Current Date

Search
Close this search box.
Search
Close this search box.

അഫ്ഗാനെ വിട്ടൊഴിയാതെ പ്രകൃതി ദുരന്തങ്ങളും; കൈകാര്യം ചെയ്യാനാകാതെ താലിബാനും

താലിബാന്‍ ഭരണം പിടിച്ചെടുത്ത അഫ്ഗാനെ വിട്ടൊഴിയാതെ ദുരിതങ്ങളും പ്രതിസന്ധികളും. സാമ്പത്തികമായി ഏറെ കഷ്ടതയും പ്രയാസവുമനുഭവിക്കുന്ന അഫ്ഗാനില്‍ തുടര്‍ച്ചയായി പ്രകൃതിക്ഷോഭങ്ങളും പ്രകൃതി ദുരന്തങ്ങളുമാണുണ്ടായിട്ടുള്ളത്.

കഴിഞ്ഞ ദിവസങ്ങളില്‍ മധ്യ അഫ്ഗാനിസ്ഥാനില്‍ ഉണ്ടായ പേമാരിയിലും വെള്ളപ്പൊക്കത്തിലും 20 പേര്‍ മരിച്ചതായി ദുരന്തനിവാരണ വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചിട്ടുണ്ട്. കനത്ത മഴയില്‍ ആയിരക്കണക്കിന് വീടുകള്‍ തകരുകയും കൃഷി ഭൂമി നശിക്കുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ ജൂണ്‍ മാസത്തില്‍ ഉണ്ടായ ശക്തമായ വരള്‍ച്ചയും ഭൂകമ്പവും ആയിരത്തിലധികം ആളുകളുടെ മരണത്തിനിടയാക്കിയിരുന്നു.

കഴിഞ്ഞയാഴ്ച ലോഗര്‍ പ്രവിശ്യയിലുണ്ടായ വെള്ളപ്പൊക്കത്തില്‍ ഇരുപത് പേര്‍ മരിച്ചതായും 35 പേര്‍ക്ക് പരിക്കേറ്റതായുമാണ് അഫ്ഗാനിസ്ഥാന്റെ ദുരന്ത നിവാരണ അതോറിറ്റി പറയുന്നത്. അനൗദ്യോഗിക റിപ്പോര്‍ട്ടുകള്‍ പ്രകാരം മരണസംഖ്യ ഇതിനെക്കാള്‍ കൂടുതലാണ്.

കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ രാജ്യത്ത് ഭരണം ഏറ്റെടുത്ത താലിബാന്‍ സര്‍ക്കാര്‍, പ്രകൃതി ദുരന്തങ്ങളെ നേരിടാന്‍ പാടുപെടുകയും ലോകരാഷ്ട്രങ്ങളോട് സഹായം അഭ്യര്‍ത്ഥിക്കുകയും ചെയ്യുന്ന കാഴ്ചയാണ് കാണാന്‍ സാധിക്കുന്നത്.

‘ഇരകളെ അടിയന്തിരമായി സഹായിക്കാന്‍ ഞങ്ങള്‍ അന്താരാഷ്ട്ര സമൂഹത്തോട്, പ്രത്യേകിച്ച് ഇസ്ലാമിക രാജ്യങ്ങളോടും മാനുഷിക സംഘടനകളോടും ആവശ്യപ്പെടുന്നു’ എന്നാണ് താലിബാന്‍ സര്‍ക്കാര്‍ വക്താവ് സബിഹുള്ള മുജാഹിദ് സാമൂഹ്യ മാധ്യമങ്ങളിലൂടെ പുറത്തുവിട്ട വീഡിയോവില്‍ പറഞ്ഞത്.

ആഗോള മാനുഷിക സഹായ ഏജന്‍സികള്‍ മാസങ്ങളായി അഫ്ഗാന് സഹായം നല്‍കി വരുന്നുണ്ട്, എന്നാല്‍ ആയിരക്കണക്കിന് പേര്‍ ഇപ്പോഴും ഭവനരഹിതരും പാര്‍പ്പിടമോ ശുദ്ധമായ കുടിവെള്ളമോ ലഭ്യമല്ലാത്ത വിധം ബുദ്ധിമുട്ടുകയാണെന്നും മാനുഷിക ദുരന്തം ഒഴിവാക്കാന്‍ അവര്‍ക്ക് കൂടുതല്‍ സഹായവും ധനസഹായവും ആവശ്യമാണെന്നും അന്താരാഷ്ട്ര ഏജന്‍സികള്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

അന്താരാഷ്ട്ര മാധ്യമങ്ങള്‍ പുറത്തുവിട്ട അഫ്ഗാന്‍ പ്രളയത്തിന്റെ ചിത്രങ്ങള്‍ കാണാം.

കടപ്പാട്: അല്‍ജസീറ

Related Articles