Current Date

Search
Close this search box.
Search
Close this search box.

വാഹനമോടിക്കാന്‍ അനുവാദമില്ലാത്തവള്‍ ശൂറയിലെത്തുമ്പോള്‍ !

സൗദി ഭരണാധികാരി അബ്ദുല്ലാഹ് ബിന്‍ അബ്ദില്‍ അസീസിന്റെ മുന്നില്‍ ശൂറാ കൗണ്‍സില്‍ അംഗങ്ങളായി മുപ്പതോളം വനിതകള്‍ രണ്ട് ദിവസം മുമ്പ് സത്യപ്രതിജ്ഞ ചൊല്ലിയിരിക്കുന്നു. കിങ്ഡം ഓഫ് സൗദി അറേബ്യയുടെ ചരിത്രത്തില്‍ ആദ്യമായാണ് സ്ത്രീകള്‍ ശൂറയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്.
ഈ യാഥാസ്ഥിക രാഷ്ട്രത്തെ സംബന്ധിച്ചിടത്തോളം എല്ലാ നിലക്കും ധീരമായ ഒരു ചുവട്‌വെയ്പാണ് ഇതെന്ന് പറയാതിരിക്കാന്‍ വയ്യ. അതോടൊപ്പം സാമൂഹിക-രാഷ്ട്രീയ പങ്കാളിത്തത്തില്‍ സ്ത്രീകള്‍ ബഹുദൂരം മുന്നേറിയ മറ്റ് അറബ്-ഇസ്‌ലാമിക രാഷ്ട്രങ്ങളെ അപേക്ഷിച്ച് വളരെ വൈകിയുള്ള തീരുമാനവുമാണിത്. ചില രാഷ്ട്രങ്ങളില്‍ മന്ത്രിതലങ്ങളിലും എക്‌സിക്യൂട്ടിവ് പദവികളിലും അവര്‍ സ്ഥാനം നേടിയിട്ടുണ്ട്. പാക്കിസ്ഥാന്‍ പോലുള്ള ചില രാഷ്ട്രങ്ങളുടെ നായകസ്ഥാനം വരെ അവര്‍ ഏറ്റെടുത്തിട്ടുണ്ട്.
ഒരു സംഘം ഭരണാധികാരികള്‍ക്കും നേതാക്കള്‍ക്കുമിടയില്‍ സത്യപ്രതിജ്ഞ വായിക്കുന്ന ആ വനിതാശൂറാ കൗണ്‍സില്‍ അംഗങ്ങളെ ടെലിവിഷന്‍ സ്‌ക്രീനില്‍ കാണുന്ന ഒരു സാധാരണ മനുഷ്യന്റെ മനസ്സിലേക്ക് കടന്ന് വരുന്ന രണ്ട് കാര്യങ്ങളുണ്ട്.
1. മൊത്തം ശൂറാകൗണ്‍സില്‍ അംഗങ്ങളുടെ അഞ്ചിലൊന്നോളം വരുന്ന ഈ വനിതാ പ്രതിനിധികള്‍ തെരഞ്ഞെടുക്കപ്പെട്ടവരല്ല മറിച്ച് നിയമിക്കപ്പെട്ടവരാണ്. സാമൂഹിക-രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ പരിചയമോ, അടിസ്ഥാന വിവരമോ ഇല്ലാത്ത ഇവരെ തെരഞ്ഞെടുത്തതില്‍ പലരും സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റുകളിലും മറ്റും ധാരാളം പേര്‍ ശക്തമായ വിമര്‍ശനവും നിരൂപണവും നടത്തിയിരിക്കുന്നു.
2. സൗദി ശൂറാ കൗണ്‍സിലിന് നിയമനിര്‍മാണപരമായ ഒരു അധികാരവും ഇല്ല. എക്‌സിക്യൂട്ടീവ് പവറിനെ ചോദ്യം ചെയ്യാനോ, മന്ത്രിമാരോട് വിശദീകരണം തേടാനോ അവര്‍ക്ക് അവകാശമില്ല. നിലനില്‍ക്കുന്ന ലോകത്തിന്റെ മുന്നേറ്റത്തോടും, ഒട്ടുമിക്ക രാഷ്ട്രങ്ങളും താല്‍പര്യപ്പെടുന്ന രാഷ്ട്രീയ പരിഷ്‌കരണങ്ങളോടും യോജിക്കുന്ന നയമല്ല ഇത്.

സൗദിക്കകത്തും പുറത്തുമുള്ള ഒട്ടേറെ പേരുടെ മനസ്സിലേക്ക് ശക്തമായി കടന്ന് വരുന്ന ഒരു ചോദ്യമുണ്ട്. സ്ത്രീക്ക് വാഹനമോടിക്കാന്‍ അനുവാദമില്ലാത്ത ഒരു രാഷ്ട്രമെങ്ങനെയാണ് അവര്‍ക്ക് ശൂറയില്‍ പ്രവേശനം നല്‍കുക എന്നതാണ് അത്. മറ്റൊരു രൂപത്തില്‍ പറഞ്ഞാല്‍ വാഹനമോടിക്കാന്‍ പോലും സ്വാതന്ത്ര്യമില്ലാത്ത് അവര്‍ എങ്ങനെയാണ് വലിയ രാഷ്ട്രീയകാര്യങ്ങള്‍ ചര്‍ച്ച ചെയ്യുകയും, രാഷ്ട്രത്തെ ഭരിക്കാനുള്ള ആത്മവിശ്വാസം നേടിയെടുക്കുകയും ചെയ്യുക?
സൗദിയിലെ മതകാര്യവകുപ്പാണ് സ്ത്രീയുടെ ഡ്രൈവിംഗിനെ തടയുന്നതെന്ന് നമുക്ക് നന്നായറിയാം. ഇവ്വിഷയകമായി നൂറ് കണക്കിന് ലേഖനങ്ങള്‍ സൗദി പത്രങ്ങളിലും സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റുകളിലും പ്രസിദ്ധീകരിക്കപ്പെട്ടതുമാണ്. ഈ നിരോധനത്തെ വെല്ലുവിളിച്ച് റിയാദില്‍ വാഹനമോടിച്ച സ്ത്രീകളെ അറസ്റ്റ് ചെയ്ത വാര്‍ത്ത ഈ പത്രത്തില്‍ തന്നെ റിപ്പോര്‍ട്ട് ചെയ്തതാണ്. പക്ഷെ അതോടൊപ്പം തന്നെ തങ്ങളാഗ്രഹിക്കുന്നുവെങ്കില്‍ മതകാര്യവകുപ്പിന്റെ ഈ തീരുമാനത്തെ റദ്ദാക്കുവാന്‍ സൗദി ഭരണകൂടത്തിന് സാധിക്കുന്നതാണ്.
ഉദാഹരണമായി ശിയാ മദ്ഹബിനെ ഒരു നിലക്കും അംഗീകരിക്കില്ല എന്നതായിരുന്നു സൗദി മതകാര്യവകുപ്പിന്റെ നിലപാട്. എന്നാല്‍ രാഷ്ട്രത്തിലെ വിവിധ മദ്ഹബുകളെയും, രാഷ്ട്രത്തിന് പുറത്തെ വ്യത്യസ്ത മതങ്ങളെയും ചേര്‍ത്ത് സംവാദം നടത്താന്‍ നിലവിലുള്ള ഭരണകൂടത്തിന് സാധിച്ചു. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ഒന്നിച്ച് പഠിക്കാന്‍ സൗകര്യമുള്ള സര്‍വകലാശാല അവര്‍ സ്ഥാപിച്ചു. യൂറോപ്പ്, അമേരിക്ക തുടങ്ങി ലോകത്തിന്റെ നാനാഭാഗത്തുമുള്ള സര്‍വകലാശാലകളിലേക്ക് വിദ്യാഭ്യാസത്തിനായി തങ്ങളുടെ നാട്ടിലെ പതിനായിരിക്കണക്കിന് സ്ത്രീകളെയും പുരുഷന്മാരെയും അയക്കാന്‍ അവര്‍ തയ്യാറായി. അവിടെ അവര്‍ വാഹനമോടിക്കുകയും, അതിനുള്ള ലൈസന്‍സ് നേടിയെടുക്കുകയും ചെയ്തു.
ഇരുപത് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇറാഖിന്റെ ആക്രമണത്തില്‍ നിന്ന് കുവൈറ്റിനെ സ്വതന്ത്രമാക്കാനെന്ന പേരില്‍ അഞ്ച് ലക്ഷത്തോളം വരുന്ന യൂറോ-അമേരിക്കന്‍ സൈന്യത്തെ ഹറമിന്റെ നാട്ടിലേക്ക് കൊണ്ട് വരാനുള്ള ശ്രമത്തിന് തടയിട്ടത് ഈ മതകാര്യവകുപ്പായിരുന്നു. അതുപോലുള്ള തീരുമാനങ്ങളെ അപഗ്രഥിച്ച് ഫത്‌വകള്‍ അവര്‍ പുറപ്പെടുവിക്കുകയുണ്ടായി.
ചുരുക്കത്തില്‍ പുതിയ ചുവടുവെയ്പുകള്‍ നടത്താന്‍ ഉദ്ദേശിക്കുന്ന പക്ഷം പുരോഗനാത്മകമായ മതാഭിപ്രായങ്ങള്‍ കണ്ടെത്താന്‍ സൗദി ഭരണകൂടത്തിന് കഴിയുന്നതാണ്. പാരമ്പര്യമായി പുലര്‍ത്തിപ്പോരുന്ന പല വിശ്വാസങ്ങളെയും അഭിപ്രായങ്ങളെയും തിരുത്താനും അത് വഴിവെച്ചേക്കും.
സത്യപ്രതിജ്ഞാ ചടങ്ങില്‍ സൗദി ഭരണാധികാരി നടത്തിയ പ്രഭാഷണത്തില്‍ സൂചിപ്പിച്ചത് ഇപ്രകാരമായിരുന്നു. ‘നാം ലക്ഷ്യമാക്കുന്ന മുന്നേറ്റം മറ്റ് സ്വാധീനങ്ങളില്‍ നിന്നും മുക്തമായതായിരിക്കും. കൃത്യമായ അവബോധം നല്‍കി, ധൃതി കാണിക്കാതെ ശൂറാകൗണ്‍സിലിന്റെ കാര്യങ്ങള്‍ സജീവമാക്കാനുള്ള ശ്രമമാണിത്.’
സമൂഹം ആഗ്രഹിക്കുന്ന തെരഞ്ഞെടുക്കപ്പെട്ട പാര്‍ലിമെന്റും, ഭരണഘടനയും അത്ര പെട്ടന്നൊന്നും പ്രതീക്ഷിക്കേണ്ടതില്ല എന്നത് തന്നെയാണ് ഇതിന്റെ പ്രഥമമായ വ്യാഖ്യാനം. കൂടുതല്‍ അപകടകരമായ ഒരു കാര്യമാണ് ഈ നയം. ഈ സാമൂഹിക പരിഷ്‌കരണം സ്ത്രീയുടെ ഡ്രൈവിംഗ് ലൈസന്‍സിനേക്കാള്‍ സുപ്രധാനമാണ്. കാരണം അത് സാക്ഷാല്‍ക്കരിക്കപ്പെട്ടാല്‍ മറ്റുള്ളവയെല്ലാം പൂര്‍ത്തീകരിക്കപ്പെടും. ശൂറാകൗണ്‍സില്‍ പ്രവേശനം സിദ്ധിച്ച എല്ലാ വനിതാ അംഗങ്ങള്‍ക്കും നാം അഭിവാദ്യമര്‍പ്പിക്കുന്നു. അടുത്ത ഊഴത്തില്‍ പോളിംഗ് ബൂത്തിലൂടെ അവരത് നേടിയെടുക്കുമെന്ന് നാം പ്രതീക്ഷിക്കുകയും ചെയ്യുന്നു.
വിവ: അബ്ദുല്‍ വാസിഅ് ധര്‍മഗിരി

Related Articles