Current Date

Search
Close this search box.
Search
Close this search box.

ഇന്ത്യയിലെ ഏറ്റവും വലിയ തടങ്കല്‍ കേന്ദ്രം; ‘പ്രതീക്ഷയില്ലാതെ ജീവിക്കുന്നതിലും ഭേദം മരിക്കുന്നത്’

സമയം നട്ടുച്ച, ആസിയ ഖാതൂന്‍ ആസാമിലെ ലോവര്‍ ഗോള്‍പാറ ജില്ലയിലെ റബ്ബര്‍ തോട്ടങ്ങള്‍ക്കും പൈന്‍ മരങ്ങള്‍ക്കുമിടയിലെ ഗ്രാമത്തിലെ ചെറിയ കടക്കാരന് 20 രൂപ കൊടുത്ത് ഒരു ഫോം പൂരിപ്പിച്ച് വാങ്ങുന്നു. കടക്കാന്‍ പൂരിപ്പിച്ചു നല്‍കിയ പേപ്പറുമായി തന്റ്യ ലക്ഷ്യസ്ഥാനത്തേക്ക് നേരെ നടന്നു നീങ്ങുകയാണ് ആസിയ.

നൂറുമീറ്റര്‍ മുന്‍പായി നില്‍ക്കുന്ന പൊലിസുകാരന് ഈ പേപ്പര്‍ കാണിച്ചുകൊടുക്കുന്നു. അസമിലെ അനധികൃത കുടിയേറ്റക്കാരെ പിടികൂടി തടങ്കലില്‍ പാര്‍പ്പിക്കുന്ന കേന്ദ്രത്തിന്റെ ആദ്യ ഗേറ്റിലാണ് ആസിയയെത്തിയത്. ആറടി ചുറ്റളവിലുള്ള മുള്ളുവേലി, മതില്‍, സിസിടിവികള്‍, വാച്ച് ടവറുകള്‍ എന്നിവയെല്ലാം ഉപയോഗിച്ച് സുരക്ഷയൊരുക്കിയ കേന്ദ്രമാണിത്.

സുരക്ഷ ജീവനക്കാര്‍ ഫോം പരിശോധിച്ചു. അതില്‍ അവളുടെ ഭര്‍ത്താവിന്റെ പേരും (അബുല്‍ കലാമും) അയല്‍ ജില്ലയായ ബോംഗൈഗാവ് ജില്ലയിലെ ഈശ്വര്‍ജരി എന്ന ഗ്രാമത്തിലെ ബ്രഹ്‌മപുത്രയുടെ അവരുടെ വീടിന്റെ വിലാസവും ഉണ്ടായിരുന്നു. തുടര്‍ന്ന് അവര്‍ അവളെ കടത്തിവിട്ടു. എന്നാല്‍, അവള്‍ അവളുടെ ഭര്‍ത്താവിന് കൊടുക്കാനായി കൊണ്ടുവന്ന പാന്‍-തമുള്‍ (അടക്കയും വെറ്റിലയും) കൊണ്ടുപോകാന്‍ അനുവദിച്ചില്ല. പഫ് ചെയ്തതോ ദ്രാവക രൂപത്തിലുള്ള അരിയോ പോലുള്ള ഉണങ്ങിയ സാധനങ്ങള്‍ മാത്രമേ അനുവദിക്കൂവെന്നും പൊലിസ് പറഞ്ഞു.

തുടര്‍ന്ന് ഭര്‍ത്താവിനെ കാണാനായി ഒരു റൂമിന് പുറത്ത് കാത്തിരുന്നു. ഖാത്തൂനെ അകത്തേക്ക് പ്രവേശിപ്പിച്ചില്ല. പകരം ജനലിന്റെ ഗ്രില്ലിലൂടെ അവര്‍ക്ക് ഭര്‍ത്താവുമായി സംസാരിക്കേണ്ടി വരും. ജനലിനു പുറത്ത് ഏതാനും മിനിറ്റുകള്‍ കാത്തിരുന്ന ശേഷം, ഒരു പോലീസുകാരന്റെ അകമ്പടിയോടെ കലാം വരുന്നത് അവള്‍ കണ്ടു. മെറൂണ്‍ നിറത്തിലുള്ള കുര്‍ത്തയും ലുങ്കിയുമാണ് വേഷം. ഒരു ഗമോസ – പരമ്പരാഗത അസമീസ് കൈകൊണ്ട് തയ്ച്ച ചുവപ്പും വെള്ളയും ടവല്‍ – അവന്റെ കഴുത്തില്‍ ചുറ്റിയിരുന്നു.

പരസ്പരം കണ്ടപ്പോള്‍ രണ്ടുപേരുടെയും മനസ്സ് വിങ്ങിപ്പൊട്ടി. ‘കിബ കൊയ്റ ഹോയിലു അമര്‍ എ എന്തിക ബൈര്‍ കോറോ, (എന്നെ എങ്ങനെയെങ്കിലും ഇവിടെ നിന്ന് പുറത്തിറക്കൂ)’ കലാം കരഞ്ഞുകൊണ്ട് ഖാതൂനോട് പറഞ്ഞു.

‘ട്രാന്‍സിറ്റ് ക്യാംപ്’

ലപ്പണിക്കാരനായ 54 കാരനായ കലാം ഫെബ്രുവരി 9 മുതല്‍ ഇവിടെയുണ്ട്. രണ്ട് ഭീമാകാരമായ മതിലുകള്‍ക്കപ്പുറം കിടക്കുന്ന ഒരു ഹാളിലാണ് ഇദ്ദേഹത്തെ പാര്‍പ്പിച്ചത്. ഒന്ന് 14 അടിയും മറ്റൊന്ന് 20 അടിയും. മറ്റ് 45 ആളുകളുമായി ‘ട്രാന്‍സിറ്റ് ക്യാമ്പിന്റെ’ ഭാഗമായ ഹാളിലാണ് കഴിയുന്നത്.
അതായത് ‘അനധികൃത കുടിയേറ്റക്കാരുടെ’ ഇന്ത്യയിലെ ഏറ്റവും വലിയ തടങ്കല്‍ കേന്ദ്രത്തില്‍.

വിശാലമായ 15.475 ഏക്കര്‍ ഭൂമിയില്‍ പരന്നുകിടക്കുന്ന ഇത് നിര്‍മിക്കാന്‍ 2018 ല്‍ ഭാരതീയ ജനതാ പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ 46.51 കോടി രൂപയാണ് അനുവദിച്ചത്. നാല് നില കെട്ടിടങ്ങളില്‍ 17 ക്ലസ്റ്ററുകളാക്കിയാണ് രൂപകല്‍പ്പന ചെയ്തത്. 15 എണ്ണം തടവുകാര്‍ക്കും ബാക്കി രണ്ടെണ്ണം വാര്‍ഡന്മാര്‍ക്കും താമസിക്കാന്‍. ഇവിടെ 3,000 അന്തേവാസികളെ പാര്‍പ്പിക്കാനുള്ള ശേഷിയാണുള്ളത്.

അസമിലെ ഇന്ത്യന്‍ പൗരന്മാരുടെ പട്ടിക, നിരവധി റൗണ്ട് രേഖ പരിശോധനയും ഫിസിക്കല്‍ വെരിഫിക്കേഷനും ശേഷം 2019ല്‍ ദേശീയ പൗരത്വ രജിസ്റ്ററില്‍ നിന്ന് ഒഴിവാക്കപ്പെടുന്ന ആളുകളുടെ ഒഴുക്ക് പ്രതീക്ഷിച്ച് നിര്‍മ്മിച്ചതാണ് മാട്യ ട്രാന്‍സിറ്റ് ക്യാമ്പ്.

ഇത് ജനുവരി 27-ന് പ്രവര്‍ത്തനക്ഷമമായി. നിലവില്‍ 69 വിദേശികളാണ് ഇതില്‍ ഉള്ളതെന്ന് കേന്ദ്രത്തിലെ നടപടികള്‍ക്ക് മേല്‍നോട്ടം വഹിക്കുന്ന ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു. തടവിലാക്കപ്പെട്ടവരില്‍ ഭൂരിഭാഗവും മ്യാന്‍മറില്‍ നിന്നുള്ള അഭയാര്‍ഥികളാണ്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകള്‍, ഫോറിനേഴ്‌സ് ആക്റ്റ്, 1946, പാസ്‌പോര്‍ട്ട് (ഇന്ത്യയിലേക്കുള്ള പ്രവേശനം) ചട്ടങ്ങള്‍, 1950 എന്നിവ പ്രകാരം വിസ വ്യവസ്ഥകള്‍ ലംഘിച്ചതിന് ഇവിടെയുള്ള മിക്കവാറും എല്ലാവര്‍ക്കും ജുഡീഷ്യല്‍ കോടതികള്‍ ശിക്ഷ വിധിച്ചതാണ്.

എന്നിരുന്നാലും, കലാമിനെപ്പോലുള്ള ചിലരെ ‘പ്രഖ്യാപിത വിദേശികള്‍’ ആയാണ് മുദ്രകുത്തിയത്. അസമിലെ വിദേശികളുടെ ട്രിബ്യൂണലുകളും സംസ്ഥാനത്തെ ദേശീയതയുടെ കാര്യങ്ങളില്‍ തീര്‍പ്പുകല്‍പ്പിക്കുന്ന അര്‍ദ്ധ ജുഡീഷ്യല്‍ ബോഡികളും അങ്ങനെയാണ് ഇവരെ വിശേഷിപ്പിക്കുന്നത്. ജനുവരിയില്‍ അവരെ ക്യാമ്പിലേക്ക് മാറ്റുന്നതിന് മുമ്പ്, പല തടവുകാരെയും സംസ്ഥാനത്തെ വിവിധ ജയിലുകള്‍ക്കുള്ളിലെ ”തടങ്കല്‍ കേന്ദ്രങ്ങളില്‍” പാര്‍പ്പിച്ചിരുന്നു. 2022 നവംബറില്‍ ഗുവാഹത്തി ഹൈക്കോടതി അവരെ ജയിലില്‍ തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുന്നതിനെ ചോദ്യം ചെയ്തുള്ള ഹരജികളില്‍ അവരെ മാട്യ ക്യാമ്പിലേക്ക് മാറ്റാന്‍ സംസ്ഥാന സര്‍ക്കാരിനോട് നിര്‍ദ്ദേശിക്കുകയായിരുന്നു.

എന്നാല്‍ ശൈശവ വിവാഹം തടയുന്നതിന്റെ ഭാഗമായി അസമില്‍ അറസ്റ്റിലായ മുന്നൂറോളം പേരെ ഇപ്പോള്‍ ക്യാമ്പില്‍ പാര്‍പ്പിച്ചിട്ടുണ്ട്. ഈ ക്രമീകരണത്തെ ഗുവാഹത്തി ഹൈക്കോടതി അടുത്തിടെ ‘അസ്വീകാര്യം’ എന്ന് വിശേഷിപ്പിച്ചിരുന്നു. ഇത് ‘ജയില്‍’ അല്ലെന്നും, കുറ്റകൃത്യങ്ങള്‍ ചെയ്ത ആളുകളെ ഉദ്ദേശിച്ചുള്ളതല്ല ഈ കേന്ദ്രമെന്നും കോടതി പറഞ്ഞിരുന്നു.

ഇതൊരു ജയില്‍ തന്നെ

എന്നിരുന്നാലും, കലാമിനെ സംബന്ധിച്ചിടത്തോളം ഇത് ഒരു ജയിലിനുപരി മറ്റൊന്നുമല്ല. തടവുകാര്‍ക്കൊപ്പമുള്ള കേന്ദ്രത്തിനുള്ളിലെ ജീവിതത്തിന്റെ ഏകാന്തതയെക്കുറിച്ച് അയാള്‍ കയ്‌പോടെ പരാതിപ്പെട്ടു. ഞങ്ങള്‍ ദിവസം മുഴുവന്‍ വെറുതെ ഇരുന്ന് കഴിച്ചുകൂട്ടുന്നു. അദ്ദേഹം പറഞ്ഞു. എല്ലാ ദിവസവും ഇവിടെ ഒരു പോലെയാണ് ‘ഞങ്ങള്‍ക്ക് പ്രഭാതഭക്ഷണത്തിന് ചായയും റൊട്ടിയും നല്‍കുന്നു, അതിനുശേഷം തലയെണ്ണും അദ്ദേഹം പറഞ്ഞു. അതിനു ശേഷം ഞങ്ങള്‍ ഹാളിന് പുറത്ത് പോയി അലഞ്ഞു തിരിഞ്ഞു ഒന്നും ചെയ്യാതെ വെറുതെ ഇരിക്കും.

അത്താഴത്തിന് ശേഷം വൈകുന്നേരം 5 മണിക്ക് ഹാള്‍ പൂട്ടിയാല്‍ രാവിലെ 7 അല്ലെങ്കില്‍ 8 മണിക്ക് മാത്രമേ തുറക്കൂ. ഇതൊരു ജയില്‍ തന്നെയാണ്. അല്ലെങ്കില്‍ ജയിലിനേക്കാള്‍ മോശമാണ്.

‘ഇത് ഒരു സാധാരണ ജയിലല്ലാത്തതിനാല്‍ അവര്‍ക്ക് ജോലി നല്‍കാനോ അവരെ ജോലിയില്‍ ഉള്‍പ്പെടുത്താനോ ഇവിടെ നടപടിക്രമമില്ല. ക്യാമ്പിനുള്ളില്‍ ഒരു സ്‌കൂളും ആശുപത്രിയുമുണ്ട്. അവരുടെ വിനോദത്തിനായി, തുറസ്സായ സ്ഥലത്ത് കളിക്കാനുള്ള കായിക ഉപകരണങ്ങള്‍ ഞങ്ങള്‍ നല്‍കിയിട്ടുണ്ട്- ക്യാമ്പിലെ ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ഞാന്‍ ബംഗ്ലാദേശി അല്ല’

ഞാന്‍ എന്തിന് ഈ ജയില്‍ ജീവിതം നയിക്കണം, കലാം ചോദിക്കുന്നു. ”അമി തോ ബംഗ്ലാദേശി നാ,”(ഞാന്‍ ഒരു ബംഗ്ലാദേശിയല്ല) അദ്ദേഹം ആവര്‍ത്തിച്ചു.

1985-ല്‍ ഞാന്‍ വോട്ട് ചെയ്തിട്ടുണ്ട്. 2017ല്‍ കലാമിനെ വിദേശ ട്രിബ്യൂണല്‍ ‘അനധികൃത കുടിയേറ്റക്കാരന്‍’ ആയി പ്രഖ്യാപിച്ചു. അദ്ദേഹം തന്റെ പിതാവാണെന്ന് അവകാശപ്പെടുന്ന വ്യക്തി യഥാര്‍ത്ഥത്തില്‍ പിതാവല്ലെന്നാണ് പ്രിസൈഡിംഗ് ഓഫീസര്‍ വിധിച്ചത്. 1971 മാര്‍ച്ച് 24ന് ശേഷം കലാം ഇന്ത്യയിലേക്ക് കുടിയേറി, ആസാമില്‍ ആര്‍ക്കും ഇന്ത്യന്‍ പൗരനായി കണക്കാക്കാനുള്ള സമയപരിധി തന്നെയായിരുന്നു ഇത്. എന്നിരുന്നാലും, കലാമിന്റെ പേര് എന്‍ആര്‍സി പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഫെബ്രുവരി 9 ന്, രേഖകളില്ലാത്ത കുടിയേറ്റക്കാരെ തിരിച്ചറിയുന്നതിനും പിടികൂടുന്നതിനും ചുമതലപ്പെടുത്തിയ അസം പോലീസിന്റെ പ്രത്യേക യൂണിറ്റ് അദ്ദേഹത്തിന്റെ വീടിനടുത്ത് നിന്ന് അറസ്റ്റ് ചെയ്ത് മാട്യയിലേക്ക് കൊണ്ടുപോയി.

തന്നെ അറസ്റ്റ് ചെയ്ത ട്രൈബ്യൂണലിന്റെ ഉത്തരവിനെ ചോദ്യം ചെയ്യാന്‍ തങ്ങള്‍ക്ക് ശേഷിയും പണവും ഇല്ല. ‘ഹൈക്കോടതിയില്‍ പോകാന്‍ അഭിഭാഷകന്‍ 20,000 രൂപ ആവശ്യപ്പെട്ടെങ്കിലും ഞങ്ങള്‍ക്ക് പണം സംഘടിപ്പിക്കാന്‍ കഴിഞ്ഞില്ല,’ ഖാത്തൂന്‍ പറഞ്ഞു. തനിക്ക് സംഭവിച്ചത് ഞങ്ങളെപ്പോലുള്ള പാവങ്ങളോടുള്ള അനീതിയാണെന്നും അവര്‍ പറഞ്ഞു.

മുസ്ലീമാണെങ്കില്‍ ‘നിയമവിരുദ്ധം’, ഹിന്ദുവാണെങ്കില്‍ സ്വാഭാവികം

പതിറ്റാണ്ടുകളായി, അനധികൃത കുടിയേറ്റം അസമിന്റെ രാഷ്ട്രീയത്തെയും എന്‍ആര്‍സിയെയും സജീവമാക്കി നിലനിര്‍ത്തുന്നു.
ബംഗ്ലാദേശില്‍ നിന്നുള്ള ഹിന്ദുക്കളുടെയും മുസ്ലീങ്ങളുടെയും വലിയ തോതിലുള്ള കുടിയേറ്റം സംസ്ഥാനത്തിന്റെ ജനസംഖ്യയെ മാറ്റിമറിക്കുകയും ഇത് തദ്ദേശീയ ജനസംഖ്യയെ ന്യൂനപക്ഷമാക്കി മാറ്റുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി അസമീസ് ദേശീയവാദ സംഘടനകള്‍ പണ്ടേ ആരോപിച്ചിരുന്നു.

എന്നിരുന്നാലും,അസമിലെ ഭൂരിഭാഗം കുടിയേറ്റക്കാരും, പ്രത്യേകിച്ച് ബംഗാളി വംശജരായ മുസ്ലിംകള്‍, അസമിലെ തദ്ദേശീയരല്ലെന്ന് വിളിക്കപ്പെടുന്ന ജനസംഖ്യയുടെ സിംഹഭാഗവും, ഇന്ത്യയും ബംഗ്ലാദേശും (1971ന് മുമ്പ് കിഴക്കന്‍ പാകിസ്ഥാന്‍) വെവ്വേറെ രാജ്യങ്ങളാകുന്നതിന് വളരെ മുമ്പേ ഇവിടെ എത്തിയവരാണ്. എന്‍.ആര്‍.സി അപ്ഡേറ്റ് സര്‍വേ നടക്കുമ്പോള്‍ അന്തിമ പ്രശ്‌നം പരിഹരിക്കുമെന്ന് പലരും വിശ്വസിച്ചു.

അന്തിമ പട്ടികയില്‍ ഏകദേശം 1.9 ദശലക്ഷം ആളുകളെ ഒഴിവാക്കിയപ്പോള്‍, അതിന്റെ കൃത്യതയെയും സൂക്ഷ്മതയെയും കുറിച്ച് വളരെയധികം പരാതികള്‍ ഉണ്ടായിരുന്നു. കാര്യങ്ങള്‍ കൂടുതല്‍ ദുഷ്‌കരമാക്കികൊണ്ട് 2019-ല്‍ കേന്ദ്രം പൗരത്വ ഭേദഗതി നിയമം പാസാക്കി. അത് പ്രവര്‍ത്തനക്ഷമമാകുമ്പോള്‍, എന്‍.ആര്‍.സിയില്‍ നിന്ന് പുറത്തായ അമുസ്ലിംകളുടെ വലിയൊരു ഭാഗം സ്വാഭാവിക പൗരന്മാരാകും.

അകത്തുള്ളത് മ്യാന്‍മറില്‍ നിന്നുള്ള അഭയാര്‍ഥികള്‍

എന്നിരുന്നാലും, എന്‍ആര്‍സിയുടെ അനിശ്ചിതത്വം കണക്കിലെടുത്ത്, എന്‍ആര്‍സിയില്‍ നിന്ന് നിരസിക്കപ്പെട്ട ആരെയും മാട്യ ക്യാമ്പില്‍ പാര്‍പ്പിച്ചിട്ടില്ല. പകരം, അയല്‍രാജ്യമായ മ്യാന്‍മറില്‍ നിന്നുള്ള അഭയാര്‍ത്ഥികളുടെ ഭവനമായി മാറിയിരിക്കുകയാണിവിടെ. 26 കുക്കി-ചിന്‍ അഭയാര്‍ത്ഥികളും മൂന്ന് വയസ്സുള്ള ഒരു കുട്ടിയുള്‍പ്പെടെ 18 റോഹിങ്ക്യന്‍ മുസ്ലീങ്ങളാണ് ക്യാമ്പില്‍ കഴിയുന്നത്. അവരില്‍ പലര്‍ക്കും, ക്യാമ്പ് ജയിലിനെ പോലെ തന്നെയാണ്.

ഞങ്ങളുടെ ജീവന്‍ രക്ഷിക്കാന്‍ ഞങ്ങള്‍ ഞങ്ങളുടെ രാജ്യത്ത് നിന്ന് പലായനം ചെയ്തു, പക്ഷേ ഇവിടെ ഞങ്ങളെ വീണ്ടും തടങ്കലിലാക്കിയിരിക്കുകയാണ്,’2018 ല്‍ മണിപ്പൂരിലെ അതിര്‍ത്തി പട്ടണമായ മോറെയില്‍ നിന്നും ആദ്യമായി അറസ്റ്റിലായ 23 കാരിയായ റോഹിങ്ക്യ അഭയാര്‍ത്ഥി പറഞ്ഞു. പത്ത് മാസത്തിന് ശേഷം അവര്‍ക്ക് ജാമ്യം ലഭിക്കുകയായിരുന്നു. 2019 മെയ് 14 ന് ഐക്യരാഷ്ട്ര അഭയാര്‍ത്ഥി ഹൈക്കമ്മീഷണറില്‍ എത്താനുള്ള ശ്രമത്തില്‍ ഡല്‍ഹിയിലേക്ക് ട്രെയിനില്‍ കയറാന്‍ ശ്രമിക്കുന്നതിനിടെ റെയില്‍വേ പോലീസ് അവരെ വീണ്ടും അറസ്റ്റ് ചെയ്തു.

തുടര്‍ന്ന് വിദേശികള്‍ക്കുള്ള നിയമപ്രകാരം അവളെ ശിക്ഷിക്കുകയും ആറ് മാസത്തേക്ക് തടവിലിടുകയും തുടര്‍ന്ന് ഗോള്‍പാറ ജില്ലാ ജയിലില്‍ നിന്ന് ഒരു വര്‍ഷത്തിലേറെയായി ഗോള്‍പാറ തടങ്കല്‍ കേന്ദ്രത്തില്‍ പാര്‍പ്പിക്കുകയും ചെയ്തു.

ഇന്ത്യന്‍ സര്‍ക്കാര്‍ തനിക്ക് അഭയാര്‍ത്ഥി പദവി നല്‍കണമെന്നും അല്ലെങ്കില്‍ ബംഗ്ലാദേശിലെ റോഹിങ്ക്യന്‍ അഭയാര്‍ത്ഥി ക്യാമ്പിലേക്ക് പോകാന്‍ അനുവദിക്കണമെന്നുമാണ് ഇപ്പോള്‍ യുവതി ആവശ്യപ്പെടുന്നത്. അവിടെ തന്റെ മാതാപിതാക്കളുണ്ട്. ”പ്രതീക്ഷയില്ലാതെ ഇങ്ങനെ ഇവിടെ ജീവിക്കുന്നതിനേക്കാള്‍ നല്ലത് മരിക്കുന്നതാണ്, പേര് വെളിപ്പെടുത്താന്‍ വിസ്സമ്മതിച്ച അവര്‍ പറഞ്ഞു.

”ഞങ്ങളെ കാണാനോ കേള്‍ക്കാനോ ആരും വരുന്നില്ല,”’ആസാമില്‍ നിന്നുള്ളവര്‍ക്ക് സ്ഥിരം സന്ദര്‍ശകരുണ്ട്. പക്ഷേ ആരും ഞങ്ങള്‍ക്ക് ഭക്ഷണമോ വസ്ത്രമോ കൊണ്ടുവരുന്നില്ല.’ മറ്റൊരു റോഹിങ്ക്യന്‍ അഭയാര്‍ത്ഥി പറഞ്ഞു.

 

???? കൂടുതല്‍ വായനക്ക്‌ ????????: https://chat.whatsapp.com/CONOJlYnC05Kslg9NygjM1

അവലംബം:scroll.in
വിവ: സഹീര്‍ വാഴക്കാട്

Related Articles