Current Date

Search
Close this search box.
Search
Close this search box.

ഫ്രാന്‍സെന്തിനാണ് മുസ് ലിം തീരങ്ങള്‍ ലക്ഷ്യം വെക്കുന്നത്

2019 നവംബര്‍ 25 ഉച്ചതിരിഞ്ഞ്, പശ്ചിമാഫ്രിക്കയിലെ ഇസ്‌ലാമിക് ആഫ്രിക്കന്‍ റിപ്പബ്ലിക് ഓഫ് മാലിയിലോ ആഫ്രിക്കന്‍ തീര പ്രദേശ രാജ്യങ്ങളിലോ നടന്ന സൈനിക നടപടിയില്‍ ഇതേ മാസം രണ്ടാം തീയതി കൊല്ലപ്പെട്ട പതിമൂന്ന് സൈനികര്‍ക്ക് ഫ്രാന്‍സ് ദേശീയ ബഹുമതി നല്‍കി ആദരിച്ചു. മുന്‍ ഉദ്യോഗസ്ഥരും മരണപ്പെട്ട സൈനികരുടെ കുടുംബങ്ങളും സഹസൈനികരും പങ്കെടുത്ത എന്‍ഫീല്‍ഡ് ഓഡിറ്റോറിയത്തിലെ ആഘോഷ പരിപാടികള്‍ക്ക് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ അദ്ധ്യക്ഷത വഹിച്ചു. ‘ഫ്രാന്‍സ് 24’ ചാനല്‍ റിപ്പോര്‍ട്ട് ചെയ്തത് പ്രകാരം ആയിരത്തോളം ആളുകള്‍ക്ക് ചടങ്ങില്‍ പങ്കെടുക്കാന്‍ അനുവാദമുണ്ടായിരുന്നു.

സൈനിക കൊലപാതകം ഫ്രാന്‍സില്‍ വലിയ ഞെട്ടലുണ്ടാക്കിയിട്ടുണ്ട്. കാരണം, 1983ല്‍ ബയ്‌റൂത്തിലെ ഫ്രഞ്ച് മിലിട്ടറി ആസ്ഥാനത്തിന് നേരെയുണ്ടായ ബോംബാക്രമണത്തില്‍ 58 പേര്‍ കൊല്ലപ്പെട്ടതിന് ശേഷം സൈന്യത്തിന് ഇതുവരെ കനത്ത നാശനഷ്ടങ്ങളൊന്നും തന്നെ സംഭവിച്ചിട്ടില്ല. ആഫ്രിക്കന്‍ തീര മേഖലയിലെ മുസ്‌ലിം പ്രദേശങ്ങളില്‍ തീവ്രവാദികളെന്ന് ഫ്രാന്‍സ് വിശേഷിപ്പിക്കുന്ന ഇസ്‌ലാമിക് ഗ്രൂപ്പുകള്‍ക്കെതിരെ ഫ്രഞ്ച് സൈന്യം വര്‍ഷങ്ങളായി പോരാടുകയാണ്. പതിമൂന്ന് ഫ്രഞ്ച് സൈനികരുടെ കൊലപാതകത്തിന് ശേഷം ശക്തമായ സുരക്ഷാ സാഹചര്യത്തിന് സാക്ഷ്യം വഹിച്ച പ്രദേശത്തെ തന്റെ സൈനികരുടെ തന്ത്രങ്ങളെ അവലോകനം ചെയ്യാനാണ് താന്‍ ഉദ്ദേശിക്കുന്നതെന്ന് മാക്രോണ്‍ പ്രഖ്യാപിച്ചു. അതിനായി ഫ്രാന്‍സിന് കൂടുതല്‍ പിന്തുണ നല്‍കാന്‍ യൂറോപ്യന്‍ രാജ്യങ്ങളോട് അദ്ദേഹം ആഹ്വാനം ചെയ്തു.

ഓപ്പറേഷന്‍ ബര്‍ഖാന്‍ എന്ന പേരില്‍ ഫ്രഞ്ച് സൈന്യം അയച്ച 4500 പോരാളികളും ആഫ്രിക്കയിലെ തീര പ്രദേശങ്ങളില്‍ നിന്നുള്ള അയ്യായിരത്തോളം സൈനികരും പരസ്പരം ഏറ്റുമുട്ടിയിരുന്നു. പ്രാധാനമായും ചാഡിലായിരുന്നു രൂക്ഷമായ പോരാട്ടം നടന്നത്. ആറ് വര്‍ഷം നീണ്ടു നിന്ന പോരാട്ടത്തിനു ശേഷം വടക്കന്‍ മാലിയിലും മറ്റു പ്രദേശങ്ങളിലും പ്രാദേശിക തീവ്രവാദികള്‍ ഇപ്പോഴും സജീവമാണ്. അവിടെ നിന്നുമത് അയല്‍ രാജ്യങ്ങളായ ബുര്‍ക്കിനോഫാസോയിലേക്കും നൈജറിലേക്കും കൂടി വ്യാപച്ചിട്ടുണ്ട്. തലസ്ഥാനത്ത് നിന്ന് 60 കി.മീ അകലെയുള്ള കോന നഗരത്തിന്റെ നിയന്ത്രണം ഇസ്‌ലാമിക് ഗ്രൂപ്പുകള്‍ ഏറ്റെടുത്തതോടെ ഇസ്‌ലാമിക തീവ്രവാദത്തിനെതിരെയുള്ള പോരാട്ടമെന്ന ബാനറില്‍ അവരെ അവിടെ നിന്ന് പുറത്താക്കാനും മാലി തലസ്ഥാനമായ ബമാകോയിലേക്ക് പ്രവേശിക്കുന്നതില്‍ നിന്ന് അവരെ ശക്തമായി തടയാനും അസ്‌വാദ് പ്രവിശ്യയില്‍ വെച്ച് തന്നെ ഫ്രാന്‍സ് സൈന്യം ഇസ്‌ലാമിക് ഗ്രൂപ്പുകള്‍ക്കെതിരെ യുദ്ധം ആരംഭിച്ചിട്ടുണ്ട്.

വാസ്ഥവത്തില്‍, ഫ്രാന്‍സ് ഉയര്‍ത്തിപ്പിടിക്കുന്ന തീവ്രവാദം മുസ്‌ലിം ഭൂരിപക്ഷമുള്ള പടിഞ്ഞാറന്‍ തീര പ്രദേശങ്ങളിലേക്ക് കടന്നു ചെല്ലാനുള്ള തന്ത്രപരമായ നീക്കമാണ്. കാരണം, ഫ്രാന്‍സിന്റെ വൈദ്യുത ആവശ്യങ്ങള്‍ക്കുള്ള മൂന്നിലൊന്നും നല്‍കുന്ന യുറേനിയം ഖനികളും ലിബിയ, നൈജീരിയ, മൗറിത്താനിയ, അള്‍ജീരിയ, ഐവറി കോസ്റ്റ്, സെനഗല്‍ തുടങ്ങിയ നോര്‍ത്ത്‌വെസ്റ്റ് ആഫ്രിക്കന്‍ രാജ്യങ്ങളോടൊപ്പം ഫ്രാന്‍സിന്റെ വ്യാപാര കമ്പനികള്‍ നിക്ഷേപിക്കുന്ന വാതകത്തിന്റെയും എണ്ണയുടെയും വലിയൊരു അളവും ഈ പ്രദേശങ്ങളിലാണ് ഉള്ളത്. നിര്‍ഭാഗ്യമെന്നോണം ചില അറബ് രാഷ്ട്രങ്ങള്‍ ഇതിനായി ഫ്രാന്‍സിന് മൂലധനം നല്‍കുകയും വ്യാപാരത്തിന് പിന്തുണ നല്‍കുകയും ചെയ്യുന്നുണ്ട്. സ്വര്‍ണം, ബോക്‌സൈറ്റ്, യൂറേനിയം, ഇരുമ്പ്, ചെമ്പ്, ലിഥിയം, മാംഗനീസ്, ഫോസ്ഫറസ്, ഉപ്പ് തുടങ്ങി വിലയേറിയ ഒരുപാട് ലോഹങ്ങളും എണ്ണ, വാതക സമ്പത്തുമുള്ള ഒരുപാട് ഖനികളുണ്ട് ആഫ്രിക്കയില്‍. അവയില്‍ ഭൂരിഭാഗവും അള്‍ജീരിയന്‍ എണ്ണപ്പാടങ്ങളോട് ചേര്‍ന്നാണ് കിടക്കുന്നത്. ഈ പ്രവിശ്യകളിലേക്കാണ് ഫ്രാന്‍സ് കണ്ണും നട്ടിരിക്കുന്നത്. അതിനടുത്ത രാജ്യമായ മൗറിത്താനിയയിലും പര്യവേക്ഷണത്തിന് സുനിശ്ചിത സൂചകങ്ങളുള്ള ഒരുപാട് സ്ഥലങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്.

ഒരേ മാസം രണ്ട് തവണയാണ് പ്രസിഡന്റ് മാക്രോണ്‍ മാലി തലസ്ഥാനമായ ബമാകോ സന്ദര്‍ശിച്ചത്. മാലിയുടെ വിദേശനയം മാക്രോണിനെ സംബന്ധിച്ചെടുത്തോളം എത്ര പ്രധാനപ്പെട്ടതാണെന്ന് അത് വ്യക്തമാക്കിത്തരുന്നുണ്ട്. കാരണം, മാലിയുടെ സമ്പത്ത് വ്യവസ്ഥയുടെ പ്രധാന ധാതുവിഭവങ്ങള്‍ സ്വര്‍ണമാണ്. ദക്ഷിണാഫ്രിക്കക്കും ഘാനക്കും ശേഷം സ്വര്‍ണോല്‍പാദനത്തില്‍ മാലിക്ക് മൂന്നാം സ്ഥാനം മാക്രോണ്‍ കല്‍പിച്ചു നല്‍കുന്നതിലെ ചതിയും ഇത് തന്നെയാണ്. അതുകൊണ്ട് തന്നെ, മാലിയും മുസ്‌ലിം ആഫ്രിക്കന്‍ തീര രാജ്യങ്ങളും ചില വടക്കന്‍ ആഫ്രിക്കന്‍ രാജ്യങ്ങളും കൈയടക്കി വെച്ചിരിക്കുന്ന വിശാലമായ ഖനികളുടെമേലും സമ്പത്തിന്റെ മേലുമുള്ള നിയന്ത്രണാവകാശവുമായി ബന്ധപ്പെട്ടതാണ് അവരുടെ തീവ്രവാദ ചര്‍ച്ചകളൊക്കെയും. ഇസ് ലാമിനോടും മുസ്‌ലിംകളോടും ആഫ്രിക്കയോടുമുള്ള ഫ്രാന്‍സിന്റെ എക്കാലത്തെയും സമീപനവും ലക്ഷ്യവും തുറന്നു പറയുന്നതില്‍ മുന്‍ഗാമികളെക്കാള്‍ ഒരുപടി മുമ്പന്തിയിലാണ് മാക്രോണ്‍. ഇസ്‌ലാമിനെതിരെയുള്ള മതഭ്രാന്തരില്‍ വെച്ച് ഏറ്റവും വലിയ മതഭ്രാന്തനുമാണ് ഇദ്ദേഹം. മാത്രമല്ല, ഇസ്‌ലാമിക തീവ്രവാദം എന്ന ലേബലിന് കൂടുതല്‍ പ്രചാരം നല്‍കി ഇസ്‌ലാമിനെ അപകീര്‍ത്തിപ്പെടുത്താനും ശ്രമിക്കുന്ന വ്യക്തിയാണ് മാക്രോണ്‍. ഈയൊരു വികല വീക്ഷണത്തില്‍ നിന്നാണ് തുര്‍ക്കിയെ തിരസ്‌കരിക്കാന്‍ ഫ്രാന്‍സ് മറ്റുള്ളവരോട് ആവശ്യപ്പെടുന്നത്. വടക്കന്‍ സിറിയയിലെ കുര്‍ദി തീവ്രവാദ ശക്തികളോട് ഏറ്റുമുട്ടുന്നതും നാറ്റോ ഉടമ്പടികള്‍ക്ക് വഴങ്ങാത്തതും യൂറോപ്യന്‍ യൂണിയനില്‍ ചേരാന്‍ വിസമ്മതിക്കുന്നതുമാണ് ഇതിന് അവര്‍ കാരണമായി കണ്ടത്. മാക്രോണ്‍ തന്റെ നാടിന് പുറത്ത് ആഫ്രിക്കന്‍ തീരങ്ങളിലെ തീവ്രവാദങ്ങള്‍ക്കെതിരെ പോരാടാന്‍ മുന്നിട്ടിറങ്ങുമ്പോള്‍ തന്നെ തുര്‍ക്കിയെ അതിന്റെ തന്നെ അതിര്‍ത്ഥികള്‍ക്കും നഗരങ്ങള്‍ക്കും നേരെയുണ്ടാകുന്ന ഭീഷണികളെ ചെറുക്കാന്‍ സമ്മതിക്കാതിരിക്കുന്നതാണ് വിരോധാഭാസം.

അഫ്ഗാനിസ്ഥാന്‍, ഇറാഖ്, സിറിയ തുടങ്ങി അശാന്തിയും സംഘട്ടനങ്ങളും സ്ഥിരം വാര്‍ത്തകളാകുന്ന മുസ്‌ലിം രാജ്യങ്ങള്‍ക്കെതിരായ പാശ്ചാത്യന്‍, അമേരിക്കന്‍ സഖ്യങ്ങളില്‍ സജീവമായിരിക്കുമ്പോള്‍ തന്നെ ശിരോവസ്ത്രം, മൂടുപടം, പള്ളികള്‍, മദ്രസകള്‍ തുടങ്ങിയവക്കെതിരെ നിയമങ്ങളുണ്ടാക്കി മുസ്‌ലിം സമൂഹത്തെ ബുദ്ധിമുട്ടിക്കുന്നതില്‍ നിന്ന് പിന്മാറാന്‍ മാക്രോണ്‍ ഒരിക്കലും സന്നദ്ധനല്ല. 75% പരിശുദ്ധിയുള്ള സിലിക്കണ്‍ ലോഹങ്ങളടങ്ങുന്ന നോര്‍ത്ത് ഈസ്റ്റ് സിറിയയില്‍ നിന്നുള്ള അമേരിക്കയുടെ പിന്മാറ്റത്തെ ഫ്രാന്‍സ് എതിര്‍ത്തതും അതിന്റെ ഭാഗമാണ്. 39% ശതമാനം മാത്രം പരിശുദ്ധിയുള്ള സിലിക്കണടങ്ങുന്ന ഇന്ത്യയിലെ പ്രദേശങ്ങളെക്കാള്‍ ഇരട്ടി പ്രാധാന്യമേറിയ ഭൂമിയാണ് സിറിയയുടേത്.
റഷ്യയുടെയും ചൈനയുടെയും സ്വാധീനത്തെ വെല്ലുവിളിച്ച് ആഫ്രക്കന്‍ ഭൂഖണ്ഡങ്ങളില്‍ തങ്ങളുടെ ഏകപക്ഷീയമായ പാരമ്പര്യ കൊളോണിയലിസത്തെ അടിച്ചേല്‍പ്പിക്കാനാണ് ഫ്രഞ്ച് പ്രസിഡന്റ് ശ്രമിക്കുന്നത്. ആഫ്രിക്കയിലെ ആദ്യകാല കൊളോണിയല്‍ ശക്തികള്‍ തങ്ങളാണെന്നാണ് ഫ്രാന്‍സിന്റെ വാദം. യഥാര്‍ത്ഥത്തില്‍, റുവാണ്ടയിലെയും മധ്യ ആഫ്രിക്കയിലെയും ബീഭല്‍സകമായ കൂട്ടക്കുരുതിയിലൂടെയായിരുന്നു അവിടെയെല്ലാം അവര്‍ അധികാരം പിടച്ചെടുത്തത്. റഷ്യയും ചൈനയും ആഫ്രിക്കയിലേക്ക് നുഴഞ്ഞ് കയറി പ്രവിശ്യകളില്‍ പുതിയ അധികാര സ്വാധീനം നേടി തങ്ങളുടെ പൂര്‍വ്വകാല അധികാര കേന്ദ്രങ്ങളെ നഷ്ടപ്പെടുത്തി കളയാന്‍ ഫ്രാന്‍സ് ഒരിക്കലും ഇഷ്ടപ്പെടുന്നില്ല.

ഓപ്പറേഷന്‍ സെര്‍വല്‍, വൈല്‍ഡ് ക്യാറ്റ് എന്ന പേരില്‍ 2013 ജനുവരി 11ന് ഫ്രാന്‍സ് മാലിയില്‍ അവരുടെ സൈന്യത്തെ വിന്യസിച്ചു. ഫ്രഞ്ച് പോര്‍വിമാനങ്ങളായ മിറാഷും റാഫേലും സായുധ, സിവിലിയന്‍ ശക്തികേന്ദ്രങ്ങളുടെ വിശാലമായ മേല്‍നോട്ടത്തില്‍ കിഴക്കന്‍ മാലി മുതല്‍ അള്‍ജീരിയയുടെയും മൗറിത്താനിയയുടെയും അതിര്‍ത്ഥി വരെ അവര്‍ വ്യോമാക്രമണം നടത്തി. ഈയൊരു നീക്കത്തിലൂടെ അസ്‌വാദ് പ്രവിശ്യയിലെ കിഡാല്‍, ഗാവോ, ടിംബക്റ്റു എന്നീ സ്ഥലങ്ങള്‍ കൈവശപ്പെടുത്താന്‍ അവര്‍ക്കായി. ഫ്രാന്‍സ് അവരുടെ സൈനിക നീക്കങ്ങള്‍ തുടര്‍ന്ന് കൊണ്ടേയിരുന്നു. പടിഞ്ഞാറിന്റെയും ഫ്രാന്‍സിന്റെയും കൊളോണിയല്‍ താല്‍പര്യങ്ങള്‍ സാധ്യമാക്കാന്‍ പതിമൂന്ന് സൈനികരുടെ മരണം അവര്‍ക്ക് ധാരാളമായിരുന്നു. യൂറോപ്പിന്റെ പ്രൗഢിയും സുരക്ഷയുമാണ് ഫ്രഞ്ച് സൈന്യത്തിന്റെ പോരാട്ടത്തിലൂടെ ലക്ഷ്യം വെക്കുന്നതെന്ന് യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റ് ജോണ്‍ ക്ലോഡ് ജോണ്‍കര്‍ വ്യക്തമാക്കിയപ്പോള്‍ ഫ്രഞ്ച് പൗരന്മാരെ സംരക്ഷിക്കുകയാണ് സൈന്യത്തിന്റെ മുഖ്യ ലക്ഷ്യമെന്നായിരുന്നു മാക്രോണിന്റെ പ്രതികരണം.

2015ല്‍ ഒപ്പുവെച്ച ഒരു സമാധാന ഉടമ്പടി ഉണ്ടായിരുന്നിട്ടും ഫ്രാന്‍സ് തീവ്രവാദികളെന്ന് ആരോപിക്കപ്പെടുന്നവരെ വേട്ടയാടുന്നതും യുദ്ധം ചെയ്യുന്നതും ഇത് വരെ അവസാനിപ്പിച്ചിട്ടില്ല. ഇതിനര്‍ത്ഥം, തങ്ങള്‍ ആഗ്രഹിക്കുന്ന കാലത്തോളം മാലിയിലും ആഫ്രിക്കന്‍ തീരങ്ങളിലും നിലയുറപ്പിക്കാന്‍ തന്നെയാണ് ഫ്രാന്‍സിന്റെ തീരുമാനം. വടക്കന്‍ മാലിയില്‍ നിന്ന് അടുത്ത കാലത്തൊന്നും ഫ്രഞ്ച് സൈന്യം പിന്‍വാങ്ങില്ലെന്നാണ് മാക്രോണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്. മാത്രമല്ല, ഫ്രഞ്ച് സൈന്യത്തെ അഭിമുഖീകരിച്ച് നടത്തിയ പ്രസംഗത്തില്‍ അദ്ദേഹമത് പറയുകയും ചെയ്തു: ‘സ്വതന്ത്ര്യത്തിനായി പോരാടുന്നവരോടാണ് ഞാനിത് പറയുന്നത്. ഈ പോരാട്ടത്തില്‍ നമ്മള്‍ വിജയിക്കും. അതിന് ആവുന്നതെല്ലാം ചെയ്യാന്‍ ഞാന്‍ സന്നദ്ധനാണ്. അതിന് സമയമെടുക്കുമെങ്കിലും തീര്‍ച്ചയായും നമുക്ക അത് ചെയ്യാന്‍ കഴിയും’.
സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള ഈ പോരാട്ടം ഒരു മിഥ്യയാണെന്ന് മാക്രോണിനറിയാം. അഞ്ച് മുസ്‌ലിം സമൂഹങ്ങളടങ്ങുന്ന വലിയൊരു പ്രദേശത്തെ കീഴടക്കാനാണ് മാക്രോണ്‍ ഉദ്ദേശിക്കുന്നത്. മുസ്‌ലിം സമ്പത്ത് കൊള്ളയടിക്കാന്‍ യാതൊരു പ്രയാസവുമുണ്ടാവില്ലെന്നും അവിടുത്തെ ജനതയുടെ ബലഹീനതയും അനൈക്യവും ചിലരുടെ ഫ്രഞ്ച് വിധേയത്വവും വൈകാതെത്തന്നെ അവരുടെ സ്വാതന്ത്ര്യത്തെയെല്ലാം ഇല്ലാതാക്കിക്കളയാന്‍ സഹായിക്കുമെന്നും മാക്രോണിനറിയാം.

അത്യാഗ്രഹികളായ ആക്രമണകാരികളുടെ രീതിയാണിത്. ആദ്യകാല കുരിശുഭടന്മാരുടെ തന്ത്രമായിരുന്നു ഇത്. പോപ് അര്‍ബനസിന്റെ പ്രേരണയാല്‍ സെന്റ് മോണ്ട് ക്ലയറില്‍ നിന്ന് ജറൂസലേമിലേക്കും അഖ്‌സാ പള്ളിയിലേക്കും യുദ്ധം നയിച്ചെത്തിയ ആദ്യ അപരിഷ്‌കൃത കുരിശുപട(എ.ഡി 1095) ഫ്രഞ്ച് മണ്ണില്‍ നിന്നാണ് മുളച്ചു പൊന്തിയത്. അത് അല്ലാഹുവിന്റെ തീരുമാനമാണ്. നിരപരാതികളെ അറുകൊല നടത്താനും സമ്പത്ത് കൊള്ളയിടിക്കാനും കെട്ടിടങ്ങളെല്ലാം നിശിപ്പിച്ച് കളയാനും അല്ലാഹു അവരോട് കല്‍പ്പിച്ചത് പോലെയുണ്ട്. അല്ലാഹു മാനുഷിക വിശേഷണങ്ങള്‍ക്കതീതനാണ്.

വിവേകവും ബുദ്ധിയും അറിവും സമര്‍ത്ഥമായി ഉപയോഗിക്കുകയും പ്രയോഗിക്കുകയും ചെയ്താല്‍ പാശ്ചാത്യ കൊളോണിയല്‍ ശക്തികളുടെ ആസൂത്രണങ്ങളെ(പ്രത്യേകിച്ചും ഫ്രാന്‍സിന്റെ) നേരിടാനുള്ള ഒരുപാട് സാധ്യതകള്‍ തുറക്കപ്പെടുമെന്ന് ഉറപ്പുണ്ടായിട്ടും ഏറ്റവും മോഷപ്പെട്ട സാഹചര്യത്തിലൂടെയാണ് മുസ്‌ലിം സമൂഹം ഇന്ന് കടന്നു പോകുന്നത്. ഇസ്‌ലാമിക സമൂഹങ്ങള്‍ക്കിടയില്‍ സമാധാനവും ശാന്തിയും വ്യാപിപ്പിക്കുന്നതോടു കൂടെ സ്വബോധവും വളര്‍ത്തലാണ് ഇത്തരം സാധ്യതകളുടെ ആദ്യ പടി. വൈജ്ഞാനിക, സാംസ്‌കാരിക, സാമ്പത്തിക, വാണിജ്യ, വ്യാവസായിക, ശാസ്ത്രീയ, നയതന്ത്ര, സൈനിക മേഖലകളിലെല്ലാം പരിപൂര്‍ണ്ണത കൈവരിക്കുകയാണ് പിന്നീട് വേണ്ടത്. ഇതുവഴി മുസ്‌ലിംകളെല്ലാം കൊല്ലപ്പെടേണ്ടവരല്ലെന്നും കൊലപാതകവും കൂട്ടക്കൊലയും വഞ്ചനയും ഒഴിവാക്കപ്പെടേണ്ടതാണെന്നും മുസ്‌ലിംകളുമായി ആശയ കൈമാറ്റം സാധ്യമാണെന്നും മാക്രോണിന് ബോധ്യപ്പെടുത്തിക്കൊടുക്കാന്‍ സാധിക്കും.

 

വിവ. മുഹമ്മദ് അഹ്‌സന്‍ പുല്ലൂര്‍
അവലംബം. mugtama.com

Related Articles