Current Date

Search
Close this search box.
Search
Close this search box.

ഫലസ്തീന്‍ സോഷ്യലിസ്റ്റുകളുടെ കുതിപ്പും കിതപ്പും

നവംബര്‍ പതിനെട്ടിന് ജറൂസലേമിലെ ജൂതദേവാലയത്തില്‍ ആക്രമം നടത്തിയ രണ്ട് ഫലസ്തീന്‍ സഹോദരങ്ങള്‍ PFLP ല്‍ (popular front for the liberation of palastine) അംഗങ്ങളാണെന്ന തരത്തിലുള്ള വാര്‍ത്തകള്‍ ആശയകുഴപ്പത്തിന് വഴിവെച്ചിരുന്നു. PFLP ഉം തുടങ്ങിയോ? എന്താണ് ഇപ്പോഴവരെ ഇതിന് പ്രേരിപ്പിച്ചത്? തുടങ്ങിയ ഒരുപാട് ചോദ്യങ്ങള്‍ ഉയര്‍ന്നു വരികയുണ്ടായി.

ആക്രമണത്തില്‍ അഞ്ച് ഇസ്രായേലികള്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇസ്രായേല്‍ പോലിസിന്റെ സംരക്ഷത്തില്‍ വലതുപക്ഷ ജൂതതീവ്രവാദികള്‍ അധിനിവിഷ്ഠ ജറൂസലേമിലെ ഫലസ്തീനികള്‍ക്ക് നേരെ അഴിച്ചു വിട്ട ആക്രമണത്തിന്റെ തുടര്‍ച്ചയെന്നോണം ഫലസ്തീനികളുടെ ഭാഗത്തു നിന്നുള്ള ഇത്തരം ആക്രമണങ്ങള്‍ ഒരു പരിധിവരെ പ്രതീക്ഷപ്പെട്ടതു തന്നെയായിരുന്നു. ഫലസ്തീനികളുടെ മേല്‍ ഏര്‍പ്പെടുത്തുന്ന കര്‍ശന നിയന്ത്രണങ്ങള്‍, മസ്ജിദുകളെ ലക്ഷ്യം വെച്ചു കൊണ്ടുള്ള നീക്കങ്ങള്‍, അറബികള്‍ക്കെതിരെയും, അറബികളെന്ന് സംശയിക്കുന്നവര്‍ക്ക് നേരെയും രാത്രികാലങ്ങളില്‍ ജൂതന്‍മാര്‍ സംഘടിച്ച് നടത്തുന്ന ആക്രമങ്ങള്‍ എന്നിങ്ങനെ വളരെ വ്യവസ്ഥാപിതമായിട്ടാണ് ഫലസ്തീനികള്‍ക്കെതിരെയുള്ള ഭൂരിഭാഗം ആക്രമണങ്ങളും അരങ്ങേറുന്നത്. ജറൂസലേമിലെ അറബികളെ ജീവനോടെ ചുട്ടു കൊല്ലുന്നതും, സംഘം ചേര്‍ന്ന മര്‍ദ്ദിക്കുന്നതും, കെട്ടിതൂക്കി കൊല്ലുന്നതും ഇതിലുള്‍പ്പെടും.

ഫലസ്തീനികളും അതേ നാണയത്തില്‍ തിരിച്ചടിച്ചു. പക്ഷെ അവരുടെ സായുധ പ്രതികരണങ്ങളൊക്കെ തന്നെയും വ്യക്തിതലത്തില്‍ ഒതുങ്ങി പോവുകയാണ് പതിവ്. അങ്ങേയറ്റത്തെ നിരാശയാണ് ഇതിനവരെ പ്രേരിപ്പിക്കുന്നത്. സംഘടിത രൂപത്തിലുള്ള സായുധ പ്രതിരോധങ്ങള്‍ അവരുടെ ഭാഗത്തു നിന്നും ഉണ്ടാവുന്നില്ല.

അങ്ങനെ ഗസ്സാനും, അബൂ ജമാലും ജൂതദേവാലയത്തില്‍ ആക്രമണം നടത്തി. PFLP മായി ബന്ധിപ്പിച്ചു കൊണ്ടുള്ള റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നതിന് മുമ്പ്, വ്യക്തിപരമായി നടത്തപ്പെട്ടതാണ് ആക്രമണം എന്നായിരുന്നു പ്രാഥമിക വിലയിരുത്തല്‍.

ജറൂസലേമിലെ കഠിനമായ സാഹചര്യത്തില്‍ പ്രസക്തമായ ഈ ആക്രമണത്തില്‍ നിന്നും തികച്ചു വ്യത്യസ്തമായ ഒന്നിലേക്ക് ചര്‍ച്ച പെട്ടെന്ന് ഗതിമാറി പോയി. റാമല്ലയില്‍ അധികാരത്തിലിരിക്കുന്ന, സായുധ പോരാട്ടത്തോട് വളരെകാലമായി വിമുഖത കാണിക്കുന്ന ഫതഹിന്റെയും, ഗസ്സയിലെ ഇസ്‌ലാമിക ചെറുത്ത് നില്‍പ്പ് പോരാട്ട പ്രസ്ഥാനമായ ഹമാസിന്റെയും ഇടയില്‍ വര്‍ത്തമാനകാലത്ത് സ്ഥാനമുറപ്പിച്ച മാര്‍ക്‌സിസ്റ്റ് ഗ്രൂപ്പിനെ കുറിച്ചായിരുന്നു പിന്നീട് നടന്ന ചര്‍ച്ചകള്‍ കേന്ദ്രീകരിച്ചത്. മൂന്നാം ഇന്‍തിഫാദയെ കുറിച്ചുള്ള പ്രതീക്ഷയില്‍ തങ്ങളുടേതായ ഒരു പുതിയ ഇടം രൂപപ്പെടുത്തുകയാണോ PFLP? അതല്ല പ്രസ്തുത ആക്രമണം നിയമലംഘനമാണോ? സംഘത്തിന്റെ കേന്ദ്ര നേതൃത്വം തന്നെയാണോ ആക്രമണത്തിന് ഉത്തരവിട്ടത്? എന്തൊക്കെ തന്നെയായാലും എങ്ങോട്ടാണ് PFLP ഇപ്പോള്‍ ഗമിച്ചു കൊണ്ടിരിക്കുന്നത്?

തുടക്കത്തില്‍ തന്നെ ഉത്തരങ്ങള്‍ എളുപ്പം ലഭിച്ചു കൊള്ളണമെന്നില്ല. യഥാര്‍ത്ഥത്തില്‍, രാഷ്ട്രീയപരമല്ലെങ്കില്‍ കൂടി, ചുരുങ്ങിയ പക്ഷം ബുദ്ധിപരമായ ഒരു ആഭ്യന്തര കലഹം സംഘടനക്കുള്ളില്‍ നിലനില്‍ക്കുന്നുണ്ട് എന്ന വസ്തുതയിലേക്കാണ് PFLP യുടെ തന്നെ ആശയക്കുഴപ്പമുണ്ടാക്കുന്ന തരത്തിലുള്ള പ്രതികരണങ്ങള്‍ വിരല്‍ ചൂണ്ടുന്നത്. സംഘടനയുടെ സായുധ വിഭാഗമായ അബൂ അലി മുസ്ത്വഫ ബ്രിഗേഡ്‌സ് അങ്ങേയറ്റം വൈകാരികമായ പ്രസ്താവനകള്‍ പുറപ്പെടുവിച്ചിരുന്നു. പക്ഷെ സംഭവത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതില്‍ നിന്നും അവര്‍ ഒഴിഞ്ഞുമാറുകയാണ് ചെയ്തത്.

അപകടകരമായ രാഷ്ട്രീയ സംസാരത്തിന്റെയും, വിപ്ലവ ഭാഷയുടെയും ഇടയിലുള്ള നേരിയ രേഖയിലൂടെ കാര്യങ്ങളെ അവതരിപ്പിക്കാനുള്ള ശ്രമമായിരുന്നു അത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുകയും, അക്രമികള്‍ തങ്ങളുടെ അംഗങ്ങളാണെന്ന് തുറന്ന് പ്രഖ്യാപിക്കുകയും ചെയ്യാതെ, ഇസ്രായേല്‍ ആരോപിച്ചത് പോലെ, ആക്രമികള്‍ PFLP യുമായി ബന്ധമുള്ളവരാണ് എന്ന സന്ദേശം മാത്രമാണ് അവര്‍ നല്‍കിയത്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിട്ടില്ലെങ്കിലും, അക്രമികളെ വീരപുരുഷന്‍മാരായി പ്രഖ്യാപിച്ചു കൊണ്ടുള്ള PFLP യുടെ മറ്റൊരു പ്രസ്താവനയും പുറത്തു വരികയുണ്ടായി.

ഈ പ്രശ്‌നത്തെ ചര്‍ച്ചക്ക് വിധേയമാക്കാന്‍ കഴിയുന്ന ഒന്നിലധികം പശ്ചാത്തലങ്ങളുണ്ട്. PFLP യുടെ അസ്തിത്വത്തെ കുറിച്ച് തന്നെയാണ് ആദ്യം ചര്‍ച്ച ചെയ്യേണ്ടത്. 1967 ല്‍ മാര്‍ക്‌സിസ്റ്റ് അറബ് ദേശീയവാദിയും, ക്രിസ്ത്യന്‍ നേതാവുമായ ഡോ. ജോര്‍ജ് ഹബാഷ് PFLP സ്ഥാപിച്ചത് മുതല്‍ക്ക് തന്നെ തുടര്‍ച്ചയായ രാഷ്ട്രീയ പരാജയങ്ങളും, ഒഴിവാക്കാന്‍ കഴിയാത്ത ബൗദ്ധിക സംഘര്‍ഷങ്ങളും സംഘടനയെ വേട്ടയാടി തുടങ്ങിയിരുന്നു. അതിനെ ഏറ്റവും കൂടുതല്‍ പിന്തുണച്ചിരുന്ന സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയോടു കൂടി രാഷ്ട്രീയ പ്രതിസന്ധികള്‍ കൂടുതല്‍ രൂക്ഷമാവുകയാണുണ്ടായത്.

പുരോഗമന ചിന്താഗതിക്കാരായ അറബ് ദേശീയവാദ സംഘങ്ങളിലൂടെയാണ് 1967ല്‍ PFLP വളര്‍ച്ച പ്രാപിക്കുന്നത്. ഇസ്രായേലിനോട് യുദ്ധത്തില്‍ പരാജയപ്പെട്ട പരമ്പരാഗത അറബ് സൈന്യങ്ങളോടുള്ള ഒരു അനിവാര്യ പ്രത്യുത്തരമായിട്ടായിരുന്നു അത് ഉയര്‍ന്ന് വന്നത്. 1967 ല്‍ അറബികള്‍ക്കേറ്റ ചരിത്രപ്രസിദ്ധമായ പരാജയമാണ്, ഫലസ്തീനികളുടെ സങ്കടങ്ങളിലേക്ക് ശ്രദ്ധതിരിക്കുന്നതിന് സ്വീകരിച്ചിരുന്ന നിരാശാജനകമായ സൈനിക തന്ത്രങ്ങളുടെ കൂടെ ഫലസ്തീന്‍ രാഷ്ട്രീയ രചനകളും ഉയര്‍ന്ന് വരാന്‍ കാരണമായത്.

PFLP പിന്നീട് ഒരു മാര്‍ക്‌സിസ്റ്റ്-ലെനിനിസ്റ്റ് സംഘടനയാണെന്ന് തങ്ങളെന്ന് പ്രഖ്യാപിക്കുകയുണ്ടായെങ്കിലും, പാന്‍-അറബിസത്തോട് അത് ഇന്നും കൂറു പുലര്‍ത്തുന്നുണ്ട്. ഫലസ്തീന്‍ വിമോചനം എന്ന ലക്ഷ്യത്തെ, കൂടുതല്‍ ഉന്നതമായ അറബ് ലോകത്തെ അടിച്ചമര്‍ത്തപ്പെട്ട ജനതയെ മര്‍ദ്ദക ഭരണകൂടങ്ങളില്‍ നിന്നും സ്വതന്ത്ര്യരാക്കുക എന്ന ലക്ഷ്യവുമായി അവര്‍ ബന്ധിപ്പിച്ചു.

PFLPയുടെ രാഷ്ട്രീയ ലക്ഷ്യങ്ങല്‍ അവരുടെ ജനകീയ സമ്മതി വര്‍ദ്ധിപ്പിച്ചിരുന്നു. പ്രതിരോധ വ്യവഹാരങ്ങളുടെ മേല്‍ ആനുപാതികമല്ലാത്ത സ്വാധീനം അവര്‍ ആസ്വദിച്ചിരുന്നതിന്റെ ഒരു കാരണം അതിന്റെ സ്ഥാപക നേതാക്കളുടെ ദീര്‍ഘദൃഷ്ടിയും, ബൗദ്ധിക ശേഷിയുമായിരുന്നു. കൂടാതെ അറബ് സര്‍ക്കാറുകളുടെ നിയന്ത്രണങ്ങള്‍ക്ക് പുറത്ത് ആദ്യകാലങ്ങളില്‍ അവര്‍ നടത്തിയ സായുധ പോരാട്ടങ്ങളും അതില്‍ ഭാഗികമായി പങ്ക് വഹിച്ചിട്ടുണ്ട്.

ഫലസ്തീന്‍ രാഷ്ട്രീയ തടവുകാരെ മോചിപ്പിക്കുന്നതിന് വേണ്ടിയുള്ള വിമാനറാഞ്ചല്‍ സംഭവങ്ങളില്‍ PFLP അന്താരാഷ്ട്രാ മാധ്യമങ്ങളില്‍ നിരന്തരം പരാമര്‍ശിക്കപ്പെട്ടിരുന്നു. നിലവിലുള്ള സായുധ ചെറുത്തു നില്‍പ്പ് പോരാട്ടങ്ങളില്‍ ആഴത്തില്‍ സ്വാധീനം ചെലുത്താന്‍ അവര്‍ക്ക് കഴിഞ്ഞിട്ടുണ്ട്. 1960ന്റെ അവസാനത്തിലും 70’കളിലുടനീളവും ഗസ്സയില്‍ അത് സാന്നിധ്യമറിയിച്ചിരുന്നു. ഗസ്സയിലെ ജനങ്ങള്‍ക്കിടയില്‍ ശക്തമായ അടിത്തറയുണ്ടാക്കുന്നതില്‍ ഫതഹ് പരാജയപ്പെട്ട സമയമായിരുന്നു അത്. ഒരുപാട് ഫതഹ് അംഗങ്ങള്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെടുകയും, വധിക്കപ്പെടുകയും ചെയ്തു. അനേകം പേര്‍ പിടിക്കപ്പെടുകയും ജയിലിലടക്കപ്പെടുകയും ചെയ്തു.

അതിനിടെ, സംഘത്തിന്റെ പിടിച്ചു കുലുക്കുന്ന പ്രസ്താവനകളും ഫലസ്തീനിലെ കഠിനമായ യാഥാര്‍ത്ഥ്യങ്ങളും തമ്മില്‍ വിടവ് പ്രത്യക്ഷപ്പെടാന്‍ തുടങ്ങി. ആ സമയത്ത് അറബ് ദേശീയത ക്ഷയിച്ച് തുടങ്ങുകയും, സോഷ്യലിസ്റ്റ് മുന്നണി അതിവേഗം നാശോന്മുഖമാവുകയും ചെയ്തിരുന്നു. ഇത് PFLP യെ ഒരുപാട് ബുദ്ധിമുട്ടേറിയ ചോദ്യങ്ങളെ അഭിമുഖീകരിക്കേണ്ട അവസ്ഥയിലേക്കെത്തിച്ചു. ഓസ്‌ലോ കരാറില്‍ യാസര്‍ അറഫാത്ത് ഒപ്പുവെച്ചതോടു കൂടി PFLP യുടെ മുന്നിലുണ്ടായിരുന്ന പ്രശ്‌നങ്ങള്‍ കൂടുതല്‍ സങ്കീര്‍ണ്ണമായി.

അന്നു മുതല്‍ക്ക്, കഴിഞ്ഞ കുറേ വര്‍ഷങ്ങളിലേത് പോലെതന്നെ, PFLP ഫലസ്തീനിലെ സ്വാധീനമുള്ള പാര്‍ട്ടികളില്‍ ഒന്നല്ലാതായി തീര്‍ന്നു. Palastine Liberation Organisation (PLO) ന്റെ ഘടനക്ക് പുറത്ത് പ്രവര്‍ത്തിക്കുന്ന ഹമാസാണ് ഇന്ന് ആളുകള്‍ക്ക് മനസ്സിലാവുന്ന കാര്യങ്ങള്‍ പറയുന്നത്. അതു കൊണ്ട് തന്നെ അവര്‍ക്ക് ജനങ്ങള്‍ക്കിടയില്‍ സമഗ്രവും ശക്തവുമായ വോരോട്ടമുണ്ട്.

ഹമാസിനെ പോലെ, തുറന്ന ആഭ്യന്തര സംഘട്ടനങ്ങളെ പ്രതിരോധിക്കാനുള്ള ശക്തി ഇന്ന് PFLP ക്കുണ്ട്. 2000ത്തില്‍ ഹബാഷ് നേതൃസ്ഥാനം ഒഴിഞ്ഞു. അബു അലി മുസ്ത്വഫ അധികാരമേറ്റു. ഏകരാഷ്ട്ര പരിഹാരം എന്ന നയത്തില്‍ നിന്നും PFLP പിന്‍മാറിയിരിക്കുന്നെന്നും, ഫതഹ് മുന്നോട്ട് വെച്ച ക്രമാനുഗതമായ വിമോചനം എന്ന രീതി PFLP അംഗീകരിച്ചതായും മനസ്സിലാക്കിയ പുതിയ നേതാവ് റാമല്ലയിലേക്ക് തന്നെ മടങ്ങി. 2001 ആഗസ്റ്റില്‍ അബൂ അലി മുസ്ത്വഫ എന്ന മഹാ പണ്ഡിതന്‍ ഇസ്രായേല്‍ ചാരന്‍മാരുടെ കൈകളാല്‍ വധിക്കപ്പെട്ടു.

പുതിയ നേതാവ് അഹ്മദ് സഅദത്തിനെ ഫലസ്തീന്‍ അതോറിറ്റി നാല് വര്‍ഷം തടവിലിട്ടിരുന്നു. അതിന് ശേഷം 2006 ല്‍ ഇസ്രായേല്‍ അധിനിവേശ സേന അദ്ദേഹത്തെ തട്ടികൊണ്ടു പോവുകയും ഏകാന്ത തടവിന് ശിക്ഷിക്കുകയും ചെയ്തു.

അവിടം മുതല്‍ക്ക്, ദ്വിരാഷ്ട്ര പരിഹാരം സംഘടന പാടെ അവഗണിച്ചു തള്ളി. ഗസ്സയില്‍ മാത്രമാണ് PFLP യുടെ സ്ഥിരസ്വഭാവത്തിലുള്ളതും, സംഘടിതവുമായ സായുധ നീക്കങ്ങള്‍ നിലനില്‍ക്കുന്നത്.

അഭിലാഷങ്ങളും, മൗലികവാദ സ്വഭാവമുള്ള ഭാഷയും ഒരുവശത്ത്, മറുവശത്ത് നിലവിലെ അസന്തുഷ്ടി നിറഞ്ഞ അവസ്ഥയോട് പൊരുത്തപ്പെടാന്‍ അണികളെ നിര്‍ബന്ധിക്കുന്ന വര്‍ത്തമാനകാല യാഥാര്‍ത്ഥ്യങ്ങളും, ശത്രുവിന് നേര്‍ക്ക് നടപ്പാക്കുന്ന അസംഘടിതമായ ആക്രമണങ്ങള്‍, ഇവയുടെയെല്ലാം ബന്ധനത്തിലാണ് വര്‍ഷങ്ങളായി PFLP. 2006ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ ഫലസ്തീനികളുടെ നാല് ശതമാനം വോട്ടുകളാണ് സംഘത്തിന് ലഭിച്ചത്, 132 പാര്‍ലമെന്റ് സീറ്റുകളില്‍ കേവലം മൂന്ന് സീറ്റുകള്‍. ഹമാസുമായി ചേര്‍ന്നു കൊണ്ടുള്ള കൂട്ടു കക്ഷി സര്‍ക്കാറില്‍ അംഗമാവാന്‍ സംഘം വിസമ്മതിച്ചു. പരാജയപ്പെട്ടെങ്കിലും മറ്റ് സോഷ്യലിസ്റ്റ്, കമ്മ്യൂണിസ്റ്റ് ഗ്രൂപ്പുകളെ കൂട്ടു പിടിച്ച് ഒരു വലതുപക്ഷ മുന്നണി ഉണ്ടാക്കുവാന്‍ അത് ശ്രമിച്ചിരുന്നു.

ഫലസ്തീന് പുറത്ത് ശക്തമായ പിന്തുണയില്ല, രാഷ്ട്രീയ വ്യവഹാരം വന്‍ശക്തികളായ ഹമാസിനും ഫതഹിനും ഇടയിലാണ് വിഭജിക്കപ്പെട്ടിരിക്കുന്നത്, PFLP സ്വന്തം ആഭ്യന്തര കലഹത്തിന്റെ പിടിയില്‍ തന്നെയാണ് ഇപ്പോഴും തുടരുന്നത്.

ജറൂസലേമിലെ ജൂതദേവാലയത്തില്‍ ആക്രമണം നടത്തിയ രണ്ട് ഫലസ്തീനികള്‍ക്ക് PFLP യുമായി ബന്ധമുണ്ടോ ഇല്ലേ എന്നത് ഇവിടെ കാര്യമാത്ര പ്രസക്തമല്ല ; സംഘം ആവര്‍ത്തിച്ച് പുറത്ത് വിട്ടു കൊണ്ടിരിക്കുന്ന ആശയക്കുഴപ്പമുണ്ടാക്കുന്ന പ്രസ്താവനകള്‍- ആക്രമണത്തെ ന്യായീകരിക്കല്‍, അതിനെ വിശദീകരിക്കല്‍, ഒരോ സമയം അതിനെ അംഗീകരിക്കുകയും അംഗീകരിക്കാതിരിക്കുകയും ചെയ്യല്‍- കാര്യ ഗൗരവത്തിലെടുക്കേണ്ടതുണ്ട്. ഓസ്‌ലോ കരാര്‍ ഒപ്പിട്ടതു മുതല്‍ ഇത്തരത്തിലുള്ള അവ്യക്തത സൃഷ്ടിക്കല്‍ PFLP യുടെ സ്വഭാവത്തിന്റെ ഭാഗമാണ്. അതേസമയം സംഘത്തിന്റെ മൗലികവാദ നിലപാടിനെ ബുദ്ധിപരമായ ഭാഷയുപയോഗിച്ച് കൈകാര്യം ചെയ്ത് അവതരിപ്പിക്കാന്‍ എന്‍.ജി.ഒ കളും, സോഷ്യലിസ്റ്റ് ജാഢക്കാരും രംഗത്തുണ്ട്. എന്താണ് PFLP എന്നതിനെ കുറിച്ചും, രണ്ട് ദശാബ്ദക്കാലത്തെ രാഷ്ട്രീയ പരാജയത്തിന് ശേഷം എന്തിന് വേണ്ടിയാണ് അത് നിലകൊള്ളുന്നത് എന്നതിനെ കുറിച്ചുമുള്ള ഗൗരവമാര്‍ന്ന ചര്‍ച്ചകളാണ് മറ്റുള്ളവര്‍ പ്രതീക്ഷിക്കുന്നത്.

മൊഴിമാറ്റം :  ഇര്‍ഷാദ് കാളാച്ചാല്‍

Related Articles