Current Date

Search
Close this search box.
Search
Close this search box.

മസ്ജിദുല്‍ അഖ്‌സയുടെ വിധി ഇസ്രായേല്‍ നിര്‍ണയിക്കുമോ?

ഒക്ടോബര്‍ 30 വ്യാഴാഴ്ച്ച മസ്ജിദുല്‍ അഖ്‌സ അടച്ചു പൂട്ടാനുള്ള ഇസ്രായേല്‍ അധിനിവേശ സര്‍ക്കാറിന്റെ തീരുമാനം കേവലം ഫലസ്തീന്‍ മുസ്‌ലിംകളുടെ മതപരമായ അവകാശങ്ങളുടെ കടുത്ത ലംഘനം മാത്രമായി കാണാന്‍ കഴിയുകയില്ല. യഥാര്‍ത്ഥത്തില്‍, ദശാബ്ദങ്ങളായി ഇസ്രായേല്‍ അധിനിവേശ സര്‍ക്കാറിന്റെ ദുര്‍ഭരണത്തിന് കീഴില്‍ ഫലസ്തീനിലെ മുസ്‌ലിംകളുടെയും ക്രിസ്ത്യാനികളുടെയും മതപരമായ അവകാശങ്ങള്‍ ദിനംപ്രതി ഹനിക്കപ്പെട്ടു കൊണ്ടിരിക്കുകയാണ്. പ്രത്യേകിച്ച് ജറൂസലമിലും, ഈയടുത്ത് ഗസ്സയിലും നാമതിന് സാക്ഷിയാവുകയുണ്ടായി. ഗസ്സയില്‍ ഇസ്രായേല്‍ നടത്തിയ 51 ദിവസം നീണ്ടു നിന്ന ആക്രമണത്തില്‍ 73 മസ്ജിദുകള്‍ പൂര്‍ണ്ണമായും, 205 എണ്ണം ഭാഗികമായും തകര്‍പ്പെട്ടതായി ഫലസ്തീന്‍ സര്‍ക്കാര്‍ പുറത്ത് വിട്ട കണക്കുകള്‍ വ്യക്തമാക്കുന്നുണ്ട്.

ജറൂസലമിലെ പഴയ നഗരത്തിലാണ് പരിശുദ്ധ ദേവാലയം സ്ഥിതി ചെയ്യുന്നത്. ഹറം അശ്ശരീഫ് എന്ന പേരിലാണ് ഇത് അറബി ഭാഷയില്‍ അറിയപ്പെടുന്നത്. ഹറം അശ്ശരീഫിന്റെ അകത്തളത്തിലാണ് മസ്ജിദുല്‍ അഖ്‌സയും, ഖുബത്തു സ്വഹ്‌റയും നിലകൊള്ളുന്നത്. ഫലസ്തീനികള്‍ക്കിടയില്‍ ഇതിന് കേവലം മതപരമായ മാനം മാത്രമല്ല ഉള്ളത്. മറിച്ച് ഫലസ്തീന്‍ ദേശീയതയെ ഐക്യപ്പെടുത്തുന്ന ശക്തിയും, ചിഹ്നവും കൂടിയാണ് ഹറം അശ്ശരീഫ്. അതു കൊണ്ടു തന്നെ ഇസ്രായേലിന്റെ നിരന്തരമായ ആക്രമണങ്ങള്‍ക്ക് അത് ഇരയാവുന്നതില്‍ ആശ്ചര്യപ്പെടേണ്ടതില്ല. നിരവധി തവണ ഇസ്രായേല്‍ അധിനിവേശ സേന പരിശുദ്ധ ദേവാലയം അഗ്നിക്കിരയാക്കാന്‍ ശ്രമിച്ചു, ബൈബിള്‍ പ്രവചനം സാക്ഷാല്‍ക്കരിക്കുന്നതിന് വേണ്ടി ദേവാലയത്തിന്റെ അടിഭാഗം കുഴിക്കാനുള്ള ശ്രമങ്ങളും നടക്കുകയുണ്ടായി.

ഇസ്രായേലിന്റെ കിരാത നടപടികള്‍ക്കുള്ള മറുപടിയെന്നോണം, അല്‍അഖ്‌സയുടെ സംരക്ഷണാര്‍ത്ഥം വര്‍ഷങ്ങളായി ഫലസ്തീനികള്‍ അചഞ്ചലമായി രംഗത്തുണ്ട്. മസ്ജിദുല്‍ അഖ്‌സയുടെ നിലവിലുള്ള രൂപഘടന സയണിസ്റ്റ് താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് ഭേദഗതി ചെയ്യാനുള്ള ഇസ്രായേലിന്റെ രാഷ്ട്രീയ-സൈനിക പദ്ധതികള്‍ക്കെതിരെ അനവധി ഫലസ്തീനിയന്‍ പ്രക്ഷോഭങ്ങള്‍ പൊട്ടിപ്പുറപ്പെടുകയുണ്ടായി. 2000ത്തിലെ അല്‍അഖ്‌സ ഇന്‍തിഫാദ അത്തരത്തിലുള്ള ഒന്നായിരുന്നു. അഞ്ച് വര്‍ഷക്കാലം നീണ്ടു നിന്ന ഇന്‍തിഫാദക്കിടെ അരങ്ങേറിയ ഏറ്റുമുട്ടലുകളില്‍ ആയിരക്കണക്കിന് ഫലസ്തീനികളും, നൂറുകണക്കിന് ഇസ്രായേലികളും കൊല്ലപ്പെടുകയുണ്ടായി. അന്തരിച്ച ഇസ്രായേല്‍ നേതാവ് ഏരിയല്‍ ഷാരോണായിരുന്നു ഏറ്റുമുട്ടലുകള്‍ ആസൂത്രണം ചെയ്തത്.

ജറൂസലമിന് അകത്തും പുറത്തുമുള്ള അത്യന്തം ഭയാനകമായ സമകാലിക സംഭവവികാസങ്ങള്‍ വസ്തുനിഷ്ഠമായി മനസ്സിലാക്കണമെങ്കില്‍ ഇന്‍തിഫാദ കാലഘട്ടം നിര്‍ബന്ധമായും സ്മരിക്കേണ്ടതുണ്ട്. മസ്ജിദുല്‍ അഖ്‌സക്കെതിരെ നടത്തുന്ന യുദ്ധം-ലോകത്താകമാനമുള്ള ദശലക്ഷക്കണക്കിന് മുസ്‌ലിം ജനസാമാന്യത്തിന്റെ ആത്മീയ വ്യവഹാരങ്ങളുടെ കേന്ദ്ര വിഷയം മസ്ജിദുല്‍ അഖ്‌സയാണ്-ചുരുക്കം ചില ജൂതമത തീവ്രവാദികളുടെ കേവല പ്രവര്‍ത്തനങ്ങളുടെ ഫലമായി ഉണ്ടായതല്ല. കഴിഞ്ഞ കുറച്ച് കാലമായി വെളിപ്പെട്ട് കൊണ്ടിരിക്കുന്ന ഇസ്രായേല്‍ സര്‍ക്കാറിന്റെ അജണ്ടയുടെ അവിഭാജ്യഘടകമാണ് ഇന്ന് അഖ്‌സക്കെതിരെ നടന്നു കൊണ്ടിരിക്കുന്ന അതിക്രമങ്ങള്‍. ഉദാഹരണമായി, മസ്ജിദുല്‍ അഖ്‌സ വിഭജിക്കുന്നതിന് വേണ്ടിയുള്ള പ്രമേയത്തില്‍ ഇസ്രായേല്‍ നെസറ്റ് അടുത്ത മാസം വോട്ടെടുപ്പ് നടത്താന്‍ പോകുകയാണ്. യെഹൂദ ഗ്ലിക്ക് നേതൃത്വം നല്‍കുന്ന ‘ടെമ്പിള്‍ മൗണ്ട് ഫെയ്ത്ത് ഫുള്‍ ഓര്‍ഗനൈസേഷന്‍’ എന്ന സംഘടനാണ് മസ്ജിദുല്‍ അഖ്‌സ വിഭജിക്കണമെന്ന ആവശ്യവുമായി ശക്തമായി രംഗത്തുള്ളത്. അഖ്‌സ പൂര്‍ണ്ണമായും കൈക്കലാക്കുന്നതിലേക്കുള്ള ആദ്യ ചുവടാണ് വിഭജനം.

ടെമ്പിള്‍ മൗണ്ട് ഫെയ്ത്ത് ഫുള്‍ പ്രസ്ഥാനം സ്ഥാപിച്ചത് ഗെര്‍ഷോണ്‍ സാലൊമന്‍ ആണെന്നാണ് അതിന്റെ വെബ്‌സൈറ്റില്‍ പറയുന്നത്. ‘ദൈവത്തിന്റെ നാമത്തില്‍ ടെമ്പിള്‍ മൗണ്ടിനെ (ഹറം അശ്ശരീഫ്) ശുദ്ധീകരിക്കുക, മുസ്‌ലിം അധിനിവേശത്തിന്റെ അടയാളങ്ങളായി സ്ഥാപിച്ചിട്ടുള്ള പ്രതിഷ്ഠകള്‍ ടെമ്പിളില്‍ നിന്നും നീക്കം ചെയ്യുക, മൂന്നാമത്തെ ദേവാലയം ടെമ്പിള്‍ മൗണ്ടില്‍ പുനഃനിര്‍മിക്കുക, ഇസ്രായേല്‍ ഭൂമിയുടെയും, ഇസ്രായേല്‍ ജനതയുടെയും ദൈവത്താലുള്ള മോചനം സാധ്യമാക്കുക’ തുടങ്ങിയവയാണ് സംഘടനയുടെ പ്രഖ്യാപിത ലക്ഷ്യങ്ങള്‍.

മസീഹിലൂടെയുള്ള മോചനം എന്ന ദര്‍ശനം ബെന്‍ജമിന്‍ നെതന്യാഹു സര്‍ക്കാറിനെ സംബന്ധിച്ച് അന്യമായ ഒരാശയമല്ല. അധിനിവിഷ്ഠ ജറൂസലമിലെ നിയമവിരുദ്ധ പാര്‍പ്പിട നിര്‍മാണത്തെ ന്യായീകരിച്ച് നെതന്യാഹു പറഞ്ഞ വാക്കുകള്‍ നോക്കുക : ‘പാരീസില്‍ ഫ്രഞ്ചുകാര്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്, ലണ്ടനില്‍ ബ്രിട്ടീഷുകാരും. അതുപോലെ ജറൂസലമില്‍ ഇസ്രായേലികളും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു. എന്തു കൊണ്ടാണ് ജറൂസലമില്‍ ജൂതന്‍മാര്‍ ജീവിക്കാന്‍ പാടില്ല എന്ന് പറയുന്നത്?’.

ജൂത പാര്‍പ്പിട കേന്ദ്രങ്ങളുടെ വ്യാപനം, ഫലസ്തീനികളുടെ സ്വത്ത്, വീട് എന്നിവ തകര്‍ക്കല്‍ തുടങ്ങിയ കാര്യങ്ങള്‍ നടപ്പാക്കാന്‍ സ്വീകരിച്ച വഴികള്‍ അഥവാ തെല്‍അവീവിന്റെ രാഷ്ട്രീയ സമീപനങ്ങളും, ടെമ്പിള്‍ മൗണ്ട് ഫെയ്ത്ത് ഫുള്‍ പ്രസ്ഥാനത്തെ പോലുള്ള സംഘനടകളുടെ സ്ഥാപിത ലക്ഷ്യങ്ങളും തമ്മില്‍ തീര്‍ച്ചയായും നേരിയ സംഘര്‍ഷങ്ങള്‍ കാണാന്‍ സാധിക്കും. അമേരിക്കയും ഇസ്രായേലും കനത്ത സാമ്പത്തിക പിന്തുണ നല്‍കുന്ന ഒരു ‘ആക്ടിവിസ്റ്റാണ്’ യഹൂദ ഗ്ലിക്ക്. മസ്ജിദുല്‍ അഖ്‌സ തകര്‍ക്കണം എന്ന അടങ്ങാത്ത ആഗ്രഹം സദാ മനസ്സില്‍ സൂക്ഷിച്ചാണ് അയാളുടെ നടപ്പ്. വര്‍ഷങ്ങളായി ഇസ്രായേല്‍ പോലിസിന്റെ സംരക്ഷണത്തില്‍ മസ്ജിദുല്‍ അഖ്‌സയില്‍ അത്യന്തം പ്രകോപനപരമായ തുടര്‍ സന്ദര്‍ശനങ്ങള്‍ അയാള്‍ നടത്തി കൊണ്ടിരിക്കുന്നു. മസ്ജിദുല്‍ അഖ്‌സക്കെതിരെയുള്ള ഇസ്രായേലിന്റെ പദ്ധതികളുടെ തുറുപ്പു ചീട്ട് യഹൂദ ഗ്ലിക്കാണ്.

ഒക്ടോബര്‍ 29 ബുധനാഴ്ച്ച, അല്‍അഖ്‌സയുടെ അവശിഷ്ടങ്ങള്‍ക്ക് മേല്‍ ടെമ്പിള്‍ മൗണ്ട് നിര്‍മിക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി കൊണ്ട് ജറൂസലമില്‍ ഒരു കോണ്‍ഫറന്‍സ് നടക്കുകയുണ്ടായി. അന്ന് കോണ്‍ഫറന്‍സില്‍ നിന്നും പുറത്ത് വരുന്നതിനിടെ ഫലസ്തീനിയെന്ന് സംശയിക്കപ്പെടുന്ന ഒരാളുടെ വെടിയേറ്റ് യഹൂദ ഗ്ലിക്കിന് പരിക്കേല്‍ക്കുന്നു. ഗ്ലിക്കിനെ വെടിവെച്ചെന്ന് ആരോപിച്ച് മുഅ്താസ് ഹിജാസി എന്ന ഫലസ്തീനിയെ ഇസ്രായേല്‍ പോലിസ് വെടിവെച്ച് കൊല്ലുകയും ചെയ്തു. തന്റെ സഹോദരന്‍ ഇസ്രായേല്‍ പോലിസുകാരാല്‍ മാരകമായി മര്‍ദിക്കപ്പെട്ടുവെന്നും, പിന്നീട് സമീപത്തുള്ള കെട്ടിടത്തിന്റെ മുകളിലേക്ക് കൊണ്ടു പോയതിന് ശേഷം വെടിവെച്ച് കൊല്ലുകയുമായിരുന്നെന്ന് ഹിജാസിയുടെ സഹോദരി ഒക്ടോബര്‍ 30ന് അല്‍ ജസീറയോട് പറഞ്ഞിരുന്നു.

ഈ സംഭവത്തിന് ശേഷമാണ് മസ്ജിദുല്‍ അഖ്‌സ അടച്ചു പൂട്ടാനുള്ള തീരുമാനം വന്നത്. നെറികെട്ട ഫലസ്തീനികളുടെ ഹിംസയുടെ ഇരയായിട്ടാണ് ഗ്ലിക്കിനെ ഇസ്രായേലും, ചില മീഡിയകളും കണ്ടത്. എന്നാല്‍ ജറൂസലമില്‍ താമസിക്കുന്ന ഫലസ്തീനികളെ സംബന്ധിച്ച് കുപ്രസിദ്ധനാണ് ഗ്ലിക്ക്. ‘അല്‍അഖ്‌സയുടെ അങ്കണത്തില്‍ കൂടുതല്‍ ആരാധനാ സ്വാതന്ത്ര്യത്തിന് വേണ്ടി വാദിക്കുന്ന ജൂതമത തീവ്രവാദികള്‍ക്കിടയില്‍ വളര്‍ന്നു കൊണ്ടിരിക്കുന്ന ഒരു പ്രസ്ഥാനത്തിന്റെ ഭാഗമായിരുന്നു’ ഗ്ലിക്ക് എന്ന് എ.ബി.സി ന്യൂസ് സാധാരണ രീതിയില്‍ തന്നെ റിപ്പോര്‍ട്ട് ചെയ്തു. പക്ഷെ ഗ്ലിക്കിന്റെ ആവശ്യങ്ങള്‍ അതിലുപരിയായിരുന്നു. കിഴക്കന്‍ ജറൂസലമില്‍ താമസിക്കുന്ന ഫലസ്തീനികളെ വംശീയമായി ഉന്മൂലനം ചെയ്യുക എന്നതാണ് ഗ്ലിക്ക് പ്രതിനിധാനം ചെയ്യുന്ന സംഘത്തിന്റെ മുഖ്യ ലക്ഷ്യം. അയാളുടെ പ്രവര്‍ത്തനങ്ങള്‍ അതിന് തെളിവാണ്.

അങ്ങേയറ്റം ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാകാന്‍ ഇടയാക്കിയ, പ്രദേശത്തിന്റെ രക്തക്കറ പുരണ്ട ചരിത്രത്തിലെ ഒരു അധ്യായത്തിന്റെ തനിയാവര്‍ത്തനം തന്നെയായിരുന്നു ഗ്ലിക്കിനെ വെടിവെച്ച സംഭവവും. 1994 ഫെബ്രുവരി 25നാണ് അമേരിക്കയില്‍ ജനിച്ച ജൂത തീവ്രവാദി ബറൂച്ച് ഗോള്‍ഡ്‌സ്റ്റീന്‍, ഫലസ്തീനിലെ അല്‍ഖലീല്‍ പട്ടണത്തില്‍ സ്ഥിതി ചെയ്യുന്ന ഇബ്രാഹീമി മസ്ജിദിലേക്ക് അതിക്രമിച്ചു കയറി വെടിയുതിര്‍ത്തത്. തന്റെ കഴിവിന്റെ പരമാവധി ഫലസ്തീനികളെ വധിക്കുക എന്നതായിരുന്നു അയാളുടെ ലക്ഷ്യം. 30 ആളുകളെ കൊല്ലുകയും 120 ആളുകളെ പരിക്കേല്‍പ്പിക്കുയും ചെയ്തു കൊണ്ട് തന്റെ ജോലി അയാള്‍ ഭംഗിയായി നിര്‍വഹിച്ചു.

ഇബ്രാഹീമി മസ്ജിദിന്റെ പരിസരത്ത് നിലയുറപ്പിച്ചിരുന്ന ഇസ്രായേല്‍ പട്ടാളക്കാര്‍ ഗോള്‍ഡ്‌സ്റ്റീന് മസ്ജിദിന് ഉള്ളിലേക്കുള്ള പ്രവേശനം ഒരുക്കി കൊടുക്കുക മാത്രമല്ല ചെയ്തത്, (ഒരു ഗലീല്‍ റൈഫിളും, മറ്റ് മാരകായുധങ്ങളും ഗോള്‍ഡ്‌സ്റ്റീന്റെ കൈവശമുണ്ടായിരുന്നു) മറിച്ച് അയാളുടെ ആക്രമണത്തില്‍ നിന്നും രക്ഷ തേടിയോടുന്ന മുസ്‌ലിംകള്‍ക്ക് നേരെ അവര്‍ നിഷ്‌കരുണം തുരുതുരാ വെടിയുതിര്‍ത്തു. 24 ഫലസ്തീനികളെയാണ് അന്ന് ഇസ്രായേല്‍ സൈന്യം കൊന്നു തള്ളിയത്. മറ്റനേകം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

മെയിര്‍ കഹാനെ സ്ഥാപിച്ച ജൂത തീവ്രവാദികളുടെ വംശീയ പാര്‍ട്ടിയായ ‘ജ്യൂയിഷ് ഡിഫന്‍സ് ലീഗ്’ (JDL) ല്‍ അംഗമായിരുന്നു ഗോള്‍ഡ്‌സ്റ്റീന്‍. ‘ടെമ്പിള്‍ മൗണ്ട് ഫെയ്ത്ത് ഫുള്‍’ പോലെയുള്ള ജൂതമത തീവ്രവാദ സംഘടനകള്‍ ഗോള്‍ഡ്‌സ്റ്റീനെ ഒരു വീരപുരുഷനായാണ് കണക്കാക്കുന്നത്. ഗ്ലിക്കിനെ പോലെ തന്നെ, അമേരിക്കകാരന്‍ കൂടിയായിരുന്ന ഗോള്‍ഡ്‌സ്റ്റീന്‍, അല്‍ഖലീലിലെ നിയമവിരുദ്ധ പാര്‍പ്പിട കേന്ദ്രത്തിലാണ് താമസിച്ചിരുന്നത്. ഇസ്രായേലികളടക്കം ഒരുപാട് പേര്‍ ഗോള്‍ഡ്‌സ്റ്റീന്‍ നടത്തിയ കൂട്ടക്കൊലയെ അപലപിക്കുകയുണ്ടായി. അതേസമയം ഫലസ്തീനികളെ വംശീയ ഉന്മൂലനം ചെയ്യാന്‍ ലക്ഷ്യമിട്ട് കൊണ്ടുള്ള ഇസ്രായേല്‍ സര്‍ക്കാറിന്റെ വിപുലമായ പദ്ധതിയില്‍ ജൂതമത തീവ്രവാദികള്‍ ഭാഗമാണെന്ന കാര്യം ആരും നിഷേധിച്ചിട്ടില്ല. വെസ്റ്റ്ബാങ്കിലും, ജറൂസലമിലുമുള്ള നിയമവിരുദ്ധ പാര്‍പ്പിട കേന്ദ്രങ്ങളില്‍ താമസിക്കുന്നവരില്‍ ഭൂരിഭാഗവും ജൂതമത തീവ്രവാദികളാണ്.

പകലുടനീളം ഇസ്രായേല്‍ ബുള്‍ഡോസറുകള്‍ കുടിയേറ്റ കേന്ദ്രങ്ങള്‍ വ്യാപിപ്പിക്കുവാന്‍ വേണ്ടി ഫലസ്തീനിലെ ഒലീവ് തോട്ടങ്ങള്‍ നശിപ്പിച്ചും, ഭൂമി നിരപ്പാക്കിയും മുന്നേറുമ്പോള്‍, രാത്രി കാലങ്ങളില്‍ പുരാതന നഗരമായ ഖുദ്‌സില്‍ വന്‍ മെഷിനറികള്‍ ഉപയോഗിച്ച് ഭൂമിതുരക്കല്‍ തകൃതിയായി നടക്കുന്നുണ്ടാവും. 586 ബിസിയിലും, 70 ഏഡിയിലും തകര്‍ക്കപ്പെട്ടെന്ന് കരുതപ്പെടുന്ന പുരാതന ജൂത ദേവാലയത്തിന്റെ തെളിവുകളാണ് ജൂതന്‍മാര്‍ അന്വേഷിച്ചു കൊണ്ടിരിക്കുന്നത്. ‘പ്രവചനം’ പൂര്‍ത്തീകരിക്കപ്പെടുന്നതിന് വേണ്ടി, മൂന്നാമത്തെ ദേവാലയം നിര്‍ബന്ധമായും നിര്‍മിക്കേണ്ടതുണ്ടെന്നാണ് ജൂതന്‍മാര്‍ വിശ്വസിക്കുന്നത്. പക്ഷെ ഇസ്‌ലാമിന്റെ പുണ്യഗേഹങ്ങളില്‍ ഒന്നായ ഹറം അശ്ശരീഫ് അവിടെ സ്ഥിതി ചെയ്യുന്നു എന്നത് ജൂതന്‍മാരെ സംബന്ധിച്ച് അസഹനീയമായ യഥാര്‍ത്ഥ്യം തന്നെയാണ്. കഴിഞ്ഞ 1300 വര്‍ഷക്കാലമായി മുസ്‌ലിംകളുടെ പ്രത്യേക പ്രാര്‍ത്ഥന കേന്ദ്രം കൂടിയാണ് ഹറം അശ്ശരീഫ്.

മതഭ്രാന്തന്‍മാരുമായി കക്ഷി ചേര്‍ന്നിട്ടുള്ള വലതുപക്ഷ രാഷ്ട്രീക്കാരുടെ സംഘമാണ് ഫലസ്തീനികളുടെ നേര്‍ക്കുള്ള ഇസ്രായേലിന്റെ സമീപനങ്ങളെ നിര്‍ണയിക്കുന്നത്. പ്രത്യേകിച്ച് ജറൂസലമില്‍. അധിനിവിഷ്ഠ വെസ്റ്റ്ബാങ്കിലെ വിശാലമായ ഭൂപ്രദേശങ്ങള്‍ എന്നെന്നേക്കുമായി പിടിച്ചടക്കാന്‍ കഠിനമായി പരിശ്രമിക്കുന്ന ഇസ്രായേല്‍ സര്‍ക്കാറിനെ പോലെത്തന്നെ, വലതുപക്ഷ രാഷ്ട്രീയക്കാര്‍ മസ്ജിദുല്‍ അഖ്‌സ അധീനതയിലാക്കാന്‍ കിണഞ്ഞു പരിശ്രമിച്ചു കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ഫെബ്രുവരിയില്‍ മസ്ജിദുല്‍ അഖ്‌സയുടെ അങ്കണത്തിന്റെ പദവിയെ കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് ആരംഭം കുറിക്കാന്‍ , അല്‍ഖലീലില്‍ ഗോള്‍ഡ്‌സ്റ്റീന്‍ ഫലസ്തീനികളെ കൂട്ടക്കൊല ചെയ്തതിന്റെ ഇരുപതാം വാര്‍ഷിക ദിനം തന്നെയാണ് ഇസ്രായേല്‍ നെസറ്റ് വാസ്തവത്തില്‍ തെരഞ്ഞെടുത്തത്. മുസ്‌ലിംകളുടെ പുണ്യസ്ഥലത്തിന് മേല്‍ പരമാധികാരം സ്ഥാപിക്കുവാന്‍ ശക്തരായ ഇസ്രായേലി വലതുപക്ഷ രാഷ്ട്രീയ നേതൃത്വം ഇസ്രായേല്‍ സര്‍ക്കാറിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. 1994 ലെ ജോര്‍ദാന്‍-ഇസ്രായേല്‍ സമാധാന ഉടമ്പടി പ്രകാരം ജോര്‍ദാനാണ് നിലവില്‍ പ്രസ്തുത പ്രദേശത്തിന്റെ അധികാരം കൈയ്യാളുന്നത്. ഇപ്പോഴത്തെ നീക്കത്തിന് പിന്നില്‍ ഇസ്രായേല്‍ എം.പി മോശെ ഫെയ്ഗ്ലിന്‍ ആണെങ്കിലും അദ്ദേഹം ഒറ്റക്കല്ല എന്ന കാര്യം ഉറപ്പാണ്.

നെതന്യാഹുവിന്റെ ലിക്കുഡ് പാര്‍ട്ടി അംഗമാണ് ഫെയ്ഗ്ലിന്‍. പാര്‍ട്ടിയിലും, സര്‍ക്കാറിലും, നെസറ്റിലും അയാള്‍ക്ക് ശക്തമായ ആള്‍ബലമുണ്ട്. യഹൂദ ഗ്ലിക്കിനെ പോലെയുള്ള ജൂതമത തീവ്രവാദികള്‍ ഫെയ്ഗ്ലിനെയാണ് പിന്തുണക്കുന്നത്. മസ്ജിദുല്‍ അഖ്‌സയെ കാത്തിരിക്കുന്ന വിധി എന്താണെന്ന് അവ്യക്തമാണ്. ഇസ്രായേലിന്റെ അധിനിവേശ പദ്ധതികള്‍, ജൂതമത തീവ്രവാദികളുടെ ആക്രമണങ്ങള്‍, നിശബ്ദത പാലിക്കുന്ന അന്താരാഷ്ട്ര സമൂഹം, രക്തപങ്കിലമായ ചരിത്രം ; ഇവക്കിടയില്‍ കുടുങ്ങി കിടക്കുന്ന മസ്ജിദുല്‍ അഖ്‌സ വരും ദിനങ്ങളില്‍ അഭിമുഖീകരിക്കാന്‍ പോകുന്നത് ദുരിതങ്ങളെ തന്നെയാണ്. പ്രിയപ്പെട്ട നഗരത്തെ പോലത്തന്നെ ജറൂസലമിലെ ജനങ്ങളുടെ വേദനയും അനന്തമായി തന്നെ നീണ്ടുകിടക്കുന്നു.

മൊഴിമാറ്റം : ഇര്‍ഷാദ് കാളാച്ചാല്‍

Related Articles