Opinion

ഒന്നാം രക്തസാക്ഷിത്വം: മുര്‍സിയെ അനുസ്മരിച്ച് ലോകം

ഈജിപ്തിന്റെ ചരിത്രത്തില്‍ ആദ്യമായി ജനാധിപത്യ രീതിയില്‍ അധികാരത്തിലേറിയ മുഹമ്മദ് മുര്‍സിയുടെ മരണത്തിന് ജൂണ്‍ 17ന് ഒരു വര്‍ഷം തികയുന്നു. കൈറോവിലെ കോടതി മുറിയില്‍ വെച്ച് വിചാരണക്കിടെ കുഴഞ്ഞു വീണായിരുന്നു മുര്‍സിയുടെ മരണം. 2013ലെ പട്ടാള അട്ടിമറിയിലൂടെ സ്ഥാനഭ്രഷ്ടനാക്കിയ ശേഷം വിവിധ കുറ്റങ്ങള്‍ ചുമത്തി സീസി ഭരണകൂടം അദ്ദേഹത്തെ ജയിലിലടക്കുകയായിരുന്നു. അദ്ദേഹത്തിനെതിരെ രാഷട്രീയ പ്രേരിത കുറ്റമാണ് ചുമത്തിയതെന്ന് നിരവധി മനുഷ്യാവകാശ പ്രവര്‍ത്തകരും സ്വതന്ത്ര രാഷ്ട്രീയ നിരീക്ഷകരും നിരവധി ആരോപണങ്ങള്‍ ഉയര്‍ത്തിയിരുന്നു. മരണപ്പെട്ടതിന് ശേഷവും അദ്ദേഹത്തോട് ഭരണകൂടവും നീതിന്യായ വ്യവസ്ഥയും നീതി പുലര്‍ത്തിയില്ല എന്നു തന്നെ നമുക്ക് പറയാം.

മുസ്‌ലിം ബ്രദര്‍ഹുഡിന്റെ നേതാവായ മുര്‍സി 2012ല്‍ നടന്ന സ്വതന്ത്ര തെരഞ്ഞെടുപ്പിലാണ് ഈജിപ്തിന്റെ പ്രസിഡന്റായി അധികാരത്തിലേറുന്നത്. എന്നാല്‍ ഒരു വര്‍ഷത്തിനു ശേഷം സൈനിക തലവനും പ്രതിരോധ മന്ത്രിയുമായ അബ്ദുല്‍ ഫതാഹ് അല്‍ സീസിയുടെ നേതൃത്വത്തില്‍ ഗൂഢാലോചനയുടെ ഫലമായി അദ്ദേഹത്തെ അട്ടിമറിച്ച് താഴെയിറക്കുകയായിരുന്നു.

Also read: മക്കളെ സ്കൂളിലയക്കുന്നതെന്തിന്?

തുടര്‍ന്ന് ജയിലിലടക്കപ്പെട്ട മുര്‍സി നിരവധി മനുഷ്യാവകാശ ലംഘനങ്ങളാണ് നേരിട്ടത്. ജയിലില്‍ ആവശ്യത്തിന് ഭക്ഷണമോ ചികിത്സയോ മറ്റു സൗകര്യങ്ങളോ അദ്ദേഹത്തിന് നല്‍കിയില്ല. വിവിധ അസുഖങ്ങളാല്‍ രോഗിയായി മാറിയിരുന്നു ഇതിനകം മുര്‍സി. ആറു വര്‍ഷമാണ് അദ്ദേഹം ജയിലില്‍ കഴിഞ്ഞത്. കുടുംബാംഗങ്ങള്‍ക്ക് അദ്ദേഹത്തെ സന്ദര്‍ശിക്കാന്‍ പോലും സീസി ഭരണകൂടം കനിവ് കാട്ടിയില്ല. ഇതിനിടെ രണ്ട് തവണ മാത്രമാണ് കുടുംബത്തിന് അദ്ദേഹത്തെ സന്ദര്‍ശിക്കാന്‍ അനുവാദമുണ്ടായത്. വിചാരണകാലയളവിലും അദ്ദേഹത്തിന് നീതി ലഭിച്ചില്ല. മരണശേഷം മയ്യിത്ത് പൊതുദര്‍ശനത്തിന് വെക്കാന്‍ പോലും ഭരണകൂടം അനുവദിച്ചില്ല. പ്രതിഷേധ പ്രകടനങ്ങളോ അനുസ്മരണ യോഗങ്ങളോ നടത്താനും അനുവദിക്കാതെ ഈജിപ്തിന്റെ തെരുവില്‍ മുഴുവന്‍ സുരക്ഷ സൈന്യം നിലയുറപ്പിച്ചു. അദ്ദേഹത്തിന്റേതായി ഒരു വാര്‍ത്തയും ചിത്രവും പുറത്തു വരരുത് എന്ന കര്‍ശന നിര്‍ദ്ദേശവും അധികൃതര്‍ നല്‍കിയിരുന്നു. മുര്‍സിയുടെ മരണത്തെ പോലും സീസി ഭരണകൂടം ഭയപ്പെട്ടു എന്നതിന് ഉത്തമ ഉദാഹരണമായിരുന്നു ഇവയെല്ലാം.

1951 ഓഗസ്റ്റ് 8ന് വടക്കന് ഈജിപ്തിലെ അല്‍ അദ്‌വ ഗ്രാമത്തിലായിരുന്നു മുര്‍സിയുടെ ജനനം. ബ്രദര്‍ഹുഡിന്റെ രാഷ്ട്രീയ വിഭാഗമായ ഫ്രീഡം ആന്റ് ജസ്റ്റിസ് പാര്‍ട്ടിയുടെ സഹസ്ഥാപകന്‍ കൂടിയായിരുന്നു അദ്ദേഹം. ബ്രദര്‍ഹുഡിന്റെ രാഷ്ട്രീയത്തിന് ഇന്ന് ഈജിപ്തില്‍ ഏറെ പ്രസക്തിയുണ്ട്. അതിന് കാരണക്കാരില്‍ ഒരാള്‍ മുര്‍സി തന്നെയാണെന്ന് പറയാന്‍ കഴിയും. സീസി നടത്തിയ പട്ടാള അട്ടിമറിക്ക് ശേഷം ഈജിപ്ത് ജയിലുകള്‍ മുസ്ലിം ബ്രദര്‍ഹുഡിന്റെ രാഷ്ട്രീയ തടവുകാരെ പാര്‍പ്പിക്കുന്നതിനുള്ള തടവുകേന്ദ്രമായി മാറുകയായിരുന്നു. ഇതില്‍ പലരും മുന്‍ പ്രസിഡന്റ് മുര്‍സിയുടെ ഭരണത്തില്‍ സേവനം ചെയ്തവരാണ്. ഇവര്‍ ജയിലുകളില്‍ കടുത്ത മനുഷ്യാവകാശ ലംഘനങ്ങളും അടിസ്ഥാന സൗകര്യങ്ങളും ലഭിക്കാതെ കഷ്ടപ്പെടുകയാണെന്ന് വിവിധ മനുഷ്യാവകാശ സംഘടനകള്‍ ആരോപണമുയര്‍ത്തിയിരുന്നു. ഇതൊന്നും പ്രാദേശിക പത്രങ്ങളും മാധ്യമങ്ങളും വാര്‍ത്തയാക്കാറില്ല. ഭരണകൂടത്തിന്റെ കനത്ത സമ്മര്‍ദ്ദമാണ് അതിന് കാരണം. മുര്‍സിയെ അട്ടിമറിച്ചതിനെതിരെ പ്രതികരിക്കുന്നവര്‍ക്കെതിരെ സീസി ശക്തമായ അടിച്ചമര്‍ത്തല്‍ നയമാണ് സ്വീകരിച്ചത്. ആയിരങ്ങളെയാണ് കൊന്നൊടുക്കിയത്. പതിനായിരങ്ങളെയാണ് അറസ്റ്റു ചെയ്തത്.

മുഹമ്മദ് മുര്‍സിയുടെ മരണം ഒരു രക്തസാക്ഷിത്വമായിട്ടാണ് ലോകം കണക്കാക്കിയിട്ടുള്ളത്. മുര്‍സിയുടെ കൊലപാതകത്തിന് പിന്നിലുള്ളവരെ കണ്ടെത്താനും മരണത്തെക്കുറിച്ച് സമഗ്ര അന്വേഷണം നടത്താനും ഇതുവരെ ഈജിപത് ഭരണകൂടത്തിന് ആയിട്ടില്ല. അതിനായി കാത്തിരിക്കുകയാണ് അദ്ദേഹത്തിന്റെ കുടുംബവും സുഹൃത്തുക്കളും. ഈജിപ്തില്‍ മുല്ലപ്പൂ പരിമളം പടര്‍ത്തി വിടപറഞ്ഞ മുര്‍സി ഈജിപ്തിലെയും ലോകജനതയുടെയും മനസ്സില്‍ എല്ലാ കാലവും കുടികൊള്ളുക തന്നെ ചെയ്യും.

Facebook Comments

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker