Current Date

Search
Close this search box.
Search
Close this search box.

മുസ്‌ലിം യുവാക്കളെ ഭീകരതയുടെ പേരില്‍ വേട്ടയാടുമ്പോള്‍

jail89k.jpg

ഇന്ത്യന്‍ മുസ്‌ലിംകള്‍ ഇന്ന് നിവരധി പ്രതിസന്ധികള്‍ തരണം ചെയ്യുന്നുണ്ട്. സാംസ്‌കാരികം, വിദ്യാഭ്യാസം, സാമ്പത്തികം, രാഷ്ട്രീയം, സാമൂഹികം എന്നീ മേഖലയിലുള്ള പ്രതിസന്ധികള്‍, വിവേചനം, അന്യായമായ അറസ്റ്റ്, മതഛിഹ്നങ്ങളെ അപകീര്‍ത്തിപ്പെടുത്തല്‍, പളളികളും ആദരണീയമായ മറ്റു വസ്തുക്കളും തകര്‍ക്കല്‍, അക്രമിക്കല്‍, അനൈക്യവും ശൈഥില്യവും, അസ്തിത്വ ഭീഷണി തുടങ്ങി നിരവധി മേഖലകളില്‍ മുസ്‌ലിം സമൂഹം പ്രതിസന്ധികള്‍ അഭിമുഖീകരിക്കുന്നുണ്ട്. ഇതില്‍ ഏറ്റവും ഭീകരമായ ഒന്നാണ് മുസ്‌ലിം യുവാക്കളെ ഭീകരത ചാര്‍ത്തി അറസ്റ്റ് ചെയ്യുകയും പീഡിപ്പിക്കുകയും ചെയ്യല്‍. അമേരിക്ക ആഗോള തലത്തില്‍ ആരംഭിച്ച ഭീകരതയുടെ ചൂഷണ രാഷ്ട്രീയത്തില്‍ ഒരു പടികൂടി മുമ്പോട്ട് പോയി മതേതര ഇന്ത്യന്‍ ഭരണകൂടം മുസ്‌ലിംകളെ അടിച്ചമര്‍ത്തുകയും ഉന്മൂലനം ചെയ്യുകയും ചെയ്യുക എന്ന നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്.

അഭ്യസ്ഥ വിദ്യര്‍, എഞ്ചിനീയര്‍മാര്‍, ഡോക്ടര്‍മാര്‍, ശാസ്ത്രജ്ഞന്മാര്‍ തുടങ്ങിയ പ്രൊഫഷനലുകളെയാണ് ഇവര്‍ ലക്ഷ്യം വെക്കുന്നത്. ഏതെങ്കിലും സ്‌ഫോടനങ്ങളുടെയും മറ്റും പശ്ചാത്തലത്തില്‍ വ്യക്തമായ തെളിവുകളും രേഖകളും സമര്‍പ്പിക്കാതെ ഇവരെ ജയിലിലടക്കുകയാണ് ചെയ്തുകൊണ്ടിരിക്കുന്നത്. ഉന്നത വിദ്യാഭ്യാസ രംഗത്ത് മുസ്‌ലിം സമൂഹത്തിന്റെ പ്രാതിനിധ്യം മൂന്നോ നാലോ ശതമാനം മാത്രമാണ്. അതിജീവനത്തിനും ശാക്തീകരണത്തിനും ഉള്ള മുസ്‌ലിം സമുദായത്തിന്റെ ശ്രമങ്ങളെ നിര്‍വീര്യമാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായിട്ട് കൂടിയാണിത് ഈ വേട്ടകള്‍ അരങ്ങേറുന്നത്.

മുസ്‌ലിം ചെറുപ്പക്കാരെ മാനസികമായും ബൗദ്ധികമായും ശണ്ഡീകരിക്കുകയും അവരുടെ ഇസ്‌ലാമിക അസ്ഥിത്വം ഇല്ലാതാക്കുകയുമാണ് ഇത്തരം അന്ധമായ നടപടികളിലൂടെ അവര്‍ ലക്ഷ്യം വെക്കുന്നത്. ഹൈന്ദവ തീവ്രവാദ സംഘടനകളുടെയും ബ്യൂറോക്രസിയുടെയും സഹായത്തോടെ നിരപരാധികളായ മുസ്‌ലിം ചെറുപ്പക്കാരെ ജയിലിലടച്ച് നീചമായ രീതിയില്‍ പീഢിപ്പിക്കുന്ന നടപടിയാണ് സര്‍ക്കാറിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നത്. എന്തുകാരണത്താലാണ് ഇവരെ പിടികൂടിയത് എന്ന് അവരുടെ കുടുംബക്കാരോ വീട്ടുകാരോ സുഹൃത്തുക്കളോ അറിയുന്നില്ല. മാധ്യമങ്ങള്‍ വിഷയം പര്‍വതീകരിച്ച് അപസര്‍പ്പക കഥകള്‍ നെയ്‌തെടുത്തവതരിപ്പിക്കുകയും ചെയ്യുന്നു. പത്രമാധ്യമങ്ങളിലും ചാനലുകളിലും മാത്രം ജീവിക്കുന്ന ഇന്ത്യന്‍ മുജാഹിദീന്‍ പോലുളള സംഘടനകളിലേക്ക് ഇവര്‍ക്ക് അംഗത്വം നല്‍കി ഭീകരവാദികളാക്കി മാറ്റുന്ന രാസപ്രക്രിയകളും ഇതോടൊപ്പം നടക്കുന്നു.

ഭീകരവാദം ചാര്‍ത്തപ്പെട്ടവരെ കോടതിയുടെ മുമ്പില്‍ പോലും ഹാജരാക്കാതെ തെളിവുകളോ ന്യായങ്ങളോ സമര്‍പ്പിക്കാതെ വര്‍ഷങ്ങളോളം ജയിലിലടച്ച് മാനസികമായി തകര്‍ക്കുകയാണ് ചെയ്യുന്നത്. മാത്രമല്ല, അവന്റെ കുടുംബക്കാരും ആശ്രിതരും നിത്യനിരാശയില്‍ കഴിഞ്ഞുകൂടുകയും ചെയ്യുന്നു. യുവത്വത്തിന്റെ ചൂടും ചൂരും നഷ്ടപ്പെടുത്തി, വൈജ്ഞാനികമായ കഴിവുകള്‍ കുഴിച്ചുമൂടി ഒടുവില്‍ വാര്‍ദ്ധക്യത്തില്‍ തെളിവുകളോ മറ്റോ സമര്‍പ്പിക്കാത്തതിന്റെ പേരില്‍ കോടതി നിരപരാധിയായി തിരിച്ചയക്കുന്നതോടെയാണ് ഈ നാടകത്തിന് അന്ത്യം കുറിക്കുന്നത്.
വിവ. അബ്ദുല്‍ ബാരി കടിയങ്ങാട്‌

Related Articles