Current Date

Search
Close this search box.
Search
Close this search box.

വിസ്മയമാണോ താലിബാന്റെ ഒരു വയസ്സ്!

താലിബാന്‍ ഭരണത്തിന് ഒരു വര്‍ഷം പൂര്‍ത്തിയാവുകയാണ്. ഇരുപത് വര്‍ഷങ്ങള്‍ക്ക് ശേഷം യു.എസ് നേതൃത്വത്തിലുള്ള സൈന്യം അഫ്ഗാനിസ്ഥാനില്‍ നിന്ന് പിന്‍വാങ്ങിയതിനെ തുടര്‍ന്നാണ് താലിബാന്‍ അധികാരത്തിലേറുന്നത്. തെക്കന്‍ പ്രവിശ്യയായ കാണ്ഡഹാറില്‍ നിന്ന് ആരംഭിച്ച മിന്നലാക്രമണങ്ങളിലൂടെ, കഴിഞ്ഞ ആഗസ്റ്റ് 15ന് സായുധ സംഘം വിസ്മയകരമായി അധികാരത്തില്‍ തിരിച്ചെത്തി. പുതിയ താലിബാന്‍ ഭരണകാലത്തുണ്ടായ സുപ്രധാന സംഭവങ്ങളാണ് താഴെ കുറിക്കുന്നത്.

ഒന്ന്: തലസ്ഥാനമായ കാബൂള്‍ താലിബാന്‍ പിടിച്ചെടുത്തു

യു.എസും സഖ്യകക്ഷികളും അഫ്ഗാനിസ്ഥാനില്‍ നിന്ന് പിന്‍വാങ്ങിയതോടെ താലിബാന്‍ അധികാരം പിടിച്ചെടുത്തു. 1996 മുതല്‍ 2001 വരെ അഫ്ഗാനില്‍ ഭരണം നടത്തിയിരുന്ന താലിബാന്‍ വീണ്ടും അധികാരത്തിലെത്തി. 2021 ആഗസ്റ്റില്‍ തുടങ്ങിയ താലിബാന്റെ പിടിച്ചെടുക്കല്‍ നടപടി 2021 ആഗസ്റ്റ് 15ന് പൂര്‍ണമായി. താലിബാന്‍ വിജയം നേടിയതിനെ തുടര്‍ന്ന് പ്രസിഡന്റ് അഷ്റഫ് ഗനി അബൂദബിയിലേക്ക് ഒളിച്ചോടി. പരിഭ്രമിച്ച ആയിരക്കണക്കിന് അഫ്ഗാനികളും വിദേശികളും വിമാനത്താവളത്തിലേക്ക് ഒഴുകുകയും രാജ്യംവിടാന്‍ അവസാന വിമാനങ്ങളില്‍ കയാറാന്‍ തിടുക്കം കാണിക്കുകയും ചെയ്തു. യു.എസ് ബാങ്കുകളിലെ 7 ബില്യണ്‍ ഡോളര്‍ അഫ്ഗാന്‍ കരുതല്‍ ധനം യു.എസ് മരവിപ്പിച്ചു. സാമ്പത്തികമായ സഹായം നല്‍കിയിരുന്ന രാഷ്ട്രങ്ങള്‍ സഹായം നിയന്ത്രിക്കുകയോ നിര്‍ത്തിവെക്കുകയോ ചെയ്തു.

രണ്ട്: യു.എസിന്റെ പൂര്‍ണമായ സൈനിക പിന്മാറ്റം

അഫ്ഗാനില്‍ നിന്ന് പുറത്തുകടയ്ക്കാന്‍ വിമാനത്താവളത്തിലേക്ക് ഓടിയെത്തിയവരില്‍ പലരും തിക്കിലും തിരക്കിലും പെട്ട് മരിച്ചു. യു.എസും സഖ്യകക്ഷികളും തങ്ങളുടെ പൗരന്മാരെയും യു.എസ് പിന്തുണയുണ്ടായിരുന്ന സര്‍ക്കാറിനെ സഹായിച്ചവരെയും തിടുക്കത്തില്‍ ഒഴിപ്പിക്കാന്‍ ശ്രമിച്ചു. ആഗ്‌സറ്റ് 26ലെ ചാവേറാക്രമണത്തില്‍ 13 സൈനികരുള്‍പ്പെടെ 100ലധികം ആളുകള്‍ കൊല്ലപ്പെട്ടു. ആക്രമണത്തിന്റെ ഉത്തരവാദിത്തം താലിബാന്‍ എതിരാളികളായ അഫ്ഗാന്‍-പാക്കിസ്ഥാന്‍ ഐ.എസ്.ഐ.എസ് വിഭാഗം ഏറ്റെടുത്തു. നാല് ദിവസത്തിന് ശേഷം, ആഗസ്റ്റ് 30ന് അമേരിക്കന്‍ സൈന്യത്തിന്റെയും സഖ്യകക്ഷികളുടെയും പിന്മാറ്റം താലിബാന്‍ ആഘോഷിച്ചു.

മൂന്ന്: മതപരമായ മുന്നേറ്റം

അടിച്ചമര്‍ത്തുന്ന രീതി അവസാനിപ്പിച്ചതായി താലിബാന്‍ തുടക്കത്തില്‍ പ്രഖ്യാപിച്ചു. സെപ്റ്റംബറില്‍ പുതിയ ഇടക്കാല സര്‍ക്കാര്‍ രൂപീകൃതമായി. എല്ലാ പ്രധാന വകുപ്പുകളിലും കടുത്ത നിലപാടുള്ളവരെ നിയമിക്കുകയും സ്ത്രീകളെ തഴയുകയും ചെയ്തതായി വിമര്‍ശനം ഉയര്‍ന്നു. ധാര്‍മിക മന്ത്രാലയത്തിനെതിരെ (Ministry for the Promotion of Virtue and the Prevention of Vice) ആളുകള്‍ പ്രതിഷേധവുമായി രംഗത്തെത്തി. കാബൂളിലും ഹെറാതിലും നടന്ന പ്രതിഷേധത്തില്‍ രണ്ട് പേര്‍ വെടിയേറ്റ് മരിച്ചു.

നാല്: ഐ.എസ്.ഐ.എസ് പള്ളികള്‍ ആക്രമിച്ചു

ഒക്ടോബറില്‍, ജുമുഅ നമസ്‌കാരത്തിനിടെ കാണ്ഡഹാറില്‍ ശീഈ പള്ളിയില്‍ സ്‌ഫോടനമുണ്ടായി. യു.എസ് സൈന്യം പിന്‍വാങ്ങിയതിന് ശേഷമുള്ള മാരകമായ ആക്രമണത്തില്‍ 60 പേര്‍ കൊല്ലപ്പെട്ടു. ആക്രമണത്തിന്റെ ഉത്തരവാദിത്തം അഫ്ഗാനിസ്ഥാനിലെ ഐ.എസ്.ഐ.എസ് ഏറ്റെടുത്തു. വടക്കന്‍ നഗരമായ കുന്ദൂസില്‍ മറ്റൊരു ശീഈ പള്ളിയിലുണ്ടായ ചാവേറാക്രമണത്തിന് ശേഷമാണിത്. ഈ ആക്രമണത്തില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടിരുന്നു.

അഞ്ച്: താലിബാനുമായി നോര്‍വേ ചര്‍ച്ച നടത്തി

സഹായം തടയപ്പെട്ട അഫ്ഗാനിസ്ഥാന്‍ വലിയ സാമ്പത്തിക, മാനുഷിക പ്രതിസന്ധയിലേക്ക് കൂപ്പുകുത്തി. അഫ്ഗാനിസ്ഥാനിലെ സിവില്‍ സൊസൈറ്റി അംഗങ്ങളുമായും രാജ്യത്തെ നയതന്ത്രജ്ഞരുമായും ചര്‍ച്ചക്ക് താലിബാനെ നോര്‍വേ ക്ഷണിച്ചു. എല്ലാ താലിബാന്‍ പ്രതിനിധികളും കൂടിക്കാഴ്ചക്കെത്തി. യു.എസ്, യൂറോപ് ഉദ്യോഗസ്ഥര്‍ അഫ്ഗാന് നേരിട്ട് സഹായമെത്തിക്കുന്നതിന്റെ സാധ്യതയെ കുറിച്ച് ചര്‍ച്ച നടത്തി.

ആറ്: പെണ്‍കുട്ടികള്‍ക്ക് വിദ്യാലയങ്ങള്‍ വിലക്കി

മാര്‍ച്ചില്‍, താലിബാന്‍ അധികൃതര്‍ പെണ്‍കുട്ടികളെ വിദ്യാലയങ്ങളില്‍ നിന്ന് വിലക്കി. വിദ്യാലയങ്ങള്‍ തുറന്ന് മണിക്കൂറുകള്‍ക്ക് ശേഷം സെക്കണ്ടറി വിദ്യാലയങ്ങള്‍ അടച്ചുപൂട്ടുകയായിരുന്നു.

ഏഴ്: മുഖം മറയ്ക്കാന്‍ ഉത്തരവിട്ടു

മെയ് മാസത്തില്‍, സ്ത്രീകളോടും പെണ്‍കുട്ടികളോടും പൊതുസ്ഥലങ്ങളില്‍ ഹിജാബ് ധരിക്കാനും മുഖം മറയ്ക്കാനും താലിബാന്‍ ഉത്തരവിട്ടു. വനിതാ ടി.വി അവതാരകരെ തല്‍സ്ഥാനത്ത് നിന്ന് മാറ്റിയതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇത് അന്താരാഷ്ട്ര പ്രതിഷേധത്തിന് കാരണമാവുകയും ചെയ്തിരുന്നു.

എട്ട്: ശക്തമായ ഭൂകമ്പം

ജൂണ്‍ 22ന് അഫ്ഗാനിസ്ഥാന്റെ പാക്കിസ്ഥാന്‍ അതിര്‍ത്തി മേഖലയിലുണ്ടായ ഭൂകമ്പത്തില്‍ 100ത്തിലധികം പേര്‍ കൊല്ലപ്പെടുകയും, ആയിരക്കണക്കിന് പേര്‍ക്ക് വീട് നഷ്ടമാവുകയും ചെയ്തു. അന്താരാഷ്ട്ര സഹായ ഏജന്‍സികള്‍ രക്ഷാപ്രവര്‍ത്തനത്തിനെത്തുകയും, ഭക്ഷണവും, താമസവും, ചികിത്സയും ഒരുക്കുകയും ചെയ്തു.

ഒമ്പത്: അല്‍ഖാഇദയുടെ തലവന്‍ യു.എസ് ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു

2022 ആഗസ്റ്റ് രണ്ടിന്, യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍ അല്‍ഖാഇദ മേധാവി അയ്മന്‍ അല്‍സവാഹിരിയെ വധിച്ചതായി അറിയിച്ചു. 2001ല്‍ സെപ്റ്റംബര്‍ 11ന് യു.എസില്‍ നടന്ന ആക്രമണത്തിന്റെ സൂത്രധാരനെന്ന് സംശയിക്കുന്ന അല്‍ഖാഇദയുടെ നേതാവായിരുന്ന അല്‍ സവാഹിരി. യു.എസ് വ്യോമാക്രമണത്തെ അപലപിച്ചെങ്കിലും, അല്‍ സവാഹിരിയുടെ മരണം താലിബാന്‍ സ്ഥിരീകരിച്ചിട്ടില്ല. യു.എസിന്റെ അവകാശവാദം അന്വേഷിക്കുകയാണെന്ന് താലിബാന്‍ അറിയിച്ചു.

അവലംബം: അല്‍ജസീറ

????വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍????: https://chat.whatsapp.com/ElWKbMwC52LBPoEJ9Tbrkp

Related Articles