Current Date

Search
Close this search box.
Search
Close this search box.

പ്രതിക്കൂട്ടിലെ സദ്ദാമും ചില്ലുകൂട്ടിലെ മുര്‍സിയും

പുറത്താക്കപ്പെട്ട ഈജിപ്ത് പ്രസിഡന്റ് മുഹമ്മദ് മുര്‍സിയുടെ വിചാരണ ടെലിവിഷന്‍ ചാനലിലൂടെ തത്സമയം സംപ്രേഷണം ചെയ്യുമെന്ന് ഈജിപ്ത് ഭരണകൂടം പ്രഖ്യാപിച്ചിരുന്നു. എന്തൊക്കെയായിരിക്കും മുബാറക് ഭരണകൂടത്തിന്റെ ശേഷിപ്പായ ഭരണകൂടം കാട്ടികൂട്ടുകയെന്ന് കാണുന്നതിന് വേണ്ടി ഞങ്ങളും ഔദ്യോഗിക ചാനലിന് മുന്നില്‍ ഉറക്കമിളച്ചു കാത്തിരുന്നു. എന്നാല്‍ ഞങ്ങളെയെല്ലാം അക്ഷരാര്‍ത്ഥത്തില്‍ നിരാശരാക്കുന്നതായിരുന്നു അതില്‍ നിന്നു വന്ന ഒരോ വാക്കും.

അവിടെ ഒരു കോടതിയോ വാദമോ എതിര്‍വാദമോ ഉണ്ടായിരുന്നില്ല. ഒരു തരത്തിലുള്ള തത്സമയ സംപ്രേഷണവും ഉണ്ടായിരുന്നില്ല. നേരത്തെ റെക്കോര്‍ഡ് ചെയ്ത് വെച്ച ചില ഭാഗങ്ങളുടെ സംപ്രേഷണം മാത്രമാണ് നടന്നത്. അതില്‍ ചില്ലു കൂട്ടിലടക്കപ്പെട്ട മുഹമ്മദ് മുര്‍സിയെയും ഒപ്പമുള്ളവരെയും ഞങ്ങള്‍ കണ്ടു. ജയിലിലെ വെള്ള വസ്ത്രങ്ങളാണ് അവര്‍ ധരിച്ചിരിക്കുന്നത്. അവര്‍ക്ക് സംസാരിക്കാന്‍ അനുവാദമില്ല, അഥവാ സംസാരിക്കുന്നുവെങ്കില്‍ തന്നെ ഏതാനും വാക്കുകള്‍ മാത്രം. കാരണം ജഡ്ജിയുടെ ശബ്ദം അതിനെയെല്ലാം അടക്കി വാഴുകയാണ്. അതുകൊണ്ട് തന്നെ മൂകരായ ആളുകള്‍ ഉപയോഗിക്കുന്ന ആംഗ്യഭാഷ സ്വീകരിക്കാന്‍ മുര്‍സി നിര്‍ബന്ധിതനാവുന്നതാണ് കണ്ടത്.

വലിയ നാഗരിക ചരിത്രമുള്ള അറബ് നാടായ ഈജിപ്തിലാണ് സംഭവിക്കുന്നത്. ആധുനിക ചരിത്രത്തില്‍ നടന്ന സുപ്രധാനമായ ജനകീയ വിപ്ലവത്തിന്റെ വക്താക്കളാണ് അവര്‍. നീതിക്കും മനുഷ്യാവകാശങ്ങള്‍ക്കും ജനാധിപത്യമൂല്യങ്ങള്‍ക്കും സ്വതന്ത്രനീതിന്യായ വ്യവസ്ഥക്കും അഭിപ്രായ സ്വാതന്ത്ര്യത്തിനും വേണ്ടിയായിരുന്നു അവരുടെ വിപ്ലവം. അത്തരം ഒരു രാഷ്ട്രത്തില്‍ തെരെഞ്ഞെടുക്കപ്പെട്ട പ്രസിഡന്റിനോടുള്ള ഈ പെരുമാറ്റം ഞങ്ങളെ ദുഖിതരാക്കി.

പ്രസിഡന്റ് മുര്‍സിയുടെയും മറ്റൊരു അറബ് നാടിലെ പ്രസിഡന്റായിരുന്ന സദ്ദാം ഹുസൈന്റെയും വിചാരണകള്‍ തമ്മില്‍ ഞാന്‍ താരതമ്യം ചെയ്തു നോക്കി. വളരെ വലിയ വ്യത്യാസമാണ് അവക്കിടയില്‍ കാണാന്‍ സാധിച്ചത്. വിചാരണ നടപടികളെയും അതിന്റെ ഫലത്തെയും കുറിച്ച് സംസാരിക്കാനല്ല ഞാന്‍ ഉദ്ദേശിക്കുന്നത്. മറിച്ച് വിചാരണയുടെ പശ്ചാത്തലവും ആരോപണത്തിന്റെ രീതിയെയും അതിലെല്ലാം ഉപരിയായി ആരോപണ വിധേയരോടുള്ള പെരുമാറ്റത്തെയും കുറിച്ചാണ്.

സദ്ദാം ഹുസൈനും കൂട്ടാളികളും ഒറ്റ പ്രതികൂട്ടില്‍ തന്നെയായിരുന്നു നിന്നിരുന്നത്. ദിവസം മണിക്കൂറുകളെടുത്ത് മാസങ്ങള്‍ നീണ്ട വിചാരണ കാലയളവില്‍ മുഴുവന്‍ സദ്ദാം ഹുസൈന്‍ തന്റെ സാധാരണ വേഷത്തിലായിരുന്നു പ്രത്യക്ഷപ്പെട്ടിരുന്നത്. തന്റെ സഹായികള്‍ക്ക് നടുവിലായിരുന്നു അദ്ദേഹം നിന്നിരുന്നത്. പ്രസിദ്ധമായ അദ്ദേഹത്തിന്റെ കറുത്ത കോട്ട് ഞാനിപ്പോഴും ഓര്‍ക്കുന്നുണ്ട്. അദ്ദേഹത്തിനും ജഡ്ജിക്കും പബ്ലിക് പ്രോസിക്യൂട്ടര്‍ക്കും ഇടയില്‍ വെറും രണ്ടു മീറ്റര്‍ അകലം മാത്രമാണുണ്ടായിരുന്നത്. അടച്ചിട്ടതോ ചില്ലിട്ടതോയ ആയ പ്രതികൂട്ടിലായിരുന്നില്ല സദ്ദാമിന്റെ വിചാരണ. ഇറാഖ് പ്രസിഡന്റിനും ഒപ്പമുണ്ടായിരുന്നവര്‍ക്കും എതിര്‍വാദത്തിനുള്ള പൂര്‍ണ സ്വാതന്ത്ര്യവും ജഡ്ജിമാര്‍ നല്‍കിയിരുന്നു. ആരോപണങ്ങള്‍ നിഷേധിക്കാനും ജഡ്ജിമാരെ വിമര്‍ശിക്കാനും അവരുടെ ആധികാരികത ചോദ്യം ചെയ്യാനും അവര്‍ക്ക് സ്വാതന്ത്ര്യം ലഭിച്ചു. അതൊടൊപ്പം തന്നെ വിചാരണ നടപടികള്‍ ടെലിവിഷനിലൂടെ പുറത്തു വിടുകയും ചെയ്തു. ഇറാഖിലെ ജനങ്ങള്‍ മാത്രമല്ല, ലോകം മുഴുവനും അത് വീക്ഷിക്കുകയും ചെയ്തതാണ്.

ലക്ഷകണക്കിന് ഇറാഖികളുടെ ജീവനെടുത്ത അക്രമിയായ അമേരിക്കന്‍ അധിനിവേശകരുടെ കാരുണ്യത്തില്‍ നിന്നുണ്ടായ ഇറാഖി കോടതിയെ ഞാന്‍ പ്രശംസിക്കുകയല്ല. 40 ലക്ഷത്തോളം കുട്ടികളാണ് അവിടെ അനാഥകളായി മാറിയത്. മാന്യതയോടെയും അന്തസോടെയും കഴിഞ്ഞിരുന്ന ഒരു നാടിനെ അവര്‍ നശിപ്പിച്ചു അതിന്റെ സമ്പത്ത് കവര്‍ന്നെടുത്തു. അവിടത്തെ ജനതയെ വിവിധ കക്ഷികളായി ഭിന്നിപ്പിക്കുകയും ചെയ്തു. നീതിക്കും സ്വാതന്ത്ര്യത്തിനും മനുഷ്യാവകാശങ്ങള്‍ക്കും വേണ്ടി വിപ്ലവം നടത്തിയ നാടാണ് ഈജിപ്ത്. ഒരു സ്വതന്ത്ര രാജ്യമെന്ന് കരുതപ്പെടുന്ന അവിടത്തെ കോടതിയെയും അധിനിവേശത്തിന് കീഴിലുള്ള കോടതിയെയും താരതമ്യം ചെയ്യുക എന്നത് മാത്രമാണ് ഉദ്ദേശിച്ചത്.

പ്രസിഡന്റ് മുര്‍സി പുറത്താക്കപ്പെട്ടതാണ്. പിന്നെ അദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയായിരുന്നു. വിചാരണയോ ശിക്ഷയോ അര്‍ഹിക്കുന്ന കുറ്റമൊന്നും അദ്ദേഹം നടത്തിയിട്ടില്ല. ഒരു വര്‍ഷക്കാലം മാത്രമേ ഭരിച്ചിട്ടുള്ള അദ്ദേഹം ഭരണത്തില്‍ പരാജയപ്പെട്ടു എന്നതാണ് അദ്ദേഹത്തെ അറസ്റ്റു ചെയ്തവര്‍ പോലും പറയുന്ന ന്യായം. ഭരണം നടത്തിയ ഒരു വര്‍ഷം തന്നെ പ്രക്ഷോഭങ്ങളുടെയും പ്രകടനങ്ങളുടെയും മാധ്യമങ്ങളുടെ തെറ്റായ പ്രചാരണങ്ങളുടെയും കാലമായിരുന്നു. അതായത് അദ്ദേഹത്തിന്റെ മേലുള്ള ആരോപണം രാഷ്ട്രീയാധിഷ്ഠിമതമാണെന്ന് ചുരുക്കം. മുര്‍സിക്കെതിരെ ഉന്നയിക്കപ്പെട്ട ആരോപണങ്ങളും തൃപ്തികരമല്ല. അദ്ദേഹം ആരെയെങ്കിലും വധിക്കുകയോ മോഷണം നടത്തുകതയോ ചെയ്തിട്ടില്ല. ഏതെങ്കിലും ടെലിവിഷന്‍ ചാനലോ പത്രമോ അദ്ദേഹം അടച്ചു പൂട്ടിയിട്ടുമില്ല. എന്നിട്ടും എത്ര നീചമായ ആരോപണങ്ങളും കെട്ടുകഥകളുമാണ് അദ്ദേഹത്തിനെതിരെ മെനഞ്ഞിരിക്കുന്നത്.

കോടതിയുടെ അസാധുതയെ കുറിച്ച് അദ്ദേഹത്തിന് തികഞ്ഞ ബോധ്യമുണ്ടായിരുന്നു. പ്രതിരോധ മന്ത്രി അബ്ദുല്‍ ഫത്താഹ് സീസി മുന്‍കയ്യെടുത്ത് നടത്തിയ സൈനിക അട്ടിമറിയാണ് തന്നെ പുറത്താക്കിയതെന്നും അദ്ദേഹം ആണയിട്ടു. ജഡ്ജി അദ്ദേഹത്തെ വെറും ‘മുര്‍സി’യെന്ന് വിളിച്ചപ്പോള്‍, ‘ഞാന്‍ ഡോക്ടര്‍ മുഹമ്മദ് മുര്‍സിയാണ്, ഈജിപ്തിന്റെ പ്രസിഡന്റ്’  എന്ന് അദ്ദേഹത്തെ കൊണ്ട് വളരെ മാന്യമായി പറയിപ്പിച്ചതും ആ ബോധ്യമായിരുന്നു. ഒരു ജഡ്ജി അഭിസംബോധനയുടെ മര്യാദകള്‍ പാലിക്കേണ്ടത് അനിവാര്യമാണ്. ജനങ്ങള്‍ക്ക് വേണ്ടി അവരുടെ സ്ഥാനങ്ങള്‍ അദ്ദേഹം വകവെച്ചു കൊടുക്കുകയാണ് വേണ്ടിയിരുന്നത്. ഒരാളെ പേര് വിളിക്കുമ്പോള്‍ ആദരവ് സൂചിപ്പിക്കുന്ന പദങ്ങള്‍ ഉപയോഗിക്കുന്നത് ഈജിപ്ഷ്യന്‍ സംസ്‌കാരത്തിന്റെ തന്നെ ഭാഗമാണ്.

പിന്നെ മുര്‍സിക്കെതിരെ ഉന്നയിക്കപ്പെട്ട ആരോപണം എന്തായിരുന്നു? ജയിലില്‍ നിന്ന് രക്ഷപെട്ടതോ, അതോ അറബ് സമൂഹത്തിന്റെയും ഫലസ്തീന്‍ അധിനിവേശകരുടെയും  മുഖ്യശത്രുവായ ഹമാസുമായി ഗൂഢാലോചന നടത്തിയതോ?

മുര്‍സിയുടെ ചില നിലപാടുകളില്‍ ഞങ്ങളും വിയോജിക്കുന്നുണ്ട്. ചില വീഴ്ചകള്‍ അദ്ദേഹത്തിന് പറ്റിയിട്ടുണ്ട്. പരിചയക്കുറവിന്റെ ഫലമായിട്ടുള്ള വീഴ്ച്ചകളും ഭരണസംവിധാനത്തെ കുറിച്ച അജ്ഞതയും ശേഷിക്കുറവും കാരണം ഉണ്ടായവയും അക്കൂട്ടത്തിലുണ്ടാകും. എന്നാല്‍ ഒരു വ്യക്തിയെയും അദ്ദേഹത്തിനൊപ്പമുള്ളവരെയും നിന്ദിക്കാനുള്ള മാര്‍ഗമല്ല അത്. അവരെ കുറ്റവാളികളായി കാണുന്നതും ശരിയല്ല. അവരും അവരുടെ ഒപ്പമുണ്ടായിരുന്നവരും കൊലക്കും അടിച്ചമര്‍ത്തലിനും വിധേയമായവരാണ്. വിപ്ലവത്തിന്റെ മൂന്നാം വാര്‍ഷികത്തിന്റെ രണ്ടു ദിവസം മുമ്പ് കൊല്ലപ്പെട്ട അമ്പത് പ്രകടനക്കാര്‍ അതിന്റെ ഒരു പ്രതീകം മാത്രം. അവരുടെ കൊലയാളികളെ ആര് വിചാരണ ചെയ്യും?

ജനാധിപത്യത്തിലൂടെ അധികാരത്തിലെത്തി പുറത്താക്കപ്പെട്ട പ്രസിഡന്റ് കൂടുതല്‍ മാന്യമായ പെരുമാറ്റമാണ് അര്‍ഹിക്കുന്നത്. ഈജിപ്തിന്റെയും അതിന്റെ ശോഭിതമായ വിപ്ലവത്തിന്റെയും നാഗരിക പൈതൃകത്തിന്റെയും ഉന്നത നിലവാരം പ്രകടിപ്പിക്കുന്നതായിരിക്കണം അത്. എന്നാല്‍ നാം കണ്ട വിചാരണയുടെ ഭാഗങ്ങള്‍ അവയുടെ ചെറിയ അംശം പോലും കാണിക്കുന്നവയായിരുന്നില്ല എന്നതാണ് വേദനാജനകം.

വിവ : അഹ്മദ് നസീഫ്‌

Related Articles