Current Date

Search
Close this search box.
Search
Close this search box.

കെട്ടിടാവശിഷ്ടങ്ങള്‍ പുനരുപയോഗിച്ച് ഗസ്സ അതിജീവിക്കുകയാണ്

ഫലസ്തീനു നേരെ ഇസ്രായേല്‍ ബോംബിങ് നടത്തിയിട്ട് ഒരു മാസം പിന്നിടുമ്പോഴും തകര്‍ന്നടിഞ്ഞ വീടുകളും കെട്ടിടങ്ങളും പുനര്‍നിര്‍മിക്കുന്നതിനുള്ള ശ്രമത്തിലാണ് ഗസ്സക്കാര്‍. തുടര്‍ച്ചയായ 11 ദിവസം ജനങ്ങളുടെ വീടുകളെ ലക്ഷ്യമിട്ട് ഇസ്രായേലിന്റെ മിസൈലുകളും പീരങ്കികളും പതിച്ച് 66 കുട്ടികളടക്കം 256 ഫലസ്തീനികളാണ് കൊല്ലപ്പെട്ടത്. ഫലസ്തീനികള്‍ നടത്തിയ പ്രത്യാക്രമണത്തില്‍ ഇസ്രായേലിന്റെ ഭാഗത്ത് രണ്ട് കുട്ടികളടക്കം 13 പേരും കൊല്ലപ്പെട്ടിരുന്നു.

ലോകത്ത് ഏറ്റവും ജനസാന്ദ്രതയുള്ള തീരദേശ മുനമ്പാണ് ഗസ്സ. ഇവിടുത്തെ അടിസ്ഥാന സൗകര്യങ്ങള്‍ നേരത്തെ തന്നെ തകിടം മറിഞ്ഞിരിക്കുകയാണ്. 2000ത്തോളം വീടുകളാണ് പൂര്‍ണമായി തകര്‍ന്നത്. 22,000 വീടുകള്‍ ഭാഗികമായും തകര്‍ന്നു. തത്ഫലമായി പതിനായിരങ്ങളാണ് വീടൊഴിഞ്ഞ് അഭയാര്‍ത്ഥി ക്യാംപിലേക്കും മറ്റും പോകേണ്ടി വന്നത്. ചുരുങ്ങിയത് നാല് ബഹുനില കെട്ടിടങ്ങള്‍ തരിപ്പണമായി. മന്ത്രാലയത്തിന്റെ ഓഫീസുകള്‍ അടക്കം 74 പൊതുകെട്ടിടങ്ങളും തകര്‍ന്നു. 500 ദശലക്ഷം ഡോളറിന്റെ നഷ്ടമാണുണ്ടായതെന്ന് ഗസ്സ പൊതുമരാമത്ത് മന്ത്രാലയം പറഞ്ഞു.

ആക്രമണങ്ങളെത്തുടര്‍ന്ന് രണ്ടായിരം-മുതല്‍ മൂവായിരം ടണ്‍ അവശിഷ്ടങ്ങള്‍ ഉണ്ടായെന്നാണ് കണക്കാക്കപ്പെടുന്നത്. ഗസ്സയുടെ പുനര്‍നിര്‍മാണത്തിന്റെ ആദ്യ ഘട്ടം കെട്ടിടാവശിഷ്ടങ്ങള്‍ നീക്കം ചെയ്യുക എന്നതാണ്. പ്രത്യേകിച്ചും വലിയ കെട്ടിടാവശിഷ്ടങ്ങള്‍ നീക്കം ചെയ്യല്‍. 14 വര്‍ഷത്ത ഇസ്രായേല്‍ ഉപരോധം മുനമ്പിനെ തകര്‍ത്തിരിക്കുകയാണ്. തകര്‍ന്ന കെട്ടിടങ്ങളുടെ പുനര്‍നിര്‍മാണം എളുപ്പമല്ല. തങ്ങളുടെ അതിര്‍ത്തി കടന്ന് നിര്‍മാണ സാമഗ്രികള്‍ കൊണ്ടുവരാന്‍ ഇസ്രായേല്‍ അനുവദിക്കാറില്ല. ഇതെല്ലാം അറിയാവുന്ന ഗസ്സക്കാര്‍ നിര്‍മാണത്തിനാവശ്യമായ സാമഗ്രികകളെല്ലാം കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നും പുനരുപയോഗിക്കുകയാണ് ചെയ്യുന്നത്.

നിര്‍മാണ സാമഗ്രികളുടെ ക്ഷാമം

തകര്‍ന്നടിഞ്ഞ ഓരോ കെട്ടിടത്തിന്റെയും അവശിഷ്ടങ്ങള്‍ നീക്കം ചെയ്യാന്‍ 10-20 ദിവസം വരെ എടുക്കുന്നുണ്ട്. ഉപരോധം മൂലം മുനമ്പില്‍ നിര്‍മാണ സാമഗ്രികള്‍ക്ക് ഗസ്സയില്‍ കടുത്ത ക്ഷാമമാണ് അനുഭവപ്പെടുന്നത്. ലഭ്യമായ കുറച്ച് ഡ്രില്‍ എക്സ്‌കവേറ്ററുകളും ബുള്‍ഡോസറുകളും ഉയര്‍ന്ന നിരക്കില്‍ വാടകയ്ക്കെടുക്കേണ്ടി വരികയാണ്.

തകര്‍ന്ന കെട്ടിടങ്ങളില്‍ നിന്നും മെറ്റലും ഇരുമ്പ് കമ്പികളും വേര്‍തിരിച്ചെടുക്കാന്‍ മാനുഷിക ശക്തിയും ആവശ്യമാണ്. അതിനാല്‍ തന്നെ കരാറുകാര്‍ക്ക് നഷ്ടം മാത്രമാണുണ്ടാക്കുക. വലിയ തുകയാണ് ഇതിനെല്ലാം ചിലവാകുക. നിര്‍മാണ സാമഗ്രികള്‍ ഉടനൊന്നും മുനമ്പില്‍ ലഭ്യമാവില്ല.

2008,2009,2014 കാലത്ത് തകര്‍ന്ന കെട്ടിടങ്ങളൊന്നും ഇതുവരെ പുനര്‍നിര്‍മിക്കാതെ കിടക്കുന്നതും ഇവിടെ കാണാം. ‘ഇസ്രായേലിന്റെ ബോംബിങ്ങില്‍ മാത്രമല്ല ഞങ്ങള്‍ കഷ്ടപ്പെടുന്നത്, യുദ്ധസമയത്ത് ഞങ്ങളോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച ആളുകള്‍, അനന്തരഫലങ്ങളിലും ഞങ്ങള്‍ അനുഭവിക്കുന്ന ദുരിതങ്ങള്‍ അറിയേണ്ടതുണ്ട്’-കരാറുകാരനായ മൂസ മുഹമ്മദ് പറയുന്നു.

നിര്‍മാണത്തിനുള്ള വിമുഖത

പ്രധാനമായും മൂന്ന് ക്രഷറുകളാണ് ഗസ്സയിലുള്ളത്. തകര്‍ന്ന കോണ്‍ക്രീറ്റ് കെട്ടിടാവശിഷ്ടങ്ങള്‍ ഇവിടെ കൊണ്ടുവന്നാണ് വേര്‍തിരിക്കുന്നത്. കോണ്‍ഗ്രീറ്റ് കട്ടകളില്‍ നിന്നും പ്ലാസ്റ്റിക്, തടി, ഇരുമ്പ് എന്നിവ അടര്‍ത്തിയെടുക്കുന്ന ജോലികളാണ് ആദ്യം. എന്നിട്ട് കോണ്‍ഗ്രീറ്റിനെ മാത്രം വേര്‍തിരിച്ച് മെഷീനിലിട്ട് വെള്ളം ചേര്‍ത്ത് തങ്ങള്‍ക്ക് ആവശ്യമുള്ള അളവില്‍ പൊടിച്ചെടുക്കുന്നു. പ്രധാനമായും രണ്ട് തരത്തിലുള്ള ചരല്‍കല്ലുകളാക്കിയാണ് മാറ്റുക. കട്ടിയുള്ളതും കട്ടി കുറഞ്ഞതും.

പുനരുപയോഗിക്കുന്ന കോണ്‍ഗ്രീറ്റായതിനാല്‍ ഇവയ്ക്ക് ഗുണനിലവാരം കുറവായിരിക്കും. അതിനാല്‍ തന്നെ പ്രധാന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കും കെട്ടിട നിര്‍മാണത്തിനും ഇവ ഉപയോഗിക്കില്ല. മതില്‍ കെട്ടാനും വേലി കെട്ടാനും കൃഷിക്കാവശ്യമായ കെട്ടിടങ്ങള്‍ക്കും തറയില്‍ വിരിക്കാനുള്ള കട്ടകള്‍ക്കുമെല്ലാമാണ് ഇവ ഉപയോഗിക്കുന്നത്.

ഒരു ടണ്‍ ചരല്‍കല്ലിന് 110 ഷെകല്‍ ആണ് ഇസ്രായേല്‍ ഈടാക്കുന്ന വില. പുനര്‍നിര്‍മിച്ച ചരലിന് 50 ഷെകലുമാണ്. ഉപയോഗം കുറവായതിനാല്‍ പുനരുപയോഗിച്ച ചരല്‍കല്ലിന് വിപണി മൂല്യവുമില്ല. ചില ആളുകള്‍ ഇതുപയോഗിച്ച് കെട്ടിടം നിര്‍മ്മിക്കാന്‍ മടിക്കുന്നു.’ഞാന്‍ അവരെ കുറ്റപ്പെടുത്തുകയില്ല, സമ്പദ്വ്യവസ്ഥ വളരെ മോശമാണ്, ആളുകള്‍ നാശത്തിന്റെ വക്കിലാണ്, ഇസ്രായേല്‍ നമുക്ക് നേരെ അടുത്ത ആക്രമണം അഴിച്ചുവിടുന്നത് കാത്തിരിക്കുകയാണ് ഞങ്ങള്‍’ ക്രഷര്‍ ഉടമയായ അമ്മാര്‍ യൂസുഫ് പറയുന്നു.

ഈജിപ്തില്‍ നിന്നും പരിമിതമായ സാധനങ്ങള്‍

ഗസ്സ മുനമ്പിലേക്കുള്ള കരീം അബൂ സലീം (കരീം ഷാലോം) ക്രോസിങ് പോയിന്റ് തുറക്കുന്നതും അടക്കുന്നതും മേഖലയിലെ രാഷ്ട്രീയ കാലാവസ്ഥക്ക് അനുസരിച്ച് മാറി മറിയും. മൃഗങ്ങളുടെ തീറ്റ, ഇന്ധനം, ഭക്ഷ്യവസ്തുക്കള്‍ എന്നിവയുടെ ചരക്കുനീക്കത്തിനായി ആക്രമണത്തിനുശേഷം ഗസ്സ അതിര്‍ത്തി ഭാഗികമായാണ് തുറന്നത്.

വിവിധ ഉപയോഗത്തിനുള്ള പൈപ്പ്, സിമന്റ്, പെയിന്റ്, സ്റ്റീല്‍, ഇരുമ്പ് തുടങ്ങിയ ആയിരത്തോളം വസ്തുക്കള്‍ക്ക് ഇസ്രായേല്‍ നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇവ സിവിലിയന്‍, സൈനിക ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നു എന്ന് പറഞ്ഞാണ് നിരോധനം.

നിര്‍മാണ സാമഗ്രികള്‍ രാജ്യത്തേക്ക് എത്തിക്കാനുള്ള മറ്റൊരു ഏക വഴി ഈജിപ്തുമായുള്ള റഫ അതിര്‍ത്തിയാണ്. ഗസ്സയുടെ പുനര്‍നിര്‍മാണത്തിന് 500 മില്യണ്‍ ഡോളര്‍ നല്‍കുമെന്ന് ഈജിപ്ത് പ്രഖ്യാപിച്ചിട്ടുണ്ട്. ജൂണ്‍ നാലിന് നിരവധി ബുള്‍ഡോസറുകളും ട്രക്കുകളും ക്രെയിനുകളും എഞ്ചിനീയര്‍മാരുടെ സംഘവും റഫ വഴി ഗസ്സയിലെത്തിയിരുന്നു. തകര്‍ന്ന വീടുകളും വലിയ കെട്ടിടങ്ങളും വരെ പുനര്‍നിര്‍മിക്കുമെന്നാണ് എന്‍ജിനീയറിങ് സംഘം അറിയിച്ചത്.

‘നിര്‍മിക്കുന്നതിനാവശ്യമായ സാമഗ്രികകളും ഈജിപ്ത് തരേണ്ടി വരും, അല്ലാതെ ഞങ്ങളെ ഉപരോധിക്കുന്നവര്‍ അത് തരില്ല’- ഗസ്സ പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി നാജി സര്‍ഹാന്‍ പറഞ്ഞു. നാലു ആക്രമണങ്ങളാല്‍ വരുത്തിയ നാശത്തിനപ്പുറത്തേക്ക് വ്യാപിക്കുന്നതാണ് ഗാസ പുനര്‍നിര്‍മ്മിക്കാനുള്ള ശ്രമങ്ങള്‍ എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഏകദേശം മൂന്ന് ബില്യണ്‍ ഡോളറിന്റെ സഹായം ഗസ്സക്കാവശ്യമുണ്ട്. 15 വര്‍ഷത്തെ ഉപരോധം മൂലം ഗസ്സയുടെ സാമ്പത്തിക മേഖല തകര്‍ന്നടിഞ്ഞിരിക്കുകയാണ്. തൊഴിലില്ലായ്മ 50 ശതമാനത്തിനും മുകളിലാണ്. ഇതില്‍ 70 ശതമാനം ബിരുദധാരികളാണ്. വ്യവസായ-കാര്‍ഷിക മേഖലകള്‍ ജീര്‍ണ്ണിച്ചു. അറബ് രാജ്യങ്ങളുടെ പിന്തുണയും സഹായവും പ്രതിജ്ഞാബദ്ധതയും ഉപയോഗിച്ച്, പുനര്‍നിര്‍മ്മാണം നടക്കുമെന്ന പ്രതീക്ഷയില്‍ മുമ്പോട്ടു പോകുകയാണ് ഗസ്സക്കാര്‍.

അവലംബം: അല്‍ജസീറ
വിവ: സഹീര്‍ വാഴക്കാട്

Related Articles