Current Date

Search
Close this search box.
Search
Close this search box.

അറബ് ലോകത്തെ അഴിമതി ഭരണകൂടങ്ങള്‍ക്കെതിരെ ജനങ്ങള്‍ പ്രതിഷേധത്തിലാണ്

രാഷ്ട്രീയക്കാരും ജനപ്രതിനിധികളും നാട്ടിന്റെ ഖജനാവ് കട്ടുമുടിക്കുന്നതിനെതിരെ ഈയ്യിടെയാണ് ഇറാഖില്‍ വന്‍ ജനകീയ പ്രക്ഷോഭമുണ്ടായത്. വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ നൂറിലേറെ പേര്‍ രക്തസാക്ഷിത്വം വരിച്ച ശേഷമാണ് ജനങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കാനുള്ള പാക്കേജുമായി സര്‍ക്കാര്‍ രംഗത്തുവന്നത്. ഇപ്പോഴിതാ ലെബനാനും അതേപാതയിലാണ്. ഇതുവരെ അത്യാഹിതങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെങ്കിലും പതിനായിരക്കണക്കിനാളുകളാണ് കഴിഞ്ഞ രണ്ടു ദിവസമായി തെരുവില്‍ പ്രക്ഷോഭം നടത്തുന്നത്. അവസരം മുതലെടുക്കാന്‍ സാമൂഹ്യ വിരുദ്ധരും രംഗത്തുണ്ട്.

പ്രധാന മന്ത്രി സഅദ് ഹരീരി, പ്രസിഡന്റ് മിഷേല്‍ ഔന്‍ എന്നിവരോടും മന്ത്രിമാരൊടുമൊക്കെ രാജിവെച്ച് പുറത്തുപോകണമെന്നാണ് ജനകീയ പ്രക്ഷോഭകര്‍ ആവശ്യപ്പെട്ടത്. രാജ്യത്തെ കുളംതോണ്ടിച്ച രാഷ്ട്രീയ നേതൃത്വമാണ് സാമ്പത്തിക പ്രതിസന്ധിക്ക് കാരണമെന്ന് അവര്‍ ആരോപിക്കുന്നു വാട്‌സ്ആപ്പ് ഉള്‍പ്പെടെയുള്ള സാമൂഹ്യ മാധ്യമങ്ങള്‍ വഴിയുള്ള വോയിസ് കോളുകള്‍ക്ക് നികുതി ഏര്‍പ്പെടുത്താനുള്ള ഗവണ്‍മെന്റ് നീക്കം ജനങ്ങളെ കൂടുതല്‍ രോഷാകുലരാക്കി. പ്രതിഷേധം ശക്തിപെട്ടതോടെ പ്രസ്തുത നീക്കത്തിൽനിന്ന് ഗവണ്മെന്റ് പിന്തിരിയുകയായിരുന്നു.

ഇറാഖിലേതിനു സമാനമായി ബെയ്‌റൂത്തിലെ തെരുവുകളിലും കണ്ടത് ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രവര്‍ത്തകരെയല്ല, മറിച്ച് പൊതുജനങ്ങളെയാണ്. ഗവണ്‍മെന്റില്‍ പങ്കാളികളായ ശിഈ പാര്‍ട്ടികളായ ഹിസ്ബുല്ലയെയും അമലിനെയും പിന്തുണക്കുന്നവര്‍ വരെ ആ പാര്‍ട്ടികളുടെ മന്ത്രിമാര്‍ക്കെതിരെ രംഗത്തുവന്നു. പതിറ്റാണ്ടുകളായി പാര്‍ലമെന്റ് സ്പീക്കര്‍ പദവി അലങ്കരിക്കുന്ന അമല്‍ നേതാവ് നെബി ബെരിയോടും രാജിവെച്ച് വീട്ടില്‍ പോകാന്‍ ജനം ആവശ്യപ്പെടുന്നു.

പ്രധാന മന്ത്രിയുടെയും പ്രസിഡന്റിന്റെയും മറ്റു മന്ത്രിമാരുടെയും ശമ്പളം പിടിച്ചുവെക്കാനും രാജ്യത്തെ കൊള്ളയടിച്ച അവരില്‍നിന്ന പണം വസൂലാക്കാനും ആവശ്യപ്പെടുന്നുണ്ട് പ്രക്ഷോഭകര്‍. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള സാമ്പത്തിക പരിഷ്‌കാരങ്ങള്‍ക്ക് താന്‍ അനുകൂലമാണെന്നും എന്നാല്‍, മന്ത്രിസഭയിലെ വിവിധ പാര്‍ട്ടിക്കാര്‍ പാരവെക്കുകയാണെന്നുമാണ് ഹരീരിയുടെ വാദം. 72 മണിക്കൂറിനിടയില്‍ ഇക്കാര്യത്തില്‍ തീരുമാനം ഉണ്ടാകണമെന്ന് ഹരീരി സഹപ്രവര്‍ത്തകര്‍ക്ക് അന്ത്യശാസനവും നല്‍കിയിട്ടുണ്ട്.

രാഷ്ട്രീയ പ്രതിസന്ധികളില്‍പെട്ട് നട്ടംതിരിയുന്ന ലെബനാനില്‍ തെരഞ്ഞെടുപ്പിന് ശേഷം ഗവണ്‍മെന്റ് നിലവില്‍വന്നതു തന്നെ മാസങ്ങള്‍ കഴിഞ്ഞാണ്. കാലാവധി കഴിഞ്ഞ പ്രസിഡന്റിനു പകരം പുതിയയാളെ തെരഞ്ഞെടുക്കാന്‍ 29 മാസം കാത്തിരിക്കേണ്ടിവന്നു. സെക്‌റ്റേറിയന്‍ രാ്ഷ്ട്രീയം കൊടികുത്തി വാഴുന്ന രാജ്യത്ത് സമവായമില്ലാതെ ആര്‍ക്കും പ്രസിഡന്റാകാന്‍ കഴിയില്ലെന്നതു തന്നെ കാരണം. ഹരീരിയുടെ ബദ്ധവൈരികളായ ഹിസ്ബുല്ലയാണ് അദ്ദേഹത്തിന്റെ ഗവണ്‍മെന്റില്‍ സജീവ സാന്നിധ്യം വഹിക്കുന്നത്.

എന്തായാലും അറബ് ലോകത്തെ അഴിമതി ഭരണകൂടങ്ങള്‍ക്കെതിരെ മുമ്പില്ലാത്തവിധം ജനങ്ങള്‍ പ്രതിഷേധങ്ങളുമായി രംഗത്തുവരികയാണ്. തുനീഷ്യയില്‍ അരാഷ്ട്രീയക്കാരനെ പ്രസിഡന്റായി വരെ ജനം തെരഞ്ഞെടുത്തതും ഈ പ്രതിഷേധത്തിന്റെ ഭാഗമായി കാണാം.

Related Articles