Current Date

Search
Close this search box.
Search
Close this search box.

ടോണി ബ്ലെയറെന്ന കുഴലൂത്തുകാരന്‍

സിറിയയില്‍ സൈനിക ഇടപെടലുകള്‍ നടത്തിയില്ലെങ്കില്‍ ഉണ്ടായേക്കാവുന്ന ‘പ്രത്യാഘാതങ്ങളെ’ കുറിച്ച് ടോണി ബ്ലെയര്‍ ഇന്നലെ താക്കീത് നല്‍കുകയുണ്ടായി. സദ്ദാം ഹുസൈനെ പുറത്താക്കാന്‍ ഇറാഖില്‍ അധിനിവേശം നടത്താന്‍ ജോര്‍ജ് ബുഷ് ജൂനിയര്‍ തീരുമാനമെടുക്കുമ്പോള്‍ അദ്ദേഹത്തിന്റെ വലംകൈയ്യായി നിന്നയാളാണ് മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി.

സ്വന്തം ജനതക്കെതിരെ അക്രമം പ്രവര്‍ത്തിക്കുന്ന ബശാറുല്‍ അസദിനെ തടയിടാതിരിക്കുന്നത് പശ്ചിമേഷ്യക്കുമപ്പുറം ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നാണ് ബിബിസി റേഡിയോയുടെ റ്റുഡെ പരിപാടിയില്‍ സംസാരിക്കവെ പറഞ്ഞത്. യാദൃശ്ചികമായി, യുഎസ് ബ്രട്ടീഷ് സൈനിക പടയോട്ടത്തില്‍ ബാഗ്ദാദ് വീണതിന്റെ പതിനൊന്നാം വാര്‍ഷികത്തിനു തലേദിവസമാണ് ബ്ലെയറിന്റെ താക്കീതുകളും സിറിയയില്‍ സൈനിക ഇടപെടലിനുള്ള ആഹ്വാനവും വരുന്നത്.

നമ്മുടെ അഭിപ്രായത്തില്‍ അറബ് ആഭിമുഖ്യങ്ങളോടുള്ള തികഞ്ഞ അനാദരവാണ് ബ്ലെയറിന്റെ പ്രസ്താവങ്ങളില്‍ തെളിയുന്നത്. തെഹ്‌റാന്റെ ആണവ പദ്ധതികളെ മേഖലയില്‍ സദ്ദാമിനേക്കാള്‍ വലിയ ഭീഷണിയാണെന്ന് പെരുപ്പിച്ച്, ഇറാന്റെ ആണവ സ്ഥാപനങ്ങളും ഭരണകൂടത്തെയും പിഴുതെറിയാന്‍ വേണ്ടി സത്വര സൈനികനടപടിക്ക് ബ്ലെയര്‍ ആഹ്വാനം ചെയ്തിട്ട് അധികം നാളായിട്ടില്ല.

എന്നാലിപ്പോള്‍, അമേരിക്കയുടെ നേതൃത്വത്തിലുള്ള 5+1 കക്ഷികളുമായി തെഹ്‌റാന്‍ ധാരണയിലെത്തിയതിനാല്‍ ഇറാന്‍ എന്ന ഭീഷണിയെ കുറിച്ച് അദ്ദേഹം ഇപ്പോള്‍ മിണ്ടുന്നില്ല. പശ്ചിമേഷ്യയും പടിഞ്ഞാറിന്റെ പോസ്റ്റ് കൊളോണിയല്‍ അജണ്ടയും തമ്മിലുള്ള ബന്ധങ്ങള്‍ക്കുമാണ് ഇതെല്ലാം അടിവരയിടുന്നത്.

ടോണി ബ്ലെയറിന്റെ മുന്‍പന്തിയില്‍ മനുഷ്യാവകാശങ്ങളുടേയും ജനാധിപത്യത്തിന്റേയും പേരില്‍ അറബ് ലോകത്തിന്റെ ആശീര്‍വാദത്തോടെ കൂട്ടനശീകരണായുധങ്ങളുടെ ഉഛാടനത്തിനായി നടത്തിയ അമേരിക്കന്‍ നേതൃത്വത്തില്‍ നടത്തിയ സൈനിക ഇടപെടലുകള്‍ ഇറാഖിനെ കീറിമുറിച്ച വിപത്തായി മാറി. വിഭാഗീയമായ പ്രശ്‌നങ്ങള്‍ മുമ്പെങ്ങുമില്ലാത്ത വിധത്തിലുണ്ടാക്കി. ആ രാജ്യത്തെ അസ്ഥിരപ്പെടുത്തി. സുരക്ഷയില്ലാതാക്കി. അതിലുപരിയായി അവിടത്തെ ശക്തമായ സൈന്യത്തെയും അവര്‍ നശിപ്പിച്ചു.

ഇന്ന് ഇറാഖ് മേഖലയിലെ പ്രധാനപ്പെട്ട രാഷ്ട്രീയ സൈനിക ശക്തിയല്ലാതായി മാറി. ഓരങ്ങളിലേക്കുള്ള അതിന്റെ വീഴ്ച, മറ്റൊരു സൈനിക സാമ്പത്തിക ഇടപെടലിന് അയോഗ്യമാക്കിയിരിക്കുന്നു. സൈനിക ഇടപെടലിന്റ കാഹളമൂത്തുകാരനാണ് ബ്ലെയര്‍.മറ്റൊരു ദുരന്ത മേഖലയായ ലിബിയയെ ദുരൂഹകേന്ദ്രമാക്കിയവതരിപ്പിക്കുന്നതിലും മുന്‍നിരയില്‍ പ്രവര്‍ത്തിച്ചത് അദ്ദേഹമാണ്.

ഇറാഖിനെയും ലിബിയയെയും മേഖലയിലെ ജനാധിപത്യത്തിന്റെയും അഭിവൃദ്ധിയുടേയും മാതൃകാകേന്ദ്രങ്ങളാക്കുമെന്ന ബ്ലെയറിന്റെ വാഗ്ദാനങ്ങളെവിടെ.. നമ്മുടെ സഹോദരീസഹോദരന്മാരുടെ രക്തക്കറ പുരണ്ട പ്രധാനക്കൈകള്‍ ഇപ്പോള്‍ സാമ്പത്തികമായ പ്രതിഫലങ്ങള്‍ കൊയ്തുകൊണ്ടിരിക്കുന്നു. അനേക പശ്ചിമേഷ്യന്‍ രാജ്യങ്ങളുടെ ഉപദേഷ്ടാവ് ചമഞ്ഞ് അദ്ദേഹം ലക്ഷകണക്കിനു ഡോളറാണ് പറ്റികൊണ്ടിരിക്കുന്നത്. അരമണിക്കൂര്‍ പ്രസംഗത്തിനും ലഭിക്കും പതിനായിരക്കണക്കിന് ഡോളറുകള്‍.

ഈ പ്രസംഗങ്ങളും വിദ്വേഷകരമായ ഉപദേശനിര്‍ദ്ദേശങ്ങളും എന്താണ് മുന്നറിയിപ്പ് നല്‍കുന്നത്…? കൊല, രക്തചൊരിച്ചില്‍, നശീകരണം, വിഭാഗീയത, പിന്നാലെ ആഭ്യന്തര യുദ്ധങ്ങളും. ബ്ലെയറും വാഷിംഗ്ടണിലെ ഇരുണ്ട അറകളിലിരുന്ന് നിയോ കണ്‍സര്‍വേറ്റീവുകളും ആഹ്വാനം ചെയ്യുന്ന ക്രിയാത്മക വികസനത്തിന്റെ പ്രത്യുല്‍പന്നങ്ങളാണ് ഇതെല്ലാം. സിറിയയില്‍ അറബ് ഭരണകൂടങ്ങളും വിദേശസൈന്യവും ചേര്‍ന്ന് നടത്തുന്ന ഇടപെടലുകള്‍ ജനാധിപത്യത്തിനും, സാമൂഹ്യ നീതിക്കും വേണ്ടി മാത്രമുള്ളതല്ല, അധികാരത്തിനും കൂടിയാണ്. ഇറാഖ് സൈന്യത്തിന്റെ പരിണതി സിറിയന്‍ സൈന്യത്തിനും സംഭവിക്കും, അതോടെ മേഖലയിലെ ഏക പ്രധാനശക്തിയായി ഇസ്രായേല്‍ മാറും. തങ്ങള്‍ക്ക് മേഖലയില്‍ നിന്നു തിരിച്ചടിയുണ്ടാവില്ലെന്ന് ഉറപ്പു വന്നാല്‍ പിന്നെ അറബ് ഇസ്‌ലാമിക ദേശങ്ങള്‍ കീഴടക്കി അറബികളേയും മുസ ലിംകളേയും ഹിബ്രൂ രാഷ്ട്രം നിന്ദിക്കുന്നതാണ് നമ്മള്‍ കാണാനിരിക്കുന്നത്.

അതുകൊണ്ടാണ്,സിറിയയില്‍ കൂടുതല്‍ രക്തചൊരിച്ചിലുകള്‍ക്കു വേണ്ടി ബ്ലെയര്‍ ആഹ്വാനം ചെയ്യുന്നത്. ഈ ‘സമാധാന ദൂതന്‍’ ഒരേ സമയം യുദ്ധത്തിനാഹ്വാനം ചെയ്യുകയും ഇസ്രായേലിന്റെ ഹസ്ബറയെന്ന പബ്ലിക് റിലേഷന്‍ ഗ്രൂപിന് പാശ്ചാത്യരാജ്യങ്ങളില്‍ ഇസ്രായേലിനെതിരായി നടക്കുന്ന കാമ്പയിനുകളോട് എങ്ങനെ പ്രതികരിക്കണമെന്നതിനെ സംബന്ധിച്ചും മാധ്യമങ്ങളിലൂടെ ഇസ്രായേലിന്റെ അസ്തിത്വം ചോദ്യം ചെയ്യുന്ന പാശ്ചാത്യ ആക്ടവിസ്റ്റുകളെ എങ്ങനെ നേരിടണമെന്നതിനെ സംബനധിച്ചും ഉപദേശനിര്‍ദ്ദേശങ്ങള്‍ നല്‍കുന്നു.

അന്താരാഷ്ട്ര നയതന്ത്ര സമിതിയുടെ ഔദ്യോഗിക സമാധാനദൂതനാണ് ടോണി ബ്ലെയര്‍. ആ നിലക്ക് അദ്ദേഹം നിഷ്പക്ഷ നിലപാട് സ്വീകരിക്കുമെന്നാണ് നമ്മള്‍ മനസിലാക്കുക. നെതന്യാഹുവിന്റെ സാമ്പത്തിക സമാധാന പദ്ധതിയനുസരിച്ച്, ഫലസ്തീനികള്‍ അവരുടെ പൈതൃകഭൂമി സന്തോഷത്തോടെ വിട്ടനല്‍കണം, അതിനു പകരമായി, തുഛമായ കൂലി കിട്ടുന്ന ഒരു ദിവസത്തെ പണി ഇസ്രായേല്‍ നല്‍കും. ഈ സമാധാനപദ്ധതിയുടെ അംബാസിഡറാണ് ടോണി ബ്ലെയര്‍. മുഅമ്മര്‍ ഗദ്ദാഫിയുടെ അടുത്ത സുഹൃത്തായിരുന്നു ടോണി ബ്ലെയര്‍. ഗദ്ദാഫിക്ക് നിരന്തരം രാഷ്ട്രീയ സാമ്പത്തിക ഉപദേശങ്ങള്‍ നല്‍കിയിരുന്നയാളാണ് അദ്ദേഹം. ഗദ്ദാഫിയുടെ ഭാഷയില്‍ സൈഫുല്‍ ഇസ്‌ലാം കുടുംബത്തിലെ ഒരു അംഗം തന്നെയായിരുന്നു അദ്ദേഹം.

പക്ഷേ, കാലം ഗതി മാറിയപ്പോള്‍ സ്വന്തം സുഹൃത്തിനെ തിരിച്ചുകുത്താന്‍ മടിയുണ്ടായില്ല. മുഅമ്മര്‍ ഗദ്ദാഫിയെ പീഢിപ്പിച്ച്, മരുഭൂമിയിലിട്ട് കൊലപ്പെടുത്തിയ പട്ടാള ഇടപെടലിന് ആഹ്വാനം നല്‍കിയതും മുഅമ്മര്‍ ഗദ്ദാഫിയായിരുന്നു. ഇതാണിയാള്‍, മരണത്തിന്റെയും, ആഭ്യന്തരശൈഥില്യത്തിന്റെയും, നാശത്തിന്റെയും കുഴലൂത്തുകാരനായ ഇയാള്‍, അറബികളുടേയും, മുസ്‌ലിംകളുടേയും ഭീകര ശത്രുവാണ്. അതേ മനുഷ്യന് വേണ്ടിയാണ് സമ്പന്ന സാമ്രാജ്യങ്ങള്‍ ചുവപ്പുപരവതാനി വിരിച്ച് സമൃദ്ധമായ വിരുന്നൊരുക്കുന്നത്.

വിവ : മുഹമ്മദ് അനീസ്‌

Related Articles