Current Date

Search
Close this search box.
Search
Close this search box.

ഇസ്രായേലിനോടുള്ള ബൈഡന്റെ നയങ്ങള്‍ എന്താകും ?

യു.എസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ജോ ബൈഡന്‍ തന്റെ മന്ത്രിസഭ തെരഞ്ഞെടുപ്പിന്റെ അന്തിമ പട്ടിക പ്രഖ്യാപിക്കുമ്പോള്‍ അമേരിക്കന്‍ രാഷ്ട്രീയ സ്ഥാപനത്തിലെ പലരും ആശ്വാസത്തിന്റെ നെടുവീര്‍പ്പിലാണ്. നയനിര്‍മ്മാണത്തിലെ പ്രവചനാതീതം, മിതത്വം, കേന്ദ്രീകൃതം എന്നിവയാണ് അമേരിക്ക ബൈഡനിലൂടെ ഇന്ന് ചര്‍ച്ച ചെയ്യുന്നത്.

പുരോഗമന ഡെമോക്രാറ്റ് അംഗങ്ങളായ ബെര്‍ണി സാന്‍ഡേഴ്‌സ്, അലക്‌സാണ്ട്രിയ ഒകാഷ്യോ എന്നിവര്‍ ഡെമോക്രാറ്റുകളുടെ വോട്ട് റെക്കോര്‍ഡ് എണ്ണത്തിലേക്ക് കൊണ്ടുവരുന്നതില്‍ വലിയ പങ്ക് വഹിച്ചവരാണ്. ഫെഡറല്‍ ഏജന്‍സികളുടെയും ക്യാബിനറ്റ് സ്ഥാനങ്ങളും തെരഞ്ഞെടുക്കുമ്പോള്‍ ബൈഡന്‍ ഇവരോടും ഇവരുടെ പുരോഗമന അജണ്ടയോടും പുറം തിരിഞ്ഞതായി തോന്നുന്നു. വിദേശനയത്തിലും ഇത് നിലനിര്‍ത്തുന്നു. ഡെമോക്രാറ്റിക് ഭരണാധികാരികളായിരുന്ന ബില്‍ ക്ലിന്റന്റെയും ബറാക് ഒബാമയുടെയും ഭരണകൂടത്തിന്റെ തുടര്‍ച്ചയായിരിക്കും ബൈഡന്‍ തുടരകുയെന്നാണ് പല രാഷ്ട്രീയ നിരീക്ഷകരും പ്രതീക്ഷിക്കുന്നത്. ഇക്കാര്യം അടുത്തിടെ ബൈഡന്റെ സ്റ്റേറ്റ് സെക്രട്ടറിയാകുമെന്ന് കരുതുന്ന ആന്റണി ബ്ലിങ്കന്‍ സ്ഥിരീകരിച്ചിരുന്നു. ബ്ലിങ്കന്റെ പിതാവും അമ്മാവനും ബില്‍ ക്ലിന്റണ്‍ ഭരണത്തിന് കീഴില്‍ അംബാസിഡര്‍മാരായി സേവനമനുഷ്ടിച്ചിരുന്നു. അദ്ദേഹത്തിന്റെ രണ്ടാനഛന്‍ കെന്നഡി ഭരണത്തില്‍ സേവനമനുഷ്ടിക്കുകയും ചെയ്തിരുന്നു. യൂറോപ്യന്‍ സഖ്യകക്ഷികളുമായി അടുത്ത ബന്ധമുള്ള ബ്ലിങ്കനെ ഒരു ബഹുരാഷ്ട്രവാദിയും അന്താരാഷ്ട്ര വിദഗ്ധനുമായാണ് കണക്കാക്കുന്നത്. ഇദ്ദേഹം ഒരേ സമയം, ഇറാന്‍ ആണവ കരാറിനെ പിന്തുണക്കുകയും ഇസ്രായേലിനൊപ്പം ഉറച്ചുനില്‍ക്കുകയും ചെയ്യുന്നു. അതിനാല്‍ തന്നെ പശ്ചിമേഷ്യയിലെ അമേരിക്കയുടെ ഏറ്റവും അടുത്ത സഖ്യകക്ഷിയായ ഇസ്രായേല്‍ ഇതുകൊണ്ട് എന്താണ് അര്‍ത്ഥമാക്കുന്നത് ?

ഫലസ്തീനിലെ ‘തല്‍സ്ഥിതി’

പുറത്തേക്ക് പോകുന്ന ട്രംപ് ഭരണത്തില്‍ നിന്നും പ്രവര്‍ത്തനരഹിതമായ ഫെഡറല്‍ ഗവര്‍ണ്‍മെന്റിന്റെ നേതൃത്വം ബൈഡന്‍ ഏറ്റെടുക്കുമ്പോള്‍ നിരവധി വെല്ലുവിളികളുണ്ട്. കോവിഡുമായി ബന്ധപ്പെട്ട സാമ്പത്തിക, പൊതുജനാരോഗ്യ പ്രതിസന്ധി ഉള്‍പ്പെടെ അദ്ദേഹത്തിന്റെ ഭരണത്തിലെ ആഭ്യന്തര പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിലടക്കം ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്. ചൈനയുടെ വിപുലീകരണം, യൂറോപ്യന്‍, അമേരിക്കന്‍ മേഖലയിലെ റഷ്യയുടെ ഇടപെടല്‍, ട്രംപ് ഭരണകൂടം പ്രകോപിപ്പിച്ച ഇറാന്‍ വിരോധം എന്നിവയെ നേരിടുന്നതിലാകും യു.എസ് വിദേശനയം മിക്കവാറും ശ്രദ്ധ കേന്ദ്രീകരിക്കുക.

ഈ പ്രശ്‌നങ്ങള്‍ യു.എസിന്റെ നയരൂപീകരണ സംഘത്തിന് ഒരു വലിയ വെല്ലുവിളിയാണ്, മാത്രമല്ല ബൈഡന്റെ വിദശ നയ ടീമിന് ഇക്കാര്യത്തില്‍ കൂടുതല്‍ ഊര്‍ജ്ജം ചിലവഴിക്കേണ്ടി വരും. അതിനാല്‍ തന്നെ ഇസ്രായേല്‍-ഫലസ്തീന്‍ സംഘര്‍ഷം പരിഹരിക്കുന്നതിന് ബൈഡന്‍ ഭരണകൂടം വലിയ പദ്ധതികളൊന്നും മുന്നോട്ട് വയ്ക്കാന്‍ സാധ്യതയില്ല. എന്നാല്‍ ട്രംപ് ഭരണകൂടത്തിന്റെ ചില വിനാശകരമായ ഫലസ്തീന്‍ നയങ്ങളെ പുതിയ ഭരണകൂടം തിരുത്തിയേക്കാം. വാഷിംഗ്ടണിലെ ഫലസ്തീന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷന്റെ ഓഫീസും ഫലസ്തീനികള്‍ക്ക് സേവനം നല്‍കുന്നതിനായി കിഴക്കന്‍ ജറൂസലേമിലെ യു.എസ് കോണ്‍സുലേറ്റും വീണ്ടും തുറക്കാന്‍ അനുമതി നല്‍കിയേക്കും. യു.എന്‍ അഭയാര്‍ത്ഥി ഏജന്‍സിക്കുള്ള ധനസഹായം പുനരാരംഭിക്കുകയും ചെയ്‌തേക്കാം. എന്നിരുന്നാലും, ഇസ്രായേലിലുള്ള യു എസ് എംബസി തിരികെ തെല്‍ അവീവിലേക്ക് മാറ്റില്ല എന്ന് തെരഞ്ഞെടുപ്പിന് മുന്നോടിയായി ബൈഡന്‍ വ്യക്തമാക്കിയതാണ്. അത്തരമൊരു നീക്കം ‘പ്രായോഗികമായും രാഷ്ട്രീയമായും അര്‍ത്ഥമാക്കുന്നില്ല’ എന്ന് ബ്ലിങ്കനും ആവര്‍ത്തിച്ചിട്ടുണ്ട്.

ഇസ്രായേല്‍-ഫലസ്തീന്‍ സമാധാന ചര്‍ച്ചകളുടെ പരാജയത്തിന് ഉത്തരവാദികളാണെന്ന് ആരോപിച്ച് പലസ്തീനികളെക്കുറിച്ച് നിരവധി വിവാദ പ്രസ്താവനകളും കഴിഞ്ഞ കാലങ്ങളില്‍ ബ്ലിങ്കന്‍ നടത്തിയിട്ടുണ്ട്. മുന്‍ ഇസ്രയേല്‍ വിദേശകാര്യ മന്ത്രി അബ്ബാ ഇബാന്റെ വാക്കുകള്‍ അദ്ദേഹം കഴിഞ്ഞ മെയില്‍ ആവര്‍ത്തിച്ചിരുന്നു. ഇസ്രായേല്‍ ബഹിഷ്‌കരണ പ്രസ്ഥാനമായ ബി.ഡി.എസ് മൂവ്‌മെന്റിനെക്കുറിച്ചുള്ള തന്റെ നിലപാട് ബൈഡന്‍ വ്യക്തമാക്കിയിട്ടുണ്ട്. തെരഞ്ഞെടുപ്പിന് മുന്നോടിയായി ബി.ഡി.എസിനെ ശക്തമായി തള്ളിക്കളഞ്ഞുള്ള ഒരു പ്രസ്താവന അദ്ദേഹം ഇറക്കിയിരുന്നു. എന്നാല്‍ അറബ് അമേരിക്കന്‍ സമൂഹത്തില്‍ വിവാദമുണ്ടാക്കിയതിന് ശേഷം ഫലസ്തീനികളെ പരാമര്‍ശിക്കുന്ന ഭാഗം പിന്നീട് പ്രസ്താവനയില്‍ നിന്നും നീക്കം ചെയ്യുകയായിരുന്നു.

ഇസ്രയേല്‍ കുടിയേറ്റം സംബന്ധിച്ച് ചരിത്രപരമായ യു എസ് നിലപാടിലേക്ക് ബൈഡന്‍ മടങ്ങിവരാനാണ് സാധ്യത. കുടിയേറ്റം നിയമവിരുദ്ധവും സമാധാനത്തിന് തടസ്സവുമാണ് എന്ന് അവര്‍ക്കറിയാം, എന്നാല്‍ ബൈഡനും ബ്ലിങ്കനും ഇക്കാര്യത്തില്‍ ഒന്നും ചെയ്യാന്‍ സാധ്യതയില്ല. അതിനാല്‍ തന്നെ ഫലസ്തീന്‍ വിഷയത്തില്‍ നിലവിലെ സ്ഥിതി തന്നെ തുടരാനാണ് സാധ്യത. അതിനാല്‍ തന്നെ, അധിനിവേശ ഫലസ്തീന്‍ പ്രദേശങ്ങള്‍ ഇസ്രായേലിലേക്ക് ലയിപ്പിക്കുകയെന്ന ലക്ഷ്യത്തിലേക്ക് ഇസ്രായേല്‍ സര്‍ക്കാര്‍ തടസ്സമില്ലാതെ നടന്നുനീങ്ങുന്നത് തുടരുകയും ഫലസ്തീനികളെ സ്‌റ്റേറ്റ്‌ലെസ് എന്ന ജന്മനാട് ഇല്ലാത്തവരായി സ്വന്തം നാട്ടില്‍ ഉപേക്ഷിക്കുമെന്നുമാണ് ഇതിനര്‍ത്ഥം.

ഇസ്രായേലിനുള്ള നിരുപാധിക സഹായത്തെ ബൈഡന്‍ പൂര്‍ണമായും പിന്തുണയ്ക്കുന്നുണ്ട്. ഇസ്രായേലിനുള്ള സഹായം തടഞ്ഞുവെക്കുന്നത് ശത്രുതാപരമായ നടപടിയാണെന്നാണ് ബൈഡനും ബ്ലിങ്കനും മുന്നോട്ടുവെക്കുന്നത്. ട്രംപ് ചെയ്ത പോലെ, ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെയോ ഇസ്രയേല്‍ തീവ്ര വലതുപക്ഷത്തിന്റെയോ ചിയര്‍ ലീഡറായി ബൈഡന്‍ പ്രവര്‍ത്തിക്കാന്‍ സാധ്യതയില്ല, നെതന്യാഹുവും ബൈഡനും ഉള്‍പ്പെടുന്ന ഇസ്രായേല്‍ തിരഞ്ഞെടുപ്പ് പ്രചാരണ ബാനറുകള്‍ കെട്ടിടങ്ങളില്‍ തൂക്കാനും സാധ്യതയില്ല.

ഇറാന്‍ കരാറിലെ വെല്ലുവിളി

വരാനിരിക്കുന്ന ബൈഡന്‍ ഭരണകൂടത്തിന്റെ ഇറാനോടുള്ള നയം ഗള്‍ഫ് സഖ്യകക്ഷികളുമായി മാത്രമല്ല, ഇസ്രയേലുമായും ഏറ്റുമുട്ടുന്ന ഒരു മേഖലയായിരിക്കും. ഇറാന്‍ ആണവകരാര്‍ ഒപ്പുവെക്കുന്നതിനുമുമ്പ് തന്നെ നെതന്യാഹു കരാറിനെതിരെ അശ്രാന്തമായി പ്രചാരണം നടത്തിയിരുന്നു. ട്രംപ് അധികാരമേറ്റ ശേഷം ഇസ്രായേല്‍ പ്രധാനമന്ത്രി കരാറില്‍ നിന്ന് പിന്മാറാന്‍ ട്രംപിനോട് ആവശ്യപ്പെട്ടു, അത് അദ്ദേഹം ചെയ്യുകയായിരുന്നു. ഇറാനുമായുള്ള കൂടുതല്‍ സുസ്ഥിരവും വിവാദരഹിതവുമായ ബന്ധത്തിലേക്ക് മടങ്ങിവരാനാണ് അദ്ദേഹം ശ്രമിക്കുന്നത്.

ഇറാന്‍ ആണവ കരാറായ യഥാര്‍ത്ഥ സംയുക്ത സമഗ്ര പദ്ധതിയിലേക്ക് യു എസ് മടങ്ങിവരണമെന്ന് ബൈഡന്‍ ആവര്‍ത്തിച്ചു. ശിക്ഷാര്‍ഹമായ സാമ്പത്തിക ഉപരോധം നീക്കിയതിന് പകരമായി ഭാവിയില്‍ ആണവായുധങ്ങള്‍ വികസിപ്പിക്കില്ലെന്ന് ഉറപ്പുനല്‍കുന്ന ഒന്ന്. ഇസ്രായേല്‍ ട്രംപിന്റെ സഹായത്തോടെ ഇത് സംഭവിക്കുന്നത് തടയാന്‍ ശ്രമിക്കുകയാണ്.

ഇറാനിലെ മുതിര്‍ന്ന അല്‍ഖ്വയ്ദ നേതാവിന്റെയും രാജ്യത്തെ പ്രമുഖ ആണവ ശാസ്ത്രജ്ഞനായ മുഹ്‌സിന്‍ ഫക്രിസാദെയുടെയും കൊലപാതകങ്ങള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത് ബൈഡനെ പ്രതിസന്ധിയിലാക്കാനും ഇറാനുമായി ബന്ധം സ്ഥാപിക്കാനുള്ള അദ്ദേഹത്തിന്റെ ശ്രമങ്ങളെ ദുര്‍ബലപ്പെടുത്താനുമാണെന്നാണ് പൊതുവെയുള്ള നിരീക്ഷണം.

ഈ കൊലപാതകവും ഇറാനിലെ സൈനിക തലവന്‍ ജനറല്‍ കസി സുലൈമാനിയെ ജനുവരിയില്‍ യു എസ് ഡ്രോണ്‍ ഉപയോഗിച്ച് കൊലപ്പെടുത്തിയതും ആണവ ചര്‍ച്ചകളിലേക്കുള്ള തിരിച്ചുവരവ് നിരസിക്കാന്‍ ഇറാനെ പ്രേരിപ്പിക്കുമെന്നും ട്രംപ് ഭരണകൂടം കണക്കുകൂട്ടുന്നു.
ഇസ്രായേല്‍ ലോബിയുമായി ബ്ലിങ്കനും ബൈഡനും തമ്മില്‍ വളരെ അടുത്ത ബന്ധം പുലര്‍ത്തുന്നതിനാല്‍, അവരുടെ സ്വന്തം നയ അജണ്ട പിന്തുടരുന്നതിനും ഇസ്രായേലിന്റെ പരുഷമായ ആവശ്യങ്ങള്‍ പരിഹരിക്കുന്നതിനും ഇടയില്‍ അവര്‍ക്ക് വിയര്‍ക്കേണ്ടി വരും.

ഇസ്രായേലിലെ ഭരണമാറ്റവും ഇറാനിയന്‍ ആണവ കേന്ദ്രങ്ങള്‍ക്കെതിരായ ആക്രമണങ്ങളും ഉള്‍പ്പെടെയുള്ള ഇസ്രായേലിന്റെ സൈനിക സാഹസികതയെ അവര്‍ക്ക് നിയന്ത്രിക്കേണ്ടതുണ്ട്. ഇത്തരം ആക്രമണങ്ങളില്‍ നിന്ന് ഒബാമ നെതന്യാഹുവിനെ വിലക്കിയിരുന്നു, പക്ഷേ ഇസ്രായേല്‍ നേതാവ് ഡെമോക്രാറ്റിക് പ്രസിഡന്റുമാരോടും അവരുടെ മുന്നറിയിപ്പുകളോടും പുച്ഛം കാണിക്കുകയല്ലാതെ മറ്റൊന്നും ചെയ്തിട്ടില്ല.

ഇസ്രായേലിനോട് നോ പറയാന്‍ ബൈഡന് സാധിക്കുമോ ? അദ്ദേഹം അങ്ങനെ ചെയ്യുകയാണെങ്കില്‍, ഇസ്രായേല്‍ നേതാക്കള്‍ അത്തരമൊരു നിരസനം സ്വീകരിക്കുമോ, അതോ അവര്‍ കൊലപാതകം, അട്ടിമറി, ഇറാന്റെ ആണവ കേന്ദ്രങ്ങള്‍ക്കെതിരായ ആക്രമണം എന്നിവ പോലുള്ള അവരുടെ അശ്രദ്ധമായ നയം തുടരുമോ? ജോ ബിഡന്‍ യഥാര്‍ത്ഥത്തില്‍ എന്താണ് ചെയ്തതെന്ന് ഈ വെല്ലുവിളികളെല്ലാം കാണിക്കും.

അവലംബം: അല്‍ജസീറ
വിവ: സഹീര്‍ വാഴക്കാട്

Related Articles