്കറ്റിൽ വമ്പിച്ച വിലക്കയറ്റമാണ് ഉണ്ടായിരിക്കുന്നത്.
അഞ്ച്: കഴിഞ്ഞ വർഷമുണ്ടായ മറ്റു സാമ്പത്തിക പ്രയാസങ്ങൾ. റഷ്യ – യുക്രെയ്ൻ യുദ്ധം തന്നെ അതിന് പ്രധാന കാരണം. കോവിഡ് മഹാമാരി മൂലം സമ്പൂർണ്ണമായി അടച്ചുപൂട്ടേണ്ടി വന്ന സാമ്പത്തിക മേഖല – പ്രത്യേകിച്ച് ചൈനയുടെത് – തുറന്നു വരികയായിരുന്നു. അപ്പോഴാണ് റഷ്യ യുദ്ധത്തിലേക്കിറങ്ങിയത്. അത് കാരണം പാശ്ചാത്യ നാടുകളിൽ ജീവിതച്ചിലവ് കഴിഞ്ഞ 40 വർഷത്തിനകം ഉണ്ടായിട്ടില്ലാത്ത വിധം കുത്തനെ ഉയർന്നു. പ്രക്ഷോഭങ്ങളും സമരങ്ങളും പണിമുടക്കുകളുമായി അതിന്റെ അടയാളങ്ങൾ അവിടത്തെ തെരുവുകളിൽ കാണാം. ബ്രിട്ടനിലും ഇറ്റലിയിലും അത് ഭരണകൂടത്തെ തന്നെ താഴെയിറക്കി. ഒന്നിലധികം രാജ്യങ്ങളിൽ തീവ്ര വലത് പക്ഷം കുതിച്ചു കയറുന്നതും നാം കണ്ടു.
ഈ പ്രശ്നങ്ങളൊക്കെ പുതു വർഷത്തിലും ഏറെ സങ്കീർണ്ണമാവുകയേ ഉള്ളൂ. കാരണം റഷ്യ – യുക്രെയ്ൻ യുദ്ധം നിർത്താനുളള ഒരു സാധ്യതയും എങ്ങും തെളിഞ്ഞ് വരുന്നില്ല. വേറെ പുതിയ പ്രശ്നങ്ങൾ പുതു വർഷത്തിൽ ഉരുണ്ടു കൂടുമെന്നും പ്രതീക്ഷിക്കണം. ഇതാവാം ആ പ്രശ്നങ്ങൾ:
അന്താരാഷ്ട്ര തലത്തിലും മേഖലകളിലുമുള്ള പുതിയ സംഘർഷങ്ങൾ. കിഴക്കനേഷ്യയിലാണെങ്കിൽ ചൈനയും തായ് വാനും തമ്മിൽ, അല്ലെങ്കിൽ ഇരു കൊറിയകളും തമ്മിൽ, അതുമല്ലെങ്കിൽ ജപ്പാനും ചൈനയും തമ്മിൽ ….. മധ്യ യൂറോപ്പിൽ അത് ബാൽക്കനിലോ കിഴക്കൻ യൂറോപ്പിലോ ആകാം. മധ്യ പൗരസ്ത്യദേശത്താണെങ്കിൽ ഇറാനും സഖ്യകക്ഷികളും ഒരു വശത്തും ഇസ്രായേലും സഖ്യകക്ഷികളും മറുവശത്തും. ആഫ്രിക്കയിലോ ലാറ്റിനമേരിക്കയിലോ മധ്യ അമേരിക്കയിലോ സംഘർഷ സാധ്യതകൾ തള്ളിക്കളയാനാവില്ല. ഈ മേഖലാ സംഘർഷങ്ങൾ റഷ്യയും അമേരിക്കയും ചൈനയുമൊക്കെ അണിനിരക്കുന്ന ലോക യുദ്ധമായും പരിണമിച്ചേക്കാം.
മധ്യ പൗരസ്ത്യം കൂടുതൽ രാഷ്ട്രീയായി അസ്ഥിരമായേക്കാം. ചില ഏകാധിപത്യ ഭരണകൂടങ്ങൾ നിലം പതിച്ചു കൂടെന്നുമില്ല. തീവ്ര വലത് പക്ഷ പോപുലിസം യൂറോപ്പിനെ കൂടുതലായി ആവേശിക്കും. യൂറോപ്യൻ വംശീയതയുടെ അണുക്കൾ ഉറച്ച ജനാധിപത്യ സ്ഥാപനങ്ങളിലേക്ക് ( തെരഞ്ഞെടുപ്പുകളെ അട്ടിമറിച്ചും മറ്റും) വരെ നുഴഞ്ഞ് കയറാം. സാമ്പത്തിക മാന്ദ്യമല്ല, ആഗോള വ്യാപക തകർച്ച തന്നെ പ്രതീക്ഷിക്കാം. ആഗോളീകരണത്തോടെ ലോക സമ്പദ്ഘടനകൾ അത്രമേൽ പരസ്പരമാശ്രയിച്ചു കഴിയുന്നതിനാൽ ഏതൊരു വീഴ്ചയും എല്ലാവരെയും ബാധിക്കും. കൃഷിയിടം മരുഭൂമിയാകലും രൂക്ഷമായ വരൾച്ചയും വെളളത്തിന് വേണ്ടിയുള്ള പിടിവലികളെ യുദ്ധത്തിലേക്ക് എത്തിച്ചു കൂടായ്കയില്ല.
ഒടുവിലായി ഒന്നുകൂടി. അന്താരാഷ്ട്ര – മേഖലാ സഖ്യങ്ങളിൽ, പ്രത്യേകിച്ച് ഏഷ്യയിലും മധ്യ പൗരസ്ത്യത്തിലും വലിയ മാറ്റങ്ങൾ ഉണ്ടായേക്കാം. രണ്ടാം ലോകയുദ്ധാനന്തരം ഉണ്ടായിട്ടില്ലാത്ത സംഘർഷങ്ങൾക്ക് അത് കാരണമായേക്കാം; ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ ഐക്യരാഷ്ട്ര സഭയും മറ്റു വേദികളും പൂർണ്ണ പരാജയമായ സ്ഥിതിക്ക് പ്രത്യേകിച്ചും.
വിവ. അശ്റഫ് കീഴുപറമ്പ്
📲 വാട്‌സാപ് ഗ്രൂപ്പിൽ അംഗമാകാൻ👉: https://chat.whatsapp.com/CtdeYjAfwas90JeGabX9H0