Current Date

Search
Close this search box.
Search
Close this search box.

ജോര്‍ദ്ദാന്റെ അടുക്കളയില്‍ അബ്ബാസിനെന്ത് കാര്യം ?

ഫലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് ജോര്‍ദ്ദാനിന്റെ തലസ്ഥാനമായ അമ്മാനില്‍ പറന്നിറങ്ങി  മസ്ജിദുല്‍ അഖ്‌സായും ജൂത അക്രമണം നേരിടുന്ന അധിനിവിഷ്ട ജറൂസലേമിന്റെ പ്രദേശങ്ങളെയും സംരക്ഷിക്കുന്നതിനായി ജോര്‍ദ്ദാന്‍ രാജാവ് അബ്ദുല്ലാ രണ്ടാമനുമായി ചില സംയുക്ത കരാറുകളിലേര്‍പ്പെടുകയുണ്ടായി. മസ്ജിദുല്‍ അഖ്‌സയുടെ സംരക്ഷണത്തിന് യഥാര്‍ഥത്തില്‍ ജോര്‍ഡാന്‍ രാജാവിന് അവകാശവും ബാധ്യതയുമുണ്ട്. പക്ഷെ, അടച്ചിട്ട മുറിയില്‍ വെച്ച് ഇരുനേതാക്കന്മാരും നടത്തിയ കരാറുകള്‍ ഇതുവരെ പരസ്യമാക്കുകയോ വിശദാംശങ്ങള്‍ നല്‍കുകയോ ചെയ്തിട്ടില്ല. എന്റെ ചരിത്രപരമായ ദൗത്യനിര്‍വണത്തിനാണ്  ഞാന്‍ മുന്നിട്ടിറങ്ങിയത് എന്നാണ് ഈ കരാറിനെ പറ്റി അബ്ബാസ് ഇതുവരെ പ്രതികരിച്ചത്. ഉത്തരവാദിത്ത നിര്‍വഹണത്തിന്റെ ഭാഗമായാണെങ്കില്‍ ഈ ഒരു ചരിത്ര പ്രധാന കരാറിനുള്ള നിലവിലെ സാഹചര്യം എന്താണ്. അമേരിക്കന്‍ പ്രസിഡണ്ട് ബറാക് ഒബാമ പരസ്യമായും ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു രഹസ്യമായും അമ്മാന്‍ സന്ദര്‍ശിച്ചതിന് പിന്നാലെ എന്തു ചരിത്രപരമായ ഉടമ്പടിയാണ് അബ്ബാസ് ജോര്‍ദ്ദാനുമായി ഉണ്ടാക്കിയത്.

യഥാര്‍ഥത്തില്‍ ഈ ഉടമ്പടി പൊടുന്നനെ ഉണ്ടായ ഒന്നല്ല. ഈ ഒരു കരാറിനായി അവിടത്തെ രാഷ്ട്രീയ -ഭരണ സമിതിയിലുള്ളവര്‍ ഏറ്റവും ചുരുങ്ങിയത് ഒരു മാസം മുമ്പെങ്കിലും ഇതിനു വേണ്ടിയുള്ള നടപടിക്രമങ്ങള്‍ അതീവ രഹസ്യമായി തയ്യാറാക്കിയിട്ടുണ്ടാവും. ഇരു രാഷ്ട്രങ്ങളിലെയും ജനതക്ക് മുമ്പില്‍ വെളിപ്പെടുത്താതെ രഹസ്യമായ ചര്‍ച്ചകള്‍ക്ക് എന്തുകൊണ്ട് അവര്‍ ഏര്‍പ്പെട്ടു.

ഫലസ്തീന്‍ ജനതയോടും ഭരണ പ്രതിപക്ഷ കക്ഷികളോടും കൂടിയാലോചിക്കാതെ ഖുദ്‌സിന്റെ സംരക്ഷണത്തിനായി ഇപ്പോള്‍ ജോര്‍ദ്ദാനുമായും സമീപ ഭാവിയില്‍ തന്നെ ഇസ്രായേലുമായും ചുട്ടെടുക്കുന്ന കരാറുകള്‍ യഥാര്‍ഥത്തില്‍ നമ്മെ ഭീതിപ്പെടുത്തുന്നുണ്ട്. നാം നമ്മുടെ കൈകള്‍ നെഞ്ചത്ത് വെച്ചിട്ട് ഇനി കാര്യമില്ല. കാരണം നെതന്യാഹുവും ഫലസ്തീന്‍ ഭരണകൂടവും തമ്മിലുളള ‘സമാധാന’ ചര്‍ച്ച ആസന്നമായിരിക്കുന്നു. മറക്കുപിന്നില്‍ റാമല്ലയും വാഷിങ്ങ്ടണും തമ്മില്‍ ചര്‍ച്ചകള്‍ നടന്നുകൊണ്ടേയിരിക്കുന്നു. പ്രവിശ്യയില്‍ സന്ദര്‍ശിക്കാനിരിക്കുന്ന അമേരിക്കന്‍ വിദേശകാര്യ മന്ത്രി ജോണ്‍ കെറി പുതിയ തന്ത്രങ്ങളുമായിട്ടാണ് വരുന്നത്. ദ്രുതഗതിയില്‍ തട്ടിക്കൂട്ടിയ ഈ കരാറിനെ കുറിച്ച് അനുകൂലവും പ്രതികൂലവുമായ നിരവധി വിശദീകരണങ്ങള്‍ വന്നുകൊണ്ടിരിക്കുന്നു.

പ്രശ്‌ന പരിഹാരത്തിന് ജോര്‍ദ്ദാനെ സമീപച്ചതിലൂടെ  ഫലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് തന്റെ ദൗര്‍ബല്യം വീണ്ടും പ്രകടിപ്പിച്ചുകൊണ്ടിരിക്കുന്നു എന്നതാണ് ഒന്നാമത്തെ വിലയിരുത്തല്‍.  ഫലസ്തീന് മൂന്ന് മാസം മുമ്പ് യു എന്നില്‍ നിരീക്ഷക അംഗത്വം ലഭിച്ച സന്ദര്‍ഭത്തില്‍ ജോര്‍ദ്ദാനെയും വെസ്റ്റ് ബാങ്കിനെയും ഫെഡറലിസത്തിലേക്ക് കൊണ്ടുവരാനുള്ള സുപ്രധാന നടപടികളാണിതെന്നാണ് മറ്റൊരു വിലയിരുത്തല്‍ . ഖുദ്‌സ് പ്രശ്‌നത്തിലെ അമേരിക്കയുടെയും ഇസ്രായേലിന്റയും യൂറോപ്പിന്റെയും താല്‍പര്യങ്ങള്‍ സംരക്ഷിക്കാനുള്ള കുതന്ത്രങ്ങളാണ് ഇതിനു പിന്നില്‍ എന്നതാണ് അവഗണിക്കാന്‍ പറ്റാത്ത മറ്റൊരു നിരീക്ഷണം.
 
അമേരിക്കയുടെയും ഇസ്രായേലിന്റെയും മാധ്യസ്ഥതയില്‍ അടച്ചിട്ട മുറികളില്‍ വേവിച്ചെടുത്ത ഈ കരാറിന്റെ യഥാര്‍ഥ വിവരങ്ങള്‍ നമ്മുടെയടുത്തില്ല.  പക്ഷെ , ഇറാഖ് അധിനിവേശത്തിനായി അമേരിക്കക്കാര്‍ ചുട്ടെടുത്ത ഗൂഢാലോചനകള്‍ നമ്മുടെ മുമ്പിലുണ്ട്. ലിബിയയില്‍ നാറ്റോവിന്റെ ഇടപെടലിനായി ഫ്രാന്‍സിന്റെ ഉപജാപങ്ങളും നാം കണ്ടതാണ്. എന്ത് കൊണ്ട് ഇതേ ഗൂഢാലോചന ഫസ്തീനില്‍ ആവര്‍ത്തിച്ചുകൂടാ. ഇറാഖ് അധിനിവേശത്തിനായി വ്യാജങ്ങള്‍ ചമച്ച അന്താരാഷ്ട്ര പ്രതിനിധി ടോണി ബ്ലയര്‍ ഈ സമാധാനക്കരാറിന് നേതൃത്വം നല്‍കുമ്പോള്‍ പ്രത്യേകിച്ചും.

ജോര്‍ദ്ദാനും ഫലസ്തീനും തമ്മില്‍ രാഷ്ട്രങ്ങളുടെ കൂട്ടായ്മ രൂപീകരിക്കലാണ് ലക്ഷ്യമെങ്കില്‍ അതു നല്ലതു തന്നെ. പക്ഷെ, ഫലസ്തീന്റെ വിമോചനമാണ് അതിനേക്കാള്‍ പ്രധാനമായി നടക്കേണ്ടത്. അധിനിവേശ ശക്തികളില്‍ നിന്നും പൂര്‍ണമായും മോചിതമായ ഖുദുസ് സ്ഥാപിച്ചാല്‍ പിന്നീട് കാര്യങ്ങള്‍ വളരെ എളുപ്പമാണ്. ഈ സന്ദര്‍ഭത്തില്‍ ഹമാസിന്റെ ഭാഗത്ത് നിന്നുള്ള മൗനം നമ്മെ അത്ഭുതപ്പെടുത്തുകയാണ്. സന്ധിസംഭാഷണങ്ങള്‍ അണിയറയില്‍ നടന്നുകൊണ്ടിരിക്കെ ഈ മൗനം യഥാര്‍ഥത്തില്‍ ഈ കരാറിനുള്ള സ്വീകാര്യതയാണ് നല്‍കുക.
ഫലസ്തീന്‍ ജനതയുടെ പ്രശ്‌നം എല്ലാ അറബ് മുസ് ലിംകളുടെയും പ്രശ്‌നമാണ്. ജൂതവല്‍ക്കരണത്തില്‍ നിന്നും ഇസ്രായേല്‍ അധിനിവേശത്തില്‍ നിന്നും ഖുദ്‌സിനെ മോചിപ്പിക്കുക എന്നതിന് രണ്ട് മുസ്‌ലിം രാഷ്ട്ര നേതാക്കള്‍ തമ്മില്‍ ചരിത്രപരമായ കരാറിലേര്‍പ്പെടേണ്ട ആവശ്യം നിലവിലില്ല. എന്നിട്ടും എന്തിനാണ് ഈ ചരിത്രപരമായ ഉടമ്പടി!!

വിവ. അബ്ദുല്‍ ബാരി കടിയങ്ങാട്‌

Related Articles