Current Date

Search
Close this search box.
Search
Close this search box.

സിറിയ: നിലപാടുകൾ താല്പര്യങ്ങളുടെ കൂടി ഭാഗമാണ്

സിറിയയിൽ ഇപ്പോൾ എന്ത് സംഭവിക്കുന്നു എന്നത് അന്താരാഷ്ട്ര സമൂഹം അങ്ങിനെ ചർച്ച ചെയ്യാറില്ല. അത്രമേൽ അതിനു വാർത്താമൂല്യം കുറഞ്ഞിരിക്കുന്നു. റഷ്യൻ പിന്തുണയോടെ ഭരണകൂടം അവരുടെ ക്രൂരത തുടർന്നു കൊണ്ടിരിക്കുന്നു. തുർക്കിയും അമേരിക്കൻ സഖ്യ കക്ഷികളും കൂടി അവിടെയുണ്ട്. അടുത്തിടെ അമേരിക്ക ഇറാനിയൻ പിന്തുണയോടെ പ്രവർത്തിക്കുന്ന സംഘങ്ങൾക്ക് നേരെ നടത്തിയ ആക്രമണം ലോകം ചർച്ച ചെയ്തിരുന്നു. അതിൽ ഇരുപത്തിരണ്ടു പേർ കൊല്ലപ്പെട്ടു എന്നതായിരുന്നില്ല ചർച്ചയുടെ കാതൽ പുതിയ അമേരിക്കൻ പ്രസിഡന്റ് നടത്തിയ ആദ്യ സൈനിക ഇടപെടൽ എന്നതായിരുന്നു ചർച്ചയുടെ പ്രാധാന്യം.

അമേരിക്കൻ തിരഞ്ഞെടുപ്പിൽ പശ്ചിമേഷ്യ ഒരു വലിയ ചർച്ചയായിരുന്നു. ഒബാമയിൽ നിന്നും തീർത്തും ഭിന്നമായ നിലപാടായിരുന്നു ട്രംപ് ഇറാൻ വിഷയത്തിൽ കൈകൊണ്ടത്. സഊദിയെ തൃപ്തിപ്പെടുത്താൻ ഇറാനെ കൂടുതൽ ബുദ്ധിമുട്ടിക്കുന്ന നിലപാടാണ് ട്രംപ്‌ ഭരണ കൂടം സ്വീകരിച്ചത്. ഇറാൻ ആണവ വിഷയത്തിൽ ചർച്ചയുടെ വാതിലുകൾ ബൈഡൻ തുറന്നിട്ടുണ്ട്. യോറോപ്യൻ യൂണിയൻ അതിനെ പിന്തുണച്ചിട്ടുമുണ്ട്. സിറിയ യമൻ ലിബിയ എന്നിവയാണ് വർത്തമാന പശ്ചിമേഷ്യൻ മുറിവുകൾ. അതിനു പിന്നിൽ ഇറാന്റെ കൈകൾ ലോകം സംശയിക്കുന്നു എന്നല്ല അതൊരു സത്യം കൂടിയാണ്. ഇറാനെ ചർച്ചയുടെ വഴിയിലേക്ക് കൊണ്ട് വന്നാൽ കുറെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടും എന്ന് തന്നെയാണ് ലോകം കരുതുന്നത്. അവർ ഒറ്റപ്പെടുത്തൽ നിലവിലുള്ള വിഷയങ്ങളെ കൂടുതൽ സങ്കീർണമാക്കാൻ മാത്രമേ ഉപകരിക്കൂ. പുതിയ ഭരണകൂടം ഇറാനുമായി ബന്ധം നന്നാക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. എന്നാൽ ആദ്യം അമേരിക്ക ഉപരോധം നീക്കട്ടെ എന്നതാണ് ഇറാൻറെ നിലപാട്. ഇറാൻ മാന്യമായ ഒരു തീരുമാനത്തിൽ എത്തുന്നതുവരെ ഇപ്പോഴുള്ള ഉപരോധം നീക്കില്ലെന്ന് അമേരിക്ക ഉറപ്പിച്ചു പറഞ്ഞിട്ടുണ്ട്. ചുരുക്കത്തിൽ ഇറാൻ വിഷയത്തിൽ ഒരു മഞ്ഞുരക്കം പെട്ടെന്ന് പ്രതീക്ഷിക്കുന്നില്ല.

അതിനിടയിൽ ഇറാഖിലെ അമേരിക്കൻ സൈന്യത്തെ ആക്രമിച്ചതിനു പകരമായാണ് ഇറാൻ അനുകൂല സംഘങ്ങളെ ആക്രമിച്ചത് എന്നാണു അമേരിക്ക പരയുന്നത്. കഴിഞ്ഞ മാസം നടന്ന ആക്രമണത്തിൽ ചില അമേരിക്കൻ പട്ടാളക്കാർ കൊല്ലപ്പെട്ടിരുന്നു. അതിനു മുമ്പ് ഖാസിം സുലൈമാനിയെ അമേരിക്ക കൊലപ്പെടുത്തിയിരുന്നു. ട്രംപ് കാലത്തെ അമേരിക്ക ഇറാൻ ബന്ധത്തിന് ഇതുവരെ കാര്യമായ മാറ്റം ഉണ്ടായിട്ടില്ല. അമേരിക്ക ഉൾപ്പെടെ അഞ്ചു ലോക ശക്തികളുടെ ചർച്ചക്കുള്ള ക്ഷണം നിരസിക്കുക വഴി ഇറാൻ നിലപാട് വ്യക്തമാക്കിയിരിക്കുന്നു. സഊദി ഭരണകൂടവുമായി ബന്ധം ശക്തിപ്പെടുത്തുമെന്ന് പുതിയ അമേരിക്കൻ ഭരണകൂടം ഉറപ്പു നൽകുന്നു. അതെ സമയം ട്രംപ് കാലത്തിനു വിപരീതമായി കാര്യങ്ങൾ രാജാവുമായി നേർക്കുനേർ നടത്താനാണ് ബൈഡൻ ആഗ്രഹിക്കുനത്. ട്രംപ്‌ അധികാരം ഏറ്റടുത്ത സമയത്ത് തന്നെ മുഹമ്മദ്‌ ബിൻ സൽമാൻ അമേരിക്കൻ ഭരണകൂടത്തോട് നല്ല ബന്ധം സ്ഥാപിച്ചിരുന്നു . ട്രംപ്‌ കാലത്ത് കാര്യങ്ങൾ പൂർണമായി അദ്ദേഹത്തിന്റ്റെ മരുമകന്റെ കയ്യിലായിരുന്നു. അമേരിക്ക എന്നതിനേക്കാൾ ട്രംപിന്റെ വ്യാവസായിക താല്പര്യമായിരുന്നു മുഹമ്മദ്‌ ബിൻ സൽമാനുമായി പുലർത്തിയിരുന്ന ബന്ധം. ഇറാൻ വിഷയത്തിൽ ട്രംപിനെ നിർബന്ധിച്ചിരുന്നത് മേഖലയിലെ രാജ്യങ്ങൾ തന്നെയായിരുന്നു. ഇറാൻ ഉപരോധം നീങ്ങിയാൽ മേഖലയിലെ സന്തുലിതാവസ്ഥയെ അത് ബാധിക്കുമെന്ന് അവർ കണക്കു കൂട്ടുന്നു.

അതിനിടെ ജമാൽ ഖഷോഗിയുടെ കൊലപാതകത്തെ കുറിച്ച് CIA റിപ്പോർട്ട് അമേരിക്കൻ ഭരണകൂടം പുറത്തിറക്കിയിരുന്നു. അതിൽ മുഹമ്മദ്‌ ബിൻ സൽമാന്റെ പേർ എടുത്തു പറയുകയും ചെയ്തിരുന്നു. ഈ വിഷയത്തിൽ ശക്തമായ നിലപാടെടുത്തവരിൽ ന്യൂയോർക്ക് ടൈംസുമുണ്ട്. ഈ വിഷയത്തിൽ പങ്കാളികളായവർക്കെതിരെ സാമ്പത്തിക യാത്രാ വിലക്കുകൾ അമേരിക്കൻ സർക്കാർ നടപ്പിലാക്കിയെങ്കിലും അതിന്റെ മുഖ്യ സൂത്രധാരൻ എന്ന് റിപ്പോർട്ട് വിശേഷിപ്പിച്ച മുഹമ്മദ്‌ ബിൻ സൽമാനെ വെറുതെ വിട്ടതിൽ പത്രം ശക്തമായ വിയോജിപ്പ്‌ രേഖപ്പെടുത്തുന്നു. സഊദിയയുമായുള്ള തങ്ങളുടെ കച്ചവട താല്പര്യങ്ങൾക്ക് എതിരാകും എന്നതാണ് മുഹമ്മദിനെ ഒഴിവാക്കാൻ അമേരിക്കൻ ഭരണ കൂടത്തെ പ്രേരിപ്പിച്ചതെന്ന് പത്രം പറയുന്നു.

അമേരിക്കൻ തിരഞ്ഞെടുപ്പ് കാലത്ത് ഇന്ത്യയിലെ സംഘ പരിവാർ ട്രംപിനെ പിന്തുണച്ചിരുന്നു. ബൈഡൻ സിറിയയിൽ ആക്രമണം നടത്താൻ അനുമതി നൽകി എന്നത് സംഘ പരിവാർ കാര്യമായി ആഘോഷിച്ചിരുന്നു. സിറിയയിൽ അമേരിക്ക ആക്രമണം നടത്തുന്നത് ആദ്യമായല്ല. ആർക്കും കയറിക്കളിക്കാൻ കഴിയുന്ന ഒന്നായി ഇന്ന് സിറിയ മാറിയിരിക്കുന്നു. ഭരണകൂടം തന്നെയാണ് അവിടുത്തെ ഒന്നാമത്തെ ഭീകരർ എന്നിരിക്കെ അക്കാര്യത്തിൽ മറ്റൊരാളെ കുറ്റപ്പെടുത്തുന്നതിൽ അർത്ഥമില്ല. ട്രംപ്‌ എതിർക്കപ്പെടാൻ കാരണം യുദ്ധമല്ല. അതാര് വന്നാലും അവസാനിക്കില്ല. അമേരിക്കയുടെ വരുമാനത്തിൽ വലിയ ശതമാനം ആയുധ വിൽപ്പനയാണ് എന്നിരിക്കെ യുദ്ധ നിലപാടിൽ ഒരു മാറ്റം നാമാരും അമേരിക്കയിൽ നിന്നും പ്രതീക്ഷികുന്നില്ല. അതെ സമയം രാജ്യത്തും പുറത്തും വംശീയത വളർത്താൻ ശ്രമിച്ചു എന്നതാണ് ട്രംപിനെതിരെയുള്ള മുഖ്യ ആരോപണം. മോഡിക്കും സംഘ പരിവാരിനുമെതിരെ ഇന്ത്യക്കാർ ഉന്നയിക്കുന്ന അതെ ആരോപണം തന്നെ. തന്റെ കാലത്ത് പശ്ചിമേഷ്യയിൽ സുന്നി ഷിയ വംശീയത കൂടുതൽ ശക്തമാക്കാൻ കഴിഞ്ഞു എന്നതാണ് ട്രംപ്‌ ചെയ്ത കാര്യം. ഇറാൻ ഉപരോധത്തിൽ പെട്ടെന്നൊന്നും ഒരു അയവ് നാം പ്രതീക്ഷിക്കുന്നില്ലെങ്കിലും ലോകം മുഴുവൻ വംശീയത വളർത്താൻ ബൈഡൻ ഭരണകൂടം ശ്രമിക്കില്ല എന്ന് തന്നെയാണ് ലോകം പ്രതീക്ഷിക്കുന്നത്.

ന്യൂയോർക്ക് ടൈംസ്‌ പ്രസ്തുത ലേഖനം ഇങ്ങിനെ അവസാനിപ്പിക്കുന്നു “ ഒരു കൊല്ലം മുമ്പ് തന്നെ ഈ റിപ്പോർട്ട് തയ്യാറായിരുന്നു. പക്ഷെ അത് വെളിച്ചം കാണരുതെന്ന് പലരും ആഗ്രഹിച്ചു. 750 മില്യൻ ഡോളറിന്റെ ആയുധ കച്ചവടമാണ് പുറത്തു പോയ ട്രംപ്‌ ഭരണകൂടം സഊദിയുമായി നടത്തിയത്. ഇങ്ങിനെ ഒരു പരിണിതി ആരിലും അത്ഭുതം ഉണ്ടാക്കില്ല. നിലപാടുകൾ എന്നും താല്പര്യങ്ങളുടെ കൂടി ഭാഗമാണ്”.

Related Articles