Current Date

Search
Close this search box.
Search
Close this search box.

അമേരിക്കൻ സാമ്രാജ്യത്വ നാളുകൾ എണ്ണപ്പെട്ടു

അവസാനം, അഫ്സാനിസ്ഥാനിലെ ഇരുപത് വർഷക്കാലം നീണ്ടുനിന്ന യുദ്ധത്തിന് ശേഷം, 2400ലധികം യു.എസ് സൈനികർ കൊല്ലപ്പെടുകയും 21000ത്തിലധികം പേർ പരിക്കേൽക്കുകയും ചെയ്തിനു ശേഷം, കീഴടങ്ങൽ പ്രഖ്യാപിക്കാനും, സെപ്റ്റംബർ 11ന്റെ ഇരുപതാം വാർഷികത്തിനു മുമ്പ് 3500ഓളം വരുന്ന അമേരിക്കൻ സൈനികരെ അഫ്ഗാനിൽ നിന്ന് പിൻവലിക്കാനും അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ തീരുമാനിച്ചിരിക്കുകയാണ്. അഫ്ഗാൻ മണ്ണിലെ യുദ്ധ പരാജയത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം കൂടിയാണിതെന്ന് പറയാതെ വയ്യ.

വിയറ്റ്നാമിൽ അമേരിക്കൻ സൈന്യത്തിനേറ്റ കനത്ത പരാജയത്തോളം തന്നെ വരുന്ന ഒന്നാണിത്. അഫ്ഗാൻ ജനതയുടെ സഹനവും ക്ഷമയും, അമേരിക്കൻ അധിനിവേശത്തോടുള്ള അവരുടെ നിരന്തര ചെറുത്തുനിൽപ്പും, അയൽരാജ്യങ്ങളുടെ സാമ്പത്തിക-സായുധ സഹായവും ഇല്ലായിരുന്നെങ്കിൽ അഫ്ഗാൻ മണ്ണിലെ അമേരിക്കൻ സൈനിക പരാജയം ഒരിക്കലും സംഭവിക്കുമായിരുന്നില്ല.

അമേരിക്കൻ യുദ്ധചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ യുദ്ധമാണ് അഫ്ഗാൻ യുദ്ധം. ഏതാണ്ട് 3 ട്രില്ല്യണിലധികം ഡോളറാണ് അമേരിക്കൻ നികുതിദായകർക്ക് അഫ്ഗാൻ യുദ്ധത്തിനു വേണ്ടി ഒടുക്കേണ്ടിവന്നത്. വിയറ്റ്നാമിൽ നിന്നുള്ള അമേരിക്കൻ സൈന്യത്തിന്റെ പിൻവാങ്ങലും, വിജയക്കൊടി പാറിച്ചുകൊണ്ടുള്ള “വിയറ്റ് കോംഗ്” സൈന്യത്തിന്റെ തലസ്ഥാനനഗരി പ്രവേശനവുമാണ് ഇത് നമ്മെ ഓർമിപ്പിക്കുന്നത്. സമാനരംഗങ്ങളുടെ ആവർത്തനം അഫ്ഗാനിൽ സംഭവിക്കാനുള്ള സാധ്യത നമുക്ക് തള്ളിക്കളയാൻ കഴിയില്ല. അതായത് അവസാനത്തെ നാറ്റോ സൈനികന്റെയും അഫ്ഗാൻ മണ്ണിൽ നിന്നുള്ള പിൻമാറ്റവും, തലസ്ഥാനനഗരിയായ കാബൂളിലേക്കുള്ള താലിബാൻ സൈന്യത്തിന്റെ രംഗപ്രവേശവും, ഇസ്ലാമിക് എമിറേറ്റ്സ് ഓഫ് അഫ്ഗാനിസ്ഥാന്റെ പ്രഖ്യാപനവും പ്രസ്തുത സാധ്യതകളിൽ ചിലതാണ്.

ബൈഡന്റെ പ്രസ്താവന ഇപ്രകാരമായിരുന്നു “ഈ യുദ്ധവുമായി ജീവിക്കുന്ന നാലാമത്തെ പ്രസിഡന്റാണ് ഞാൻ. എനിക്ക് ശേഷം വരുന്ന ആൾക്ക് ഇത് ഞാൻ കൈമാറുകയില്ല.” എന്നാൽ മുൻ പ്രസിഡന്റുമാർ തിരിച്ചറിയാത്തത് ഞാൻ തിരിച്ചറിഞ്ഞു എന്ന് അദ്ദേഹം പറഞ്ഞില്ല. അതായത് അഫ്ഗാൻ ജനതയുടെ നിശ്ചയദാർഢ്യത്തിനു മേൽ അധിനിവേശം നടത്തുക എന്നതും, കൂലിപ്പട്ടാളവും, റോക്കറ്റുകളും, യുദ്ധവിമാനങ്ങളും ഉപയോഗിച്ച് പ്രസ്തുത അധിനിവേശം തുടരുക എന്നതും, നിരപരാധികളായ അഫ്ഗാൻ ജനതയുടെ അവകാശങ്ങൾ ഹനിക്കുക എന്നതും അസാധ്യമായ കാര്യമാണെന്ന തിരിച്ചറിവ് ബൈഡൻ തുറന്നുപറഞ്ഞില്ല.

വരുന്ന സെപ്റ്റംബറോടുകൂടി അഫ്ഗാനിൽ നിന്നുള്ള അമേരിക്കൻ സൈന്യത്തിന്റെ പിൻമാറ്റം പൂർണമാകും, ഈ പിൻമാറ്റം സൃഷ്ടിക്കുന്ന ഒഴിവ് നികത്താൻ പോകുന്നത് രക്തരൂക്ഷിതമായ ആഭ്യന്തരയുദ്ധമായിരിക്കുമെന്ന കാര്യം ഉറപ്പാണ്. കഴിഞ്ഞ 20 വർഷക്കാലം നാറ്റോ സൈന്യത്തിന്റെ പരിശീലനം ലഭിച്ച 3ലക്ഷത്തിലധികം വരുന്ന അഫ്ഗാൻ സൈനികരുടെ ബലത്തിൽ നിലവിലെ പ്രസിഡന്റ് അശ്റഫ് ഗനി അധികാരം നിലനിർത്തുന്നതിന് വേണ്ടി പോരാടുമെങ്കിലും പ്രസ്തുത യുദ്ധം അധികകാലം നീണ്ടുനിൽക്കുകയില്ല. 1996ൽ സംഭവിച്ചതു പോലെ, പ്രായോഗികതലത്തിൽ അഫ്ഗാൻ മണ്ണിന്റെ 70 ശതമാനത്തോളം നിയന്ത്രിക്കുന്ന താലിബാൻ സൈന്യം വിജയക്കൊടി പാറിച്ചുകൊണ്ട് തലസ്ഥാനനഗരിയായ കാബൂളിലേക്ക് പ്രവേശിക്കും.

ദോഹയിലെ അനുരജ്ഞന ചർച്ചകളിൽ, മനുഷ്യാവകാശങ്ങൾ സംരക്ഷിക്കുമെന്ന് താലിബാൻ അമേരിക്കക്ക് വാക്കുകൊടുത്തിട്ടുണ്ട്. അതായത് നീണ്ട 20 വർഷത്തെ അമേരിക്കൻ അധിനിവേശകാലയളവിൽ അഫ്ഗാനിൽ സ്ത്രീകൾക്ക് മന്ത്രിമാരും, ജഡ്ജിമാരും, മാധ്യമപ്രവർത്തകരും, വാർത്താവതാരകരും, അധ്യാപികമാരുമൊക്കെയായി മാറാൻ അവസരം ലഭിച്ചു. ഈ അവകാശങ്ങൾ അതുപോലെ തന്നെ നിലനിർത്തുമെന്ന് താലിബാൻ ഉറപ്പുനൽകിയിട്ടുണ്ട്. ഈ ഉറപ്പുകൾ താലിബാൻ പാലിക്കുമെന്ന് നമുക്ക് പ്രത്യാശിക്കാം. ഈ അവകാശങ്ങളെല്ലാം തന്നെ ഇസ്ലാം ഉറപ്പുനൽകുന്നവയും കൂടിയാണ്.

മുസ്ലിം ലോകത്തുമാത്രം പ്രയോഗിച്ചിട്ടുള്ള അമേരിക്കൻ ദാർഷ്ട്യത്തിന് അഫ്ഗാനിസ്ഥാനിൽ “കനത്ത പ്രഹരം” ഏറ്റുവാങ്ങേണ്ടിവന്നു, ഇറാഖ്, സിറിയ, യെമൻ എന്നിവിടങ്ങളിൽ നിന്ന് നിലവിൽ ഏറ്റുകൊണ്ടിരിക്കുന്നുണ്ട്, ഫലസ്തീനിൽ നിന്ന് അടുത്തകാലത്തു തന്നെ ഏറ്റുവാങ്ങേണ്ടിവരും. അമേരിക്കൻ യുഗം അവസാനിക്കാൻ പോവുകയാണ്, നവലോകശക്തികളുടെ ആവിർഭാവത്തോടെ വാഷിംഗ്ടണും ഡോളറും അധികാരസിംഹാസനത്തിൽ നിന്ന് തൂത്തെറിയപ്പെടുക തന്നെ ചെയ്യും.

അഫ്ഗാനിസ്ഥാൻ, യെമൻ, അധിനിവേശകർക്ക് എളുപ്പം പിടിച്ചെടുക്കാൻ സാധിക്കുന്ന രണ്ടു രാജ്യങ്ങൾ, എന്നാൽ അധിനിവേശകർക്ക് ഇവിടങ്ങളിൽ അതിജീവനം അസാധ്യമാണ്, നാണംകെട്ട പരാജയം ഏറ്റുവാങ്ങിക്കൊണ്ടല്ലാതെ ഇവിടെ വിട്ടുപോകാൻ അധിനിവേശകർക്ക് കഴിയില്ല, ദുർഘടമായ മലനിരകളാൽ നിറഞ്ഞ ഭൂമിശാസ്ത്രം മാത്രമല്ല അതിനു കാരണം, മറിച്ച് ആ ജനതയുടെ അചഞ്ചലപ്രകൃതവും, ചെറുത്തുനിൽക്കാനുള്ള നിശ്ചദാർഢ്യവും, ആത്മാഭിമാന ബോധവും അന്തസ്സുമാണ് അതിന്റെ പ്രധാനകാരണം. ബ്രിട്ടീഷ്, ഓട്ടോമൻ സാമ്രാജ്യങ്ങൾക്ക് യമന്റെയും അഫ്ഗാനിസ്ഥാന്റെയും മലനിരകളിലും താഴ്്വാരങ്ങളിലും ഏറ്റുവാങ്ങേണ്ടിവന്ന കനത്തപരാജയങ്ങൾ ചരിത്രഗ്രന്ഥങ്ങളിൽ ഏറെ വായിക്കാനുണ്ട്. നിർഭാഗ്യകരമെന്നു പറയട്ടെ, ചരിത്രം വായിക്കാത്തവരും അവയിൽ നിന്ന് ഗുണപാഠമുൾക്കൊള്ളാത്തവരുമാണ് ഭൂരിഭാഗവും.

അഫ്ഗാനിസ്ഥാൻ സന്ദർശിക്കുകയും, അഫ്ഗാൻ മക്കളുമായും പോരാളികളുമായും നേതാക്കളുമായും സാധാരണക്കാരുമായും സംസാരിക്കുകയും, സമതലങ്ങളിലും മലനിരകളിലും സഞ്ചരിക്കുകയും ചെയ്ത ഒരാളാണ് ഈയുള്ളവൻ. ടെലിവിഷൻ സ്ക്രീനിൽ സ്ത്രീകൾ വിവസ്ത്രരാവുന്നതിലും പുരുഷൻമാർ താടി വടിക്കുന്നതിലും പുരോഗമനത്തെ പരിമിതപ്പെടുത്തുകയാണ് അമേരിക്കൻ പ്രോപഗണ്ട ചെയ്തത്. രാജ്യത്ത് പുതിയ പ്രഭാതം പൊട്ടിവിരിയുന്നു എന്ന രൂപത്തിലായിരുന്നു അവയുടെ അവതരണം. അഫ്ഗാനിൽ യുദ്ധത്തിനു വേണ്ടി ചെലവഴിച്ച ആ രണ്ട് ട്രില്ല്യൺ ഡോളർ അവിടെ ആശുപത്രികൾ, വിദ്യാലയങ്ങൾ, സർവകലാശാലകൾ എന്നിവ പണിയാനും, വികസന പദ്ധതികൾ നടപ്പാക്കാനും, ലഹരി മരുന്ന് ഇല്ലാതാക്കാനും അമേരിക്കക്ക് ഉപയോഗിച്ചുകൂടായിരുന്നോ എന്ന് ഞങ്ങൾ വിനീതമായി ചോദിക്കുന്നു. അമേരിക്കൻ അധിനിവേശത്തിനു ശേഷം അഫ്ഗാനിസ്ഥാനിലെ ലഹരിമരുന്നുൽപ്പാദനം ഇരട്ടിയിലധികം വർധിച്ചുവെന്നാണ് ഐക്യരാഷ്ട്രസഭയുടെ ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നത്.

ഇസ്ലാമിനെയും മുസ്ലിംകളെയും ആയുധമണിയിച്ചാണ് അമേരിക്ക അഫ്ഗാനിസ്ഥാനിൽ റഷ്യക്കെതിരെ വിജയം വരിച്ചത്. വിയറ്റ്നാമിലേറ്റ പരാജയത്തിനുള്ള തിരിച്ചടിയായിരുന്നു അത്, സോവിയറ്റ് സാമ്രാജ്യത്തിന്റെ ശവപ്പെട്ടിയിൽ അടിച്ചുകയറ്റിയ വലിയൊരാണിയും കൂടിയായിരുന്നു അത്. നിലവിൽ അതേ സാഹചര്യം ചൈനയിൽ ആവർത്തിക്കാനാണ് അമേരിക്ക ശ്രമിക്കുന്നത്, പക്ഷേ അത് നടക്കാൻ പോകുന്നില്ല, ലോകം മാറിയതു കൊണ്ടുമാത്രമല്ല, ശത്രുവും മാറിയിരിക്കുന്നു, അമേരിക്കയുടെ പഴയ ആയുധങ്ങൾ തുരുമ്പെടുത്ത് നശിച്ചിരിക്കുന്നു, അവരുടെ എണ്ണ വരുമാന സോത്രസ്സുകൾ വറ്റിയിരിക്കുന്നു.

അമേരിക്കക്കും അവരുടെ കൂട്ടാളികൾക്കും മുന്നിൽ താണുവണങ്ങി നിൽക്കുന്നതിന് നൽകുന്നതിനേക്കാൾ കുറവാണ് ചെറുത്തുനിൽപ്പിന് നൽകേണ്ടി വരുന്ന വിലയെന്ന പാഠം അറബികളിൽ “ചിലർ” പഠിക്കുമെന്ന് തന്നെയാണ് നാം പ്രത്യാശിക്കുന്നത്.

അമേരിക്കയുടെ പരാജയനാളുകൾ ആരംഭിച്ചുകഴിഞ്ഞു. വ്ലാദ്മിർ പുടിനോട് ബൈഡൻ അഭ്യർഥിക്കുന്നു, കരിങ്കടലിൽ നിന്ന് തങ്ങളുടെ യുദ്ധക്കപ്പലുകൾ അമേരിക്ക പിൻവലിക്കുന്നു, വിയന്ന ഉടമ്പടിയുടെ സമയത്ത് സ്വപ്നം പോലും കാണാൻ കഴിയാതിരുന്ന ഇളവുകൾ അമേരിക്ക ഇറാന് വാഗ്ദാനം ചെയ്യുന്നു, അമേരിക്കൻ കപ്പലുകൾക്കും സഖ്യകക്ഷികൾക്കും മേൽ റോക്കറ്റുകൾ വന്ന് പതിക്കുന്നു. ഇതിലും വലുത് വരുംദിനങ്ങളിൽ വരാനിരിക്കുന്നതേയുള്ളു.

മൊഴിമാറ്റം: അബൂ ഈസ

Related Articles