Current Date

Search
Close this search box.
Search
Close this search box.

ബോസ്‌നിയ- റാട്‌കോ മിലാഡികിനെതിരായ കുറ്റങ്ങൾ ശരിവെച്ചിരിക്കുന്നു

ബോസ്‌നിയ ഹെർസഗോവിനയിൽ പതിനായിരക്കണക്കിന് മുസ്ലിംകളെ കൂട്ടക്കൊല ചെയ്യാൻ നേതൃത്വം നൽകിയവരിൽ ഒരാളായ മുൻ ബോസ്‌നിയൻ സെർബ് മിലിട്ടറി കമാണ്ടർ റാട്‌കോ മിലാഡികിനെതിരായ കുറ്റങ്ങൾ ശരിവെച്ച് യുദ്ധക്കുറ്റങ്ങൾ വിചാരണ ചെയ്യുന്ന യു.എൻ പ്രത്യേക കോടതി (ICYT) പ്രസ്താവിച്ച വിധി മനുഷ്യ സ്‌നേഹികൾക്ക് അൽപമെങ്കിലും ആശ്വാസം പകരുന്നതാണ്.

കൂട്ടക്കൊല, മനുഷ്യത്വത്തിന് നിരക്കാത്ത ഭീകര കുറ്റങ്ങൾ തുടങ്ങിയവക്ക് നേതൃത്വം കൊടുത്ത എഴുപത്തെട്ടുകാരനായ ഈ ഭീകരനെ 2017ൽ തന്നെ ഹേഗ് ആസ്ഥാനമായ ഇന്റർനാഷനൽ ക്രിമിനൽ ട്രൈബ്യൂണൽ ശിക്ഷിച്ചിരുന്നെങ്കിലും ഇയാൾ അപ്പീൽ നൽകുകയായിരുന്നു. ബോസ്‌നിയയുടെ തലസ്ഥാനമായ സരയേവോയെ 43 മാസം ഉപരോധിക്കുകയും അവിടത്തെ ജനങ്ങളെ ഭീതിയിലാഴ്ത്തുകയും ചെയ്ത ഇയാൾ 1995ൽ എണ്ണായിരത്തിലേറെ പേരെ കൂട്ടക്കൊല ചെയ്ത സെബ്രനീറ്റ്സ സംഭവത്തിൽ റാഡോവൻ കരാജിച്ചിനൊപ്പം (ഇപ്പോൾ ജീവപര്യന്തം തടവ് അനുഭവിക്കുന്നു) കൂട്ടുപ്രതി കൂടിയാണ്. മാനുഷ്യകത്തെ ഞെട്ടിപ്പിക്കുന്ന ക്രൂര കൃത്യം ചെയ്ത ശേഷം പതിനാറു വർഷം ഒളിവിൽ കഴിയുകയായിരുന്ന മിലാഡിക് 2011ലാണ് പിടിയിലാവുന്നത്.

മിലാഡികിന്റെ പേര് ചരിത്രത്തിലെ ഏറ്റവും നിന്ദ്യവും നിഷ്ഠൂരവുമായ വ്യക്തികളുടെ പട്ടികയിൽ ഉൾപ്പെടുത്തണമെന്നാണ്’ ട്രൈബ്യൂണലിന്റെ ചീഫ് പ്രോസിക്യൂട്ടർ സെർജി് ബ്രാമ്മേർട്‌സ് വിധിന്യായത്തിന് ശേഷം പറഞ്ഞത്. മുൻ യുഗോസ്ലാവിയയിലെ മുഴുവൻ ഉദ്യോഗസ്ഥരും ഈ മുൻ ജനറലിന്റെ നിഷ്ഠൂരമായ ചെയ്തിയെ അപലപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വിധിയെ വൈറ്റ് ഹൗസ് സ്വാഗതം ചെയ്യുകയുണ്ടായി. ഈ ചരിത്രപരമായ വിധിന്യായം ഭയാനകമായ കുറ്റകൃത്യങ്ങൾ ചെയ്യുന്നവർ അതിന്റെ ഫലം അനുഭവിക്കേണ്ടി വരുമെന്ന വ്യക്തമായ സന്ദേശമാണ് നൽകുന്നതെന്നും ലോകത്തെവിടെയെങ്കിലും ഇത്തരം അതിക്രമങ്ങൾ സംഭവിക്കുന്നത് തടയാനുള്ള നമ്മുടെ നിശ്ചയദാർഢ്യത്തിലേക്ക് കൂടി ഇത് വിരൽ ചൂണ്ടുന്നുണ്ടെന്നും പ്രസ്താവനയിൽ പറയുന്നു.

എട്ടും പൊട്ടും തിരിയാത്ത പിഞ്ചു കൂട്ടികളെ ഉൾപ്പെടെയുള്ളവരെ കൂട്ടക്കൊല ചെയ്യുന്ന നെതന്യാഹു ഉൾപ്പെടെയുള്ള സകര ഭീകരരെയും തോളത്തിരുത്തിയുള്ള വൈറ്റ് ഹൗസിന്റെ ഈ പ്രസ്താവന തീർച്ചയായും ബുദ്ധിയുള്ളവർക്ക് ഒരു പാഠം തന്നെയാണ്.

വംശ ശുദ്ധീകരണം അഥവാ ethnic cleansing ആയിരുന്നു 1992 മുതൽ 1995 വരെ നീണ്ടുനിന്ന ബോസ്‌നിയൻ യുദ്ധം. എന്നാൽ കിഴക്കൻ ബോസ്‌നിയയിലെ സബ്രനീറ്റ്‌സയിൽ 1995 ജൂലൈ 11നും 13നുമിടയിൽ 8,372 നിരപരാധരായ മുസ് ലിംകളെ സെർബ് ഭീകരർ നിഷ്ഠൂരമായി കൂട്ടക്കൊല ചെയ്തപ്പോൾ അതിനെ വംശഹത്യയെന്ന് വിശേഷിപ്പിക്കാൻ യൂറോപ്പിന് നാവ് പൊങ്ങിയിരുന്നില്ല.

പത്തരമാറ്റ് വംശീയവാദിയായ ഇപ്പോഴത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൻ 24 കൊല്ലം മുമ്പ് ‘ഡെയിലി ടെലിഗ്രാഫി’ൽ എഴുതിയ ലേഖനത്തിൽ വംശഹത്യക്ക് ഇരയായവരെ അവഹേളിക്കുന്ന പരാമർശങ്ങൾ പോലും നടത്തി. വെറുതെയല്ലല്ലോ ഈ മനുഷ്യൻ ബ്രിട്ടന്റെ വിദേശകാര്യ സെക്രട്ടറിയായപ്പോൾ സെർബിയൻ ഭരണകൂടം വല്ലാതെ പുകഴ്ത്തിയത്.

സെബ്രനീറ്റ്സ വംശഹത്യക്ക് 25 കൊല്ലം തികഞ്ഞ കഴിഞ്ഞ വർഷം ജൂലൈ 11ന് പുതിയ ജോൺസനെ നമ്മൾ കണ്ടു. ‘സംഭവത്തിനു പിന്നിൽ പ്രവർത്തിച്ച പലരെയും ഇന്നും നിയമത്തിനു മുന്നിൽ കൊണ്ടുവരാൻ കഴിഞ്ഞില്ലെ’ന്നായിരുന്നു അദ്ദേഹത്തിന്റെ മൊഴി.

ഒരു പ്രത്യേക സമുദായത്തിൽ പിറന്നു പോയി എന്നത് മാത്രമായിരുന്നു ബോസ്നിയൻ മുസ്ലിംകൾ ചെയ്ത ‘കുറ്റം’. അഞ്ചും പത്തും നൂറും ആയിരവുമല്ല, എണ്ണായിരത്തിലേറെ മനുഷ്യരെ സെർബ് വംശീയ ഭീകരർ നിഷ് ഠൂരമായി കൊന്നു തള്ളിയ സംഭവം ഇന്നലത്തേതു പോലെ മനസ്സിൽ തങ്ങിനിൽക്കുന്നു.

റാഡോവാൻ കരാജിച്ച് എന്ന കൊടുംഭീകരനായ സൈകിയാട്രിസ്റ്റിന്റെ നിർദേശാനുസരണം ജനറൽ റാട്‌കോ മിലാഡിക് നേതൃത്വം നൽകിയ സെർബ് ഭീകരർ സെബ്രനീറ്റ്സ നഗരം പിടിച്ചടക്കിയതോടെയാണ് കൂട്ടക്കൊലക്ക് വഴിയൊരുങ്ങുന്നത്. മുസ്ലിംകളെ സംരക്ഷിക്കേണ്ട ഡച്ച് സൈനികർ ആയുധം വെച്ച് കീഴടങ്ങിയതോടെ യു.എൻ പ്രഖ്യാപിച്ച സുരക്ഷാ മേഖല രക്തപ്പുഴയായി.

പുരുഷന്മാരെയും ചെറിയ കുട്ടികളെയും വാഹനങ്ങളിൽ കയറ്റി ഒരു പ്രത്യേക സ്ഥലത്ത് എത്തിച്ച് വെടിവെച്ച് കൊല്ലുകയായിരുന്നു. തുറന്ന മൈതാനങ്ങൾ, കൃഷിയിടങ്ങൾ, കമ്യൂണിറ്റി സെന്ററുകൾ തുടങ്ങി കൂട്ടക്കൊല നടത്താൻ ചുരുങ്ങിയത് ആറ് സ്ഥലങ്ങൾ തയ്യാറാക്കിയിരുന്നുവെന്ന് മിലാദികിനെ ശിക്ഷിച്ചുകൊണ്ടുള്ള വിധിന്യായത്തിൽ പറയുന്നു.

നിരവധി വാഹനങ്ങളിലായാണ് ഇത്രയും ആളുകളെ വെടിവെപ്പ് കേന്ദ്രത്തിലേക്ക് കൊണ്ടുപോയത്. വെടിവെച്ചു കൊന്ന ശേഷം വലിയ കുഴിയുണ്ടാക്കി മൃതദേഹങ്ങൾ അതിലിട്ടുമൂടി. ജീവനോടെ കുഴിച്ചുമൂടപ്പെട്ടവരും ഉണ്ടായിരുന്നു. സ്ത്രീകൾ കൂട്ട മാനഭംഗത്തിനിരയായി. അത്രയും ഭീകരമായിരുന്നു രംഗം.

ആറു രാത്രികൾ സമീപത്തെ വനത്തിൽ ഒളിഞ്ഞിരുന്നതിനാലാണ് രക്ഷപ്പെട്ടതെന്ന് ഹസൻ ഹസനോവിക് എന്ന വൃദ്ധൻ ബി ബി സി ന്യൂസിനോട് പറയുകയുണ്ടായി. തന്റെ കൺ മുന്നിൽ വെച്ചാണ് നിരവധി പേർ വെടിയേറ്റു മരിച്ചതെന്ന് ഭീതിയോടെ അദ്ദേഹം ഓർത്തെടുക്കുന്നു. എൺപത് വലിയ കുഴികളിൽ അടക്കം ചെയ്യപ്പെട്ട മൃതദേഹങ്ങളിൽ 6,900 എണ്ണം കണ്ടെടുക്കപ്പെട്ടു. കണ്ടെടുക്കപ്പെടുന്ന മയ്യിത്തുകൾ കൂട്ടക്കൊലയുടെ വാർഷികത്തിൽ (ജൂലൈ രണ്ടാം വാരം) ഖബറടക്കുന്നത് കുറച്ചു വർഷങ്ങളായി പതിവാണ്.

1995ലെ സബ്രനീറ്റ്‌സ കൂട്ടക്കൊലയുമായി ബന്ധപ്പെട്ട് സെർബ് പോലീസ് ഓഫീസറായിരുന്ന സ്രെകോ അസിമോവിച്ചിനെയും 2020 ഒക്ടോബർ 17ന് ബോസ്നിയൻ കോടതി ഒമ്പതു വർഷത്തെ തടവിന് ശിക്ഷിക്കുകയുണ്ടായി.

മുസ്ലിംകളെ കൂട്ടക്കൊല ചെയ്യാൻ സഹായിച്ചുവെന്നതാണ് അമ്പത്തിമൂന്നുകാരനായ അസിമോവിച്ചിനെതിരായ കുറ്റം. എന്നാൽ, ഇത്രയും കാലം ഇയാൾ പ്രചരിപ്പിച്ചിരുന്നത് കൂട്ടക്കൊല തടയാനാണ് താൻ ശ്രമിച്ചതെന്നും ഇക്കാര്യത്തിൽ മേലുദ്യോഗസ്ഥരുടെ ഉത്തരവുകൾ അംഗീകരിക്കാൻ താൻ തയ്യാറായില്ല എന്നുമായിരുന്നു.

ഒരു ലക്ഷത്തിലേറെ മനുഷ്യജീവൻ അപഹരിച്ച വംശഹത്യക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ച ‘സമാധാനപ്രേമി’യായ ‘മനുഷ്യസ്നേഹി’യായാണ് പ്രാദേശിക പത്രങ്ങൾ ഇയാളെ വിശേഷിപ്പിച്ചിരുന്നത്. ‘കെട്ടകാലത്ത് ഉയർന്നുനിന്ന മനുഷ്യസ്നേഹി’ യെന്ന് അച്ചുനിരത്തിയ പത്രങ്ങൾ വരെയുണ്ടായിരുന്നു. അങ്ങനെ ഹീറോ പരിവേഷത്തിൽ വാണരുളുമ്പോഴാണ് 2015ൽ ഈ ‘മനുഷ്യസ്നേഹി’ അറസ്റ്റിലാവുന്നത്.

കുറ്റമെന്തായിരുന്നെന്നോ? സബ്രനീറ്റ്‌സയിലെ ഒരു സ്‌കൂൾ ജിംനേഷ്യത്തിൽ തടവിലാക്കപ്പെട്ട 818 ബോസ്നിയൻ മുസ്ലിംകളെ 70 കി.മീറ്റർ അകലെയുള്ള എക്സിക്യൂഷൻ ഗ്രൗണ്ടിലേക്ക് ട്രക്കുകളിൽ കയറ്റിയയച്ചത് ഇയാളായിരുന്നു. എന്നാൽ ഇരുപതു വർഷത്തിലേറെ ഈ സത്യം മൂടിവെച്ച ഈ ക്രൂരന്റെ മുഖംമൂടി പ്രോസിക്യൂഷൻ തെളിവുകൾ സഹിതം പിച്ചിച്ചീന്തി.

മുൻ യൂഗോസ്ലാവ്യയിലെ യുദ്ധക്കുറ്റങ്ങൾ വിചാരണ ചെയ്യാൻ രൂപീകരിച്ച ഇന്റർനാഷനൽ ക്രിമിനൽ ട്രൈബ്യൂണലിൽ (ICTY) ഉൾപ്പെടെ ഹാജരായി തന്റെ ‘വീരകൃത്യങ്ങളെ’ക്കുറിച്ച് മൊഴി നൽകിയിരുന്നു അസീമോവിച്ച്. പഴയ യൂഗോസ്ലാവ്യയിലെ (സോഷ്യലിസ്റ്റ് ഫെഡറൽ റിപ്പബ്ലിക് ഓഫ് യൂഗോസ്ലാവ്യ) ക്രിമിനൽ കോഡിലെ 141-ാം ഖണ്ഡിക (കൂട്ടക്കൊല), 24-ാം ഖണ്ഡിക (കൂട്ടക്കൊലക്ക് സഹായം നൽകൽ) എന്നീ വകുപ്പുകൾ അനുസരിച്ചാണ് സരെയേവോ കോടതിയിലെ ജഡ്ജി സ്റ്റാനിസ ഗുൽഹാജിക് ഇയാളെ ശിക്ഷിച്ചത്.

സംഘ്പരിവാറിന്റെ തിട്ടൂരങ്ങൾക്കനുസരിച്ച് വിധി പുറപ്പെടുവിക്കുന്ന നമ്മുടെ ചില ന്യായാധിപന്മാരെ ഇവിടെ ഓർമ വരുന്നത് സ്വാഭാവികം. ബാബരി മസ്ജിദ് തകർക്കാൻ ആഹ്വാനം നൽകുന്ന പ്രകോപരമായ പ്രസംഗങ്ങൾ നടത്തി അതിലൂടെ വർഗീയ കലാപമുണ്ടാക്കി ആയിരക്കണക്കിന് മുസ്ലിംകളെ കൂട്ടക്കൊല ചെയ്യാൻ നേതൃത്വം നൽകിയ ലാൽകൃഷ്ണ അദ്വാനിയുടെയും കൂട്ടാളികളുടെയും കാര്യത്തിൽ നമ്മുടെ നീതിപീഠം കാണിച്ചതെന്താണ്? അദ്വാനിയും അനുയായികളും പള്ളി പൊളിക്കരുതെന്ന് പറയാനാണ് ഡിസംബർ ആറിന് അയോധ്യയിൽ എത്തിയതെന്ന പച്ചനുണ സംഘ്പരിവാറും അതിന്റെ ജിഹ്വകളും 1992 മുതൽ പ്രചരിപ്പിച്ചുവരികയായിരുന്നു.

അസിമോവിച്ചിനെപ്പോലെ, അദ്വാനിയെയും സമാധാനത്തിന്റെ കാവൽഭടനായി വാഴത്തി അന്വേഷണ കമ്മീഷനുകളെയും കോടതികളെയുമൊക്കെ കബളിപ്പിക്കുകയായിരുന്നു സംഘ്പരിവാർ ഫാഷിസ്റ്റുകൾ. കോടതിയെങ്കിലും അതിൽ വീഴില്ലെന്ന് നാമൊക്കെ കരുതി. എന്നാൽ, ഇന്ത്യൻ ജുഡീഷ്യറിയെ നാണംകെടുത്തുന്ന വിധിയാണ് 2020 സെപ്റ്റംബർ 30നുണ്ടായത്.

സെബ്രനീറ്റ്സ കൂട്ടക്കൊല നടന്നിട്ട് കാൽ നൂറ്റാണ്ടു പിന്നിട്ടു. റാഡോവൻ കരാജിച്ചും മിലാഡിക്കും ഹേഗ് ട്രിബ്യൂണലിലെ വിചാരണക്ക് ശേഷം ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടു. എന്നാൽ കൂട്ടുപ്രതികൾ ഇപ്പോഴും സ്വതന്ത്രരായി വിലസുന്നു. രണ്ടാം ലോക യുദ്ധത്തിനുശേഷം നടന്ന ഏറ്റവും ഭീകരമായ വംശഹത്യയുടെ പേരിൽ പരസ്യമായി മാപ്പു പറയാൻ പരിഷ്‌കൃത സമൂഹം എന്നു നടിക്കുന്ന യൂറോപ്പ് ഇനിയും തയ്യാറായിട്ടില്ല.

ഹോളോകാസ്റ്റ് നിഷേധം മാപ്പർഹിക്കാത്ത കുറ്റമായി കാണുന്നവർ ബോസ്നിയൻ കൂട്ടക്കൊലയെയും വിശാല സെർബിയ എന്ന ആശയത്തെയും പരസ്യമായി പ്രകീർത്തിക്കുന്നവർക്കെതിരെ ഒന്നും ചെയ്യുന്നില്ല എന്നു മാത്രമല്ല, പട്ടും വളയും നൽകി ആദരിക്കുകയാണ്. സെര്ബ് ഭീകരൻ സ്ലോബോദൻ മിലോസെവിച്ചിനെ വാഴ്ത്തുകയും സെബ്രനീസ കൂട്ടക്കൊലയെ മിഥ്യയെന്ന് വിശേഷിപ്പിക്കുകയും ചെയ്ത പീറ്റർ ഹാൻഡ്കെയെ സാഹിത്യത്തിനുള്ള നൊബെയ്ൽ പുരസ്‌കാരം നൽകി ആദരിക്കുക പോലുമുണ്ടായി.

 

Related Articles