Current Date

Search
Close this search box.
Search
Close this search box.

മുര്‍സിയും മാധ്യമപ്രവര്‍ത്തനവും സീസിയുടെ ഈജിപ്തില്‍ കൊല്ലപ്പെട്ടു

21ാം നൂറ്റാണ്ടിനേക്കാള്‍ അപകടകരമായ ഒരു സമയം മുന്‍പ് ഇവിടെയുണ്ടായിട്ടില്ല. കാരണം, സത്യം പറയുന്ന ലളിതമായ പ്രവൃത്തി വരെ നിങ്ങളുടെ ജീവന്‍ അപകടത്തിലാക്കും. മനുഷ്യാവകാശങ്ങള്‍ പതിവായി ധ്വംസിക്കുന്ന സ്വേഛാധിപത്യ ഭരണകൂടങ്ങള്‍ ആദ്യം മാധ്യമങ്ങളെ നിയന്ത്രിക്കാന്‍ ശ്രമിക്കും. നിശബ്ദദ പാലിക്കാന്‍ നിരസിക്കുന്നവര്‍ സ്വയം അപകടത്തിലേക്കാണ് പോകുന്നത്. അതാണ് നാം കഴിഞ്ഞയാഴ്ച ഫലസ്തീനില്‍ കണ്ടത്. വെസ്റ്റ് ബാങ്കില്‍ ഫലസ്തീന്‍ പ്രതിഷേധം കവര്‍ ചെയ്യാന്‍ പോയ ഫോട്ടോ ജേര്‍ണലിസ്റ്റ് മുആദ് അമര്‍നയുടെ കണ്ണിന് കൊണ്ട വെടി അതായിരുന്നു.

ലോകത്തെവിടെയും മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെടുന്നതും പരുക്കേല്‍ക്കുന്നതിലും നാം ആശങ്കപ്പെടണം. ഒരു കാലത്ത് മറ്റെവിടെത്തെക്കാളും ഈ തൊഴില്‍ അഭിവൃദ്ധി പ്രാപിച്ചിരുന്ന പശ്ചിമേഷ്യ,ഈജിപ്ത്,ആഫ്രിക്ക,ഏഷ്യ എന്നിവിടങ്ങളില്‍ മാധ്യമപ്രവര്‍ത്തനം ഇല്ലാതാകുന്നുവെന്ന ഗുരുതരമായ ആശങ്ക നമുക്കുണ്ടാവേണ്ടതുണ്ട്.
1996ല്‍ അല്‍ജസീറയുടെ ഉത്ഭവത്തോടെയാണ് പശ്ചിമേഷ്യയില്‍ മാധ്യമരംഗത്ത് ഒരു വിപ്ലവത്തിന് തുടക്കമായത്. അന്ന് സ്വതന്ത്ര പത്രങ്ങള്‍,സംഗീതം,സിനിമ,സാഹിത്യം എന്നീ മേഖലയില്‍ പശ്ചിമേഷ്യന്‍-ആഫ്രിക്കന്‍ മേഖലയില്‍ നിലനിന്നിരുന്ന ബൗദ്ധിക മാധ്യമ സംസ്‌കാരത്തെ ഈജിപ്ത് ഏറെ പ്രശംസിച്ചിരുന്നു.

ഈജിപ്തിലെ ഏകാധിപതിയായ ഹുസ്‌നി മുബാറക് ഭരിക്കുന്ന കാലയളവില്‍ പോലും മാധ്യമങ്ങള്‍ക്ക് സ്വതന്ത്രമായും നിര്‍ഭയമായും സര്‍ക്കാരിനെ അനുകൂലിക്കാതെ റിപ്പോര്‍ട്ട് ചെയ്യാന്‍ കഴിഞ്ഞിരുന്നു. 2007 ഒക്ടോബറില്‍ മുന്‍ യു.എസ് അറ്റോര്‍ണി ജനറല്‍ റംസി ക്ലര്‍ക്കുമൊത്ത് ബ്രദര്‍ഹുഡിനെതിരെയുള്ള സര്‍ക്കാരിന്റെ വിചാരണയെ വിമര്‍ശിച്ച് വാര്‍ത്തസമ്മേളനം നടത്തിയതിന് എന്നെ അറസ്റ്റു ചെയ്യുകയോ നാടുകടത്തുകയോ ചെയ്തിരുന്നില്ല. കോടതി മുറിയിലേക്ക് പ്രവേശിക്കുന്നതിന് എനിക്ക് വിലക്കേര്‍പ്പെടുത്തുകയാണ് ചെയ്തത്.

ഇന്ന്, സീസി ഭരണകൂടം മാധ്യമങ്ങള്‍ക്കെതിരെ ഏര്‍പ്പെടുത്തിയ അടിച്ചമര്‍ത്തലുകളും നിയന്ത്രണങ്ങളും മൂലം എനിക്ക് വിസ ലഭിക്കുമോ എന്ന കാര്യത്തില്‍ വരെ സംശയമാണ്. ഒരു കാലത്ത് നിരവധി പേര്‍ ഈജിപ്തില്‍ സ്വതന്ത്രമായ മാധ്യമപ്രവര്‍ത്തനം നടത്തിയിരുന്നു. അറബ് വസന്തത്തിനു ശേഷം സ്വദേശീയരും വിദേശീയരുമായി നിരവധി മാധ്യമപ്രവര്‍ത്തകര്‍ ഇന്ന് ദുരിതത്തിലാണ്. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ളതും അല്ലാത്തതുമായ ഏതാനും മാധ്യമസ്ഥാപനങ്ങള്‍ മാത്രമാണ് ഇപ്പോള്‍ അടച്ചുപൂട്ടാതെ പ്രവര്‍ത്തിക്കുന്നത്. സീസിയുടെ സമഗ്ര ആധിപത്യ ഭരണത്തിന്റെ കീഴില്‍ സമ്പൂര്‍ണ്ണമായി സര്‍ക്കാരിന് കീഴൊതുങ്ങി അനുസരണയോടെ പ്രവര്‍ത്തിക്കുന്ന മാധ്യമങ്ങളാണവ.

ഈജിപ്തിന്റെ അടുത്ത സുഹൃത്തുക്കളായ യു.എ.ഇയും സൗദിയും ഇതിനെ സ്വാഗതം ചെയ്യുമെന്നതില്‍ സംശയമില്ല. ഈ രാജ്യങ്ങളെല്ലാം ഭരണകൂടങ്ങളെ വിമര്‍ശിച്ചതിന് മാധ്യമപ്രവര്‍ത്തകരെ രാഷ്ട്രീയ തടവുകാരുടെ കൂടെ ജയിലില്‍ അടച്ചിരിക്കുകയാണ്. കൈറോവിലെ കുപ്രസിദ്ധമായ തോറ ജയിലില്‍ കഴിയുന്ന തടവുകാരുടെ ദുരവസ്ഥയെക്കുറിച്ച് 2011ല്‍ ജയില്‍ സന്ദര്‍ശിച്ച ശേഷം ഞാന്‍ എഴുതിയിരുന്നു.

2013ലെ അറബ് വസന്തത്തില്‍ ജനറല്‍ സീസി നടത്തിയ പട്ടാള അട്ടിമറിക്ക് ശേഷം ഈ ജയില്‍ മുസ്ലിം ബ്രദര്‍ഹുഡിന്റെ രാഷ്ട്രീയ തടവുകാരെ പാര്‍പ്പിക്കുന്നതിനുള്ള തടവുകേന്ദ്രമായി മാറുകയായിരുന്നു. ഇതില്‍ പലരും മുന്‍ പ്രസിഡന്റ് മുര്‍സിയുടെ ഭരണത്തില്‍ സേവനം ചെയ്തവരാണ്. ഇവര്‍ ജയിലുകളില്‍ കടുത്ത മനുഷ്യാവകാശ ലംഘനങ്ങളും അടിസ്ഥാന സൗകര്യങ്ങളും ലഭിക്കാതെ കഷ്ടപ്പെടുകയാണ്. ഇതൊന്നും പ്രാദേശിക പത്രങ്ങളും മാധ്യമങ്ങളും വാര്‍ത്തയാക്കാറില്ല. ഭരണകൂടത്തിന്റെ കനത്ത സമ്മര്‍ദ്ദമാണ് അതിന് കാരണം. അതിനാല്‍ തന്നെ കഴിഞ്ഞ ജൂണില്‍ കോടതി മുറിയില്‍ വെച്ച് മരിച്ച മുര്‍സിയുടെ മരണത്തിലും അന്വേഷണം നടത്തേണ്ടതുണ്ട്.

ഈജിപ്തില്‍ ആദ്യമായി ജനാധിപത്യരീതിയില്‍ തെരഞ്ഞെടുക്കപ്പെട്ട മുര്‍സിയെ അട്ടിമറിച്ചതിനെതിരെ പ്രതികരിക്കുന്നവര്‍ക്കെതിരെ സീസി ശക്തമായ അടിച്ചമര്‍ത്തല്‍ നയമാണ് സ്വീകരിച്ചത്. ആയിരങ്ങളെയാണ് കൊന്നൊടുക്കിയത്. പതിനായിരങ്ങളെ അറസ്റ്റു ചെയ്തു. എന്നാല്‍ ഇതിനെക്കുറിച്ചൊന്നും ഈജിപ്തിലെ ഒരു മാധ്യമപ്രവര്‍ത്തകര്‍ പോലും യാതൊന്നും പ്രതികരിച്ചിട്ടില്ല. ആറു വര്‍ഷമാണ് അദ്ദേഹം ജയിലില്‍ കഴിഞ്ഞത്. ഇതിനിടെ രണ്ട് തവണ മാത്രമാണ് കുടുംബത്തിന് അദ്ദേഹത്തെ സന്ദര്‍ശിക്കാന്‍ അനുവാദമുണ്ടായത്. മതിയായ ചികിത്സയോ മരുന്നോ പുസ്തകങ്ങളോ പത്രങ്ങളോ ഒന്നും നല്‍കാതെ തീര്‍ത്തും നിശബ്ദനാക്കി ഇരുട്ടിന്റെ തടവറയില്‍ അടച്ചിടുകയാണ് ഭരണകൂടം ചെയ്തത്. കഴിഞ്ഞ മാര്‍ച്ചില്‍ ജയിലില്‍ സന്ദര്‍ശനം നടത്തിയ ബ്രിട്ടീഷ് എം.പിമാര്‍ ഇക്കാര്യം ചൂണ്ടിക്കാട്ടിയിരുന്നു.

യു.എന്നിലെ സ്വതന്ത്ര പാനല്‍ അംഗങ്ങള്‍ അടുത്തിടെ മുര്‍സിയുടെ മരണത്തില്‍ അപലപിച്ചപ്പോള്‍ ഈജിപ്തില്‍ നിന്നും പ്രകോപനമുണ്ടായിരുന്നു. മുര്‍സി കടുത്ത മനുഷ്യാവകാശ ലംഘനം നേരിട്ടെന്നും പുറത്താക്കപ്പെട്ട പ്രസിഡന്റിന്റേത് ഭരണകൂടത്തിന്റെ ഏകപക്ഷീയമായ കൊലപാതകമാണെന്നുമാണ് യു.എന്‍ അഭിപ്രായപ്പെട്ടത്.

ഇതോടെ മാധ്യമങ്ങള്‍ക്ക് ജയില്‍ സന്ദര്‍ശിക്കാനുള്ള ക്ഷണം ലഭിച്ചു. മനുഷ്യരുടെ കുറ്റകൃത്യങ്ങള്‍ മറച്ചുവെക്കുക എന്നത് അത്ര ബുദ്ധിമുട്ടുള്ള കാര്യമല്ല. മുര്‍സിയുടെ മരണത്തെക്കുറിച്ച് അന്വേഷിക്കുമെന്നാണ് സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍ ദുര്‍ബലമായ മാധ്യമങ്ങളും പത്രപ്രവര്‍ത്തകരും ഇക്കാര്യത്തില്‍ ഒന്നും മിണ്ടാത്തതിനാല്‍ ഒരു ക്ലീന്‍ ചിറ്റ് മാത്രമേ നമുക്ക് പ്രതീക്ഷിക്കാവൂ. അതുകൊണ്ടാണ് അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകള്‍ മുര്‍സിയുടെ മരണത്തില്‍ യു.എന്നിന്റെ നേതൃത്വത്തിലുള്ള അന്വേഷണം വേണമെന്ന് ആവശ്യപ്പെടുന്നത്. ഇക്കാര്യമാവശ്യപ്പെട്ട് പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകരും മാധ്യമപ്രവര്‍ത്തകരും കഴിഞ്ഞ ബുധനാഴ്ച ലണ്ടനില്‍ ഒരു പരിപാടി നടത്തിയിരുന്നു. ‘മുഹമ്മദ് മുര്‍സിയുടെ മരണത്തില്‍ നമുക്കറിയാവുന്ന കാര്യങ്ങള്‍’ വെളിപ്പെടുത്തുന്നു എന്ന തലക്കെട്ടിലായിരുന്നു പരിപാടി. മുര്‍സിയുടെ മരണത്തില്‍ അവര്‍ അന്വേഷണം ആവശ്യപ്പെടും എന്ന കാര്യത്തില്‍ സംശയമില്ല. എന്നാല്‍ സമാനമായ രീതിയില്‍ ജയിലില്‍ വെച്ച് കൊല്ലപ്പെടുന്ന ഈജിപ്തിലെ മാധ്യമപ്രവര്‍ത്തകരെക്കുറിച്ചും അന്വേഷണം നടത്തണമെന്നാണ് എനിക്ക് ആവശ്യപ്പെടാനുള്ളത്.

അവലംബം:middleeastmonitor.com
വിവ: സഹീര്‍ വാഴക്കാട്

Related Articles