Current Date

Search
Close this search box.
Search
Close this search box.

ബംഗാളിലെത്തുമ്പോള്‍ ബി.ജെ.പിയുടെ നിറം മാറുന്നു

പൂനെയില്‍ ഒരു തീവ്ര ഹിന്ദു സംഘടനാ പ്രവര്‍ത്തകരുടെ കൈകളാല്‍ ഒരു മുസ്‌ലിം യുവാവ് കൊല്ലപ്പെട്ടപ്പോള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് അതിനെ അപലപിച്ചും പ്രതിഷേധിച്ചും പ്രസ്താവനകള്‍ വന്നു. എന്നാല്‍ മുസ്‌ലിം ഐ.ടി. വിദഗ്ധന്റെ കൊലപാതകത്തിനെതിരെ വെസ്റ്റ് ബംഗാളില്‍ നടന്ന പ്രതിഷേധ പ്രകടനം വ്യതിരിക്തമാവുന്നത് അതിന്റെ സംഘാടകരുടെ പേരിലാണ്. മുഹ്‌സിന്‍ വധത്തില്‍ പ്രതിഷേധിച്ച് നിരവധി മുസ്‌ലിംകളെ അണിനിരത്തി ബി.ജെ.പിയുടെ വെസ്റ്റ്ബംഗാള്‍ ഘടകമാണ് ചൊവ്വാഴ്ച്ച (10/06/2014) അവിടെ പ്രകടനം നടത്തിയത്. വെസ്റ്റ്ബംഗാള്‍ ഭരിക്കുന്ന തൃണമൂല്‍ കോണ്‍ഗ്രസിനെതിരെ മുസ്‌ലിംകള്‍ ശബ്ദമുയര്‍ത്തുന്ന അപൂര്‍വങ്ങളില്‍ അപൂര്‍വമായ ഒരവസരം കൂടിയാണിത്.

ബംഗാളി മുസ്‌ലിം വോട്ടുബാങ്കില്‍ ബി.ജെ.പി കണ്ണുവെച്ചിരിക്കുന്നു എന്നതിന്റെ സൂചനയാണിത്. മുസ്‌ലിംകളെ പ്രീണിപ്പിക്കാതെ വെസ്റ്റ്ബംഗാളില്‍ കാലുറപ്പിക്കാനാവില്ലെന്ന് അവര്‍ തിരിച്ചറിഞ്ഞിരിക്കുന്നു. അതുകൊണ്ട് തന്നെ ലോകസഭാ തെരെഞ്ഞെടുപ്പിന് ശേഷം ബി.ജെ.പിയുടെ കേന്ദ്ര സംസ്ഥാന ഘടകങ്ങള്‍ ന്യൂനപക്ഷങ്ങളെ ആകര്‍ഷിക്കാനുള്ള പ്രവര്‍ത്തനങ്ങളിലേക്ക് കാലെടുത്തു വെച്ചിരിക്കുകയാണ്. വെസ്റ്റ്ബംഗാളിലെ ബീര്‍ബം ജില്ലയില്‍ കൊല്ലപ്പെട്ട കൂലിപ്പണിക്കാരാനായ ശൈഖ് റഹീമിന് വേണ്ടിയും ബി.ജെ.പി ശബ്ദമുയര്‍ത്തുന്നത് നാം കാണുകയുണ്ടായി. റഹീമിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് കൊല്‍ക്കത്തയില്‍ അവര്‍ വലിയൊരു പ്രകടനം തന്നെ സംഘടിപ്പിച്ചു. ഇത്തരം പ്രകടനങ്ങള്‍ ഇപ്പോള്‍ തന്നെ നല്ല പ്രതികരണമാണ് തരുന്നതെന്ന് ബി.ജെ.പിയുടെ മൈനോറിറ്റി മോര്‍ച്ച പ്രസിഡന്റ് ഷക്കീല്‍ അന്‍സാരി തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

പൂനെയിലെ മുസ്‌ലിം യുവാവിന്റെ കൊലപാതകത്തില്‍ ബി.ജെ.പി നേതാക്കള്‍ എന്തുകൊണ്ട് പ്രതിഷേധിക്കുന്നില്ല എന്ന് മാധ്യമ പ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ കൃത്യമായ ഒരു ഉത്തരം നല്‍കാതെ ഒഴിഞ്ഞു മാറുകയാണ് വെസ്റ്റ്ബംഗാള്‍ ബി.ജെ.പി പ്രസിഡന്റ് ചെയ്തത്. അതേ പാര്‍ട്ടിയാണ് ഇപ്പോള്‍ മുസ്‌ലിം വോട്ടുബാങ്ക് ലക്ഷ്യമാക്കി കൊലപാതകത്തിനെതിരെ പ്രതിഷേധ പ്രകടനം നടത്തുന്നതും. ബി.ജെ.പിയുടെ കപടമുഖമാണിത് തുറന്ന് കാണിക്കുന്നത്. അധികാരം നേടാനും അത് നിലനിര്‍ത്താനും ഏത് പ്രീണനത്തിനും തങ്ങള്‍ തയ്യാറാണെന്നാണ് ഇതിലൂടെ ബി.ജെ.പി വിളിച്ചു പറയുന്നത്. ജനങ്ങളെ മറന്ന് ഭരണം നടത്തിയ മതേതര പാര്‍ട്ടികള്‍ അത് വളരെ എളുപ്പമാക്കി കൊടുക്കുകയും ചെയ്യുന്നു. ഇത്തരം കുതന്ത്രങ്ങള്‍ തിരിച്ചറിയാന്‍ മുസ്‌ലിംകള്‍ അടക്കമുള്ള ന്യൂനപക്ഷങ്ങള്‍ക്ക് സാധിക്കേണ്ടതുണ്ട്.

അവലംബം : ദ ഹിന്ദു

Related Articles