Current Date

Search
Close this search box.
Search
Close this search box.

രാഷ്ട്രീയ സംഘട്ടനത്തില്‍ ശൈഖ് ഖറദാവി ബലിയാടാക്കപ്പെടുന്നു

ഞാന്‍ വ്യക്തിപരമായി വളരെയധികം സ്‌നേഹിക്കുന്ന വ്യക്തിയാണ് ഡോ. യൂസുഫുല്‍ ഖറദാവി. അദ്ദേഹത്തിന്റെ പല നിലപാടുകളിലും ഞാന്‍ വളരെയധികം സന്തോഷിക്കുകയും ചെയ്തിട്ടുണ്ട്. മസ്ജിദ് ഉമര്‍ ബിന്‍ ഖത്താബില്‍ നടത്തിയിരുന്ന ജുമുഅ ഖുതുബയില്‍ നിന്ന് അദ്ദേഹം അപ്രത്യക്ഷനായില്ലായിരുന്നെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിച്ചു പോവുകയാണ്. ഖുതുബയില്‍ നിന്ന് വിട്ടുനില്‍ക്കുന്നതിന് പറയപ്പെടുന്ന കാരണങ്ങള്‍ പലരെയും തൃപ്തിപ്പെടുത്തുന്നില്ല. മറ്റുള്ളവരില്‍ നിന്ന് ഖറദാവിയെ വ്യതിരിക്തനാക്കുകയും ഉയര്‍ന്ന സ്ഥാനത്തിനര്‍ഹനാക്കുകയും ചെയ്ത അദ്ദേഹത്തിന്റെ സ്വതന്ത്ര നിലപാടുകള്‍ക്ക് മേലാണ് അത് സംശയത്തിന്റെ നിഴല്‍ വീഴ്ത്തിയിരിക്കുന്നത്.

ആരോഗ്യ പ്രശ്‌നങ്ങള്‍ കാരണമാണ് വിട്ടുനില്‍ക്കുന്നതെന്നും മടങ്ങി വരുമെന്നുമാണ് അദ്ദേഹത്തിന്റെ ഓഫീസില്‍ നിന്നുള്ള പ്രസ്താവന വ്യക്തമാക്കിയത്. തന്നെ സ്‌നേഹിക്കുന്നവരിലേക്കും മസ്ജിദിലേക്കും മടങ്ങി വരികയും ഇസ്‌ലാമിക ലോകത്തെ പ്രശ്‌നങ്ങളെ കുറിച്ച് സംസാരിക്കുമെന്നും അദ്ദേഹം തന്നെ കഴിഞ്ഞ ദിവസം പറയുകയും ചെയ്തു. എന്നാല്‍ ഇതെല്ലാം ആശങ്കകള്‍ക്കും നിരവധി വ്യാഖ്യാനങ്ങള്‍ക്കും വഴിതുറന്നിരിക്കുന്നു. മൂന്ന് ഗള്‍ഫ് നാടുകളുടെ സമ്മര്‍ദത്തിന് വഴങ്ങി അദ്ദേഹത്തിന് ഖത്തര്‍ വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണെന്നതാണ് പ്രധാന വ്യാഖ്യാനം. തങ്ങളുടെ അംബാസഡര്‍മാരെ ദോഹയിലേക്ക് മടക്കി അയക്കുന്നതിന് അവര്‍ മുന്നോട്ട് വെച്ച മൂന്നു ഉപാധികളില്‍ ഒന്ന് ഇതാണെന്നും വ്യാഖ്യാനിക്കുന്നു.

ഈജിപ്തില്‍ പ്രസിഡന്റ് മുര്‍സിയെ പുറത്താക്കിയതിന് ശേഷമുള്ള പ്രതിസന്ധി ഉച്ചിയിലെത്തി നില്‍ക്കുന്ന സമയത്ത് ശൈഖ് ഖറദാവി രാഷ്ട്രീയപരമായ ഖുതുബ നടത്തിയെന്നതില്‍ തര്‍ക്കമില്ല. ഈജിപ്തിലെ പുതിയ ഭരണകൂടത്തെ അദ്ദേഹം ശക്തമായി വിമര്‍ശിച്ചു. ഇഖ്‌വാനെയും അതിന്റെ നിലപാടുകളെയും ശക്തമായി പിന്തുണക്കുകയും ചെയ്തു. അദ്ദേഹം ഏറ്റവും ശക്തമായ ആക്രമണം നടത്തിയത് ജനറല്‍ അബ്ദുല്‍ ഫത്താഹ് സീസിക്ക് നേരെയായിരുന്നു. സീസിക്ക് സാമ്പത്തിക പിന്തുണ നല്‍കിയ ഗള്‍ഫ് നാടുകളെയും അതേ സ്വരത്തില്‍ തന്നെ ശൈഖ് വിമര്‍ശിച്ചു. എന്നാല്‍ തനിക്ക് ആതിഥ്യം നല്‍കിയ രാഷ്ട്രത്തിന്റെ ആശീര്‍വാദത്തോടെയായിരുന്നു അദ്ദേഹം ഇതെല്ലാം ചെയ്തത്. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് രാജ്യത്തെ ഔദ്യോഗിക ടെലിവിഷന്‍ അത് തത്സമയം സംപ്രേഷണം ചെയ്തിരുന്നുവെന്നത്.

ഗള്‍ഫ് നാടുകള്‍ക്കിടയിലെ രാഷ്ട്രീയ സംഘട്ടനത്തില്‍ ശൈഖ് ഖറദാവി ബലിയാടാക്കപ്പെടുകയാണ്. ലോകത്ത് ഇസ്‌ലാമിക വിജ്ഞാനീയങ്ങളില്‍ ആഴത്തില്‍ അവഗാഹമുള്ള അദ്ദേഹത്തിന്റെ പ്രശസ്തിയും സ്ഥാനവും അതിന്റെ വിലയായി ഒടുക്കേണ്ടി വരുന്നു. അദ്ദേഹം രചിച്ച നൂറിലധികം വരുന്ന ഗ്രന്ഥങ്ങള്‍ അദ്ദേഹത്തിന്റെ വിജ്ഞാനത്തിന്റെ ആഴത്തെയാണ് കുറിക്കുന്നത്.

ശൈഖ് ഖറദാവി ഗള്‍ഫ് നാടുകളുടെ കാര്യത്തില്‍ ഇടപെട്ടു എന്നത് ശരിയാണ്. യു.എ.ഇക്ക് ഇസ്‌ലാമിക ഭരണത്തോട് എതിര്‍പ്പാണെന്ന് അദ്ദേഹം പറഞ്ഞു. ജനങ്ങളെ തടവറയിലടച്ചുള്ള ഭരണത്തെ പിന്തുണക്കുന്നവരെ അദ്ദേഹം വിമര്‍ശിച്ചിട്ടുണ്ട്. എന്നാല്‍ ഇന്ന് മറ്റ് അറബ് നാടുകളുടെ ആഭ്യന്തരത്തില്‍ ഇടപെടാത്തവര്‍ ആരാണുള്ളത്? ഖത്തറും അവിടെ നിന്ന് അംബാസഡര്‍മാരെ പിന്‍വലിച്ച മൂന്ന് ഗള്‍ഫ് നാടുകളും സിറിയയിലേക്ക് മില്ല്യണ്‍ കണക്കിന് ഡോളറും ആയുധങ്ങളും അയച്ചിട്ടില്ലേ?

വിമര്‍ശകര്‍ക്ക് വഴിയൊരുക്കാതെ ശൈഖ് ഖറദാവി തന്റെ സ്വതന്ത്ര നിലപാട് മുറുകെ പിടിക്കുകയാണ് വേണ്ടത്. വീല്‍ചെയറില്‍ ഇരുന്നിട്ടെങ്കിലും ഖുതുബ നിര്‍വഹിക്കാന്‍ അദ്ദേഹം തന്റെ മിമ്പറില്‍ എത്തണം. ഖുതുബ തുടരുകയും സത്യം വിളിച്ചു പറയുകയും ചെയ്യും, അത് ഇഷ്ടപ്പെടുന്നവര്‍ ഇഷ്ടപ്പെടട്ടെ, കോപിക്കുന്നവര്‍ കോപിക്കട്ടെ എന്നാണ് ഫെബ്രുവരി 21 ന് നടത്തിയ ഖുതുബയില്‍ അദ്ദേഹം പറഞ്ഞത്.

ജി.സി.സിയിലെ തങ്ങളുടെ അയല്‍ രാഷ്ട്രങ്ങളെ അസ്വസ്ഥപ്പെടുത്തുന്ന അദ്ദേഹത്തിന്റെ രാഷ്ട്രീയ സംസാരം ഖത്തറിന് ഉദ്ദേശ്യമില്ലെങ്കില്‍, അതിനെ തുടര്‍ന്നുണ്ടാകുന്ന പ്രയാസങ്ങള്‍ സഹിക്കാനും അവര്‍ക്ക് സാധിക്കുന്നില്ലെങ്കില്‍ വലിയ പ്രയാസം തന്നെയായിരിക്കും. തനിക്ക് ആതിഥ്യം നല്‍കുന്നവരുടെ താല്‍പര്യം സംരക്ഷിക്കാന്‍ അദ്ദേഹവും നിര്‍ബന്ധിതനാവും. തന്റെ ഖുതുബകള്‍ കര്‍മശാസ്ത്രത്തിലും പ്രവാചകന്‍മാരുടെയും സഹാബികളുടെയും ചരിത്രത്തിലും ഒതുക്കാനും അദ്ദേഹം നിര്‍ബന്ധിതനാവും.

പണ്ഡിതന്‍മാര്‍ അവരുടെ ചിന്തയിലും നിലപാടുകളിലും ഭരണകൂടത്തില്‍ നിന്നും ഭരണാധികാരികളില്‍ നിന്നും സ്വതന്ത്രരായിരിക്കല്‍ അനിവാര്യമാണ്. ആദര്‍ശത്തിനും വിജ്ഞാനത്തിനും അനുസരിച്ചായിരിക്കണം അവര്‍ നിലകൊള്ളേണ്ടത്. അതിന് പലപ്പോഴും വലിയ ഉപദ്രവങ്ങള്‍ ഏറ്റുവാങ്ങേണ്ടി വരും. ഖുറൈശികളുടെ അക്രമവും മര്‍ദനവും ഏറ്റുവാങ്ങിയ പ്രവാചകനും അനുയായികളുമാണ് അതിലെ ഏറ്റവും ഉത്തമ മാതൃക.

വേദനാജനകമായ ഈ അവസ്ഥക്ക് ഖറദാവി തന്നെ മാറ്റമുണ്ടാക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. ഖുതുബയില്‍ നിന്നുള്ള വിട്ടുനില്‍ക്കല്‍ പ്രഖ്യാപിച്ചു കൊണ്ട് ആരോപണങ്ങളെ അദ്ദേഹം അകറ്റി നിര്‍ത്തിയിരുന്നെങ്കില്‍ എന്നാണ് നമ്മള്‍ ആഗ്രഹിക്കുന്നത്. ദോഹയിലെ അദ്ദേഹത്തിന്റെ താമസം അദ്ദേഹത്തിനും ആതിഥ്യം നല്‍കുന്ന രാഷ്ട്രത്തിനും ഭാരമാണെങ്കില്‍ വേറെ ഏതെങ്കിലും നാട്ടിലേക്ക് പലായനം ചെയ്യട്ടെ. അല്ലാഹുവിന്റെ ഭൂമി വളരെ വിശാലമാണല്ലോ.

വിവ : അഹ്മദ് നസീഫ്‌

Related Articles