Politics

കൊറോണ കാലത്തെ യുദ്ധങ്ങള്‍

ഏഷ്യന്‍ വന്‍ ശക്തികളായ ഇന്ത്യയും ചൈനയും തങ്ങളുടെ നീണ്ട അതിര്‍ത്തിയില്‍ അവിശ്വസ്തതയുടെ അയല്‍പക്കം പങ്കു വെച്ച് തുടങ്ങിയതിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. ഇരു രാജ്യങ്ങളുടെയും പ്രഥമ പ്രധാനമന്ത്രിമാര്‍ അംഗീകരിച്ച Line of Actual Control എന്ന നിയന്ത്രിത രേഖ രണ്ടു രാജ്യങ്ങളും തത്വത്തില്‍ അംഗീകരിച്ചു എന്ന് പറയാനും കഴിയില്ല. 1962 ല്‍ ഇന്ത്യ ചൈന യുദ്ധത്തിനു വിരാമം ഉണ്ടായത് ഈ രേഖ അംഗീകരിക്കുന്നതോട് കൂടിയാണ്. ഇന്ത്യയുടെ ഭാഗത്ത്‌ നിന്നും ഈ രേഖ കടന്നു പോകുന്നത് ലഡാക്ക് ഉത്തര്‍പ്രദേശ് ഹിമാചല്‍ പ്രദേശ്‌ സിക്കിം അരുണാചല്‍ പ്രദേശ്‌ എന്നീ സംസ്ഥാങ്ങളില്‍ കൂടിയാണു. ചൈനയുടെ ഭാഗത്ത്‌ നിന്നും സ്വയം ഭരണ പ്രദേശമായ ടിബറ്റും. രണ്ടു രാജ്യങ്ങളും അണ്വായുധ ശക്തികളാണ് എന്നതിനാല്‍ ലോകം പുതിയ സംഭവ വികാസങ്ങളെ ഗൌരവായി തന്നെ കാണുന്നു.

ഇന്ത്യ ചൈന അതിര്‍ത്തി തര്‍ക്കം കാശ്മീര്‍ പോലെ ഒരു ബ്രിട്ടീഷ് ഉല്പന്നമാണ്. ഇന്ത്യയെയും ചൈനയെയും വേർതിരിക്കുന്ന അതിർത്തി രേഖയാണ് മക് മോഹൻ രേഖ. 1914 ലെ സിംല കരാറിൽ രേഖപ്പെടുത്തിയ മക് മോഹൻ രേഖയുടെ ഔദ്യോഗിക അംഗീകാരം ചൈന ചോദ്യം ചെയ്തിട്ടുണ്ട്. ഇന്ത്യന്‍ ഭൂപ്രദേശങ്ങള്‍ തങ്ങളുടെ രാജ്യത്തിന്റെ ഭൂപടത്തില്‍ ഉള്‍പ്പെടുത്തി ചൈന പ്രസിദ്ധീകരിച്ചു.1959 ല്‍ അന്നത്തെ പ്രധാനമന്ത്രി നെഹ്‌റു ഈ വിഷയം ഉയര്‍ത്തി കൊണ്ട് വന്നു.പക്ഷെ സാമ്രാജത്വ രാജ്യങ്ങള്‍ അടിച്ചേല്‍പ്പിച്ച അതിരുകള്‍ അംഗീകരിക്കില്ല എന്ന നിലപാടില്‍ തന്നെ ചൈന ഉറച്ചു നിന്നു. പ്രസ്തുത വിഷയത്തില്‍ 1962 യുദ്ധം അരങ്ങേറി . നാലാഴ്ചകൊണ്ട് കുറെയധികം പട്ടാളക്കാരുടെ ജീവന്‍ പൊലിഞ്ഞാണ് യുദ്ധം അവസാനിച്ചത്‌.

ചൈന തിരിച്ചു പിടിച്ചു എന്ന് പറയപ്പെടുന്ന പടിഞ്ഞാറന്‍ ചൈനയുടെയും ടിബറ്റിന്റെയും ഇടയിലുള്ള തന്ത്രപരമായ Aksai Chin തങ്ങളുടാണ് എന്നാണ് ഇന്ത്യന്‍ അവകാശം. അത് പോലെ ചൈനയുടെ കയ്യിലുള്ള Shaksgam valley യിലും ഇന്ത്യ അവകാശ വാദം ഉന്നയിക്കുന്നു.
1967 ല്‍ ഇന്ത്യയുടെ ഉയര്‍ന്ന പര്‍വ്വത പാതയായ സിക്കിമിലെ Nathu La യുടെ കാര്യത്തിലും ഇരു രാജ്യങ്ങള്‍ക്കിടയില്‍ സായുധ സംഘട്ടനം ഉണ്ടായിട്ടുണ്ട്. അതിലും ഇരു പക്ഷത്തു നിന്നും കുറെ സൈനികരുടെ ജീവന്‍ പൊലിഞ്ഞിട്ടുണ്ട്. `1975 ലും ,2017 ലും ഇരു രാജ്യങ്ങളും തമ്മില്‍ ഇത്തരം സംഘട്ടനങ്ങള്‍ നടന്നിട്ടുണ്ട്. അവസാനം ലഡാക്കില്‍ പ്രസ്തുത സംഘട്ടനം വന്നു നില്‍ക്കുന്നു.

Also read: ഒന്നാം ചരമവാര്‍ഷികത്തില്‍ മുര്‍സിയെ അനുസ്മരിച്ച് ലോകം

ഓരോ സമയവും ഇരു പക്ഷത്തു നിന്നും കുറെ പട്ടാളക്കാര്‍ ഇല്ലാതാവുന്നു. അതെ സമയം ഇപ്പോള്‍ ഇങ്ങിനെ ഒരു സംഘട്ടനം നടക്കുന്നതില്‍ പലരും അത്ഭുതം പ്രകടിപ്പിക്കുന്നു. ലോകം മുഴുവന്‍ കൊറോണ വ്യാപന വാര്‍ത്തയാണ്.അതിന്റെ ഉറവിടം ചൈനയും. ഏകദേശം മൂന്നു മാസത്തോളം രാജ്യത്തിന്റെ പല ഭാഗങ്ങളും അടച്ചിട്ടാണ് ചൈന പുതു ജീവിതത്തിലേക്ക് വന്നത്. ഇപ്പോഴും രാജ്യം പൂര്‍ണമായി കൊറോണ മുക്തമായി എന്ന് പറയാന്‍ കഴിയില്ല. അതെ സമയം കൊറോണയുടെ കാര്യത്തില്‍ ഇന്ത്യ ഇപ്പോള്‍ നാലാം സ്ഥാനത്താണ്. മഹാ നഗരങ്ങളില്‍ കൊറോണയുടെ താണ്ടവം അതി ഗുരുതരമായ അവസ്ഥയിലാണ് .
കൊറോണ കാലത്തെ കുത്തകക്കാരുടെ നഷ്ടം നികത്താനുള്ള ശ്രമത്തിലാണ് കേന്ദ്ര സര്‍ക്കാര്‍. ദിനേന എന്നോണം എണ്ണ വില കൂട്ടുകയാണ്. അതെ സമയത്ത് തന്നെയാണു അതിര്‍ത്തിയില്‍ യുദ്ധ സന്നാഹം നടക്കുന്നതും. ഇരു രാജ്യങ്ങളും ഒരേ പോലെ ആഭ്യന്തര ശൈഥില്യം അനുഭവിച്ചു കൊണ്ടിരിക്കെ ഇത്തരം നടപടികളിലേക്ക് പോകുക എന്നതു തീര്‍ത്തും അസംഭവ്യം. മഹാമാരിയില്‍ നിന്നും സ്വന്തം ജനതയെ രക്ഷിക്കാന്‍ കഴിയാത്ത ഭരണാധികാരികള്‍ ഭൂമി സംരക്ഷിക്കാനുള്ള ശ്രമത്തിലാണ്.

ജനം ദാരിദ്ര്യം കൊണ്ട് നട്ടം തിരിയുമ്പോള്‍ യാതൊരു ദാക്ഷിണ്യവുമില്ലാതെയാണ് ഭരണ കൂടം എണ്ണ വില കൂട്ടുന്നത്‌. ഇപ്പോള്‍ ജനത്തിന്റെ ശ്രദ്ധ മഹാമാരിയില്‍ നിന്നും വിലക്കയറ്റത്തില്‍ നിന്നും മാറ്റാന്‍ യുദ്ധം കൊണ്ട് കഴിഞ്ഞിട്ടുണ്ട്. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള പ്രശ്നമല്ല ഇന്ത്യയും ചൈനയും തമ്മില്‍. ഇന്ത്യന്‍ മണ്ണില്‍ തീവ്രവാദവും ഭീകരവാദവും സൃഷ്ടിക്കുന്നു എന്നതാണ് പാകിസ്ഥാനെതിരെ നാം ഉന്നയിക്കുന്ന ആരോപണം. അതെ സമയം ഇന്ത്യയും ചൈനയും തമ്മിലുള്ള പ്രശ്നം അതിര്‍ത്തി മാത്രമാണ്. ചര്‍ച്ചയിലൂടെ പരിഹരിക്കാന്‍ കഴിയുന്ന കാര്യങ്ങളെ ഇങ്ങിനെ രക്ത ചൊരിച്ചിലിലേക്ക് കൊണ്ട് പോകുക എന്നത് ഈ ആധുനിക കാലത്ത് ചിന്തിക്കാന്‍ കഴിയുന്നതിലും അപ്പുറത്താണ്. അസ്വസ്ഥതനിലനില്‍ക്കുന്ന അയല്‍പക്കം എന്നതാണ് ഇന്ത്യന്‍ അവസ്ഥ. ചുറ്റുഭാഗത്തുള്ള മിക്കാവാറും എല്ലാവരുമായും നാം ശത്രുതയിലാണ്. സമാധാനം നില നില്‍ക്കുന്ന അവസരത്തില്‍ മാത്രമേ നാട്ടില്‍ വികസനം സാധ്യമാകൂ എന്നിരിക്കെ അതിര്‍ത്തിയില്‍ എന്നും ജവാന്മാരെ കുരുതി കൊടുക്കുന്ന അവസ്ഥ എല്ലാവരും ഇല്ലാതാക്കിയാല്‍ മാത്രമേ  സമാധാനം കൈവരൂ.

Facebook Comments
Related Articles
Close
Close