Current Date

Search
Close this search box.
Search
Close this search box.

തുര്‍ക്കി ഇന്ന് രോഗിയല്ല, ഡോക്ടറാണ്

അറബ് വസന്തത്തിന്റെ ആന്ദോളനങ്ങള്‍ ഇന്നും ചിലരുടെ ഉറക്കം കെടുത്തിക്കൊണ്ടിരിക്കുന്നു. സേഛ്വാധിപതികള്‍ അടിമകളെ പോലെ പതിറ്റാണ്ടുകള്‍ ഭരിച്ചിരുന്ന കാലത്ത് അതിന്റെ എല്ലാ ആനുകൂല്യങ്ങളും കൈപ്പറ്റി സുഖനിദ്രയിലാണ്ടിരുന്ന ഒരു പറ്റം മാധ്യമങ്ങളുടെയും കപട മതേതര തമ്പുരാക്കന്മാരുടെയും റാഡിക്കലിസ്റ്റുകളുടെയും കണ്‍പോളകള്‍ അറബ് വസന്തത്തിന് ശേഷം അടഞ്ഞിട്ടേയില്ല. ജനാധിപത്യത്തിന്റെ വിള്ളലുകളോ നീതിയുടെ ധ്വംസനമോ സ്വാതന്ത്ര്യത്തിന്റെ തകര്‍ച്ചയോ അല്ല അവരുടെ ഉറക്കം കിടത്തുന്നത്, മറിച്ച് വര്‍ഷങ്ങളായി ഭരണകൂടവും അതിന്റെ ഉപകരണങ്ങളും കാരാഗ്രഹത്തിലടച്ചും പീഢിപ്പിച്ചും വേട്ടയാടിയും തുടച്ചുനീക്കാന്‍ ശ്രമിച്ച ഇസ്‌ലാമിസ്റ്റുകള്‍ ഉണര്‍ന്നെഴുന്നേറ്റതാണ് ഇവരുടെ ഉറക്കം കെടുത്തുന്നത്. അതിനാല്‍ തന്നെ തഹരീര്‍ സ്‌ക്വയറുകളെ അവര്‍ അഴിഞ്ഞാട്ടത്തിന്റെയും അരാചകത്വത്തിന്റെയും രാഷ്്ട്രീയ വേദികളാക്കിക്കൊണ്ടിരിക്കുകയാണ്. ജനാധിപത്യത്തിന്റെ പൊന്‍പുലരിക്കായി ഭരണകൂടം നടത്തിക്കൊണ്ടിരിക്കുന്ന വിപ്ലവാത്മകമായ പ്രവര്‍ത്തനങ്ങളല്ല ഇപ്പോള്‍ കാമറയിലൂടെ കഴുകക്കണ്ണുകള്‍ പകര്‍ത്തുന്നത്, അരാചക വാദികളും കപട മതേതര വക്താക്കളും തുണിയുരിഞ്ഞും അര്‍ദ്ധനഗ്നരായും പ്രക്ഷോഭങ്ങള്‍ എന്ന പേരില്‍ നടത്തിക്കൊണ്ടിരിക്കുന്ന കോമാളിത്തങ്ങളേയാണ് മാലോകര്‍ക്ക് മുമ്പില്‍ മാധ്യമങ്ങള്‍ പ്രദര്‍ശിപ്പിച്ചുകൊണ്ടിരിക്കുന്നത്.

മുബാറക്കിന്റെ ഭരണകാലത്ത് തൂങ്ങിയുറങ്ങി ആനുകൂല്യങ്ങള്‍ വാരിക്കൂട്ടിയ ഉദ്യോഗസ്ഥവൃന്ദവും സൈനികരുമെല്ലാം ഇന്ന് നല്ല ഉണര്‍ച്ചയിലാണ്. മുഹമ്മദ് മുര്‍സി കൈക്കൊള്ളുന്ന തീരുമാനങ്ങളെ എപ്രകാരം നടപ്പില്‍ വരുത്തണം എന്നതിനെ കുറിച്ചല്ല അവര്‍ ചിന്തിക്കുന്നത്, നിയമത്തിന്റെയും സമ്പ്രദായങ്ങളുടെയും നൂലിഴകള്‍ കൂട്ടിക്കെട്ടി നൂലാമാലകള്‍ സൃഷ്ടിച്ച് എപ്രകാരം അസ്ഥിരപ്പെടുത്താം എന്നതിനെ കുറിച്ചാണ് ഇപ്പോളവരുടെ ഗവേഷണവും തിസീസും. പാര്‍ലമെന്റിനെയും ഭരണവ്യവസ്ഥയെയും അട്ടിമറിക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് ത്വരിതഗതിയില്‍ നടന്നുകൊണ്ടിരിക്കുന്നത്. ഇതെല്ലാം വീക്ഷിക്കുമ്പോള്‍ നമുക്ക് മനസ്സിലാക്കാന്‍ സാധിക്കുന്നത് അറബ് വസന്തത്തിലൂടെ ഉണര്‍ന്നെഴുന്നേറ്റത് (ഉറക്കം കെടുത്തിയത്) ഇസ്‌ലാമിസ്റ്റുകളല്ല, കപട മതേതര വക്താക്കളാണ്!

 ഇസ്‌ലാമിസ്റ്റുകള്‍ അധികാരത്തില്‍ ജനാധിപത്യപരമായി ഇടപെടുന്നതിനെ ഇവര്‍ ഇത്രത്തോളം ഭയപ്പെടുന്നത് എന്തുകൊണ്ടാണെന്നത് വളരെ പ്രസക്തമായ ചോദ്യമാണ്? ജീവിച്ചിരിക്കുന്ന ഉര്‍ദുഗാനും തുര്‍ക്കിയുമാണ് അവരെ അസ്വസ്ഥപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. കമാലിസ്റ്റ് ഭരണകൂടം ഇസ്‌ലാമിന്റെ എല്ലാ ഛിഹ്നങ്ങളെയും കുഴിച്ചു മൂടാന്‍ അഹോരാത്രം പരിശ്രമിച്ച തുര്‍ക്കിയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നതെന്താണ്്! ഉമ്മമാര്‍ തങ്ങളുടെ മുലപ്പാലിലൂടെ തലമുറകളിലേക്ക് പകര്‍ന്നു നല്‍കിയ ഇസ്‌ലാമിക വീര്യം ജസ്റ്റിസ് ആന്റ് ഡവലപ്‌മെന്റ് പാര്‍ട്ടിയായും, എ.കെ പാര്‍ട്ടിയായും പ്രത്യക്ഷപ്പെടുകയായിരുന്നല്ലോ!. മതേതര വാദികള്‍ തീര്‍ത്ത എല്ലാ മാറാപ്പുകളും ആധുനിക യുഗത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ തന്ത്രജ്ഞനായ ഉര്‍ദുഗാന്‍ അവരുടെ കഴുത്തിലേക്ക് തന്നെ ഇറക്കിവെക്കുന്ന നയനാനന്ദകരമായ കാഴ്ചയാണല്ലോ തുര്‍ക്കിയില്‍ നിന്ന് ലോകം ദര്‍ശിച്ചത്. യൂറോപ്പിലെ രോഗി എന്ന് പശ്ചാത്യര്‍ പരിഹാസപൂര്‍വം വിളിച്ചിരുന്ന തുര്‍ക്കി ഇന്ന്് യൂറോപ്യന്‍ രാഷ്ട്രങ്ങളെ മാത്രമല്ല, ലോകത്തെ തന്നെ ചികിത്സിച്ചുകൊണ്ടിരിക്കുകയാണ്. സാമ്പത്തിക മാന്ദ്യമെന്ന സൂനാമിയില്‍ ലോകത്തിലെ കൊമ്പന്‍ സ്രാവുകള്‍ തകര്‍ന്നടിഞ്ഞപ്പോള്‍ തുര്‍ക്കി അതിനെ ശക്തമായി പ്രതിരോധിച്ചു. മാത്രമല്ല, മുന്‍ഗാമികളായ കമാലിസ്റ്റുകള്‍ പതിറ്റാണ്ടുകളായി  ധൂര്‍ത്തടിക്കാനും അഴിമതി നടത്താനുമായി അന്താരാഷ്ട്ര നാണയ നിധിയില്‍ നിന്ന് തുര്‍ക്കിയിലെ ഓരോ പൗരന്റെ പേരിലും വാങ്ങിക്കൂട്ടിയ കടബാധ്യതകള്‍ ഒന്നടങ്കം അടച്ചുവീട്ടുകയും ആവശ്യമെങ്കില്‍ ഐ എം എഫിനെ സഹായിക്കാമെന്ന് വാഗ്ദാനം നല്‍കിയിരിക്കുകയുമാണല്ലോ!! മേയര്‍ സ്ഥാനം ലഭിച്ചതു മുതല്‍ ഉര്‍ദുഗാന്‍ താഴോട്ടേക്ക് ഇറങ്ങിയിട്ടില്ല. അധികാരത്തിന്റെ കോണിപ്പടികള്‍ ഓരോന്നോരോന്നായി കയറിക്കൊണ്ടിരിക്കുകയാണ്. അല്ലെങ്കില്‍ തുര്‍ക്കി ജനത തങ്ങളുടെ ഹൃദയത്തില്‍ താലോലിക്കുന്ന ഈ നേതാവിനെ ഉയരങ്ങളുടെ കൊടുമുടിയിലേക്ക് ആനയിക്കുന്നതാണ് കാണാന്‍ കഴിയുന്നത്. ജനാധിപത്യത്തിലൂടെ തുര്‍ക്കിയില്‍ ഇനി അധികാരത്തിലെത്താം എന്ന് തീവ്ര മതേതര കമാലിസ്റ്റുകള്‍ക്ക്് നിലവില്‍ സ്വപ്‌നം പോലും കാണാന്‍ കഴിയാത്ത അത്ര പുരോഗതിയിലാണ് രാജ്യം വികസിച്ചുകൊണ്ടിരിക്കുന്നത്.

തുര്‍ക്കി മാതൃക ഈജിപ്തിലും തുണീഷ്യയിലും മറ്റു ഇസ്‌ലാമിസ്റ്റുകള്‍ക്ക് ആധിപത്യമുള്ള രാജ്യങ്ങളിലും വിടരാതിരിക്കാനായി മുളയില്‍ തന്നെ പറിച്ചെടുക്കാനുള്ള തീവ്രപരിശ്രമത്തിന്റെ ഭാഗമായി കൂടിയാണ് സെക്കുലറിസ്റ്റുകള്‍ ഇപ്പോള്‍ ഉറക്കമൊഴിച്ച് കാവലിരിക്കുന്നത്. അതിന്റെ പ്രതിധ്വനികളാണ് പ്രക്ഷോഭം എന്ന പേരില്‍ അറബ് വസന്തം നടന്ന രാജ്യങ്ങളില്‍ അരങ്ങേറിക്കൊണ്ടിരിക്കുന്ന കോലാഹലങ്ങള്‍. ഈ സമരങ്ങള്‍ ഉന്നം വെക്കുന്ന ലക്ഷ്യങ്ങള്‍ തിരിച്ചറിയാന്‍ തെരുവുകളില്‍ മദ്യക്കുപ്പികളുമുയര്‍ത്തി നടത്തുന്ന ആക്രോശങ്ങള്‍ തന്നെ ധാരാളമാണ്!!

Related Articles