Current Date

Search
Close this search box.
Search
Close this search box.

ജാതി വിവേചനത്തിനെതിരെ പോരാടാന്‍ ഒന്നിച്ച രണ്ട് അമ്മമാര്‍

രണ്ടു അമ്മമാര്‍, അവര്‍ രണ്ടു പേരും വ്യത്യസ്ത നഗരങ്ങളില്‍ ജീവിക്കുന്നവരാണ്. അടുത്തിടെ നടന്ന രണ്ട് ദുരന്ത സംഭവങ്ങളില്‍ ഇരുവര്‍ക്കും പരസ്പരം സാമ്യമുണ്ട്. അവരുടെ മക്കളാണ് ഡോ. പായല്‍ തദ്‌വിയും രോഹിത് വെമുലയും. ഇരുവരും ഉയര്‍ന്ന വിദ്യാഭ്യാസം കരസ്ഥമാക്കിയവരാണ്. അവര്‍ പഠിച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിരന്തരം വിവേചനത്തിനിരയാവുകയും പീഡനത്തിരയാവുകയും ചെയ്ത കാരണത്താല്‍ ജീവിതം അവസാനിപ്പിച്ചവരാണ് ഇരുവരും.

ആബിദ തദ്‌വിയും രാധിക വെമുലയും. ഇരുവരും അവരുടെ നഷ്ടങ്ങളില്‍ ധൈര്യം കണ്ടെത്തി. പിന്നീട് തങ്ങളുടെ കുട്ടികള്‍ക്ക് ഉന്നത സര്‍വകലാശാലകളില്‍ നേരിടേണ്ടി വന്ന വിവേചനം മറ്റു ആദിവാസി,ദലിത് വിദ്യാര്‍ത്ഥികള്‍ക്ക് ഉണ്ടാവാതിരിക്കാന്‍ ഇരുവരും സുപ്രീംകോടതിയെ സമീപിക്കുകയും ചെയ്തു. ഇരുവരും ചേര്‍ന്ന് ഇത്തരം അപര്യാപ്തമായ സംവിധാനങ്ങള്‍ക്കെതിരെ സംയുക്ത ഹരജി ഫയല്‍ ചെയ്യുകയും ചെയ്തു. ഇത്തരം വിഷയങ്ങള്‍ക്കെതിരെ കര്‍ശനവും ഉത്തരവാദിത്വപൂര്‍ണമായ സംവിധാനം ഉണ്ടാക്കാന്‍ യു.ജി.സി മുന്‍കൈയെടുക്കണമെന്നുമാണ് ഹരജിയില്‍ ആവശ്യപ്പെടുന്നത്.

ഓഗസ്റ്റ് 27നാണ് ഇരവരും പരാതി ഫയല്‍ ചെയ്തത്. ഇരുവരുടെയും മക്കള്‍ക്കുണ്ടായ അനുഭവങ്ങളുടെ വിശദാംശങ്ങളും വിവിധ സര്‍വകലാശാലകളില്‍ ജാതി അടിസ്ഥാനമാക്കിയുള്ള വിവേചനത്തിരെ പോരാടുന്ന വിവിധ ദലിത്,ആദിവാസി വിദ്യാര്‍ത്ഥികളുടെ സമാനമായ കേസുകളുടെ പട്ടികയും ഇരുവരും സുപ്രിംകോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്.

2016 ജനുവരിയിലാണ് ഹൈദരാബാദ് സര്‍വകലാശാലയിലെ ദലിത് ഗവേഷണ വിദ്യാര്‍ത്ഥിയായിരുന്ന രോഹിത് വെമുല ആത്മഹത്യ ചെയ്യുന്നത്. കോളേജിലെ എ.ബി.വി.പി പ്രവര്‍ത്തകനെ മര്‍ദിച്ചു എന്ന പേരു പറഞ്ഞ് വെമുല അടക്കം അഞ്ച് ദലിത് വിദ്യാര്‍ത്ഥികളെ ഹോസ്റ്റലില്‍ നിന്ന് ബലം പ്രയോഗിച്ച് പുറത്താക്കി. തുടര്‍ന്ന് പുറത്താക്കപ്പെട്ട വിദ്യാര്‍ത്ഥികള്‍ സര്‍വകലാശാല അധികാരികളുടെ തീരുമാനത്തെ ചോദ്യം ചെയ്ത് ശക്തമായ സമരം നടത്തി. കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം ജനുവരി 17ന് രോഹിത് വെമുല ജീവനൊടുക്കുകയായിരുന്നു. സര്‍വകലാശാല വൈസ് ചാന്‍സിലര്‍ അപ്പ റാവു,ബി.ജെ.പി നേതാവ് എന്‍ രാമചന്ദ്ര റാവു,എ.ബി.വി.പി പ്രവര്‍ത്തകരായ സുശീല്‍ കുമാര്‍,രാമകൃഷ്ണ എന്നിവരാണ് തന്റെ ആത്മഹത്യയുടെ ഉത്തരവാദികള്‍ എന്നാണ് രോഹിത് ആത്മഹത്യ കുറിപ്പില്‍ സൂചിപ്പിച്ചത്. അവര്‍ക്കെതിരെ എഫ്.ഐ.ആര്‍ ചുമത്തിയെങ്കിലും കാര്യമായ നടപടിയെടുക്കുന്നതില്‍ പൊലിസ് പരാജയപ്പെട്ടു.

തന്റെ സീനിയര്‍ ഡോക്ടര്‍മാരായ ഹേമ അഹുജ,ഭക്തി മെഹര്‍,അങ്കിത കന്ദള്‍വാള്‍ എന്നിവരുടെ പീഡനം മൂലം ആത്മഹത്യ ചെയ്യുന്നുവെന്നാണ് ഡോ. പായല്‍ തന്റെ ആത്മഹത്യ കുറിപ്പില്‍ സൂചിപ്പിച്ചത്. വര്‍ഷങ്ങളായി അവരെ ജാതീയമായി അധിക്ഷേപിക്കുകയും അപകീര്‍ത്തിപ്പെടുത്തുകയും ചെയ്തിരുന്നു. തുടര്‍ന്ന് പ്രതികളെ ഉടന്‍ തന്നെ അറസ്റ്റു ചെയ്തു. 1200 പേജുളള കുറ്റപത്രമാണ് ഇവര്‍ക്കെതിരെ സമര്‍പ്പിച്ചത്. ഗോത്ര വര്‍ഗ്ഗാംഗമായ തദ്‌വി ഭില്‍ എന്ന ഉപജാതിയില്‍ പെട്ടവരാണ്. ഈ സമുദായത്തില്‍ നിന്നും ആദ്യമായി ഡോക്ടറേറ്റ് കരസ്ഥമാക്കിയയാളാണ് പായല്‍. രണ്ടു കേസുകളിലും ഇരകള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതില്‍ അധികാരികള്‍ പരാജയപ്പെട്ടുവെന്നും അവരുടെ ആത്മഹത്യ തടയാന്‍ സാധിച്ചില്ലെന്നും വ്യക്തമാണ്.

പരാതികള്‍

സഹപാഠികള്‍,മുതിര്‍ന്ന വിദ്യാര്‍ത്ഥികള്‍, പ്രൊഫസര്‍മാര്‍ എന്നിവരാല്‍ കടുത്ത വിവേചനവും നിരന്തരം ഉപദ്രവവും ഉണ്ടാവുന്നെന്ന് വിദ്യാര്‍ത്ഥികള്‍ പരാതിപ്പെട്ടിട്ടുള്ള നിരവധി കേസുകള്‍ ഇവിടെ കാണാന്‍ സാധിക്കും. മിക്കയാളുകളും അപമാനവും പീഡനവും ഭയന്ന് പരാതിപ്പെടാതെ നിശബ്ദമായി സഹിക്കുകയാണ് പതിവ്. ചിലയാളുകള്‍ അവസാനത്തെ ശ്രമം എന്ന നിലയില്‍ ആത്മഹത്യയില്‍ അഭയം തേടുന്നു. ഇത്തരം ചില കേസുകള്‍ മാത്രമാണ് മാധ്യമങ്ങള്‍ വാര്‍ത്തയാക്കുന്നത്. ഇത്തരം ആത്മഹത്യകളെക്കുറിച്ചും അതിന്റെ കാരണങ്ങളെക്കുറിച്ചും ഡല്‍ഹി ആസ്ഥാനമായുള്ള ഇന്‍സൈറ്റ് ഫൗണ്ടേഷന്‍ ഒരു പഠനം നടത്തിയിരുന്നു. ക്യാംപസുകളില്‍ നടക്കുന്ന വിവേചനങ്ങള്‍ക്കെതിരെ ശക്തമായ നടപടി കൈകൊള്ളാന്‍ യു.ജി.സിയും ഹൈക്കോടതികളും സ്വതന്ത്ര കമ്മിറ്റികളും നിരവധി മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിരുന്നു. ഇതിനെതിരെ ഗൗരവത്തില്‍ നടപടി കൈകൊള്ളാനും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ മിക്ക മാര്‍ഗനിര്‍ദേശങ്ങളും ഇപ്പോഴും കടലാസില്‍ തന്നെ മയങ്ങുകയാണ്.

ഈ മാര്‍ഗനിര്‍ദേശങ്ങള്‍ മിക്ക സര്‍വകലാശാലകളും പാലിക്കുന്നില്ലെന്നും 800 സര്‍വകലാശാലകളില്‍ 155 എണ്ണം മാത്രമാണ് 2015-16 കാലത്ത് ഇക്കാര്യത്തില്‍ എന്ത് നടപടി കൈകൊണ്ടു എന്നതിനെക്കുറിച്ച് മറുപടി നല്‍കിയതെന്നുമാണ് വിവരാവകാശ നിയമം വഴി പുറത്തുവന്ന റിപ്പോര്‍ട്ടില്‍ പറയുന്നത്. 2017-18 കാലത്ത് 880ല്‍ 419 സര്‍വകലാശാലകളാണ് മറുപടി നല്‍കിയതെന്നും മറ്റൊരു വിവരാവകാശ റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാത്ത സര്‍വകലാശാലക്കെതിരെ നടപടിയെടുക്കുന്നതില്‍ യു.ജി.സിയും പരാജയപ്പെടുകയാണുണ്ടായത്.

മുതിര്‍ന്ന ഉപദേശകയായ ഇന്ദിര ജെയ്്‌സിങ്ങും അവരുടെ സഹ അഭിഭാഷക ദിശ വാദേകറുമാണ് തദ്‌വി,വെമുല കേസുകള്‍ക്ക് വേണ്ടി സുപ്രീം കോടതിയില്‍ ഹാജരാവുന്നത്. നിലവില്‍ സര്‍വകലാശാലകളില്‍ അരങ്ങേറുന്ന ജാതി,ലിംഗ,വംശ,മത വിവേചനങ്ങള്‍ നിയന്ത്രിക്കാനും അതിനെതിരെ നടപടികളെടുക്കാത്ത സര്‍വകലാശാലകള്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കുക,വിഷയത്തില്‍ യു.ജി.സി ഇടപെടുക,ആന്റി റാഗിങ് കമ്മിറ്റി ഇടപെടുക തുടങ്ങിയ ആവശ്യങ്ങളാണ് ഹരജിയില്‍ ഉള്ളത്. ദലിത്,ആദിവാസി വിദ്യാര്‍ത്ഥികള്‍ക്ക് പരാതികള്‍ അറിയിക്കാനായി മിക്ക സ്ഥാപനങ്ങള്‍ക്കും ഒരു വെബ് പേജ് ഉണ്ട്. എന്നാല്‍ അവ മിക്കതും ഇപ്പോള്‍ പ്രവര്‍ത്തനരഹിതമാണ്. ഇതിനെതിരെയൊന്നും യു.ജി.സി യാതൊരു നടപടിയും കൈകൊള്ളുന്നില്ലെന്നും ഇരുവരും ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നു.

അര്‍ബുദ രോഗിയായ ആബിദ തദ്‌വി രോഗത്തോട് മല്ലിട്ടാണ് തന്റെ മകള്‍ക്കു വേണ്ടി കേസുമായി മുന്നോട്ടു പോകുന്നത്. കോളജ് അധികാരികള്‍ക്കെതിരെയാണ് വെമുലയുടെ കേസ് എന്നതിനാല്‍ നിയമവ്യവസ്ഥയില്‍ നിന്നും ഉന്നത ഇടപെടലിലൂടെ പ്രതികള്‍ രക്ഷപ്പെടുകയാണ് ചെയ്തതെന്ന് രാധിക വെമുല പറയുന്നു.

രണ്ടു പരാതിക്കാരും എങ്ങിനെ ഒന്നിച്ചു ?

‘ഈ വ്യവസ്ഥയിലുള്ള ഞങ്ങളുടെ എല്ലാ പ്രതീക്ഷകളും നഷ്ടപ്പെട്ടു. രോഹിത് മരിച്ച് മൂന്ന് വര്‍ഷം കഴിഞ്ഞു. ഇത്തരം സമാനാമായ നിരവധി കേസുകളാണ് ദിനേന ഞങ്ങള്‍ വായിക്കുന്നത്. തുടക്കത്തില്‍ ജനങ്ങളുടെ കൂട്ടായ പിന്തുണയുണ്ടായിരുന്നു. പിന്നീട് മറ്റെല്ലാ സംഭവങ്ങളെയും പോലെ ഇതിന്റെയും ചൂട് നഷ്ടപ്പെടുകയായിരുന്നു’. പായലിന്റെ മരണവുമായി ബന്ധപ്പെട്ട സമയത്ത് രോഹിതിന്റെ സഹോദരന്‍ രാജു വെമുല പറഞ്ഞു.

‘ഒരു മാസം മുന്‍പ് ഞങ്ങള്‍ക്കൊരു ഫോണ്‍ കോള്‍ വന്നു. അഭിഭാഷകയായ ദിഷ വാദേകര്‍ ആണെന്നും ഇന്ദിര ജെയ്‌സിങ്ങിന്റെ ഓഫിസില്‍ നിന്നാണ് വിളിക്കുന്നതെന്നും പറഞ്ഞു. ഞങ്ങളുടെ കേസില്‍ വാദിക്കാം എന്നറിയിച്ചു. ഫോണ്‍ കോളിനെക്കുറിച്ച് ഞങ്ങള്‍ ചിന്തിച്ചുകൊണ്ടിരിക്കുമ്പോഴാണ് ആബിദ തദ്‌വി അമ്മയെ വിളിച്ച് നമുക്ക് നമ്മുടെ മക്കള്‍ക്ക് വേണ്ടി ഒരുമിച്ച് പോരാടാം എന്നറിയിച്ചത്. അപ്പോള്‍ എന്റെയും അമ്മയുടെയും പ്രതീക്ഷകളെല്ലാം പുനരുജ്ജീവിക്കുകയായിരുന്നു’. രാജ വെമുല പറയുന്നു. ‘എന്റെ കുട്ടിയെയും ഇപ്പോള്‍ നഷ്ടമായിരിക്കുന്നു. അതിനാലാണ് ഞാന്‍ ഈ കേസ് ഉയര്‍ന്ന കോടതിയിലേക്ക് നീക്കുന്നത്’-ആബിദ പറഞ്ഞു. ‘എനിക്കെന്റെ മകളെ നഷ്ടപ്പെട്ടു, എന്നു വിചാരിച്ച് അതില്‍ വിലപിച്ചിരിക്കുക മാത്രമല്ല ഞാന്‍ ചെയ്യേണ്ടത്. പായലിന്റെ സുഹൃത്തുക്കളും മറ്റു നിരവധി വിദ്യാര്‍ത്ഥികളും എന്നെ വിളിക്കുകയും അവര്‍ക്കുണ്ടായ സമാനമായ ഭീകര അനുഭവങ്ങള്‍ പറയുകയും ചെയ്യാറുണ്ട്. അതിനാല്‍ തന്നെ ഈ ഹരജി പായലിനെപ്പോലെ പഠിക്കാന്‍ ആഗ്രഹിക്കുന്ന എല്ലാവര്‍ക്കും വേണ്ടിയുള്ളതാണ്. അവരെ നിരാശപ്പെടുത്താന്‍ എനിക്കാവില്ല’. ആബിദ പറഞ്ഞു.

രോഹിതിന്റെ മരണ ശേഷം വിവിധ വിദ്യാര്‍ത്ഥി സംഘടനകളുടെയും ജാതിവിരുദ്ധ പ്രസ്ഥാനങ്ങളുടെയും മുന്‍പന്തിയിലുണ്ട് രാധിക വെമുല. ”രോഹിതിന് വേണ്ടി മാത്രമല്ല, സമാന പീഡനങ്ങള്‍ അനുഭവിക്കുന്ന മറ്റു നിരവധി രോഹിതുമാര്‍ക്കും വേണ്ടിയാണ് ഞങ്ങള്‍ കേസുമായി സുപ്രീം കോടതിയെ സമീപിച്ചത്. ഈ കേസിന്റെ അവസാനം എന്ത് നേടാന്‍ കഴിയുമെന്ന് എനിക്കറിയില്ല. എന്നാല്‍ രണ്ട് ശക്തരായ സ്ത്രീകള്‍ക്കിടയില്‍ ഒരു ഐക്യമുണ്ടാക്കാനും അവരുടെ പാരമ്പര്യത്തില്‍ നിന്ന് ജാതിവിരുദ്ധ പ്രസ്ഥാനത്തില്‍ വലിയ ഐക്യം നേടാന്‍ സഹായിക്കുമെന്നും എനിക്കുറപ്പുണ്ട്”. രാജ വെമുല പറഞ്ഞു.

അവലംബം:thewire.in
മൊഴിമാറ്റം: സഹീര്‍ അഹ്മദ്‌

Related Articles