Current Date

Search
Close this search box.
Search
Close this search box.

ബന്നയെ കടിച്ച പാമ്പുകള്‍ ഈജിപ്തിനെ വേട്ടയാടിക്കൊണ്ടേയിരിക്കുന്നു

ശഹീദ് ഹസനുല്‍ ബന്ന രക്തസാക്ഷിയായപ്പോള്‍ മരണാനന്തര ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കാന്‍ അനുവാദം നല്‍കപ്പെട്ട ഏക പുരുഷനായിരുന്നു പിതാവ് ശൈഖ് അഹ്മദ് അബ്ദുര്‍റഹ്മാന്‍ ബന്ന. നിയന്ത്രണം വിടാതെ വെടിയേറ്റ മകനെ താങ്ങിയെടുത്തുകൊണ്ട് ആ വന്ദ്യവയോധികന്‍ പറഞ്ഞു : ‘ എന്റെ പ്രിയപ്പെട്ട മോനേ! നിന്റെ രണ്ടു ചിത്രങ്ങള്‍ മനസ്സില്‍ തെളിയുന്നു. ഒന്ന് : നിനക്ക് ആറു മാസം പ്രായമായിക്കാണും. മുലകുടിച്ചുകൊണ്ട് ഉമ്മയോടൊപ്പം ഗാഢനിദ്രയിലാണു നീ. അന്ന് ഞാന്‍ അര്‍ധരാത്രിക്കു ശേഷമാണ് ഓഫീസില്‍ നിന്നു വീട്ടിലെത്തിയത്. ഞാന്‍ കണ്ട കാഴ്ച ഭീകരവും മനസ്സിനെ പിടിച്ചുലക്കുന്നതുമായിരുന്നു. ഒരു പാമ്പ് നിന്റെയടുത്ത് ചുരുണ്ടുമടങ്ങിക്കിടക്കുന്നു. അതിന്റെ ഫണം നിന്റെ ശിരസ്സിനു നേരെ നീട്ടിയിട്ടുണ്ട്. നിനക്കും അതിനുമിടയില്‍ പറയത്തക്ക അകലമില്ല.
ഞാന്‍ വെപ്രാളപ്പെട്ടു. അല്ലാഹുവിനോടു മനം നൊന്തു പ്രാര്‍ഥിച്ചപ്പോള്‍ ഒരാശ്വാസം തോന്നി. വെപ്രാളം മാറി. ഇഴജന്തുക്കളുടെ ശല്യത്തില്‍ നിന്നു രക്ഷതേടിയുള്ള പ്രാര്‍ഥന ഞാനുരുവിട്ടുകൊണ്ടിരുന്നു. അതു ചൊല്ലിത്തീര്‍ന്നപ്പോഴേക്കും പാമ്പ് മാളത്തിലേക്ക് തിരിച്ചുപോകാന്‍ തുടങ്ങി. അങ്ങനെ അല്ലാഹു നിന്നെ രക്ഷപ്പെടുത്തി, അവന്റെ മുന്‍ തീരുമാനപ്രകാരം.

രണ്ടാമത്തെ ചിത്രം നീ വെടിയേറ്റു വീണുകിടക്കുന്നതാണ്. ആ രാത്രിയില്‍, രക്തം വാര്‍ന്നൊഴുകുന്ന നിന്നെ ഞാന്‍ താങ്ങിയെടുത്തു. നീ മരിച്ചുകഴിഞ്ഞിരുന്നു. അവയവങ്ങള്‍ ചിന്നിച്ചിതറിയിരുന്നു. പണ്ട്, വനാന്തരത്തിലെ പാമ്പ് നിന്നെ ഉപദ്രവിക്കാന്‍ മടിച്ചു. പക്ഷെ, മനുഷ്യപ്പാമ്പുകള്‍ നിന്നെ കടിച്ചുകുടഞ്ഞു…(അല്‍ ഇഖവാനുല്‍ മുസ്‌ലിമൂന്‍ – ഡോ. അബ്ദുസ്സലാം വാണിയമ്പലം, ഐ പി എച്ച്)

എല്ലാ ഊടുവഴികളിലും പതിയിരുന്നു ഉഗ്രവിഷത്തോടുകൂടി ഇസ്‌ലാമിസ്റ്റുകളെ കടിച്ചുകുടയാന്‍ ശ്രമിച്ചുകൊണ്ടിരുന്ന മനുഷ്യപ്പാമ്പുകളെ ഈജിപ്തിന്റെ ചരിത്രം വായിക്കുമ്പോള്‍ നമുക്ക് കാണാന്‍ കഴിയും. ആധുനിക ലോകത്തെ ഏറ്റവും വലിയ ഇസ് ലാമിക വിപ്ലവ പ്രസ്ഥാനമായ അല്‍ ഇഖവാനുല്‍ മുസ് ലിമൂന്റെ പാത എന്നും കല്ലും മുള്ളും നിറഞ്ഞതായിരുന്നു. ജനങ്ങള്‍ പാരമ്പര്യമായി പരിചരിച്ചു വന്ന സാമ്പത്തിക – സാമൂഹിക- സാംസ്‌കാരിക പരിസരങ്ങളെ മുച്ചൂടും ഉടച്ചുവാര്‍ക്കുന്ന, ഭരണാധിപന്മാരുടെയും ബ്യൂറോക്രാറ്റുകളുടെയും താല്‍പര്യങ്ങളോട് തുറന്നേറ്റുമുട്ടുന്ന, ഇരുട്ടിന്റെ ശക്തികളെ വെപ്രാളം കൊള്ളിക്കുന്ന പ്രബോധക പ്രസ്ഥാനം എന്ന നിലക്ക് ഈ പരീക്ഷണം അനിവാര്യമാണ്. ഇമാം ഹസനുല്‍ ബന്ന പ്രവര്‍ത്തകര്‍ക്ക് ഇതിനെ കുറിച്ച് ശക്തമായി മുന്നറിയിപ്പ് നല്‍കിയതായി കാണാം. ‘ഒരു കാര്യം നിങ്ങളോട് തുറന്നുപറയുവാന്‍ ഞാനാഗ്രഹിക്കുന്നു. നിങ്ങളുടെ പ്രബോധനം മിക്ക ജനങ്ങള്‍ക്കും മനസ്സിലായിട്ടില്ല. അവരതു മനസ്സിലാക്കുകയും അതിന്റെ ലക്ഷ്യം തിരിച്ചറിയുകയും ചെയ്യുന്ന ഒന്നാം ദിവസം മുതല്‍ നിങ്ങളവരുടെ ശക്തമായ ശാത്രവം ഏറ്റുവാങ്ങിത്തുടങ്ങും. നിങ്ങളുടെ മുമ്പില്‍ പ്രശ്‌നങ്ങള്‍ കുമിഞ്ഞുകൂടും. നിങ്ങള്‍ പ്രതിസന്ധികളെ അഭിമുഖീകരിച്ചു തുടങ്ങും. അറിയുക, അപ്പോള്‍ മാത്രമാണ് നിങ്ങള്‍ പ്രബോധകരുടെ പാതയില്‍ പ്രവേശിക്കുന്നത്. ഇസ് ലാമിനെക്കുറിച്ച നിങ്ങളുടെ വീക്ഷണം അസാധാരണമായി കാണുകയും അതിന്റെ മാര്‍ഗത്തില്‍ നിങ്ങള്‍ നടത്തുന്ന ജിഹാദിനെ പുഛിക്കുകയും ചെയ്യുന്ന ഔദ്യോഗിക പണ്ഡിതന്മാരെ നിങ്ങള്‍ അഭിമുഖീകരിക്കേണ്ടിവരും. അധികാരികള്‍ക്കും നേതാക്കള്‍ക്കും നിങ്ങളോട് കുടിപ്പകയായിരിക്കും. എല്ലാ ഭരണകൂടങ്ങളും നിങ്ങളുടെ മുമ്പില്‍ മാര്‍ഗതടസ്സങ്ങള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കും. നിങ്ങളുടെ പ്രബോധനത്തെ കുറിച്ച് തെറ്റായ ആരോപണങ്ങളുന്നയിക്കും. ശത്രുക്കള്‍ തങ്ങളുടെ ശക്തിയും അധികാരവും ഉപയോഗിച്ച് ജനങ്ങളുടെ മുമ്പില്‍ അതിനെ വൃത്തികെട്ട രൂപത്തില്‍ അവതരിപ്പിക്കും. അങ്ങനെ നിങ്ങള്‍ പരീക്ഷണത്തിലേക്ക് പ്രവേശിക്കുകയായി, നിങ്ങള്‍ ജയിലിലകപ്പെടുകയും നാടുകടത്തപ്പെടുകയും ചെയ്യും. ഉദ്യോഗം നഷ്ടപ്പെടും. വീടുകളില്‍ റെയ്ഡ് നടത്തും, പരീക്ഷണ കാലം അങ്ങനെ നീണ്ടുപോയേക്കാം.’. എന്നിട്ടു ഹസനുല്‍ ബന്ന ചോദിച്ചു : ‘ നിങ്ങള്‍ ഉറച്ചുനില്‍ക്കുമോ’?

ഹസനുല്‍ ബന്നയുടെ ഈ ചോദ്യത്തിന് തങ്ങളുടെ രക്തവും ജീവനും കൊണ്ട് ഉത്തരം നല്‍കിയ വിപ്ലവകാരികളാണ് ഇഖവാനികള്‍. പരീക്ഷണങ്ങളുടെ തീച്ചൂളയില്‍ വളര്‍ന്നുവന്ന ഇഖവാനികളുടെ സ്വാതന്ത്ര്യത്തെയും അഭിമാനബോധത്തെയും ഒരു ഭരണാധികാരികള്‍ക്കും തങ്ങളുടെ പ്രലോഭനങ്ങളിലൂടെയും പ്രകോപനങ്ങളിലൂടെയും കീഴ്‌പ്പെടുത്താനായിട്ടില്ല. ജീവനെക്കാള്‍ വലുതാണ് സ്വാതന്ത്ര്യം എന്ന ബോധ്യമാണ് ശഹീദ് സയ്യിദ് ഖുതുബിനെ പോലുള്ള ആയിരക്കണക്കിന് ഇഖവാനികളെ രക്തസാക്ഷിത്വത്തിന് പ്രേരിപ്പിച്ചത്. അതിനാല്‍ തന്നെയാണ് പട്ടാള ഭരണകൂടത്തിന്റെ പ്രകോപനങ്ങളെയും പ്രലോഭനങ്ങളെയും തികഞ്ഞ ഇഛാശക്തിയോടും മനോദാര്‍ഢ്യത്തോടും കൂടി പ്രതിരോധിക്കാന്‍ ഇന്നും ഈജിപ്തിലെ തെരുവോരങ്ങളിലെ വിപ്ലവകാരികള്‍ക്ക് സാധിക്കുന്നത്. ജയിലില്‍ നിന്ന് കൊട്ടാരത്തിലെത്തിയിലെത്തിയിട്ട് അതില്‍ അഹങ്കരിക്കാനോ കൊട്ടാരത്തില്‍ നിന്ന് ജയിലില്‍ പോകേണ്ടിവരുമ്പോള്‍ അതില്‍ അസ്വസ്ഥപ്പെടാനോ മുഹമ്മദ് മുര്‍സിയെ പോലുള്ള നേതാക്കള്‍ തയ്യാറാകാത്തത് അതാണ്. ഹസനുല്‍ ബന്നയെ കടിച്ചുകുടഞ്ഞ മനുഷ്യപ്പാമ്പുകള്‍ തന്നെയാണ് പട്ടാള അട്ടിമറി രൂപത്തില്‍ ഈജിപ്തിന്റെ ജനാധിപത്യ വ്യവസ്ഥയെയും ഇപ്പോള്‍ കടിച്ചുകുടഞ്ഞിട്ടുള്ളത്. മനുഷ്യപ്പാമ്പുകളുടെ സര്‍വ്വരൗദ്രഭാവത്തെയും വിശ്വാസദാര്‍ഢ്യം കൊണ്ട് അവര്‍ പ്രതിരോധിക്കുക തന്നെ ചെയ്യും.

Related Articles