Current Date

Search
Close this search box.
Search
Close this search box.

തുര്‍ക്കിയിലെ വിദ്യാര്‍ത്ഥി പ്രക്ഷോഭം: ഉര്‍ദുഗാന് പുതിയ വെല്ലുവിളി

കഴിഞ്ഞ ഒരു മാസത്തിലേറെയായി തുര്‍ക്കിയില്‍ നടക്കുന്ന സര്‍വകലാശാല വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ നേരിടുന്ന പുതിയ വെല്ലുവിളിയാണ്. എട്ട് വര്‍ഷം മുന്‍പ് തന്റെ ഭരണകൂടത്തിന് ഭീഷണിയായ ദേശവ്യാപക പ്രക്ഷോഭവുമായാണ് തുര്‍ക്കി ഇതിനെ താരതമ്യപ്പെടുത്തുന്നത്. തുര്‍ക്കിയിലെ പ്രമുഖമായ ബൊഗാസിസി സര്‍വകലാശാലയില്‍ സര്‍ക്കാര്‍ പുതിയ റെക്ടറെ നിയമച്ചതുമായി ബന്ധപ്പെട്ടാണ് പ്രതിഷേധം ഉടലെടുത്തത്. പ്രതിഷേധം അന്താരാഷ്ട്ര രംഗത്തും ചര്‍ച്ചയായതോടെ പുതിയ അമേരിക്കന്‍ ഭരണകൂടവുമായി ബന്ധമുണ്ടാക്കാനും യൂറോപ്യന്‍ യൂണിയനുമായുള്ള ബന്ധങ്ങള്‍ മെച്ചപ്പെടുത്താനും ശ്രമിക്കുന്ന ഉര്‍ദുഗാന് ഇത് തിരിച്ചടിയാകുമോ എന്ന ഭീഷണിയും നിലനില്‍ക്കുന്നുണ്ട്.

തുര്‍ക്കിയും അമേരിക്കയും തമ്മിലുള്ള ദീര്‍ഘകാല തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിന് പ്രസിഡന്റ് ജോ ബൈഡന്റെ വിജയത്തെത്തുടര്‍ന്ന് ഒരു പരിഷ്‌കരണ മുന്നണി ലോകത്തിന് മുന്നില്‍ അവതരിപ്പിക്കാന്‍ ഉര്‍ദുഗാന്‍ ശ്രമിക്കുന്നുണ്ട്. എന്നാല്‍ സമരരംഗത്തുള്ള വിദ്യാര്‍ത്ഥികളെ പൊലിസ് ക്രൂരമായാണ് നേരിടുന്നത്. പ്രതിഷേധക്കാരെ പൈശാചികവത്കരിക്കാനുള്ള ശ്രമങ്ങളും ഒരു ഭാഗത്ത് അരങ്ങേറുന്നുണ്ട്. വിദ്യാര്‍ത്ഥികളെ തീവ്രവാദികളായാണ് മുദ്ര കുത്തുന്നത്. ഇതെല്ലാം ഉര്‍ദുഗാന്റെ ജനാധിപത്യ-ജുഡീഷ്യല്‍ പരിഷ്‌കാരങ്ങളെ ദുര്‍ബലപ്പെടുത്തും. ഉര്‍ദുഗാന്റെ മന്ത്രിസഭയിലെ വിദേശകാര്യ മന്ത്രി സുലൈമാന്‍ സൊയ്‌ലു പ്രക്ഷോഭകരെ വഴിതെറ്റിയ എല്‍.ജി.ബി.ടി സമൂഹമാണെന്നാണ് ആരോപിച്ചത്. ഇത്തരം നീക്കങ്ങള്‍ക്കെതിരെ കഴിഞ്ഞ ദിവസം യു.എസ് സ്റ്റേറ്റ് ഡിപാര്‍ട്‌മെന്റ് അപലപനം രേഖപ്പെടുത്തുകയും ചെയ്തു. പ്രതിഷേധക്കാരെ തടയുന്നതിനെതിരെയും യു.എസ് പ്രതികരിച്ചിരുന്നു. പ്രതിഷേധക്കാരെ ഇകഴ്ത്തുന്ന ഇത്തരത്തിലുള്ള പ്രസ്താവനക്കെതിരെ യൂറോപ്യന്‍ യൂണിയനും യു.എന്നും അപലപനം രേഖപ്പെടുത്തിയിട്ടുണ്ട്. അറസ്റ്റ് ചെയ്ത പ്രക്ഷോഭകരെ വിട്ടയക്കണമെന്നും അവര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

സമരത്തിന് പിന്നില്‍ വിദേശത്തുള്ള ചില സംഘങ്ങളാണെന്നാണ് തുര്‍ക്കി വിദേശകാര്യ മന്ത്രാലയം ആരോപിക്കുന്നത്. ഇതിനെതിരെ മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. ഇത്തരം സംഘങ്ങള്‍ രാജ്യത്ത് പ്രകോപനമുണ്ടാക്കുന്ന തരത്തില്‍ ഇടപെടരുതെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ഇത്തരം സംഘങ്ങള്‍ നിയമവിരുദ്ധമായ മാര്‍ഗങ്ങളിലൂടെ നിയമവിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുകയാണ് ചെയ്യുന്നതെന്നും തുര്‍ക്കി പറയുന്നു.
എല്‍.ജി.ബി.ടിയുടെ പതാകയും ഏന്തി യുവാക്കള്‍ നടത്തിയ കലാ പ്രദര്‍ശനത്തില്‍ മുസ്ലിം പുണ്യ ഭവനമായ കഅ്ബയുടെ ചിത്രവുമുണ്ടായിരുന്നു. ഇതിനെതിരെയും ഉര്‍ദുഗാന്‍ പ്രതികരിച്ചു.

ജനുവരി 4 മുതല്‍ നടക്കുന്ന പ്രതിഷേധത്തിനിടെ ഇതിനകം നൂറുകണക്കിന് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അങ്കാറ, ഇസ്മിര്‍, ബര്‍സ തുടങ്ങിയ നഗരങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്കും എല്‍.ജി.ബി.ടികളുടെ അവകാശങ്ങള്‍ക്കും പിന്തുണ നല്‍കിയും പ്രകടനങ്ങള്‍ അരങ്ങേറിയിരുന്നു. എല്ലാ വൈകുന്നേരവും തങ്ങളുടെ ബാല്‍ക്കണിയില്‍ നിന്ന് കലങ്ങളും പാത്രങ്ങളും കൊട്ടി നിരവധി പേര്‍ സമരത്തിന് പിന്തുണ അറിയിച്ചു. 2013ല്‍ നടന്ന ഉര്‍ദുഗാന്‍ ഭരണകൂടത്തിനെതിരെയുള്ള പ്രക്ഷോഭങ്ങളെയാണ് ഇതെല്ലാം ഓര്‍മിപ്പിക്കുന്നത്.

അഭിപ്രായ സര്‍വേ

ബുധനാഴ്ച പുറത്തുവിട്ട അഭിപ്രായ സര്‍വേ പ്രകാരം 69 ശതമാനം തുര്‍ക്കികളും പുതിയ റെക്ടറെ നിയമിച്ചതിന് എതിരാണ്. ഭരിക്കുന്ന പാര്‍ട്ടിയിലെ പകുതിയിലധികം പേരും ഇത്തരം നിയമനങ്ങളെ എതിര്‍ത്തതായാണ് മെട്രോ പോള്‍സ് റിസര്‍ച്ച് പുറത്തുവിട്ട അഭിപ്രായ സര്‍വേയില്‍ പറയുന്നത്. പൊതു അധികാരത്തിന്റെ അനിയന്ത്രിതമായ ഉപയോഗം മൂലം അടിസ്ഥാന മനുഷ്യാവകാശ ലംഘനത്തിന് കാരണമാകുന്നതായി വിവിധ മനുഷ്യാവകാശ സംഘടനകളും ആരോപിക്കുന്നു.

ഉര്‍ദുഗാന്റെ എകെ പാര്‍ട്ടിയുടെ മുന്‍ മെമ്പറായ മെലിഹ് ബുലുവിനെ ആണ് പുതിയ റെക്ടറായി ഉര്‍ദുഗാന്‍ നിമിച്ചത്. 2015ലെ പൊതുതെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥിയായിരുന്നു ഇദ്ദേഹം. ഇതിലെ രാഷ്ട്രീയ നടപടികളെയാണ് സമരക്കാര്‍ ചോദ്യം ചെയ്യുന്നത്. ഇദ്ദേഹം ബൊഗാസികി സര്‍വകലാശാലയിലെ ഫാക്കല്‍റ്റി അംഗത്വം ഉള്ളയാളല്ല എന്നതാണ് വസ്തുത. മുന്‍ നിയമങ്ങളിലെ വ്യവസ്ഥകള്‍ ലംഘിക്കുകയും അക്കാദമിക് സ്വാതന്ത്ര്യത്തെ അപമാനിക്കുകയും ചെയ്ത് രാഷ്ട്രീയ പ്രേരിതമായാണ് നിയമനം എന്നാണ് മറ്റൊരു വിമര്‍ശനം.

1980ലെ സൈനിക അട്ടിമറിക്ക് ശേഷം ആദ്യമായാണ് സര്‍വകലാശാലക്ക് പുറത്ത് നിന്നും ഒരാളെ റെക്ടറായി നിയമിക്കുന്നത്. എല്ലാ പശ്ചാത്തലങ്ങളില്‍ നിന്നുമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യവും ഉയര്‍ന്ന നിലവാരമുള്ളതുമായ വിദ്യാഭ്യാസം വാഗ്ദാനം ചെയ്യുന്ന ഒരു പൊതു സ്ഥാപനത്തില്‍ നടക്കുന്ന അനീതിയെ സംരക്ഷിക്കാനാണ് എല്ലാവരും ഒറ്റക്കെട്ടായി സമരത്തിനിറങ്ങിയതെന്നാണ് സര്‍വകലാശാലയിലെ സൈക്കോളജി അസി. പ്രൊഫസര്‍ ആയ ഇസ്‌റ മുന്‍ഗന്‍ പറയുന്നത്. 38 പ്രവിശ്യകളില്‍ നിന്നായി ഇതുവരെ 528 പേരെയാണ് അറസ്റ്റ് ചെയ്തിട്ടുള്ളത്.

തലവേദനയും സാധ്യതകളും

രാജ്യത്ത് നടക്കുന്ന പുതിയ പ്രക്ഷോഭങ്ങള്‍ ഒരേ സമയം ഉര്‍ദുഗാന് തലവേദനയും സാധ്യതയും തുറന്നിടുന്നുണ്ടെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നത്. ഇത് ഉര്‍ദുഗനെ സംബന്ധിച്ചിടത്തോളം ലജ്ജാകരമായ വിവാദമായി മാറി, നിയുക്ത റെക്ടര്‍ക്കെതിരായ ചെറുത്തുനില്‍പ്പ് ഇത്ര ശക്തമാകുമെന്ന് ഞാന്‍ പ്രതീക്ഷിച്ചിരുന്നില്ല.-ഇസ്താംബൂള്‍ സര്‍വകലാശാല പ്രൊഫസര്‍ ബെര്‍ക് ഇസന്‍ പറഞ്ഞു. ഇതിന് മുന്‍പും ഉര്‍ദുഗാന്‍ ബൊഗാസികി സര്‍വകലാശാലയില്‍ തന്റെ അനുയായികളായ എ.കെ പാര്‍ട്ടി അനുഭാവികളെ റെക്ടറായി നിയമിച്ചിട്ടുണ്ട്. എന്നാല്‍ ഇവരെല്ലാം സര്‍വകലാശാല ഫാക്കല്‍റ്റി അംഗങ്ങളായിരുന്നു. അതുകൊണ്ടാണ് മറ്റ് പല ഫാക്കല്‍റ്റി അംഗങ്ങളും ഇത് അംഗീകരിച്ചത്. ഉര്‍ദുഗാന്‍ പുറത്തു നിന്ന് ആരെയെങ്കിലും നിയമിക്കുമോയെന്ന ആശങ്കയിലായിരുന്നു അന്ന് അവരെല്ലാം- അദ്ദേഹം പറഞ്ഞു.

കഅ്ബ കലാസൃഷ്ടിയെച്ചൊല്ലി വിവാദം സൃഷ്ടിച്ചുകൊണ്ട് ഇതിനെ നേരിടാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. മതത്തിനെതിരായ ആക്രമണങ്ങള്‍ ഉയര്‍ത്തിക്കാട്ടുന്നത് തന്റെ പാര്‍ട്ടിയുടെ മുന്നില്‍ വിശ്വാസ്യത വര്‍ധിപ്പിക്കുകയും പ്രതിപക്ഷ പാര്‍ട്ടികളുടെ പിന്തുണ നേടാന്‍ ഉര്‍ദുഗാനെ സഹായിക്കുകയും ചെയ്യും. ബൊഗാസിക്കിയിലെ പ്രതിഷേധത്തെ എ.ല്‍.ജി.ബി.ടി ഗ്രൂപ്പുകള്‍ ഇസ്‌ലാമിനെ അവഹേളിക്കുന്നതായുള്ള ഒരു പ്രശ്‌നമാക്കി മാറ്റാന്‍ ഉര്‍ദുഗാന്‍ ശ്രമിക്കുന്നു. ഇക്കാര്യത്തില്‍ പ്രതിപക്ഷത്തിന്റെ മുന്നില്‍ വിജയിക്കാനും ശ്രമിക്കുന്നു.

പ്രതിഷേധങ്ങള്‍ക്കിടെ, സര്‍വകലാശാലയിലെ അക്കാദമിക് ജീവനക്കാര്‍ പുതിയ റെക്ടറോടൊപ്പം പ്രവര്‍ത്തിക്കില്ലെന്ന് അറിയിച്ചിട്ടും പ്രക്ഷോഭകര്‍ പ്രധാനമായും മുന്നോട്ടുവെക്കുന്ന രാജിയാവശ്യവും ബുലു നിരസിക്കുകയാണ് ചെയ്തത്. വിദ്യാര്‍ത്ഥികളോട് പൊലിസ് കാണിക്കുന്ന ആക്രമണങ്ങളും അടിച്ചമര്‍ത്തലുകളും തുര്‍ക്കിയിലെ പത്രമാധ്യമങ്ങളില്‍ വലിയ വാര്‍ത്തയാണ്. പെണ്‍കുട്ടികളുടെ ഹിജാബ് പൊലിസ് ബലമായി അഴിച്ചതായി വിദ്യാര്‍ത്ഥിനിയായ ഷെയ്മ അല്‍തുന്‍ദാല്‍ പറഞ്ഞു. ഞങ്ങള്‍ ഭരണകൂടത്തിന്റെ സേവകരാണ്,എന്നാല്‍ ഞങ്ങള്‍ ദൈവത്തിന്റെ ദാസന്മാരാണ്. അവനാണ് ഏക അധികാരിയാണെന്നും ഞങ്ങള്‍ക്കറിയാം. ഞങ്ങളുടെ അവകാശങ്ങള്‍ നേടിയെടുക്കാന്‍ ഞങ്ങള്‍ക്കറിയാം- ഷെയ്മ പറഞ്ഞു.

പശ്ചിമേഷ്യയിലെ തന്നെ ഏറെ പ്രശസ്തിയാര്‍ജിച്ച സര്‍വകലാശാലകളാണ് തുര്‍ക്കിയിലേത്. 1960കളിലെ രാഷ്ട്രീയ ആക്ടിവിസത്തിന്റെ കേന്ദ്രങ്ങളായി ഒരു നീണ്ട പാരമ്പര്യമുണ്ട് ഇവയ്ക്ക്. യൂണിവേഴ്‌സിറ്റി റെക്ടറുടെ അനുമതിയില്ലാതെ പോലീസിനെ കാമ്പസില്‍ പ്രവേശിപ്പിക്കരുതെന്നാണ് ഇവിടുത്തെ നിയമം.

 

അവലംബം: അല്‍ജസീറ
വിവ: സഹീര്‍ വാഴക്കാട്

Related Articles